Monday, April 2, 2012

നഷ്ടമാവുന്ന വേരുകള്‍….

പുഴക്കരയിലൊരു വീട്.  വീട്ടില്‍നിന്നിറങ്ങാം  പുഴക്കടവിലേക്കു്.  പണ്ടൊക്കെ ഒരു  ചെറിയ വഞ്ചിയുണ്ടാവുമായിരുന്നു അക്കരെയുള്ള മിക്ക വീടുകളിലും. എല്ലാവര്‍ക്കും അറിയാം  വഞ്ചി തുഴയാന്‍. ‍ തോണി തുഴഞ്ഞ് ഇക്കരെയെത്തിയാല്‍ നെല്ലായി സിറ്റിയായി. ഇവിടത്തെ അങ്ങാടിയില്‍ കിട്ടാത്തതൊന്നുമില്ല.‍   ഉപ്പ്  തൊട്ട് കര്‍പ്പൂരം വരെ എല്ലാമുണ്ട്

സാമിയുടെ പലചരക്കു കട, റേഷന്‍ പീടിക, വാസുവിന്റെ  മുറുക്കാന്‍ കട/പെട്ടിക്കട, രാമന്‍ കുട്ടിനായരുടെ ചായപ്പീടിക, രാവുണ്ണിയുടെ ബാര്‍ബര്‍ ഷാപ്പ്,  ശിവരാമന്റെ  തുന്നല്‍ക്കട. നടുവില്‍ ബസ്സ് സ്റ്റോപ്പും  തണല്‍  വിരിച്ചു നില്‍കുന്ന ആലും ആല്‍ത്തറയും. അതിനു താഴെയാണ് നാട്ടിലെ കൂട്ടം കൂടലു മുഴുവനും.  നിരവധി പൂവണിഞ്ഞതും പൂവണിയാത്തതുമായ പ്രണയങ്ങള്‍ക്കു നിശബ്ദസാക്ഷി. ഇത്തിരി അങ്ങോട്ട് നീങ്ങിയാല്‍ വടക്കേ നെല്ലായില് കള്ള് ഷാപ്പ്. ഇത്രേയുള്ളൂ നെല്ലായി അങ്ങാടി. അതുപോലുമില്ലാത്ത അക്കരെക്കാര്‍ക്ക്   ഇതൊരു സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ.  സ്ത്രീകളും കുട്ടികളുമെല്ലാം വഞ്ചി തുഴഞ്ഞ് വരും. അമ്പലക്കടവില്‍  വഞ്ചി കെട്ടിയിട്ട്, നെല്ലായി സൂപ്പര്‍ മാര്‍ക്കറ്റും, അതു പോരെങ്കില്‍ ഇത്തിരീം കൂടി വല്യ  കൊടകരേലോ പുതുക്കാടോ പോയി  വരുമ്പോഴേക്കും ഇക്കരെയുള്ള കുട്ടികള്‍ക്കു്   ഇത്തിരി നേരം   വഞ്ചിയും കളിക്കാം.

ഇതൊക്കെ പഴങ്കഥ.  തല്‍ക്കാലം   ഓര്‍മ്മകളെ  അവിടെ നിര്‍ത്തിയിട്ട് ഞാന്‍ തിരിച്ചുവരാം. അയവിറക്കലൊക്കെ പിന്നെയാവാം.

പറഞ്ഞുവന്നതിതൊന്നുമല്ല, തമാശയുമല്ല, വേരുകള്‍ നഷ്ടപ്പെടുന്ന ഒരുപാട് അഛന്മാരുടെ, അമ്മമാരുടെ കഥ.‍

