Wednesday, May 18, 2011

ചുവന്ന റോസാപ്പൂക്കൾ

ഒരു ദിവസം ഞാനും മോളും കൂടി ഒരിടത്ത് പോയി വരുന്നു. സ്ഥലം ചെന്നൈ മഹാനഗരം.  ഇവിടെ എത്തിയിട്ട് അധിക ദിവസമായില്ല.

ഒരു ജംഗ്ഷനാണ്.  ബസ്സുകളും കാറുകളുമൊക്കെ  സിഗ്നൽ കാത്തുകിടക്കുന്നു. എ സി ബസ്സിലായിരുന്നു. ഡോർ  ഒന്നു തുറന്നു തന്നിരുന്നെങ്കിൽ ഇറങ്ങാമായിരുന്നു എന്നു മനസ്സിൽ കരുതി കൺഡക്റ്ററെ നോക്കി ഒന്നു ചിരിച്ചുനോക്കി. സ്നേഹമുള്ള കൺട്ക്ടറായിരുന്നു.  ഡോർ തുറന്നു തന്നു.   പകരമായി  സ്നേഹമുള്ള ഒരു ചിരി തിരികെ കൊടുത്തു. വെയിലത്ത് ഇത്രേം വഴി നടക്കാതെ കഴിഞ്ഞല്ലോ.

ചെന്നൈയിലും സ്നേഹമുള്ളവരൊക്കെ ഉണ്ട്,  എന്നോർത്ത് പുളകം കൊണ്ട് അങ്ങിനെ നടന്നു  തുടങ്ങി. താഴേക്കൊന്നു നോക്കിയപ്പോൾ റോഡിൽ നല്ല ചുവന്ന റോസാപ്പൂക്കൾ. പൂ, അതും ചുവന്നു തുടുത്ത റോസാപ്പൂ കണ്ടിട്ട്  കാണാതെ പോകുന്നതെങ്ങനെ? എന്നെക്കൊണ്ടാവില്ല..

ഞാൻ കുനിഞ്ഞെടുത്തു, ഒരെണ്ണം.  ഇതു വേണ്ടാ, ഇതിന്റെ ഇതളുകൾ ഒടിഞ്ഞിട്ടുണ്ട്. അപ്പുറത്ത് വേറേം ഉണ്ടല്ലോ. പിന്നെന്തിനാ ഇതു്? നല്ലതു നോക്കി ഒരു രണ്ടുമൂന്നെണ്ണം എടുത്തു.  പൂ കച്ചവടക്കാരൻ സൈക്കിളിൽ കൊണ്ടുപോകുമ്പോൾ കൊട്ട മറിഞ്ഞതാവും.

റോസ് മാത്രമല്ല, ചെട്ടിമല്ലിയുമുണ്ട്. മഞ്ഞയും ചുവപ്പുമൊക്കെ. ഞാൻ മോളോട് പറഞ്ഞു,  മോളേ, നല്ല മൂത്തതു നോക്കി  രണ്ടുമൂന്നെണ്ണം എടുത്തോ. വീട്ടിൽ കൊണ്ടുപോയി പാവാം. ഇത്തിരി മുറ്റമൊക്കെയുണ്ട്. അതിൽ മൂന്നാലു ചെടികൾ വച്ചിട്ടുമുണ്ട്. ഇനിയും ചെടികൾ എങ്ങിനെ സംഘടിപ്പിക്കും  എന്നു കരുതിയിരിക്കുമ്പഴാ നിനച്ചിരിക്കാതെ ഇതിങ്ങനെ മുന്നിൽ വീണുകിടക്കുന്നതു്. ദൈവത്തിന്റെ ഓരോരോ കളികൾ!  കാശു കൊടുത്ത് ചെടി വാങ്ങുന്ന ശീലമില്ലല്ലോ. നാട്ടിൽ ഓരോ വീട്ടിലും തെണ്ടിയാണല്ലോ ചെടികൾ സംഘടിപ്പിക്കാറ്. ഇതിപ്പോ ദാ നല്ല മൂത്ത വിത്ത്, മഞ്ഞയും ചുവപ്പും. നല്ല രണ്ടുമൂന്നു റോസാ‍പ്പൂക്കളും. അതാ പറഞ്ഞതു്, ദൈവത്തിന്റെ ഓരോരോ കളികൾ. അവിടെ ഇറക്കിത്തന്ന കൺടക്റ്റർക്കും, മറിഞ്ഞുപോയ പൂക്കൾ വാരിയെടുക്കാതെ അവിടെത്തന്നെ ഇട്ടിട്ടുപോയ പൂക്കാരനേയും മനസ്സിൽ നന്ദിയോടെ സ്മരിച്ചു.

