Thursday, June 28, 2007

മണ്ഡരിക്കു് മരുന്ന്/ഉമിക്കരി

വേറെ എന്തോ ജോലിത്തിരക്കിലായിരുന്നു. കോളിങ്ങ്‌ ബെല്‍ അടിക്കുന്നതു്കേട്ടു വാതില്‍ തുറന്നു. ഒരു സ്ത്രീ. കണ്ട ഉടനെ അവര്‍ ചോദിക്കുന്നൂ, എത്ര തെങ്ങുണ്ട്‌ ഇവിടെ, കായ്ക്കുന്നതെത്ര, കായ്ക്കാത്തതെത്ര, അതില്‍ മണ്‍ഡരി ഉള്ളതു് എത്ര എണ്ണമുണ്ട്‌?


Polio കുത്തിവയ്പെടുക്കാന്‍ പാകത്തിലുള്ള കുട്ടികളുണ്ടോ, പെണ്‍കുട്ടികള്‍ എത്ര പേര്‍ ഉണ്ട്‌, അതില്‍ സ്കൂളില്‍ പോകാത്തവരുണ്ടോ, ചിക്കുന്‍ ഗുനിയയുടെ കാ‍ലമായപ്പോള്‍, പഞ്ചായത്തു് /ആരോഗ്യവകുപ്പില്‍ നിന്നും supply ചെയ്യുന്ന കൊതുകിനുള്ള മരുന്നു് ഫ്രീ ആയി തരാന്‍ വരുന്നവര്‍, ആ ഛായയില്‍പ്പെട്ട ഒരു സ്ത്രീ. പോളിയസ്റ്റര്‍ സാരി, വീര്‍ത്ത വയറുള്ള ഒരു ബാഗു്, കയ്യിലൊരു കുട, ഒരു ചെറിയ പുസ്തകം, പേന, ഇതാണവരുടെ സ്ഥിരം ഛായ.


അവര്‍ പറഞ്ഞു, agri-horticulture unit ല്‍ നിന്നും വരികയാണ്, മണ്ഡരി ബാധിച്ച തെങ്ങിനുള്ള മരുന്നു് കൊണ്ടുവന്നതാണ്, ഒരു പാക്കറ്റിനു് 50 രൂപ. മൂന്നു തെങ്ങിനു` തികയും. തെങ്ങിന്റെ മണ്ടയില്‍ ഇടണം. നാളെ അവരുടെ പണിക്കാരെ കൊണ്ടുവന്നു് അവര്‍ തന്നെ ഇട്ടു തരും. ഒരു തെങ്ങിനു് 5 രൂപ വച്ചു് അയാള്‍ക്കു കൊടുക്കണം. അപ്പുറത്തെ സാവിത്രിയമ്മ, രാജേട്ടന്‍, രാമന്‍ നായരു് എല്ലാവരും 5 പാക്കറ്റ് 3 പാക്കറ്റ് ഒക്കെ വാങ്ങിയിട്ടുണ്ട്‌. ഞാനും കരുതി, ഈ പ്രദേശം മുഴുവന്‍ മണ്ഡരി മാറിയിട്ടു് എന്റെ തെങ്ങിന്റെ മാത്രം മാറിയില്ലെങ്കില്‍ മോശമല്ലേ, വാങ്ങിക്കളയാം എന്നു് വച്ചു. അപ്പോഴും മനസ്സിലിരുന്നാരോ വിളിച്ചുപറഞ്ഞു, ഒന്നു മതി. വാങ്ങാന്‍ ഒരു ഗൂഡോദ്ദേശവും കൂടി ഉണ്ടായിരുന്നൂന്നു് കൂട്ടിക്കോളൂ. 2-3 തെങ്ങിന്റെ തേങ്ങ ഉണങ്ങിവീണുതുടങ്ങി. കേറുന്നവര്‍ക്കു് എന്തെങ്കിലുമിത്തിരി കൂടുതല്‍ കൊടുത്തു് ആ ഉണങ്ങിയ കുലയും കൂടി വെട്ടി ഇടീക്കാം.


