Thursday, September 4, 2008

ചില ഓണ വിശേഷങ്ങള്‍ - ഇത്തിരി അതിബുദ്ധിയും

അത്തം വന്നു. ഓണം വന്നുകൊണ്ടിരിക്കുന്നു. കായ വറുക്കണ്ടേ? എന്തായാലും വീട്ടില്‍ നമ്മള്‍ തന്നെ ചെയ്യണം, എന്നാല്‍ പിന്നെ നമുക്കതൊരുമിച്ചായാലോ? ചിന്ത മുള പൊട്ടിയതു രാധികക്ക്. പൂരാടത്തിനും ഉത്രാടത്തിനുമൊക്കെ കായ വറുത്തു സമയം കളയാന്‍ നില്‍ക്കുന്നതു ഒരു പഴഞ്ചന്‍ ഏര്‍പ്പാടല്ലേ.

“ഇപ്പഴേ വറുത്താല്‍ അതു് ഇത്തിരി നേരത്തേ ആവില്ലേ, ഓണമാകുമ്പോഴെക്കും എന്തെങ്കിലും ബാക്കി കാണുമോ“, ചിലരുടെ അസ്ഥാനത്തുള്ള സംശയങ്ങള്‍ “അതിനു നമ്മള്‍ നേരത്തേ ആ പണി കഴിച്ചു വക്കുന്നൂന്നല്ലേയുള്ളൂ.കാറ്റ് കടക്കാത്ത ഒരു ടിന്നിലിട്ടടച്ചു വച്ചാല്‍ പോരേ? എത്ര ദിവസം വേണെങ്കില്‍ ഇരിക്കില്യേ“ എന്ന അമ്മിണി ടീച്ചറുടെ ഉറപ്പിന്മേല്‍, നീണ്ട നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വിരാമമായി. ഒടുവില്‍ തീരുമാനമായി.ഉപ്പേരി വറവു് നേരത്തെ ആക്ക്ന്നെ. ഇനി വൈകിക്കണ്ട. അതിനു് അസംഖ്യം കാരണങ്ങളും .

രാധിക ചെന്നൈയില്‍ അമ്മയെ കാണാന്‍ പോകുന്നു.നാട്ടീന്ന് പോകുമ്പോള്‍ ഓണക്കാലത്തു കായ വറുത്തതു കൊണ്ടുപോണ്ടേ? ലക്ഷ്മിക്കു കുട്ടികള്‍ക്കു് സ്കൂളടച്ചാല്‍ ബാംഗ്ലൂരില്‍ ചേച്ചിയുടെ അടുത്തെത്തണം, നേരത്തെ തീരുമാനിച്ചതാ. ഉത്രാടത്തിനേ തിരിച്ചുവരൂ.

ആരുടേയും ഓണം ഷോപ്പിങ്ങ് ഒന്നും കഴിഞ്ഞിട്ടില്ല. സ്കൂളടച്ചിട്ടു വേണ്ടേ? തൃശ്ശൂര്‍ കല്യാണില്‍ (കല്യാണ്‍ സില്‍ക്സ്) എന്തോ ഒരു ഹങ്കാമ നടക്കുന്നു. 100 കാറുകളാ സമ്മാനം. തൊട്ടപ്പുറത്തു പുളിമൂട്ടില്‍. അവിടേയും സമ്മാനങ്ങളുടെ പെരുമഴ. ഇനി ഏറ്റവും ലേറ്റസ്റ്റ് ഇമ്മാനുവല്‍ സില്‍ക്സ്. തൃശ്ശൂരില്‍ എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും ഇതിന്റെ പരസ്യമേയുള്ളൂ. അവിടെ പിന്നെ സാധനങ്ങളൊന്നും വാങ്ങിച്ചോളണമെന്നു തന്നെയില്ല. വെറുതെ വിസിറ്റ് ചെയ്താല്‍ മതിയത്രേ. വിസിറ്റ് ആന്റ് വിന്‍.കൂപ്പണ്‍ പൂരിപ്പിച്ച് പെട്ടിയിലിട്ടാല്‍ കിട്ടാന്‍ പോണതെന്താന്നറിയ്‌വോ, ഒരു ബെന്‍സ് കാര്‍.പുലിക്കളി, തിരുവാതിരക്കളി, ശിങ്കാരിമേളം, എന്നുവേണ്ടാ, സര്‍വ്വ ആഘോഷങ്ങളും ഉണ്ടവിടെ.