പറ്റാവുന്നതൊക്കെ എടുത്ത് നടക്കാൻ തുടങ്ങിയപ്പോൾ വെറുതേ ഒരു തോന്നൽ ആരൊക്കെയോ നോക്കുന്നുണ്ടോ എന്നു്. ഏയ്, തോന്നലാവും, എന്തിനാ നമ്മളെയിപ്പോ നോക്കണേ,  താഴെ വീണുകിടന്നിരുന്ന രണ്ടുമൂന്നു പൂവെടുത്തൂന്നല്ലേയുള്ളൂ, വേറൊന്നും ഞാൻ ചെയ്തിട്ടില്ല. അതും  വീണു കിടന്നിരുന്നതല്ലേ. റോസപ്പൂവിനെ ഇടക്കൊന്നു വാസനിച്ചു നടന്നു തുടങ്ങി. അപ്പഴും തോന്നി, അല്ല എന്തോ പ്രശ്നമുണ്ട്, അവരൊക്കെ നോക്കുന്നുണ്ട്.

ശങ്കിച്ച് ശങ്കിച്ച്  നടന്നുതുടങ്ങിയപ്പോൾ അടുത്ത കടയിലെ ഒരാൾ (ഇതേതു കോത്താഴത്തിൽ നിന്നു വരുന്നതാണപ്പ എന്നു തമിഴിൽ  വിചാരിച്ചുകൊണ്ട്,  അതെങ്ങിനെ മനസ്സിലായി  എന്നു ചോദിച്ചാൽ,  മനസ്സിലായി, അത്ര തന്നെ)  അടുത്തേക്കു  വരുന്നു, എന്നിട്ട് പറയുന്നു എന്നമ്മാ ഇതു്, അന്ത പൂക്കൾ എടുക്ക കൂടാത്‌.

സംഭവം എന്താന്നുവച്ചാല്, മരിച്ച ഒരാളുടെ ശവം കൊണ്ടുപോയപ്പോൾ (മരിക്കാത്ത ഒരാളുടെ ശവം കൊണ്ടുപോവുമോ എന്ന മറുചോദ്യം വേണ്ടാ. ഒന്നു ക്ലിയറാക്കി പറഞ്ഞൂന്നു മാത്രം!)  വഴി നീളെ ഇട്ടുപോയതാണാ പൂക്കൾ.  ഇവിടെ അങ്ങിനെയാണ്, കൊട്ടും മേളവും പടക്കം പൊട്ടിക്കലും, വഴിനീളെ പൂവെറിയലും ഒക്കെയായിട്ട് ആഘോഷമായിട്ടാണ് ലാസ്റ്റ് ജേണി. ഇപ്പഴല്ലേ അതൊക്കെ പിടികിട്ടുന്നതു്.

പൂക്കൾ താഴെയിട്ടിട്ട് വേഗം സ്ഥലം വിട്ടു. രണ്ടു പൂക്കൾ  കണ്ടപ്പോൾ ഇത്ര ആക്രാന്തം കാണിക്കേണ്ട  വല്ല കാര്യമുണ്ടായിരുന്നോ.

എഴുത്തുകാരി.

57 comments:

Typist | എഴുത്തുകാരി said...

latest അബദ്ധം!

SHANAVAS said...

ഇതിനാണ് ആക്രാന്തം എന്ന് പറയുന്നത്.ശവ പുഷ്പങ്ങളെ പോലും വിടില്ലാ എന്ന് വച്ചാല്‍?അനുഭവക്കുറിപ്പ് നന്നായി.