ഒരു പാക്കറ്റ് എന്നു പറഞ്ഞപ്പോഴും അവര്‍ക്ക്‌ ദേഷ്യമോ വിഷമമോ ഇല്ല. നാളെ വണ്ടിയിലാണ് കൊണ്ടുവരുന്നതു്, കൂടുതല്‍ ഉണ്ടാവും, വേണമെങ്കില്‍ അപ്പോള്‍ എടുക്കാല്ലോ. 50 രൂപ വാങ്ങി, രണ്ട്‌ പൊതി, ഒന്നു് ഉമിക്കരി പോലൊന്നു്, 1 കിലോ ഉണ്ടാവും, പിന്നെ ഒരു ചെറിയ പാക്കറ്റ്, പഞ്ചസാര പോലെ. അവരുടെ പേരു് പറഞ്ഞു. ലത. പേരെഴുതി ഒപ്പിട്ട റസീറ്റ് തന്നു. ഫോണ്‍ നമ്പറൊക്കെയുണ്ട്‌. ഞാനും കൂടെ ഉണ്ടാവും എന്നും പറഞ്ഞു. നല്ല മഴയാണെങ്കില്‍, തെങ്ങില്‍ കേറാന്‍ പറ്റില്ലല്ലോ, അതുകൊണ്ട്‌ മഴയാണെങ്കില്‍, നാളെ വന്നില്ലെങ്കിലും പേടിക്കേണ്ട എന്നു് പറഞ്ഞു. പിന്നെ കുട്ടികള്‍ക്കു കിട്ടാത്തതരത്തില്‍ വയ്ക്കണം, പഞ്ചസാരയാണെന്നു കരുതി എടുത്താലോ, സ്നേഹപൂര്‍വം ഉപദേശിച്ചു.


വൈകീട്ടു കണ്ടപ്പോള്‍ പരസ്പരം എല്ലാരും ചോദിച്ചൂ, ഒരുവിധം പേരൊക്കെ വാങ്ങിയിട്ടുണ്ട്‌, എല്ലാരും സുഖമായി, സന്തോഷമായി ഉറങ്ങി അന്നു് രാത്രി. നമ്മുടെ നാടൊരു “മണ്ഡരി വിമുക്ത ദേശം” ആവാന്‍ പോവുകയല്ലേ.


പിറ്റേന്ന് ആരും വന്നില്ല, മഴയായിരുന്നു. അപ്പോള്‍ പേടീക്കേണ്ട കാര്യമില്ലല്ലോ. അതിനും പിറ്റേന്നും മഴ ആയിരുന്നു. അതുകൊണ്ട്`, അന്നും പേടിച്ചില്ല. മൂന്നാം ദിവസവും കാണാതായപ്പോള്‍ ഒന്നു ഫോണ്‍ ചെയ്തുനോക്കാം‍ എന്നു് കരുതി, പാക്കറ്റും, റസീറ്റും ഒക്കെ എടുത്തുനോക്കി. അതു് ഫോണ്‍ നമ്പര്‍ അല്ല, വേറെ എന്തൊക്കെയോ നമ്പാര്‍ ആണ്. Head office തന്നെ കേരളത്തില്‍ 5-6 സ്ഥലത്തുണ്ട്‌. :)


അന്നു് 3-4 സ്ത്രീകള്‍ ഇറങ്ങിയിട്ട്`, ഒരു പ്രദേശം മൊത്തം കബളിപ്പിച്ചുപോയി. എന്റെ ചുറ്റുമുള്ള വീടുകളില്‍ തന്നെ, ഒരു 20 പാക്കറ്റ് വാങ്ങിയിട്ടുണ്ട്‌. രൂപ് 1000 ആയില്ലേ?


ഉമിക്കരിയും പഞ്ചസാരയും ഇപ്പോഴും ലതചേച്ചിയേയും തെങ്ങുകയറ്റക്കാരനേയും കാത്തിരിക്കുന്നു. (ഉമിക്കരി ആണെന്നുറപ്പുണ്ടെങ്കില്‍, പല്ല് തേക്കാമായിരുന്നു)


ഒരു ഗുണമുണ്ടായി. അത്ര എളുപ്പത്തിലൊന്നും എന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ലെന്നുള്ള ആ അഹങ്കാരം പോയിക്കിട്ടി. നാട്ടുകാരു മുഴുവന്‍ അതറിയുകയും ചെയ്തു.




എഴുത്തുകാരി.

4 comments:

ഉറുമ്പ്‌ /ANT said...

ലളിതമായ രചനാ വൈഭവം................നന്നായിവരും..........!! കണി നാളികേരം.......എന്റെതാകട്ടെ........

Sands | കരിങ്കല്ല് said...

ഇതു ശരിക്കും നന്നായിട്ടണ്ട്.
നല്ല ഒഴുക്കു്‌...
എനിക്കിഷ്ടപ്പെട്ട.

സന്ദീപ്.

കുട്ടു | Kuttu said...

നല്ല ഭാഷ.

ഇത് പോലെയുള്ള സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണയാണ്. എന്റെ വീട്ടില്‍ വന്നവര്‍ ഒരു അനാഥാലയത്തിന്റെ പേരില്‍ ഒരു നോട്ടീസ്സ് കാണിച്ച് 25 രൂപ അടിച്ചോണ്ട്പോയി

:)

ആശംസകള്‍. തുടര്‍ന്നെഴുതൂ..

ശ്രീ said...

അതു ശരിക്കും അക്കിടിയായിപ്പോയല്ലോ....
ഇതിപ്പോ ആരെ വിശ്വസിക്കും ആരെ അവിശ്വസിക്കും ?
എന്തായാലും നന്നായി എഴുതിയിരിക്കുന്നു...
:)