ആ പറഞ്ഞില്ല, തൃശ്ശൂരാട്ടോ ഞങ്ങടെ ഷോപ്പിങ്ങ് ആസ്ഥാനം. അതേ സാധനം അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ കൊടകര പന്തല്ലൂക്കാരനില്‍ കിട്ടിയാലും ഞങ്ങള്‍ നെല്ലായിക്കാര്‍ക്ക് തൃശ്ശൂര്‍ക്കു പോയില്ലെങ്കില്‍ ഒരു സുഖമില്ല. എവിടുന്നാ ഓണക്കോടി എടുത്തേ എന്നു ചോദിക്കുമ്പോള്‍
കല്യാണില്‍ നിന്നു് അല്ലെങ്കില്‍ ഇമ്മാനുവലില്‍ നിന്നു് എന്നു് പറഞ്ഞില്ലെങ്കില് ‍മോശമല്ലേ?

കഴിഞ്ഞില്ല, മോഡല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ IRDP മേള. ചൂല്, കൊട്ട, മുറം തുടങ്ങി പുളിയിഞ്ചി, അച്ചാര്‍, പായസം വരെ ഉണ്ടവിടെ.

ശക്തന്‍ തമ്പുരാന്‍ മൈതാനത്തില്‍ സൂറത്ത് സാരി മേള. ഏതു സാരിയെടുത്താലും രൂപ 125 മാത്രം. അതും നിസ്സാര സാരികളൊന്നുമല്ലാട്ടോ.വിവിധ തരം ഷിഫോണ്‍, ജോര്‍ജ്ജറ്റു്, ക്രേപ്പ്. അതില്‍ കുറഞ്ഞൊന്നുമില്ല. വില്പന 3 ദിവസത്തേക്കു മാത്രം. ഇതിപ്പോ എത്രാമത്തെ 3 ദിവസമായി എന്നു മാത്രം അറിയില്ല.

സാരിക്കും ഡ്രസ്സിനും മാത്രമല്ലാ, മിക്സീ, വാഷിങ്ങ് മെഷീന്‍ എല്ലാത്തിനും ഉണ്ട്‌. നന്തിലത്തിന്റെ ഏതു ഷോറൂമിലും പോയി പര്‍ച്ചേസ് ചെയ്യൂ, സ്വന്തമാക്കൂ 3 ആള്‍ട്ടോ കാറുകള്‍.


ഇത്രയൊക്കെ ഞങ്ങളുടെ സ്വന്തം തൃശ്ശൂരില്‍ നടക്കുമ്പോള്‍ പോവാതിരിക്കാന്‍ പറ്റുമോ ഞങ്ങള്‍ക്ക്‌. ഇല്ല, കൊല്ലത്തില്‍ ആകെ കൂടി വരുന്ന ഒരേ ഒരോണമല്ലേ! ഇതൊനൊക്കെ സൌകര്യമായിട്ടും സമാധാനമായിട്ടും പോണമെങ്കില്‍, ഉപ്പേരി വറവൊക്കെ നേരത്തെ കഴിച്ചുവക്കണം.സംശയമേയില്ല.

കാരണങ്ങളൊക്കെ ക്ലിയര്‍ ആയില്ലേ, എല്ലാം ന്യായവും അല്ലേ.

അതുകൊണ്ട് ഞങ്ങള്‍ ഇന്നലെ കായ വറത്തു. 6 നല്ല കിണ്ണംകാച്ചി കുല, തോട്ടത്തില്‍ നിന്നു നേരെ വെട്ടിക്കൊണ്ടുവന്നതു്. ഓയില്‍ മില്ലില്‍ നിന്നു നല്ല ശുദ്ധമായ വെളിച്ചെണ്ണ സംഘടിപ്പിച്ചു. ശരദേടത്തിയാണ്
ചീഫ് കുക്ക്. പിന്നെ ജയ,രമണി, മീര, ലക്ഷ്മി, ശ്യാമ, രാധിക, ശ്രീദേവി,കിട്ടിയ അവസരം പാഴാക്കാതെ എല്ലാത്തിനും നേതാവായി അമ്മിണി ടീച്ചര്‍, പിന്നെ എഴുത്തുകാരിയായ ഈ ഞാനും. ശങ്കരേട്ടനും തിരുമേനിയുമുണ്ട് ഞങ്ങളെ സഹായിക്കാന്‍.(അയല്‍ക്കൂട്ടമോ, കുടുംബശ്രീയോ ഒന്നുമല്ലാട്ടൊ, ഞങ്ങള്‍ നാലഞ്ചു വെറും പാവം പരദൂഷണ കമ്മിറ്റിക്കാര്‍. അത്രേയുള്ളൂ). കുറച്ചുപേര്‍ കായ തൊലി കളയുന്നു, രണ്ടുമൂന്നു പേര്‍ ശര്‍ക്കരവരട്ടിക്കു അരിയുന്നു.വേറെ ചിലര്‍ വട്ടംവട്ടം അരിയുന്നു.ഒരല്പം നാട്ടുവര്‍ത്തമാനം, ഒരിത്തിരി പരദൂഷണം,ഉച്ചക്കു് കായത്തൊലിയും പയറും കൂട്ടി ഒരുപ്പേരിയും കഞ്ഞിയും. സംഭവം അടിപൊളി. അപ്പോ ഞങ്ങളുടെ കായ വറുക്കലും, പുളിയിഞ്ചി/അച്ചാര്‍ ഇത്യാദി നിര്‍മ്മാണവും കഴിഞ്ഞുവെന്നു് ചുരുക്കം.