ഒരില വെറുതെ said...

പണ്ട് ഒരു ചങ്ങാതിക്കും പറ്റി ഇതുപോലൊന്ന്.
എന്‍.എസ്.എസ് ക്യാമ്പ് നടന്ന സ്കൂളിനു തൊട്ടടുത്ത
സെമിത്തേരിക്കടുത്ത് നിന്ന് കിട്ടിയ ചെമ്പനീര്‍ പൂക്കള്‍
തലയില്‍ ചൂടി നടന്നു. ഇടക്കാരോ പറഞ്ഞു
വൈകിട്ട്് സംസ്കാരം കഴിഞ്ഞ ഒരു പെണ്‍കുട്ടിയുടെ
മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നതാണ് അതെന്ന്.
മരിച്ച ഒരാള്‍ക്കൊപ്പം നടക്കുന്നത് പോലെ
അറപ്പോടെയും ഭയത്തോടെയും അവള്‍ അതു വലിച്ചെറിഞ്ഞു.
പിറ്റേന്ന് അവള്‍ക്ക് പനിച്ചു...

Prabhan Krishnan said...

“ഒരബദ്ധം ഏതെഴുത്തുകാരിക്കും പറ്റാം..അല്ലേ!!”

കഥയല്ലെങ്കിലും, ക്ലൈമാക്സ് കുറച്ചൂടെ വളച്ചു പിടിച്ചിരുന്നേല്‍..ഇനിയും രസകരമാക്കാമായിരുന്നു...(താങ്കള്‍ക്കതിനു കഴിയും)

നന്നായിട്ടുണ്ട്ട്ടോ...
ഒത്തിരിയാശംസകള്‍..!!

http://pularipoov.blogspot.com/2011/02/blog-post.html

Anonymous said...

ചെന്നൈ ഡയറി തുറന്നതിനു അഭിനന്ദനം !

നികു കേച്ചേരി said...

ലേബൽ:- പേടിച്ചു... എന്നാക്കാമായിരുന്നു.
:)))

ജിമ്മി ജോൺ said...

സാരല്ല്യ എഴുത്തേച്ചീ... ഇങ്ങനെയൊക്കെയല്ലേ ഓരോന്ന് ശീലാവുന്നത്.. ഇനീപ്പോ, ചെടീമ്മേല് നിക്കണ പൂ കണ്ടാലും പറിക്കാന്‍ തോന്നൂല്ലാ... അതാ ഇതിന്റെ ഒരു അതേയ്..

"...കൺഡക്റ്ററെ നോക്കി ഒന്നു ചിരിച്ചുനോക്കി. സ്നേഹമുള്ള കൺട്ക്ടറായിരുന്നു. ഡോർ തുറന്നു തന്നു. പകരമായി സ്നേഹമുള്ള ഒരു ചിരി തിരികെ കൊടുത്തു."

ഇവിടെ എന്തോ ഒരു ചേര്‍ച്ചക്കുറവുള്ളതുപോലെ ഒരു തോന്നല്‍... സത്യത്തില്‍ ആ കണ്ടാക് ചിരിച്ചായിരുന്നോ?

ശ്രീക്കുട്ടന്‍ said...

പലസ്ഥലങ്ങളിലും മരണം ഒരാഘോഷം പോലെ കൊണ്ടാടാറുണ്ട്.തമിഴ്നാട്ടിലും മറ്റും പാട്ടും ആട്ടവുമായി ശവത്തെ എഴുന്നള്ളിച്ചുകൊണ്ടു പോയി ദഹിപ്പിക്കും.എന്തായാലും പറ്റിയ പറ്റ് കലക്കി.രാത്രി അമ്മുമ്മേട പ്രേതമോ മറ്റോ വന്നായിരുന്നോ..

jayanEvoor said...

ഇതിനാണ് കവികൾ “പുഷ്പാക്രാന്താ ഭ ഭ ന ഗഗംഗം നാലുമാറേഴുമായ് ഗം” എന്നു പറയുന്നത്!

