Thursday, January 12, 2017

ആതിര, തിരുവാതിര....

ഇന്ന്‍ ധനു മാസത്തിലെ തിരുവാതിര.   ശ്രീ പരമേശ്വരന്റെ  പിറന്നാള്‍.

സുമംഗലികള്‍ നെടു മംഗല്യത്തിനും  കന്യകമാര്‍ നല്ല ഭര്‍ത്താവിനെ  കിട്ടാനും വേണ്ടി നോമ്പ് നോല്‍ക്കുന്ന നാള്‍. 

ഇന്നു് വൈകീട്ടു ‍ തുടങ്ങി   പാതിരാപ്പൂ ചൂടുന്നതു വരെ.‍. എല്ലാത്തിനും അകമ്പടിയായി  തിരുവാതിര‍കളിയും.

 ഒരു പൂത്തിരുവാതിരക്കാരിയും ഉണ്ട്ട്  ഇത്തവണ. (കല്യാണം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര). അതുകൊണ്ട്  ഇത്തിരി  കേമാണ്. സ്പോണ്‍സര്‍ഷിപ്പ് 
അവരുടെ വക.അമ്പിളി അമ്മാവന്‍ ആകാശത്തും
ആറ്റിലും.....

കണ്ടോ ഒരു നാണവുമില്ലാതെ  പെണ്ണുങ്ങള്‍ തുടിച്ചു കുളിക്കുന്നതും നോക്കി അങ്ങനെ നിക്കുന്നത്!

ഞങ്ങളുടെ കുറുമാലി പുഴയുടെ  മീതേ, കടവിന്റെ നേരെ മുകളില്‍,   അങ്ങിനെ  നില്ക്കുകയാ കക്ഷി. എന്തൊരു ഭംഗിയായിരുന്നെന്നോ അത് കാണാന്‍.   ഉപ്പുമാവും പഴവും പുഴുക്കും കൂവപ്പായസവുമെല്ലാം  കഴിച്ച്  കളി തുടങ്ങാനുള്ള തയ്യാറെടുപ്പിലാ എല്ലാരും. ഞാന്‍ മാത്രം അമ്പിളി മാമനേം നോക്കി നിന്നാ അതെങ്ങിനെ  ശരിയാവും.

എന്നാ ഇനി കുറച്ചു നേരം തിരുവാതിര കളി കണ്ടേക്കാം.
കുളി കഴിഞ്ഞ്‌,  ഈറന്‍ മാറി‌  മുണ്ടും നേരിയതും ചുറ്റി,  ദശപുഷ്പം  തലയില്‍  ചൂടി, മൂന്നും കൂട്ടി ചുവപ്പിച്ചു് (101 വെറ്റില മുറുക്കണമെന്നാണ്) തിരുവാതിര കളിക്കുന്നതു കാണാനൊരു ചന്തം തന്നെയാണേയ്.  ശരിക്കും.

കാണാന്‍  അത്യാവശ്യം  ആണുങ്ങളുമുണ്ട്.    ചിലര്‍ ഭാര്യക്കു കൂട്ട് വന്നവര്‍.  രാത്രിയല്ലേ, പെണ്ണുങ്ങള്‍ തന്നെയല്ലേ., കാലം  ചീത്തയല്ലേ, എന്ന  നല്ല  മനസ്സോടെ വന്നവര്‍ മറ്റു ചിലര്‍.   പെണ്ണുങ്ങളുടെ  കളി കാണാന്‍ വന്നതാണെന്ന് പറയാന്‍ ഒരു കുഞ്ഞു മടി. അത്രേള്ളൂ.  

പാതിരാപ്പൂവ് ചൂടാന്‍ പോയിരിക്കുന്നു. വായ്‌ കുരവ കേള്‍ക്കാം.  

ഇനിയിപ്പോ  വെറ്റിലയും  മുറുക്കി കൂടുതല്‍ പരദൂഷണവും കുറച്ചു കളിയുമായി ഉറങ്ങാതെ നേരം വെളുപ്പിക്കണം.


11 comments:

Typist | എഴുത്തുകാരി said...