(കാറ്റു് കടക്കാത്ത ടിന്നായാലും അതു തുറക്കാന്‍ പറ്റുമെന്നും ഒരു പ്രാവശ്യം തുറന്നാല്‍ പിന്നേം പിന്നേം തുറക്കുമെന്നും, അഞ്ചെട്ടു ദിവസം അങ്ങിനെ പിന്നേം പിന്നേം തുറന്നാല്‍ എന്തു സംഭവിക്കുമെന്നും അമ്മിണി ടിച്ചര്‍ പറഞ്ഞുതന്നില്ല, പാവം ഞങ്ങളറിഞ്ഞുമില്ല)

“എനിക്കും വേണമായിരുന്നു, എന്താ നിങ്ങള്‍ എന്നോടു പറയാഞ്ഞേ,എന്നു ചിലര്‍. “പുളിയിഞ്ചിയും ശര്‍ക്കരവരട്ടിയുമൊക്കെ അസ്സലായിട്ടുണ്ടല്ലൊ, കുറച്ചധികം ഉണ്ടാക്കിയാല്‍ ആവശ്യക്കാരുണ്ടാവും, നല്ല വിലക്കു വില്‍ക്കാം.“ എന്നു വേറെ ചിലര്‍.പ്രഥമന്‍ ഉണ്ടാക്കുമ്പോള്‍ എനിക്കും കൂടി വേണംട്ടോ, മറക്കല്ലേ (ഞങ്ങള്‍ക്കു് വേറെ പണിയൊന്നൂല്യല്ലോ, നാട്ടുകാര്‍ക്കു് പ്രഥമന്‍ ഉണ്ടാക്കി കൊടുക്കല്ലാണ്ട്‌!!) എന്നിത്യാദി കമെന്റുകള്‍ നെല്ലായിലെ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുമ്പോള്‍, ആഘോഷമായി ഉപ്പേരി വറുത്തു് ഒരു സംഭവമാക്കി മാറ്റിയ ഞങ്ങള്‍ ആലോചിക്കുന്നതു്, ഓണത്തിനു ഉപ്പേരിക്കെവിടെ പോകുമെന്നാണ്. മിണ്ടാന്‍ പറ്റ്വോ ആരോടെങ്കിലും. (ഒറങ്ങാന്‍ കള്ള് വേറെ കുടിക്കണമെന്നു പറഞ്ഞപോലെ, ഓണത്തിനു ഉപ്പേരി വേണമെങ്കില്‍ ഇനിയും വറക്കണം.അപ്പോള്‍ എബവ് മെന്‍ഷന്‍ഡ് കാരണങ്ങളെയൊക്കെ എന്തു ചെയ്യും, എവിടെ കൊണ്ടു വക്കും? ആലോചിച്ചിട്ടു് ഒരു എത്തും പിടിയുമില്ല)

വാല്‍ക്കഷണം - അതിന്റെ പടം എങ്കിലും ഇട്ട് ഞങ്ങളെ കൊതിപ്പിക്കാമായിരുന്നില്ലേ എഴുത്തുകാരീ എന്ന ചോദ്യം മുന്‍കൂട്ടി കണ്ട് അതിനുള്ള മറുപടി.സത്യമായിട്ടും, അതു് എന്റെ കാമറ പണിമുടക്കിയതുകൊണ്ടൊന്നുമല്ലാട്ടോ. നിങ്ങളോടുള്ള സ്നേഹം കൊണ്ട്, നിങ്ങള്‍ക്കു കൊതിയായാലോന്നു വച്ചിട്ടു തന്നെയാ.


എഴുത്തുകാരി.

43 comments:

Typist | എഴുത്തുകാരി said...

പറ്റിപ്പോയി, ഇനി പറഞ്ഞിട്ടെന്തു കാര്യം?

അനില്‍@ബ്ലോഗ് said...

കായവറവുടിന്നിനു നല്ല അടച്ചുറപ്പാശംസകള്‍..

ഓണം വരെ കാലിയാവാതിരിക്കട്ടെ.