പുഴക്കരയില്‍ ഒന്നര ഏക്കര്‍ സ്ഥലം.   അതിനു നടുവിലൊരു വീട്. അതില്‍  മാവുകള്‍ പലതരം- സുന്ദരി മാവ്, തൊലികയ്പന്‍, കിളിച്ചുണ്ടന്‍,   വല്യ വല്യ ചക്ക മരങ്ങള്‍  (എന്നു വച്ചാല്‍ പ്ലാവ് തന്നെ) , പേരക്ക, കടച്ചക്ക (ശീമച്ചക്ക), കുടപ്പുളി, ഇരുമ്പന്‍ പുളി, നെല്ലി, അരിനെല്ലി, എല്ലാമുണ്ട്.  തെങ്ങ്, കവുങ്ങ്, ജാതി എന്നിവയും. പ്ലാശ്, പുളി എല്ലാമുണ്ട്, ചുരുക്കത്തില്‍ പണ്ടത്തെ ഒരു പറമ്പില്‍ എന്തൊക്കെയുണ്ടാവുമോ, അതൊക്കെയുണ്ട്.  ആ അമ്മയുടെ  ഭാഷയില്‍ പറഞ്ഞാല്‍ ഒരു മഴ പെയ്താല്‍  പഴുത്ത ചക്കേം മാങ്ങേം വീണീട്ട് ചളിപിളിയാവും. ചവിട്ടീട്ട് നടക്കാന്‍ വയ്യാണ്ടാവും.   

അതിനു നടുവിലാണ് വീട്. 5 പെണ്മക്കള്‍ അവര്‍ക്ക് താഴെ ഒരു മകനും.  വീട് നിറയേ ആളുകള്‍. കല്യാണം കഴിച്ചുകൊണ്ട് വന്നു്  പത്ത്നാല്പത്തഞ്ച് വര്‍ഷം അവരവിടെ ജീവിച്ചു. പ്രായം 70 കഴിഞ്ഞു.  മൂത്ത പെണ്മക്കളുടെ മക്കളുടേയൊക്കെ കല്യാണം കഴിഞ്ഞുതുടങ്ങി. 4 വര്‍ഷം മുന്‍പ് ഭര്‍ത്താവു മരിച്ചപ്പോള്‍ നാട് വിട്ട് അവര്‍ക്കീ നഗരത്തിലേക്കു ചേക്കേറേണ്ടിവന്നു. മകനും ഭാര്യയും ഈ നഗരത്തിലെ ഐ ടി ജീവനക്കാര്‍.   അവര്‍ ഇവിടെ ഒരു പ്ലോട്ട്  വാങ്ങി വീട് പണിയാനുള്ള ഒരുക്കത്തിലാണ്. അടുത്തൊന്നും നാട്ടിലേക്കു തിരിച്ചുപോകാമെന്ന പ്രതിക്ഷയില്ലല്ലോ.

നാട്ടിലെ സ്ഥലത്തിന്റെ കച്ചവടം  ശരിയായിരിക്കുന്നു. നല്ല വില കൊടുത്ത് (ഒരു കോടി) അതു വാങ്ങാന്‍ ഒരാള്‍ വന്നിരിക്കുന്നു. കരാറെഴുതി സമയം പോലും വേണ്ടാ, എത്രയും വേഗം ആധാരം നടത്താന്‍  തയ്യാറുള്ള ഒരാള്‍.  അത്രയധികം ഇഷ്ടമായത്രേ ആ സ്ഥലം.  എങ്ങിനെ ഇഷ്ടമാവാതിരിക്കും, കേട്ടിട്ട് എനിക്കു തന്നെ ഇഷ്ടം തോന്നുന്നു. (ഇഷ്ടമേയുള്ളൂ, കാശില്ല).

അവരിപ്പോള്‍ നാട്ടില്‍ പോയിരിക്കയാണ്, അതുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനു്.  അതു മാത്രമല്ല, നാട്ടില്‍ അമ്പലത്തില്‍ ഉത്സവമാണ്.  ഈ വര്‍ഷം കൂടി  എല്ലാരും കൂടി ആ വീട്ടില്‍ ഒത്തുകൂടാന്‍. പെണ്മക്കളോടും പേരക്കുട്ടികളോടുമൊക്കെ വരാന്‍ പറഞ്ഞിരിക്കയാണ്.  ഇനി അവിടെ  ആഘോഷങ്ങളില്ലല്ലോ അവര്‍ക്കു്. 

