Tuesday, July 17, 2007

ചില മഴക്കാല ചിന്തകള്‍

ഇന്നു് കര്‍ക്കിടകം ഒന്നു്.

മൂന്നു ദിവസമായി മഴ തകര്‍ത്തു പെയ്യുകയാണ്. കാക്ക പോലും പറക്കില്ല എന്നു പറയാറില്ലേ, അതുപോലെ ആകെ ഇരുണ്ടുമൂടി. ആരോടൊക്കെയോ ഉള്ള അമര്‍ഷം തീര്‍ക്കുന്നപോലെ. ഒന്നു പെയ്തു കഴിയുമ്പോഴേക്കും, ദ, വന്നൂ, ഇരുണ്ടുകൂടി മറ്റൊന്നു്.

ഞങ്ങളുടെ പുഴ -കുറുമാലി പുഴ - നിറഞ്ഞുതുടങ്ങി. ഇപ്പോള്‍ TV local channel ലും, റേഡിയോയിലും ഒക്കെ അറിയിപ്പു്‌ വന്നു തുടങ്ങിയിട്ടുണ്ട്‌. ചിമ്മിനി ഡാം നിറഞ്ഞതിനാല്‍, ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ പോകുന്നു, കുറുമാലി പുഴയുടെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കുക എന്നു്.

അമ്പലത്തില്‍ നിന്നു് ഇറങ്ങുന്നതു് പുഴയിലേക്കാണ്. ആണുങ്ങള്‍ക്കു വേറെ, പെണ്ണുങ്ങള്‍ക്കു വേറെ കടവുകള്‍ ഉണ്ട്‌. രാവിലെ ഞാന്‍ പോയപ്പോള്‍ 6-7 പടവു് കൂടി ഉണ്ടായിരുന്നു മുങ്ങാന്‍. വെള്ളം കൂടുന്നതിനു് ഞങ്ങളുടെ കണക്കു് അതാണ്. ഇനി എത്ര പടിയുണ്ട്‌ എന്നാണെല്ലാവരും ചോദിക്കുക. നോക്കി നില്‍ക്കുമ്പോള്‍ പടവുകളിലങ്ങനെ വെള്ളം വന്നു മൂടി മുങ്ങി പോവും.

ലേശം പുറകോട്ട്‌:
-----------------

ഞങ്ങളുടെ കുട്ടിക്കാലത്തു് ഞങ്ങള്‍ നീന്തിക്കടന്നിരുന്ന പുഴയാണതു് (പുഴ നിറഞ്ഞൊഴുകിയിരുന്ന സമയത്തല്ല, ഭയങ്കര ഒഴുക്ക് ആയിരിക്കും). പുഴ നീന്തി അക്കരെ എത്തിയാല്‍ എന്താ കിട്ടുക എന്നറിയ്യൊ? നീല നിറത്തില്‍ Apsara pencil ന്റെ ഒരു പെട്ടി. പെന്‍സില്‍ ഉണ്ടാവില്ല, പെട്ടി മാത്രം. പക്ഷേ അന്നതു് ബോംബേ യില്‍ ബന്ധുക്കളുള്ള ചിലര്‍ക്കു് മാത്രമുള്ള സ്വത്താണ്. അതുകൊണ്ട്‌ ഈ ലോകത്തിലെ ഏറ്റവും വില കൂടിയ വസ്തുവും അന്നു് അതാണു്.

ഇന്നു്, പുഴവക്കത്തു് വീടുള്ള കുട്ടികള്‍ക്കു പോലും നീന്താന്‍ അറിയില്ലെന്നു കേട്ടാല്‍ അല്‍ഭുതപ്പെടേണ്ടാ. അതിനു് അവരെയല്ല, അവരുടെ അഛനമ്മമാരെയാണ് പറയേണ്ടതു്.

വീണ്ടും വര്‍ത്തമാനകാലത്തിലേക്കു്
----------------------------------

ചിമ്മിനി ഡാം കൂടി തുറന്നുവിട്ടു തുടങ്ങിയാല്‍ പുഴ ഒന്നുകൂടി നിറയും. മഴക്കിപ്പോഴും ഒരു ശമനമില്ല. തുള്ളിക്കൊരുകുടം വച്ചു പെയ്യുന്നു.