ഓഫ്ഫ്:

തൃശ്ശൂരില്‍ വിലക്കയറ്റം ഇല്ല എന്നു ടിവിയില്‍ കണ്ടു.
“റ്റിശൂരീല്‍ .. ഇന്‍ഫ്ലേഷന്‍ ഇല്ലാ‍ാ, നങ്ങല്‍ക്കൂ‍ൂ. കാല്യാന്‍ ഊന്റല്ലൊ” ഒരുത്തി കിടന്നു കോപ്രായം കാട്ടുന്നതു കാണാറുണ്ട്.

കാന്താരിക്കുട്ടി said...

ഹ ഹ ഹ അപ്പോള്‍ ഇനീം വറുക്കണം ഉപ്പേരി അല്ലേ..അതു ഓണത്തിനു തലേന്നു മതീന്നേ.അല്ലെങ്കില്‍ അതും തീരൂല്ലേ..

അല്ല എഴുത്തുകാരീ ഒറങ്ങാന്‍ കള്ളു വേണം ന്ന് ആരാ പറഞ്ഞെ..ഇവിടെ ഒരാള്‍ കള്ളു കുടിച്ചാല്‍ അന്ന് ഉറക്കം കുറവാ .. അതാ ചോയ്ച്ചെ ..

ശ്രീ said...

പറയാന്‍ വന്നത് ദാ ചേച്ചി തന്നെ അവസാനം പറഞ്ഞിരിയ്ക്കുന്നു.

ഇത്രയും എഴുതി കൊതിപ്പിച്ചിട്ട് അതിന്റെ പടമെങ്കിലും കൊടുക്കാതിരുന്നത് ക്രൂരത ആയിപ്പോയി. :(

ന്നാലും ഓണം മോശമാക്കണ്ട. ഓണാശംസകള്‍
:)

Sapna Anu B.George said...

എവിടെ ചിത്രങ്ങള്‍.....

പൊറാടത്ത് said...

അല്ല, ഈ ഉപ്പേരി വറുത്തത്, തിരുവോണത്തിന്റന്ന് മാത്രമേ കഴിയ്ക്കാവൂന്ന് ആർക്കാ ഇത്ര നിർബന്ധം..!!കഴിയണേന് അനുസരിച്ച് പിന്നേം വറക്കാലോ..(അവട്യ്യാണെങ്കി, ആ കടലാശ്ശേരി, പാലാഴി ഭാഗങ്ങളിലൊക്കെ നല്ല കിണ്ണങ്കാച്ചി കൊലകളും കിട്ടൂലോ)

ഓഫ്.: അപ്പോ കാലൊക്കെ ശര്യായി അല്ലേ?

ബിന്ദു കെ പി said...

അതെ, പറ്റിപ്പോയി,ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇനി ഒരേയൊരു വഴിയേയുള്ളൂ. ഷോപ്പിംഗിന് തൃശ്ശൂര്‍ പോകുമ്പോള്‍ റെയില്‍‌വേസ്റ്റേഷനടുത്തുള്ള മലബാര്‍ ചിപ്സില്‍ ‍ നിന്ന് വാങ്ങുക.
:) :)
ഓണാശംസകള്‍.

krish | കൃഷ് said...

ദെന്തൂട്ട് എഴുത്ത്കാര്യേ.. തൃശ്ശൂരിലെ തുണിക്കടകളുടെ പരസ്യം മുഴോനും ഏറ്റെടുത്ത്വോ..

വീട്ടുകാരികളുടേയും ബന്ധുക്കാരുടേയും പേര്‍ മുഴുവനും വിളിച്ച് പറഞ്ഞിട്ട് സ്വന്തം പേര്‍ എഴുത്തുകാരീന്ന്..വറവുകാരീന്ന് പറഞ്ഞില്ലല്ലോ.
വറവ് കേമമായീല്ലേ.
വറവാശംസകള്‍!!!


(പിന്നെ, ഞങ്ങള്‍ പാലക്കാട്ടുകാര്‍ക്ക് കായ വറുത്തതിനുവേണ്ടി ഇത്ര കണ്ട് കഷ്ടപെടേണ്ട.
വര്‍ഷത്തില്‍ എല്ലാ ദിവസവും കായവറുക്കുന്ന കടകള്‍ പലയിടങ്ങളിലും ഉള്ളതുകൊണ്ട്, ചൂടാറാതെ നല്ല സാധനങ്ങള്‍ കിട്ടും. പിന്നെ, ഇവിടെ ഇപ്പോള്‍ കടയില്‍ പാക്കറ്റിലും കിട്ടുന്നുണ്ട്.)

Sands | കരിങ്കല്ല് said...