Yasmin NK said...

കൊള്ളാം.ആക്രാന്തം കണ്ടപ്പഴേ എനിക്ക് തോന്നീതാ ഇതിങ്ങനെയെ വരൂ എന്നു.സാരമില്ല ഒരു വെറും ശവമല്ലെ.ഒന്നൂല്ലെങ്കിലും എന്റെ പൂവെന്തിനാ എടുത്തൂന്ന് ആക്രോശിക്കില്ലല്ലൊ.

Manoraj said...

അങ്ങിനെ ശവപ്പൂക്കള്‍ കൊണ്ട് പോയി വീട്ടില്‍ നട്ടേനേ അല്ലേ.. പാവം ശവം. പാവം പൂവ്. പാവം ചേച്ചി :)

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
അമളി ഒരു കൂടപ്പിറപ്പ് ആണല്ലോ !!
:)

ponmalakkaran | പൊന്മളക്കാരന്‍ said...

കൂയ്....... കൂയ്.....

Muralee Mukundan , ബിലാത്തിപട്ടണം said...

മോളെടുത്ത് ചെന്നൈയിൽ പോയിട്ടിങ്ങനേ...

ഇനി ഇവിടെ മൊന്റടുത്തേക്ക് വന്നാൽ എങ്ങിനെയിരുക്കും...!

ഇങ്ങിനെയൊക്കെയാണ് സ്ഥിതിവിശേഷങ്ങളുടെ പോക്കെങ്കിൽ ഇനി ഞങ്ങളെല്ലാം കൂടി ബൂലോകത്തിന്റെ ഈ എഴുത്തുകാരിയെ അബദ്ധങ്ങളുടെ രാജ്ഞിയായി വാഴിക്കാം... കേട്ടൊ

ശ്രീനാഥന്‍ said...

സാരോല്യ. പൂവിനോടുല്ല ഇഷ്ടം കൊണ്ടല്ലേ? നന്നായി

Typist | എഴുത്തുകാരി said...

കരിങ്കല്ല്, :)

SHANAVAS, അതിനു് അതു് അങ്ങിനത്തെ പൂക്കളാണെന്നെനിക്കറിയില്ലായിരുന്നല്ലോ :)

ഒരില വെറുതെ, ഭാഗ്യം എനിക്കു പനിച്ചില്ല.

പ്രഭൻ കൃഷ്ണൻ, വളച്ചു പിടിക്കാൻ പറ്റുമോന്നൊന്നു നോക്കാം, ഇനി :)

NaNcY, thank you.

നികു കേച്ചേരി, അതിനു് ഞാൻ പേടിച്ചോ, ഇല്ലല്ലോ :)

ജിമ്മി ജോൺ, അയാളു ചിരിച്ചോന്നൊന്നും ഞാൻ നോക്കാൻ പോയില്ല, അതൊക്കെ ഒരു രസത്തിനു പറഞ്ഞതല്ലേ! എന്നു വച്ച് ബാക്കി സംഭവങ്ങളൊക്കെ നടന്നതു തന്നെയാണേ.

ശ്രീക്കുട്ടൻ, അയ്യോ എനിക്കു പ്രേതത്തിനേം ഭൂതത്തിനേമൊക്കെ ഭയങ്കര പേടിയാ, ഭാഗ്യം ആരും വന്നില്ല.

Typist | എഴുത്തുകാരി said...

Jayan, ഓ, അതാണല്ലേ അതിന്റെ ശരിയായ പേരു്.:)

മുല്ല, ആക്രാന്തം, അതെന്തിനോടാണെങ്കിലും ഇത്തിരി പെശകാ അല്ലേ?

Manoraj, അല്ലെങ്കിലും, ഞാനൊരു പാവമാണെന്നേയ്.

അനിൽ, ഇനിയും ഉണ്ടായിരുന്നു ഒന്നുരണ്ടെണ്ണം കൂടി (അമളിയേയ്). ഇനിയിപ്പോ അതൊക്കെ ഇവിടെ പറയണോ?