ഇന്നലെ ആ അമ്മ എന്നോടൊരുപാട് നേരം സംസാരിച്ചു. (നാട്ടില്‍ ഞങ്ങള്‍ ഒരു പുഴയുടെ (കുറുമാലിപ്പുഴ) അക്കരേയും ഇക്കരേയുമായിരുന്നു.  ഇവിടെ ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവും). അമ്മക്കറിയാം ഇനി തനിച്ചവിടെ നാട്ടില്‍ ചെന്നു നില്‍ക്കാനാവില്ലെന്നു്, ഇനിയുള്ള തന്റെ ജീവിതം ഇവിടെയാണെന്നു്. അല്ലെങ്കിലും രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ നാട്ടില്‍ പോകാറുള്ളൂ. അതും രണ്ടോ മൂന്നോ ദിവസം. ‍എന്നാലും നാട്, അവിടെ സ്വന്തമായിട്ടൊരു വീട്  ഉണ്ട്, എന്ന ആ തോന്നല്‍ തന്നെ ഇല്ലാതാവുക എന്നു വച്ചാല്‍! ഇനി ഇപ്പോള്‍ അതും  വേണ്ടല്ലോ. അമ്മയുടെ ഭാഷയില്‍ കൊടുത്ത പെണ്മക്കളുടെ വീട്ടില്‍  ചെന്നു നിക്കണതു് മോശമല്ലേ?

ആരെ എപ്പോ കണ്ടാലും മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമല്ലേ, ഇനി എന്നാ നാട്ടില്‍ പോവുന്നേ എന്നു്.‍ അല്ലെങ്കില്‍ ഓണത്തിനു്, വിഷുവിനു് നാട്ടില്‍ പോവുന്നില്ലേ എന്നു്. ‍ഇനി  അങ്ങനെ ഒരു ചോദ്യത്തിനേ പ്രസക്തി ഇല്ലെന്നു വന്നാല്‍!

പെണ്മക്കള്‍ക്കൊക്കെ എന്തെങ്കിലും കൊടുക്കണം, എന്നാലും ബാക്കിയുണ്ടാവും. അതുകൊണ്ട് ഒരു ചെറിയ വീട് അവിടെ വാങ്ങാന്‍ ഞാനവനോട് പറഞ്ഞിട്ടുണ്ട്.   അതു കേക്കുമായിരിക്കും എന്ന മോഹത്തിലാണ് ആ അമ്മ.

ആ മകന്‍ അതു കേക്കുമായിരിക്കും, ഇല്ലേ?

 

എഴുത്തുകാരി.

40 comments:

Typist | എഴുത്തുകാരി said...

കഥയല്ല, ഇതു ജീവിതം....

khaadu.. said...

കേക്കുമായിരിക്കും,.. കേള്‍കട്ടെ...!
എന്നിട്ട് അമ്മ ഒറ്റക്കവിടെ.... അത് വേണോ...?

ഒരില വെറുതെ said...

ജീവിതം പലപ്പോഴും കഥയേക്കാള്‍
ഫിക്ഷനാണ്.
സങ്കടം വന്നു.

keraladasanunni said...

വാര്‍ദ്ധക്യം കടന്നു വന്നാല്‍ എല്ലാവരുടേയും സ്ഥിതി ഇതുതന്നെയാണ്. ഉള്ള മോഹങ്ങള്‍ മനസ്സില്‍ 
അടക്കുക, സാഹചര്യങ്ങള്‍ക്കൊത്ത് ജീവിക്കുക. എങ്കിലും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ദുഖിക്കാതിരിക്കാനാവുമോ. നല്ല എഴുത്ത്.

Kalavallabhan said...