കലക്കി കടുകു വറുത്തു .. അല്ല കായ വറുത്തു.. :)

തൃശ്ശൂര്‍ പുരണം കലക്കി. "ഇതിപ്പോ എത്രാമത്തെ 3 ദിവസമായി എന്നു മാത്രം അറിയില്ല." :) :)
തൃശ്ശൂര്‍ ശരിക്കും കണ്ടപോലെയായി...

പിന്നെ ചിത്രം കൊടുക്കാതെയുള്ള ആ ഒരു കണ്‍സേണ്‍ ... അതിന്റെ മുന്നിലല്ലേ ഞങ്ങളൊക്കെ തോറ്റു പോകുന്നതു്‌ :)

ഹരിശ്രീ said...

kollatto....

:)

PIN said...

ലളിതമായി ഓണസീസ്സൺ അവതരിപ്പിച്ചതിന്‌ പ്രത്യേക ആശംസകൾ...

ഓണം വരുന്നത്തല്ലേ ഉള്ളൂ, ആ ഉരുളയ്ക്കുള്ള ഉപ്പേരി നമുക്ക്‌ ഒപ്പിക്കാമെന്നേ... ടെൻഷൻ അടിക്കാതെ.... ഓണം അടിച്ച്പൊളിക്കാൻ നോക്ക്‌...

smitha adharsh said...

ഈ പോസ്റ്റ് എനിക്ക് തീരെ ഇഷ്ടായീല്യ.
കായയൊക്കെ ഇപ്പഴത്തെ കാലത്തു ആരാ വറുക്കുക?
ശേ!! മോശം..മോശം..
തൃശ്ശൂരില്‍ നിന്നു ആരെങ്കിലും ഓണക്കോടി എടുക്ക്വോ?
എടുക്കാന്‍ പറ്റിയ സ്ഥലം!!
ഈ ഓണം എന്ന് വച്ചാല്‍ എന്താ?
പുളിയിന്ചിയെന്തിനാ ഉണ്ടാക്കണേ?
പുളിയിന്ചി ഇല്ലാതെ സദ്യ ഉണ്ടാക്കാന്‍ പറ്റില്ലേ?
ഈ അസൂയയ്ക്കും,കുശുമ്പിനും തൃശൂര് മരുന്ന് കിട്ട്വോ?
ഞാന്‍ ഓടി..വെറുതെ പിന്നാലെ വരണ്ട..

പിന്നെ,ഓണക്കോടിക്ക് പകരം ഒരു ഉമ്മ..

ശിവ said...

തിരുവനന്തപുരത്ത് ചൈത്രത്തില്‍ പായസമേള നടക്കുന്നുവെന്ന് അറിഞ്ഞു. അതില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തിലാ ഞാന്‍...

ഒരു കാര്യം, ഉപ്പേരി വറുത്തത് കുറച്ച് എനിക്കും തരാമോ...

മാംഗ്‌ said...

ഈ പോസ്റ്റ്‌ എനിക്കു നഷ്ടപെടുന്ന എന്റെ ഏഴാമത്തെ ഓണത്തിന്റെ സ്മരണയ്ക്ക്‌
കായവറുത്തതും ഉപ്പേരി യും ആദ്യമേ തന്നതിനു നന്ദി തിരുവോണം വരെ സമയമുണ്ടല്ലോ ബാക്കി പിന്നാലെ വരും എന്നു പ്രതീക്ഷിക്കുന്നു

സാജന്‍| SAJAN said...

ഓണത്തിന്റെ പോസ്റ്റ് ഇഷ്ടമായി, കാലിലെ മുറിവൊക്കെ ഭേദമായെന്ന് തോന്നുന്നല്ലൊ,
പ്രഥമന്‍ ഉണ്ടാക്കുമ്പോള്‍ ഞങ്ങള്‍ക്കും കൂടെ അല്പംതന്നേക്കൂ:)

Typist | എഴുത്തുകാരി said...

അനില്‍, ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.
ഇത്രയും കാലം റിയാലിറ്റി ഷോയില്‍ മാത്രം കണ്ടാല്‍ മതിയായിരുന്നു. ഇപ്പോള്‍ പരസ്യങ്ങളിലും തുടങ്ങിയിട്ടുണ്ട്‌ (കൊപ്രായമേയ്).

കാന്താരിക്കുട്ടീ, അതിന്റെ (കള്ള്) സത്യാവസ്ഥ എനിക്കറിയില്ലാട്ടോ. ഇവിടെയൊക്കെ അങ്ങിനെ പറഞ്ഞുകേട്ടതു വച്ച് ഒരു കാച്ച് കാച്ചിയതല്ലേ.

ശ്രീ, ക്ഷമിക്ക് ശ്രീക്കുട്ടാ, പടം തരാട്ടോ.