പൊന്മളക്കാരൻ, :)

മുരളീമുകുന്ദൻ, എന്തായാലും രാജ്ഞിപട്ടമല്ലേ (അബദ്ധങ്ങളുടെയാണെങ്കിലും), അതങ്ങോട്ടു സ്വീകരിച്ചാലോ എന്നൊരാലോചന.:) അപ്പോ പിന്നെ നേരത്തേ അനിലിനോട് പറഞ്ഞതു മാറ്റി പറയേണ്ടിവരും.പട്ടത്തിനു് അർഹയാക്കുന്ന വലിയ വലിയ അബദ്ധങ്ങൾ വരാനിരിക്കുന്നേയുള്ളൂ.

ശ്രീനാഥൻ, അതെ പൂവിനോടുള്ള ഇഷ്ടം കൊണ്ടല്ലേ, ശ്രീനാഥനു മാത്രേ എന്നോട് സ്നേഹള്ളൂ.

പ്രേം I prem said...

ഏറ്റവും വലിയ ഒരു സത്യമാണ് മരണം അല്ലേ ... ആദരസൂചകമായ ആ പൂവും നല്ലതുതന്നെ .. അതിന്റെ വിത്തും വളര്‍ന്നു റോസാപ്പൂമാരമാകും ... പിന്നെന്തിനാ ആ പൂവിനോട് ഒരു ദേഷ്യം ....

keraladasanunni said...
This comment has been removed by the author.
keraladasanunni said...

കണ്ണാടിപ്പുഴയും കല്‍പ്പാത്തി പുഴയും ചേര്‍ന്ന് ഭാരതപ്പുഴയാവുന്ന സംഗമസ്ഥാനം വീട്ടില്‍ നിന്ന് അധികം ദൂരത്തല്ല. കൌമാര പ്രായത്തില്‍ അവിടുത്തെ മണല്‍ത്തിട്ടയിലിരുന്ന് ( ഇന്ന് മണല്‍  എന്ന സാധനം കണി കാണാനില്ല ) കാറ്റ് കൊള്ളലാണ് എന്‍റേയും കൂട്ടുകാരുടേയും വൈകുന്നേരത്തെ പരിപാടി. ഒരു ദിവസം ചെന്നപ്പോള്‍ സംഗമസ്ഥാനത്ത് മണലില്‍ ഒരു പട്ടക്കുട നിര്‍ത്തി വെച്ചിരിക്കുന്നു. തിരിച്ചു പോരും നേരം ഞങ്ങള്‍ അതെടുത്തു. വീട്ടില്‍ ചെന്നപ്പോഴാണ് ആ കുട സഞ്ചയനത്തിന്‍റെ ഭാഗമായി പുഴയില്‍ സ്ഥാപിച്ചതാണെന്ന്. ഈ സംഭവം പോസ്റ്റ് വായിച്ചതും മനസ്സിലെത്തി.

Naushu said...

കൊള്ളാം .. നന്നായിട്ടുണ്ട് ...

Rare Rose said...

എഴുത്തുകാരി ചേച്ചീ.,ചെന്നൈ വിശേഷം നന്നായി.ഒന്ന് പൂ സ്നേഹിയാവാന്ന് വെച്ചാ അതും കുഴപ്പം അല്ലേ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഏതായാലും പങ്കു വച്ചതു നന്നായി . ഇനി ചെന്നയില്‍ എങ്ങാനും പോകേണ്ടി വന്നാല്‍ ശ്രദ്ധിക്കാമല്ലൊ

ജയന്‍ ഡൊക്റ്ററേ ഇതാണ്‌ പുഷ്പാക്രാന്താ അല്ലേ ഹ ഹ ഹ :-)

Pushpamgadan Kechery said...

പുഞ്ചിരിക്കും പൂവിലുണ്ടൊരു വഞ്ചനയുടെ ലാഞ്ചന...
മനസ്സിലായില്ലല്ലേ !
പൂക്കളെ ഇങ്ങനെ അമിതമായി സ്നേഹിക്കരുതെന്ന്.

ചെറുത്* said...