ഉയരങ്ങളിലേക്ക്‌ പറക്കുമ്പോൾ കൂടുതന്നെ നഷ്ടപ്പെടുന്നു. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങൾ മാത്രം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വല്ലാത്ത ഒരനുഭവം ആയിരിക്കും അല്ലെ പറിച്ചുനടുന്നത് ?

ഞാൻ ഓർത്തത് ഞങ്ങളുടെ കുട്ടനാട്ടിലെ കാര്യമായിരുന്നു. ഒരിക്കൽ ഒരു ചെറുവഞ്ചി തന്നെ പോകുന്നൊ എന്നു നോക്കിയതാ തുഴ മാത്രം കാണാം. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു തലയും കാണാനുണ്ടായിരുന്നു- മൂന്നു വയസുകാരൻ വഞ്ചിക്കാരന്റെ

മനോജ് കുമാർ വട്ടക്കാട്ട് said...

പിന്നല്ലാതെ. തീർച്ചയായും ആ അമ്മയ്ക്ക് വേണ്ടി മകൻ ഒരു ചെറിയ വീട് നാട്ടിൽ വാങ്ങിയിരിക്കും. വയസ്സാവുമ്പോൾ അവനും വന്ന് താമസിക്കാൻ ഒരിടം വേണ്ടതല്ലേ.

Anonymous said...

വേരുകള്‍ നഷട്ടപെടുന്ന വേദന ....
നന്നായി !

Anonymous said...
This comment has been removed by the author.
Unknown said...

എഴുത്തുകാരീ, എഴുത്തോലയിൽ കുറിച്ചുവച്ച, നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഗ്രാമസ്വപ്നങ്ങളെക്കുറിച്ചുള്ള ദു:ഖങ്ങൾ എന്റെ മനസ്സിലുമുണ്ട്... നഗരത്തിരക്കിൽ ശ്വാസം മുട്ടി വരിഞ്ഞുമുറുക്കപ്പെടുമ്പോഴും ഒരു ആശ്വാസം, കൊച്ചുകേരളത്തിലെ മലകൾ നിറഞ്ഞ ഗ്രാമത്തിലെ ഒരു പിടി മണ്ണാണ് (നാളികേരത്തിന്റെ നാട്ടിലെനിയ്ക്കൊരു....ഗാനം ഓർമ്മ വരുന്നു)

പക്ഷേ വാർദ്ധക്യകാലത്ത് ഗ്രാമസൗന്ദര്യത്തിന്റെ നിർമ്മലതയിൽനിന്നും, നഗരത്തിലെ ഒറ്റ മുറി ഫ്ലാറ്റിലേയ്ക്ക് പിഴുതുമാറ്റപ്പെടുന്ന മാതാപിതാക്കളുടെ മാനസ്സികാവസ്ഥ ആരും മനസ്സിലാക്കുന്നില്ല..ഇനി മനസ്സിലാക്കിയാലും സ്വന്തം ജീവിതം ഉയർച്ചയിലേയ്ക്കെത്തിയ്ക്കുവാനുള്ള തിരക്കിൽ അവർ മനപൂർവ്വം അവഗണിച്ചുകളയുന്നു. നമുക്ക് അവരെക്കുറിച്ചോർത്ത് സഹതപിയ്ക്കുവാനല്ലേ കഴിയൂ..ആ അമ്മയുടെ ആഗ്രഹം പോലെ ഒരു കൊച്ചുവീട് ഗ്രാമത്തിൽ സ്വന്തമാകുമെന്ന് പ്രതീക്ഷിയ്ക്കാം..
ആ നൊമ്പരങ്ങളെ പകർത്തിയ എഴുത്തുകാരിയ്ക്കും അഭിനന്ദനങ്ങൾ...

Typist | എഴുത്തുകാരി said...

Khaadu, ഇല്ല, അമ്മക്കു് ഒറ്റക്കവിടെ താമസിക്കാനല്ല, നാട്ടിൽ ഒന്നുമില്ലാതായി എന്നു തോന്നാതെ, വല്ലപ്പോഴുമൊന്നു പോണമെന്നു തോന്നുമ്പോൾ പോകാനും സ്വന്തം വീട്ടിൽ താമസിക്കാനും. അത്രക്കേ അവരാഗ്രഹിക്കുന്നുള്ളൂ.