സപ്നാ, തരാം തരാം.

പൊറാടത്ത് - ശരിയാ, കിണ്ണങ്കാച്ചി കുലകള്‍ക്ക്
ഇവിടെ ക്ഷാമമില്ല. കാല് ശരിയായി വരുന്നു.

ബിന്ദൂ , ഞാനും ഇനി അതു തന്നെയാ പ്ലാനിട്ടിരിക്കുന്നതു്, രഹസ്യമായിട്ട്.

കൃഷ് , എഴുത്തുകാരിക്കു് എഴുതാനും അറിയില്ല, വറക്കാനും അറിയില്ല, എന്നതാ പരമാര്‍ഥം.
ഉവ്വ് കണ്ടിട്ടുണ്ട്‌, വടക്കുഞ്ചേരിയും ആലത്തൂരുമൊക്കെ ബസ് സ്റ്റാന്‍ഡില്‍ കുറേ കടകളില്ലേ.കുറച്ചുകാലം സ്ഥിരം ആ വഴി പോയിരുന്നതാണേയ്.

എല്ലാവര്‍ക്കും ഒരു നന്ദി.

Typist | എഴുത്തുകാരി said...

കല്ലേ, കരിങ്കല്ലേ, കല്ലാണെങ്കിലും ചിലപ്പോള്‍ തോറ്റുപോകുന്നൂ ഇല്ലേ, സാരല്യ ട്ടോ.

ഹരിശ്രീ, നന്ദി.

PIN, ഓണം അടിച്ചുപൊളിക്കാന്‍ തന്നെയാ തീരുമാനം.

സ്മിതാ, അസൂയക്കും കുശുമ്പിനും മരുന്നു നെല്ലായീ തന്നെ കിട്ടുമല്ലോ. അറിയില്ലേ “മറ്റൊന്നും ഫലിക്കാതെ വരുമ്പോള്‍
കാളന്‍ നെല്ലായി”. അതിവിടെ അടുത്തുതന്നെയാ. അവിടെ ഈ പറഞ്ഞ അസുഖത്തിനു മരുന്നുണ്ടത്രേ.പിന്നെ ഉമ്മ നല്ല സ്വീറ്റ് ആയിരുന്നൂട്ടോ. ഇനിയെന്തിനാ ഓണക്കോടി! ഒരു സ്പെഷല്‍ താങ്ക്സ്.

ശിവാ, വരൂ തരാല്ലോ. ശിവക്കുള്ളതു ഞാന്‍ ആരും കാണാതെ സൂക്ഷിച്ചെടുത്തു വച്ചിട്ടുണ്ട്.

മാംഗ് , അപ്പോ ഏഴു വര്‍ഷമായിട്ട് ഓണത്തിനു നാട്ടിലുണ്ടാവാന്‍ പറ്റിയിട്ടില്ല, അല്ലേ. ശരിക്കും പാവം തോന്നുന്നു. പോട്ടെ സാരല്യാ, ഓണവിശേഷങ്ങളൊക്കെ ഞങ്ങളെത്തിച്ചു തരാം.

സാജന്‍, മുറിവു് ഒരുവിധം സുഖമായി വരുന്നു.
പ്രഥമന്‍ തരാട്ടോ.

എല്ലാവര്‍ക്കും ഒരു ഓണനന്ദി.

(ഇനിയിപ്പോ ഓണം കഴിയുന്നതുവരെ എല്ലാത്തിലും ഒരു ഓണം കൂട്ടിയാലല്ലേ ഒരൊരു ‘ഇതു’ള്ളൂ, ഫോര്‍ എക്സാമ്പിള്‍, ഓണനിലാവ്, ഓണവെയില്‍, ഓണക്കോടി, ഓണത്തല്ല്‌)

ഭൂമിപുത്രി said...

പ്രവാസികളെ കൊതിപ്പിയ്ക്കാനാണോ ഇത്രേമൊക്കെ വർണ്ണിച്ചേ എഴുത്തുകാരി?
ആ മണങ്ങളൊക്കെ മൂക്കിലടിച്ചിട്ടെനിയ്ക്കിരിയ്ക്കാൻ വയ്യല്ലൊ..

തോന്ന്യാസി said...

ഒന്ന് വിട്ടു പോയല്ലോ...ഓണക്കൊതി.....

ഏറനാടന്‍ said...

ഓണാശംസകള്‍...

ഹരീഷ് തൊടുപുഴ said...