ഹഹഹഹ്ഹ്ഹ്

മരിച്ച ഒരാളുടെ ശവം കൊണ്ടുപോയപ്പോൾ (മരിക്കാത്ത ഒരാളുടെ ശവം കൊണ്ടുപോവുമോ എന്ന മറുചോദ്യം വേണ്ടാ.)

ഇവിടെത്തിയപ്പൊ ഉള്ളിലെ ചിരി പൊട്ടിപുറത്ത് വന്ന്. :)

കൊള്ളാം

ഒരു യാത്രികന്‍ said...

ഹാ..ഹാ. ബംഗ്ലൂരിലെ ഹരിച്ചന്ദ്ര ഘട്ടിലെക്കുള്ള യാത്രകള്‍ ഓര്‍മിപ്പിച്ചു.......സസ്നേഹം

വീകെ said...

സാരമില്ല എഴുത്തുകാരിച്ചേച്ചി... ‘മരിച്ച’ ഒരാളുടെ ശവം കൊണ്ടു പോയപ്പോൾ വീണ പൂവല്ലെ... അതെടുത്ത് മുളപ്പിച്ചിരുന്നെങ്കിൽ നന്നായി മുളച്ചേനേ...!

അല്ല, നാട്ടിൽ നിന്നു പോയപ്പൊഴേ ‘ചേച്ചിയുടെ അബദ്ധങ്ങളും‘ കൂടെ കെട്ടിയെടുത്തിരുന്നോ...?

ajith said...

ആദ്യമായി ഇവിടെ വന്ന് വായിക്കുന്നത് ഈ അബദ്ധക്കഥയാണല്ലോ. തമിഴ് നാട്ടിലെ ഈ ആചാരത്തെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. ഈ അബദ്ധം പലര്‍ക്കും വന്നു ഭവിച്ചിട്ടുണ്ടാകുമല്ലോ.

siya said...

ദൈവത്തിന്റെ ഓരോരോ കളികൾ. അവിടെ ഇറക്കിത്തന്ന കൺടക്റ്റർക്കും, മറിഞ്ഞുപോയ പൂക്കൾ വാരിയെടുക്കാതെ അവിടെത്തന്നെ ഇട്ടിട്ടുപോയ പൂക്കാരനേയും മനസ്സിൽ നന്ദിയോടെ സ്മരിച്ചു...
ഇത് ആണ് ചേച്ചി പറയുന്നത് ..ചെന്നൈയിലെപൂക്കളും നമ്മളെ പറ്റിക്കാന്‍ തുടങ്ങിയിരിക്കുന്നു .
സാരമില്ലാട്ടോ ..
പിന്നെ എഴുത്തുകാരി ചേച്ചീനെ ഒന്ന് നേരിട്ട് കാണണം എന്ന് എന്റെ മനസിലും ഉണ്ട് ..ബിലാത്തി പറഞ്ഞപോലെ വേണ്ടാട്ടോ .(.അബദ്ധങ്ങളുടെ രാജ്ഞി)അതിനു മുന്‍പ് കാണണം ..ശെരി ചേച്ചി .സന്തോഷമായി ഇരിക്കൂ

Typist | എഴുത്തുകാരി said...

പ്രേം, പൂവിനോട് ദേഷ്യമോ, എനിക്കോ, ഒട്ടുമില്ല.

Keraladasanunni, പലയിടത്ത് പല തരം ആചാരങ്ങൾ.

Naushu, നന്ദി.

Rare Rose, :)

Indiaheritage, അങ്ങനെ ചുളുവിൽ പുതിയ ഒരു പേരു പഠിച്ചില്ലേ :)

Pushpangadkechery, പൂക്കളെ അല്ല, ആരേം ഇനി അമിതമായി സ്നേഹിക്കുന്നില്ല.

ചെറുതു്, ആദ്യമായല്ലേ ഇവിടെ. സ്വാഗതം.

ഒരു യാത്രികൻ, സന്തോഷം.