ഒരില വെറുതെ,

Kealadasanunni,

Kalavallabhan,

നന്ദി എല്ലാവർക്കും.

Indiaheritage, അന്നങ്ങിനെയായിരുന്നു. ഇപ്പോൾ ആർക്കും വഞ്ചിയുമില്ല, ആരും തുഴഞ്ഞുവരാറുമില്ല.

പടിപ്പുര, നാളെ എത്തും അവർ നാട്ടിൽനിന്നു്. അപ്പോഴറിയാം.

NaNcY, നന്ദി.

Shibu Thovala, അതെ, നാട്ടിൽ സ്വന്തമായിത്തിരി മണ്ണുണ്ടാകുക ഒരു സ്വപ്നം തന്നെയാണ്. ഉണ്ടായിരുന്നതു നഷ്ടപ്പെടുക എന്നാവുമ്പോൾ, അതൊരു ദു:ഖവും.

Unknown said...

കേരളം ഇപ്പോള്‍ വ്യദ്ധ്ര്രും കൊച്ചുകുട്ടികളും മാത്രമേ ഉള്ളു... സ്റ്റാറ്റ്സ് സിംബലുകള്‍ക്ക് പണം തികയാതെ വന്ന് എല്ലാവരും ജിപ്സികളായി മഹാനഗരങ്ങള്‍ തേടി പോയി... തിരിച്ച് പോക്കില്ലാതെ എന്നാല്‍ പഴയ കാലത്തെക്കുറിച്ച് അയവിറക്കി അവര്‍ നഗരത്തിലലിഞ്ഞു ചേര്‍ന്നു.... അറിഞ്ഞിട്ടും അകന്നുമാറാമായിരുന്നിട്ടും അതേ ഒഴുക്കിലാണു ഞാനടക്കം പലരും.....

നല്ല എഴുത്ത്

ബിന്ദു കെ പി said...

അതെ, ആ അമ്മയുടെ ആഗ്രഹം മകൻ സാധിച്ചുകൊടുക്കുമായിരിക്കും..കൊടുക്കട്ടെ എന്നാശിക്കുന്നു...

krishnakumar513 said...

“ആ മകന്‍ അതു കേക്കുമായിരിക്കും, ഇല്ലേ“

അനുസരിക്കുമെന്ന് നമുക്കാഗ്രഹിക്കാം ചേച്ചി.ഈ പോസ്റ്റ് വളരെ ഹൃദ്യമായി...

Muralee Mukundan , ബിലാത്തിപട്ടണം said...

ഗ്രാമഭംഗിയും,ഗ്രാമീണതയും
തൽ‌പ്പരലല്ലാത്ത പുത്തൻ തലമുറയിലുള്ളവർ തായ്‌വേരുകളില്ലാത്ത വെറും ബഡ് ചെയ്ത് വളരുന്ന ചെടികളെപ്പോലെയാണല്ലോ ..അല്ലേ

നഷ്ട്ടങ്ങൾ ഉണ്ടാകുന്നത്
നഷ്ട്ടബോധങ്ങൾ അനുഭവിച്ചറിഞ്ഞവർക്ക് മാത്രം..!

ശ്രീ said...

സംശയമാണ് ചേച്ചീ. അവര്‍ക്ക് ആഗ്രഹമുണ്ടായാലും ചെറിയ വീടും പറമ്പുമൊക്കെ ആയാലും മകന് അതൊക്കെ നോക്കി നടത്താന്‍ ഇഷ്ടമുണ്ടാകുമോ?

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
ഇന്ന് എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ.
സ്വന്തമായി മണ്ണില്ലാത്തവർക്ക് പിന്നെ ഈ വക പ്രശ്നങ്ങളൊന്നും ഇല്ല. :)

ശ്രീനാഥന്‍ said...