ചേച്ചീ,
തൃശ്ശൂരിലെ വിശേഷങ്ങള്‍ അറിയിച്ചതിനു ഒട്ടേറെ നന്ദി.
പിന്നെയീ പുളിഞ്ചിയെപ്പറ്റി പറയുമ്പോള്‍ എനിക്കോര്‍മ്മവരുന്നത് അയ്യന്തോളിലുള്ള എന്റെ അമ്മൂമ്മയെയും, അമ്മൂമ്മ ഉണ്ടാക്കിത്തന്നിരുന്ന പുളിഞ്ചിയെപ്പറ്റിയുമാണ്. ഈ പുളിഞ്ചിമാത്രം മതിയായിരുന്നു ഒരുപാത്രം ചോറുമുഴുവനും ഉണ്ണാന്‍!!
ഓണാശംസകള്‍....

അജ്ഞാതന്‍ said...

ചേച്ചി കാല് സുഖമായി കാണും എന്നു വിശ്വസിക്കുന്നു...ഇത്തവണ നമ്മുക്ക് ബേക്കറിയില്‍ നിന്നാവാം കായ വറുത്തത് :)

രസികന്‍ said...

കായവറുത്തത് പുളിയിഞ്ചിയുടെ കൈക്കുപിടിച്ച് വടിയും കുത്തി ഓണത്തിനു മുൻപുതന്നെ അതിന്റെ വഴിക്കുപോയി അല്ലെ!!!!!!!!!!!!!!

ങാ... നടക്കട്ടെ , നടക്കട്ടെ

ഓണാശംസകൾ

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹോ എന്നാലും ഓണത്തിന് നാട്ടില്‍ വരാന്‍ പറ്റാത്തോരെ ഇങ്ങനെ കൊതി പിടിപ്പിക്കരുത് ചേച്ചി....
പടം കൂടി ഇടാ‍ഞ്ഞത് നന്നായി :)
സ്നേഹം നിറഞ്ഞ ഓണാശംസകള്‍....

പിരിക്കുട്ടി said...

njaanumundakki kazhinju tooo
"upperi"
nombu eduthathinall...
onam kazhinjaalum athavide kanum....
njaanillathe upperikkenthu aakosham?
nalla post

ജിഹേഷ് said...

അപ്പോ അതാര്‍ന്നല്ലേ ഇന്നാള് നന്ദിക്കര പോണ വഴിക്ക് ഉപ്പേരീടെ മണടിച്ചത് :)

'കല്യാണി' said...

Onaviseshangal,nannayirikunnu.upperi gumbeeram.evide varanthamasichupoi."onasamsakal"!!!

Typist | എഴുത്തുകാരി said...

ഭൂമിപുത്രീ,
തോന്ന്യാസീ,
ഏറനാടന്‍,
ഹരീഷ്,
അജ്ഞാതന്‍, നന്ദി എല്ലാവര്‍ക്കും.

Typist | എഴുത്തുകാരി said...

രസികന്‍,
കിച്ചു/ചിന്നു,
പിരിക്കുട്ടി,
ജിഹേഷ്,
കല്യാണി, നന്ദി.

കുഞ്ഞന്‍ said...

ചേച്ചി..

തൃശ്ശൂര്‍ വിശേഷം രസായിട്ടൊ..അതില്‍ ആ മൂന്നു ദിവസം...ഹഹ..മറ്റൊരു പരസ്യ തന്ത്രം.

എന്നാലും കായ വറക്കുന്നതിന്റെ ടിപ്സ് കൂടി എഴുതാമായിരുന്നു. കായത്തൊലിയും പയറും..കല്യാണ വീടുകളില്‍ തലെ ദിവസം വൈകിട്ടത്തെ സദ്യക്ക്..ഹാവൂ..അതൊക്കെ നഷ്ടപ്പെട്ടു ഈ പ്രവാസ ജീവിതംകൊണ്ട്.

നിരക്ഷരന്‍ said...

പ്രഥമന്‍ ബാക്കി വല്ലതും ഉണ്ടോ അവിടെ ?

Sureshkumar Punjhayil said...

Good work... Best wishes...!!!

Typist | എഴുത്തുകാരി said...

കുഞ്ഞന്‍, പ്രവാസജീവിതത്തിന്റെ ഇടക്കു നാട്ടിലേക്കു വരൂല്ലോ, അപ്പോ നമുക്കു സംഘടിപ്പിക്കാട്ടോ, കായത്തൊലിയും പയറും ഉപ്പേരി.

നിരക്ഷരന്‍ജീ, പ്രഥമന്‍ കഴിഞ്ഞൂല്ലോ, ഇനിയിപ്പോ എന്താ ചെയ്യാ?

സുരേഷ് കുമാര്‍, നന്ദി.

കാട്ടുപൂച്ച said...