മലയാളികളായ, പ്രവാസികളായ, എന്റെ ബൂലോഗ സുഹ്രുത്തുക്കളേ, നാട്ടിലെ മഴക്കാലം കാണാന്‍ കൊതി ആവുന്നു ഇല്ലേ?

ഞാന്‍ ഒന്നുകൂടി പോയി നോക്കിയിട്ടുവരാം, ഇനി എത്ര പടി കൂടി ഉണ്ടു് മുങ്ങാന്‍ എന്നു്.


എഴുത്തുകാരി.

10 comments:

Typist | എഴുത്തുകാരി said...

കുറുമാലി പുഴയുടെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കുക.


എഴുത്തുകാരി.

G.MANU said...

puzhayil niraye vaarikkuzhikal alle....engane neenthum?

സനോജ് കിഴക്കേടം said...

അശ്ശ്യോ, കുറുമാലിക്കാര്യാണൊ? കുറുമാലില്‍ എവിടേ ? ഞാന്‍ കൊറച്ചൂടെ കെഴക്ക് മണ്ണമ്പേട്ടയില്‍...

ഉറുമ്പ്‌ /ANT said...

"Mazhza" live show brought to you by
Typist | എഴുത്തുകാരി


Great.............!!

മുസാഫിര്‍ said...

മഴയെക്കുറിച്ചും പുഴയെക്കുറിച്ചും വായിക്കുമ്പോള്‍ ആകെ ഒരു വിഷമം.ഒരു ഫോ‍ട്ടൊ ഉണ്ടെങ്കില്‍ ഇട്ടോളൂ.നോവാള്‍ജിയാ ഒന്നു കൂടി കൂടും..

Typist | എഴുത്തുകാരി said...

എല്ലാവര്‍ക്കും നന്ദി.

മനൂ, അന്നൊന്നും വാരിക്കുഴികളുണ്ടായിരുന്നില്ല. ഇപ്പോള്‍ മണലെടുത്തു്. മണലെടുത്തു്, പുഴയുടെ ആഴം വല്ലാതെ കൂടി. കരയിടിഞ്ഞു്, വീതിയും കൂടി.

സനോജ്, ഞാന്‍ കുറുമാലിക്കാരിയല്ല, നെല്ലായിക്കാരിയാണേയ്.

ഉറുമ്പ്, മുസാഫിര്‍, എനിക്കു മനസ്സിലാവും നിങ്ങളുടെ നൊസ്റ്റാള്‍ജിയ. പടം കുറേ എടുത്തിട്ടുണ്ട്‌. ഇടാന്‍ പറ്റുമോന്നു് നോക്കട്ടെ.


എഴുത്തുകാരി.

ശ്രീ said...

സത്യം... നാട്ടിലെ ഒരു നല്ല മഴക്കാലം മിസ്സായ്യതിന്റെ ഒരു വിഷമം നന്നായുണ്ട്...
:(
[1985 നു ശേഷം ഇതാദ്യമായിരുന്നത്രേ ഞങ്ങളുടെ നാട്ടില്‍ ഇത്ര വെള്ളം കയറുന്നത്]

ഉപാസന || Upasana said...

നീന്തലറ്യാമെങ്കില്‍ കുഴപ്പമില്ല...
നമ്മുടെ കാലാവസ്ഥ നിരീക്ഷണം ചെയ്യുന്നവരു പറയുന്നത് കേട്ടു ഒന്നും ചെയ്യരുത് സോദരീ...
അവര്... ഇല്ല പറയുന്നില്ലാ....
:)
പൊട്ടന്‍

ഗിരീഷ്‌ എ എസ്‌ said...

എഴുത്തുകാരി...
കര്‍ക്കിടകം..
ഒരനുഭവം തന്നെയാണ്‌..
തിമര്‍ത്തുപെയ്യുമ്പോള്‍
ദേഷ്യം തോന്നുമെങ്കിലും..
തണുപ്പ്‌ മാത്രം നല്‍കുന്ന ജാലകവും...മഴയുടെ സംഗീതവുമെല്ലാം..കര്‍ക്കിടകത്തെ ഓര്‍മ്മയില്‍ പിടിച്ചുനിര്‍ത്തുന്നുണ്ട്‌...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

Typist | എഴുത്തുകാരി said...

ശ്രീ, സുനില്‍, ദ്രൌപതി, എല്ലാവര്‍ക്കും നന്ദി.