നന്നായി. മകനതു കേൾക്കട്ടെ എന്ന് അമ്മക്ക് വേണ്ടി നമുക്കും പ്രാർത്ഥിക്കാം

ajith said...

അനിവാര്യമായ പറിച്ചുനടലുകള്‍ ഈ കാലത്തിന്റെ ഒരു ഭാഗധേയമാണ്.

ajith said...

അനിവാര്യമായ പറിച്ചുനടലുകള്‍ ഈ കാലത്തിന്റെ ഒരു ഭാഗധേയമാണ്.

ജയരാജ്‌മുരുക്കുംപുഴ said...

orikkal verukal thedi oru madakka yaathra undaavum..... pratheekshayode.... blogil puthiya post..... ANNAARAKKANNAA VAA..... vayikkane......

ബഷീർ said...

അവസാനം മടങ്ങാന്‍ നാട്ടിലൊരു കൊച്ചു വീട്.. അവിടെ സ്നേഹം നല്‍കാന്‍ ഉറ്റവര്‍.. അതേവരുടെയും സ്വപനം തന്നെ ചേച്ചീ..
ആ അമ്മയുടെ ആഗ്രഹം നിറവേറട്ടെ..

Typist | എഴുത്തുകാരി said...

Sumesh Vasu,

ബിന്ദു,

Krishnakumar 513,

Muralee Mukundan,

ശ്രീ,

അനിൽ,

ശ്രീനാഥൻ,

ajith,

jayarajmurukkumpuzha,

ബഷീർ പി ബി വെള്ളറക്കാട്,

ഇതുവഴി വന്നു് അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

പ്രേം I prem said...

സന്തോഷവും സമ്പല്‍ സമൃദ്ദിയും നിറഞ്ഞ ഒരു വിഷു ദിനാശംസകള്‍

അമ്മയുടെ ആഗ്രഹം സാധിക്കും.... ചേച്ചിക്കും വഞ്ചി തുഴയാന്‍ അറിയുമോ.... നെല്ലായിക്കാരുടെ വഞ്ചി തുഴയല്‍ കേമാണെന്നു കേട്ടിട്ടുണ്ട്.

പ്രേം I prem said...

സന്തോഷവും സമ്പല്‍ സമൃദ്ദിയും നിറഞ്ഞ ഒരു വിഷു ദിനാശംസകള്‍

അമ്മയുടെ ആഗ്രഹം സാധിക്കും.... ചേച്ചിക്കും വഞ്ചി തുഴയാന്‍ അറിയുമോ.... നെല്ലായിക്കാരുടെ വഞ്ചി തുഴയല്‍ കേമാണെന്നു കേട്ടിട്ടുണ്ട്.

Typist | എഴുത്തുകാരി said...

പ്രേം, thank you.

ഞങ്ങൾ നെല്ലായിക്കാരൊരു സംഭവം തന്നെയാണല്ലേ!

ഞാനിക്കരെയാണല്ലോ, അതുകൊണ്ട് എനിക്കറിയണ്ട കാര്യമില്ലല്ലോ :)

വിഷുവൊക്കെ ഗംഭീരമായില്ലേ?

ജയരാജ്‌മുരുക്കുംപുഴ said...

blogil puthiya post...... NEW GENERATION CINEMA ENNAAL......... vayikkane......

OAB/ഒഎബി said...

എനിക്ക് തോന്നുന്നില്ല നടക്കുമെന്ന്.

Echmukutty said...

കഥയല്ല, എന്ന് മനസ്സിലായി......

അടച്ചിട്ട വീട്, വാടകയ്ക്ക് കൊടുത്ത വീട്.....ഇടയ്ക്ക് മുഖം കൈയിൽത്താങ്ങി ആലോചിച്ചിരിയ്ക്കുന്ന അമ്മ .....ആലോചനയൊക്കെ ഞാൻ കണ്ടു..