വീ കെ, ഉവ്വല്ലോ, എല്ലാം എന്റെ കൂടെ പോന്നു. അതൊന്നുമില്ലെങ്കിൽ ഞാനുമില്ല. അതെല്ലാം കൂടിയതാണീ പാവം എഴുത്തുകാരി.

ajith, സന്തോഷം ഈ വഴി വന്നതിനു്.പിന്നെ അബദ്ധക്കഥ, അതു പോട്ടെ സാരല്യ.

Siya, നമുക്കു കാണാം എപ്പഴെങ്കിലും. ലോകസഞ്ചാരമൊക്കെ കഴിഞ്ഞു വരൂ.

Satheesh Haripad said...

കൊള്ളാം ചേച്ചി.
അവതരണം വളരെ ഇഷ്ടപ്പെട്ടു.
ശവം ആയതുകൊണ്ട് രക്ഷപെട്ടു അല്ലേ.. :)
satheeshharipad.blogspot.com

Villagemaan/വില്ലേജ്മാന്‍ said...

ഇതൊക്കെ ഒരു അബദ്ധം പറ്റലാണോ..സിമ്പിള്‍ !

വിനുവേട്ടന്‍ said...

ചെടിയും ഇലയും പൂവും ഒക്കെ എവിടെ കണ്ടാലും വിടരുത്‌ കേട്ടോ എഴുത്തുകാരിചേച്ചീ...

Seema Menon said...

ഹഹ ചേച്ചി, അസ്സലായിട്ടുണ്ട് ട്ടോ. ഇതു ഞാന്‍ അമ്മക്കു വായിച്ചു കൊടുത്തു, പുള്ളിക്കാരിയും ഇങനെ അബധ്ഹങളിലൊക്കെ ചെന്നു ചാടാറുണ്ട്.

ഹരീഷ് തൊടുപുഴ said...

ഹഹഹഹ..

ബിന്ദു കെ പി said...

:)))
ഈ ചേച്ചിക്ക് പറ്റുന്ന ഓരോ അബദ്ധങ്ങളേയ്....

Typist | എഴുത്തുകാരി said...

Satheesh Haripad,

Villageman,

വിനുവേട്ടൻ,

Seema Menon,

ഹരീഷ് തൊടുപുഴ,

ബിന്ദു കെ പി

എല്ലാവർക്കും നന്ദി.

the man to walk with said...

വല്ലാത്ത ഒരു അബദ്ധമായല്ലോ ..

yousufpa said...

നെഞ്ചിലടിച്ച് കരയാനും(വാടകയ്ക്ക്​) കൂട്ടർ ഉണ്ട്.ശവത്തിനു മുന്നിലായിർക്കും അത് എന്നുമാത്രം.

അബദ്ധങ്ങൾ ഇനിയും പറ്റാതെ നോക്കുക.

പട്ടേപ്പാടം റാംജി said...

ഓരോരിടത്തെ ഓരോരു രീതികള്‍. അറിയാതെ സംഭവിച്ചപ്പോള്‍ കാര്യം അറിയാന്‍ പറ്റി. ഇവിടെ പോസ്ടിയപ്പോള്‍ ഇനി തമിഴ്‌ നാട്ടില്‍ പോയാല്‍ റോഡില്‍ വീണു കിടക്കുന്ന പൂ എടുക്കണ്ട എന്നും അറിയാനായി.
അനുഭവം അറിവിനായി പകര്‍ത്തിയത്‌ നന്നായി.

ഭായി said...

കുട്ടയും വെച്ച് അവിടിരുന്ന് മൊത്തം വാരിയേടുക്കാതിരുന്നത് എന്തായാലും ഭാഗ്യമായി ചേച്ചീ..!! :)

ammalu said...
This comment has been removed by the author.
അലീന said...

വളരെ ലളിതമായ,ആസ്വാദ്യമായ എഴുത്ത്..വായിച്ചു തീര്‍ത്തപ്പോള്‍ (മുഴുവനും) ഞാനും നെല്ലായി കാരിയയ്യോന്നു സംശയം..
ഇനിയും എഴുതുക..

സ്നേഹപൂര്‍വ്വം- അലീന

Vayady said...