ഹയ് എന്തൂട്ട്ണ് ഈ ക്ടാവ് എഴുതിരിക്കണേ !എന്തൂട്ടാ ഒരു സ്ഥിതിഗതി!അമിട്ടാപൊട്ടിയമാതിരി! എന്റിഷ്ട ആ കല്യാണിലെ ചരക്ക് പ്രളയം ഒന്ന് കാണേണ്ടതുതന്നെ. കിണ്ണ൯കാച്ചി! ആ ത്രുശുരിലെ എലെറ്റിലെ ഗഢീപ്പെ വെറും ഈച്ചേനെ ആട്ടിരിക്കണിന്റിസ്റ്റ!
ഇങ്ങട് നോക്കട ശവിയെ പൂരത്തിന് വാണം വിട്ടമാതിരി ഒരു ക്ടാവ് പോണകണ്ടോ?
ദാണ്ടെ ഒരുഗഢീ തോട്ടിടണ കണ്ട! ഭേഷായി ദാ വരണൂ എസ് ഐ ജോളിച്ചെറിയാ൯ ഇനിയിപ്പെ മാലപ്പടക്കത്തില് പൂത്തിരി വീണമാതിരി.കീച്ചണകീച്ച്കാണാം ...........പാറമെക്കാവും തിരുവമ്പാടിയും വടക്കുംനാഥനും എലൈറ്റും ഫാഷനും രാഗവും രാംദാസും വിമലയും സെന്റമേരീസും കേരളവ൪മ്മയും പിന്നെ ബിനി ടൂറിസ്റ്റുഹോമും ....എല്ലാം എല്ലാം ഓ൪മ്മകൾ ....നന്ദി

GURU - ഗുരു said...

ചാടിക്കേറി ഒന്നും ചെയ്യരുതെന്ന് വിവരമുള്ളവര് പറയുന്നത് ഇതാ, അതൊക്കെ പോട്ടെ..ഓണം കഴിഞ്ഞ് തൃശ്ശൂരെ കച്ചോടോം കഴിഞ്ഞ്...പുതിയ പോസ്റ്റൊന്നുമില്ലെ?

Typist | എഴുത്തുകാരി said...

കാട്ടുപൂച്ച - മാഷേ കലക്കീട്ട്‌ണ്ട്‌, ട്ടോ.

ഗുരുവേ പ്രണാമം - ഓണത്തിന്റെ ക്ഷീണമൊക്കെ ഒന്നങ്ങോട്ടു കഴിഞ്ഞോട്ടേ.

നന്ദിയുണ്ട്‌, രണ്ടുപേര്‍ക്കും, ഈ വഴി വന്നതിനു്.

Sapna Anu B.George said...

എന്തായാലും‘നല്ല കിണ്ണം കാച്ചിയ ഓണം’.........വീണ്ടും വരുന്നുണ്ട് എഴുത്തുകാരി

അനൂപ്‌ കോതനല്ലൂര്‍ said...

ഓണത്തിന് വെള്ളമടിച്ച് ഫ്ലാറ്റായി പോയി
അതു കൊണ്ട് സദ്യ ഉണ്ണാന പറ്റിയില്ല
പക്ഷെ ഇതു വായിച്ചപ്പോള് എവിടെയോ നഷ്ടപെട്ട
ഒരോണം എനിക്ക് തിരിച്ചു കിട്ടിയതു പോലെ

Typist | എഴുത്തുകാരി said...

സപ്ന,
അനൂപ്,
നന്ദി.

അശ്വതി/Aswathy said...

പടം വേണ്ടിയിരുന്നു എന്ന് തന്നെ യാണ് തോന്നുന്നത്.
എങ്കിലും പോട്ടെ അടുത്ത ഓണത്തിന് ആ കുറ വന്ക് നികത്ത്തിയാല്‍ മതി .

മന്‍സുര്‍ said...

ചേച്ചി...
അല്‍പ്പം വൈകി.....സോറി

എവിടെ എനിക്കുള്ള ഓണസദ്യ...:)

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

മനോജ് ജോസഫ് said...

ഇപ്പൊ ഒരു കാര്യം പഠിച്ചില്ലേ.. എന്തും അഡ്വാന്‍സായി പ്ലാനിങ്ങോടെ ചെയ്യുന്നത് നല്ലത് ആണ്.. പക്ഷെ ഒത്തിരി അഡ്വാന്സില് ആവരുത് എന്ന് മാത്രം..

Typist | എഴുത്തുകാരി said...

അശ്വതി, ഈ വഴി വന്നതിനു നന്ദി.

മന്‍സൂര്‍,ഇത്തിരി വൈകിയാ‍ലും വന്നൂല്ലോ, അതു മതി.

മനോജ് - നന്ദി ഇതിലേ വന്നതിനു്.