നന്നായി എഴുതി. അഭിനന്ദനങ്ങൾ

വേണുഗോപാല്‍ said...

ആ അമ്മയുടെ അപേക്ഷ ആ മകന്‍ കേള്‍ക്കണം ..

കാരണം നാട്ടിലെ നമ്മുടെ വേരുകള്‍ അറുത്തു കളഞ്ഞാല്‍ ഈ ലോകത്തു പിന്നെ നമുക്കായി ഒന്നുമില്ലാത്ത ഒരു പ്രതീതി ആണ്.

മക്കള്‍ക്ക്‌ വേണ്ടി നാട്ടിലെ സ്ഥലം വിറ്റ് ഇന്നും അതില്‍ പരിതപിക്കുന്ന ഒരു പിതാവിനെ ഞാന്‍ മുംബയില്‍ എന്നും കാണാറുണ്ട്‌. എന്നെ കാണുമ്പോഴെല്ലാം നാടിനെ കുറിച്ചും കൈ വിട്ടു പോയ വസ്തുവിനെ കുറിച്ചും പലതും പറഞ്ഞു കണ്ണ് നിറയ്ക്കും ..

ആശംസകള്‍

പ്രേം I prem said...

പിന്നെ ഭയങ്കര സംഭവം തന്നെയല്ലേ .... വിഷു ഗംഭീരമായി ചേച്ചീ ....
എന്‍റെ വിഷുക്കൈനീട്ടം 1001 രൂപ ഇരുകയ്യും നീട്ടി വാങ്ങിക്കോളൂ .... (പ്രായ വ്യത്യാസം മറക്കാം)

മനോജ് കുമാർ വട്ടക്കാട്ട് said...

എന്തായി?

ജയരാജ്‌മുരുക്കുംപുഴ said...

blogil puthiya post...... HERO..... PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.............

കൈതപ്പുഴ said...

നന്നായി എഴുതി. അഭിനന്ദനങ്ങൾ

Typist | എഴുത്തുകാരി said...

jayaraj murukkumpuzha,
OAB,
Echmukutty,
വേണുഗോപാൽ,.
പ്രേം,
പടിപ്പുര,
കൈതപ്പുഴ,

എല്ലാവർക്കും നന്ദി.

നാട്ടിൽ വീട് വാങ്ങുന്ന കാര്യം മകൻ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നാണറിഞ്ഞതു്.

pallavi said...

ആ വീടിനും അവിടുത്തെ മഴക്കാലത്തിനും പകരമാവില്ല ഒന്നും
എന്നാലും, ആ മകന്‍ കേട്ടെങ്കില്‍...

കാസിം തങ്ങള്‍ said...

ഓര്‍മ്മകളുറങ്ങുന്ന ഗ്രാമത്തിലേക്ക് ഇടയ്ക്കിടേയൊന്ന് എത്തിനോക്കാന്‍ നാഴിയിടങ്ങഴി മണ്ണെങ്കിലുമവിടെയുണ്ടായിരുന്നെങ്കില്‍ എന്ന ആ അമ്മയുടെ ആഗ്രഹം സാധിക്കട്ടെ എന്ന് ആശങ്കകള്‍ക്കിടയിലും നമുക്ക് പ്രത്യാശിക്കാം ചേച്ചീ.

Areekkodan | അരീക്കോടന്‍ said...

പറിച്ചുനടപ്പെടുന്നവര്‍ക്കേ ഈ സങ്കടം അറിയൂ...

mayflowers said...

വേരുകള്‍ നഷ്ട്ടപ്പെടുന്നവര്‍ക്കേ അതിന്റെ വേദനയറിയൂ..
ആ അമ്മയെ ഓര്‍ത്ത് എനിക്കും സങ്കടം തോന്നുന്നു.

Typist | എഴുത്തുകാരി said...

Pallavi,

കാസിം തങ്ങള്‍,

Areekkodan,

mayflowers,

എല്ലാവര്‍ക്കും നന്ദി.