അബദ്ധങ്ങളുടെ രാജ്ഞി, അപ്പോള്‍ എനിക്ക് കൂട്ടുണ്ട്. എനിക്ക് അബദ്ധങ്ങളേ പറ്റാറുള്ളു. സെയിം പിച്ച്. (വേദനിച്ചോ..:)

ആര്‍ദ്ര ആസാദ് / Ardra Azad said...

ചെന്നൈ ഡയറികുറിപ്പുകളും, പുതിയ അബദ്ധങ്ങളുടെ കഥകളും ഇന്നിയും വരട്ടെ.

Sarija NS said...

പൂക്കാരന്റെ കുട്ട മറിഞ്ഞെന്ന് വിചാരിച്ചല്ലെ :)

ജയരാജ്‌മുരുക്കുംപുഴ said...

veendum abadham....... bhavukangal.......

ബ്ലാക്ക്‌ മെമ്മറീസ് said...

ആ ഇനി ഒരു രഹസ്യം പറയട്ടെ !!!...ഇങനെ പൂവെടുതാല്‍ ആ പ്രേതം കൂടെ വരുമെന്നാ ന്റെ കൂടെ പഠിക്കുന്ന രമേശന്‍ ടി.c യും .വിഷ്ണു k g ഉം പറയാറ് ഉണ്ട് ....എഴുത്തുകാരി ഒന്ന് സൂക്ഷിച്ചോ .......ഹ ഹ ഹ

jyo.mds said...

പറ്റിയ അബദ്ധം രസകരമായി എഴുതി.
പൂക്കള്‍ കണ്ടാല്‍ ഇത്ര ആക്രാന്തം പാടില്ല.ഹിഹി.ഞാനും ഇങ്ങിനെയൊക്കെയാണ് കേട്ടൊ.

Typist | എഴുത്തുകാരി said...

the man to walk with,

yousufpa,

പട്ടേപ്പാടം റാംജി,

ഭായി,

അലീന,

Vayady,

ആർദ്രാ ആസാദ്,

Sarija,

jayarajmurukkumpuzha,

ബ്ലാക് മെമ്മറീസ്,

നന്ദി എല്ലാവർക്കും.

പൈമ said...

anne anugrahikkanam..
hai...njan... puthiya bloggeranu .... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan

പാറുക്കുട്ടി said...

വളരെ കാലമായി ബ്ളോഗ് ലോകത്തേക്ക് വന്നിട്ട്. ആദ്യം വായിച്ചത് ചേച്ചിയുടെ ബ്ളോഗ്.

ചെന്നൈ ഡയറി നന്നായി.

ഏതായാലും ഒരബദ്ധം ഏത് ഏഴുത്തുകാരിചേച്ചിക്കും പറ്റാമല്ലേ. സാരമില്ലാട്ടോ. ഇനിയും നല്ല പോസ്റ്റുകള്‍ പോരട്ടെ>

ഉല്ലാസ് said...

ആക്രാന്തം എല്ലാവര്‍ക്കും ഇല്ലേ?? :-)

raadha said...

ചേച്ചി.. ഇതിപ്പോ സാരമില്ലാട്ടോ. ഞാന്‍ ആയാലും ആ പൂ പെറുക്കി എടുക്കാതെ മുന്നോട്ടു പോവില്ല. ഇനി ഇപ്പൊ ഇങ്ങനെ ഉള്ള പൂവാണോ എന്ന് നോക്കിയിട്ടാവാം അല്ലെ?

Typist | എഴുത്തുകാരി said...

jyo,
pradeep paima
പാറുക്കുട്ടി,
ചങ്കരൻ,
raadha,

എല്ലാവർക്കും നന്ദി.

പഥികൻ said...

അബദ്ധങ്ങളുടെ കഥകൾ വായിക്കാൻ രസമാണ്‌...ഭാവുകങ്ങൾ

ഇലഞ്ഞിപൂക്കള്‍ said...

ആ പൂക്കള്‍ കൊണ്ട്പോയി വിതയ്ക്കാമായിരുന്നു.. മരിച്ച ആള്‍ക്ക് ഒരു...