ഇക്കൊല്ലത്തെ തിരുവാതിര കഴിയുന്നു.

ചിത്രത്തിനു കടപ്പാട് എനിക്ക് തന്നെ. ഒരു മുന്‍കാല പോസ്റ്റില്‍ നിന്ന്. ഒരു തിരുവാതിര രാവില്‍ തന്നെ എടുത്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുള്ളിക്ക് നോ ചേഞ്ച്. ഇത്തിരി കൂടി സുന്ദരനായോന്നേയുള്ളൂ സംശയം.

അപ്പോ ശരി, എല്ലാര്‍ക്കും ഒരു അടിപൊളി വര്‍ഷം ആശംസിക്കുന്നു.

Anonymous said...

aasamsakal

Punaluran(പുനലൂരാൻ) said...

മാഡം പുതുവർഷത്തിൽ വീണ്ടും എഴുതാൻ
തുടങ്ങിയതിൽ സന്തോഷം.. നവവത്സരാശംസകൾ
ശ്രീ said...

പുതുവത്സരാശംസകള്‍, ചേച്ചീ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറെക്കാലം അജ്ഞാതവാസത്തിനു ശേഷം വന്നു അല്ലെ
കണ്ടതിൽ സന്തോഷം

Typist | എഴുത്തുകാരി said...

anonymous, നന്ദി.

പുനലൂരാന്‍, സന്തോഷം.

Typist | എഴുത്തുകാരി said...

ശ്രീ, നന്ദി.

Indiaheritage, അതെ വന്നു. ഇനി ഇടക്കിടെ കാണാം. കാണണം!

സുധീര്‍ദാസ്‌ said...

നെല്ലായിക്കാരി ആണല്ലേ. അപ്പോൾ നമ്മൾ അയൽക്കാർ കൂടിയാണ്.


Typist | എഴുത്തുകാരി said...

സ്വാഗതം അയല്‍ക്കാരാ:). സന്തോഷം വന്നതിന്.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയം മൊട്ടിട്ടും
തളിർത്തുമൊക്കെ
വിരിയുന്ന നാളുകളായിരുന്നു
ഞങ്ങളുടെ ചെറുപ്പകാലത്തൊക്കെ
ധനുമാസത്തിലെ തിരുവാതിര രാവുകൾ ....

നീരാടാൻ കൂട്ടുപോകുക,
ഊഞ്ഞാൽ കെട്ടി കൊടുക്കുക ,
തിരുവാതിരക്കളിക്ക് സന്നാഹമൊരുക്കുക,
കൂവപ്പൊടി സംഘടിപ്പിച്ച് കൊടുക്കുക എന്നിങ്ങനെ
എത്രയെത്ര പ്രേമോപാസനകളായിരുന്നു അന്നത്തെ അഭിനവ
കാമുകന്മരായ ഞങ്ങളൊക്കെ ഉത്സാഹതിമർപ്പുകളായി ചെയ്യാറുള്ളത് ...!

ഇന്നത്തെ തലമുറക്ക് മിക്കവർക്കും എത്തിപ്പിടിക്കുവാൻ കഴിയാത്ത ആ
ഗൃഹാതുരത്വിൻ സ്മരണകൾ ഈ കുറിപ്പുകളിലൂടെ കൈവന്നതിൽ വളരെയധികം
സന്തോഷമുണ്ട് കേട്ടോ

Typist | എഴുത്തുകാരി said...

Muralee Mukundan,

ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് പ്രണയിക്കാന്‍ പഴയപോലെ വല്ല ബുദ്ധിമുട്ടും ഉണ്ടോ? എത്രയെത്രെ മാര്‍ഗ്ഗങ്ങള്‍! അതുകൊണ്ടു തന്നെയാവും അന്ന് ഒരു ചെറുപ്പക്കാരനെയും അവിടെ കാണാത്തതും. ചെറുപ്പക്കാരികളും അത്രയൊന്നും ഇല്ലായിരുന്നു. ചെറുപ്പമല്ലാത്തവര്‍ തന്നെയായിരുന്നു ഏറെയും.

അതൊരു കാലമായിരുന്നു ഇല്ലേ.

നന്ദി വായനക്ക്.