Thursday, July 28, 2011

ഒരൊറ്റ നിമിഷം കൊണ്ട്......

ല്ല ഭംഗിയായി, ഉഷാറായി വളരുന്ന ഒരു കൂവളം. അതിനു് ഞാന്‍ വെള്ളമൊഴിക്കും. ദൈവത്തിന്റെ ചെടിയല്ലേ എന്നും പറഞ്ഞു്, അപ്പുറത്തെ പാട്ടിയും വെള്ളമൊഴിക്കും. അതങ്ങനെ സന്തോഷമായി, ഉഷാറായി വളര്‍ന്നു നില്‍ക്കുന്ന കാലം. ഒരു ദിവസം കാറ്റത്തോ അതോ കുട്ടികള്‍ കളിച്ചിട്ടോ എങ്ങനെയാന്നറിയില്ല, അതൊന്നു മറിഞ്ഞുവീണു. ഒരു പരുക്കും പറ്റിയില്ല.  തല ഉയര്‍ത്തി നിന്നിരുന്നതു് ഒന്നു കിടന്നൂന്നു മാത്രം.  അതോ ഇനിയിപ്പോ കാലം കുറേയായില്ലേ ഈ നില്പ് നിക്കുന്നു, ഇനിയും ഒരുപാട് കാലം നിക്കാനുള്ളതല്ലേ, കുറച്ചൊന്നു കിടന്നു  റെസ്റ്റ്  എടുക്കാം എന്നു കരുതിയിട്ടോ,  കക്ഷി ഒന്നു കിടന്നു. (സംഭവം അതൊന്ന്വല്ല  കടയിൽ മണ്ണില്ല, പകരം കുഴിയായി. വേരൊക്കെ പുറത്തു്. അതാണ്  പാവം വീണതു്.)

പറിച്ചുനടലിനു  മുൻപ്, വെറുതേ ഒരു ദിവസം എടുത്തതു്.                                                                  

അന്നു വൈകീട്ടാ ഞാനതു കണ്ടതു്. നാളെ ശരിയാക്കാം കടക്കലിത്തിരി മണ്ണൊക്കെ ഇട്ട്, ഒരു ഊന്നു കൊടുത്ത് കെട്ടി ശരിപ്പെടുത്തിയെടുക്കാം.  ഇന്നുകൂടി പാവം അതു കിടന്നു റെസ്റ്റ് എടുത്തോട്ടെ എന്നു കരുതി ഞാനുറങ്ങി.പിറ്റേന്ന്   പതിവുപോലെ വെള്ളമൊഴിച്ചുകൊടുത്തിട്ട് ഞാനതിനോടൊരു സുല്ല് പറഞ്ഞു. ഞാന്‍ നാളെ വന്നു എഴുന്നേല്പിച്ച് നിര്‍ത്തിക്കോളാം ഇന്നു് തിരക്കായിട്ട് ഞാനൊരിടം വരെ പോവുന്നു. നിനക്കു സങ്കടമൊന്നുമില്ലല്ലോന്നു ചോദിച്ചപ്പോള്‍ പറഞ്ഞു, ഏയ് എനിക്കിതാപ്പോ ഇഷ്ടായേ. ഭാരം താങ്ങി നിക്കണ്ടാല്ലോ, ഒന്നോ രണ്ടൊ ദിവസം കൂടി ഞാനിങ്ങനെ കിടന്നു റെസ്റ്റെടുത്തോളാം എന്നു്. ഞാന്‍ സമാധാനായിട്ട് പോയി വന്നു.

അതിനും പിറ്റേന്നു് രാവിലെ ഞാന്‍  പതിവുപോലെ ചായയും കൊണ്ട് എന്റെ കിളിവാതിലിനരികില്‍ വന്നിരുന്നു. അതാണെന്റെ പുറത്തേക്കുള്ള വഴി. അതു ചാടി കടന്നിട്ടുവേണം മുറ്റത്തെത്താന്‍. അല്ലെങ്കില്‍ ഒരു മൈല്‍ വളഞ്ഞ്പോണം.  എന്റെ  ചിന്തകളുമായി ഞാനങ്ങിനെ ഇരിക്കുമ്പോള്‍ ദാ വരുന്നു  സാമി. കൂടെ സന്തതസഹചാരിയായ  സ്റ്റൂള്‍,(സ്വന്തം തടി തന്നെ താങ്ങി നടക്കാന്‍ വയ്യ, എന്നാലും സ്റ്റൂളും താങ്ങിയാണ് എപ്പോഴും നടപ്പു്. എപ്പോ വേണെങ്കിലും ഇട്ടിരിക്കാല്ലോ. ആ കൊച്ചു സ്റ്റൂളിനോട് നമുക്ക്‌ സങ്കടം തോന്നും.)    ഒരു പണിക്കാരന്‍, പണിക്കാരന്റെ കയ്യിലൊരു കയ്ക്കോട്ട്, പിന്നൊരു ചാക്കു്, അതിൽ വളം.   ഓ അപ്പോ എനിക്കു മാത്രമല്ല, ചെടികളോടിഷ്ടം.ഞാനിവിടന്നു പോയാലും സാമി നോക്കിക്കോളും ഇവരെയൊക്കെ. സമാധാനായി.‍   സാമി ഇന്നലെ  പതിവു സര്‍ക്കീട്ടിനു് വന്നപ്പോള്‍ ചെടി മറഞ്ഞുകിടക്കുന്നതു കണ്ടു കാണും. എനിക്കു ബഹുമാനം തോന്നി. എത്ര പ്രോംപ്റ്റാ.  എന്നേപ്പോലെ സുല്ല്‌  പറഞ്ഞില്ലല്ലോ. നന്നായി, പണിക്കാരന്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടി നന്നാവും.

രണ്ടുപേരും ചെടിയുടെ ചുറ്റുമിരുന്നു. പണിക്കാരന്‍ താഴെ. സാമി സ്റ്റൂളില്‍.   അവര്‍ പണി തുടങ്ങി. കൂവളം കിളിവാതിലിനിടയിലൂടെ എന്നെ ഒന്നു നോക്കി, പറഞ്ഞു, കണ്ടോ കണ്ടോ എന്നോടിഷ്ടമുള്ളവര്‍ വേറേയുമുണ്ട്..  ഞാനൊന്നും പറഞ്ഞില്ല, ചിരിച്ചു.

അവർ  പണി തുടങ്ങി.  അങ്ങനെ ഞാന്‍ നോക്കിയിരിക്കുമ്പോ,  ‍ഒരു നിമിഷനേരം കൊണ്ട്, എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുന്‍പ്, നമ്മുടെ കൂവളച്ചെടിയതാ പണിക്കാരന്റെ കയ്യിൽ.  ഞാൻ സ്തംഭിച്ചുനിന്നുപോയി. ചതിച്ചല്ലോ ഭഗവാനേ. എന്തു വിഡ്ഡിത്താ ഈ കാട്ടിയതു്! ഇത്രയും വളര്‍ന്ന ഒരു ചെടി പറിച്ചെടുക്കുകയോ. ഒരു നിമിഷം കൊണ്ടെല്ലാം കഴിഞ്ഞു.  തൊട്ടപ്പുറത്ത്, അതെ തൊട്ടപ്പുറത്ത്, വേറൊരു വല്യ കുഴി കുഴിച്ചു. ചാരവും വളവും ഇട്ടു. ഈ ചെടിയെ ആ കുഴിയില്‍ വച്ചു. വെള്ളമൊഴിച്ചു. എനിക്കു മനസ്സിലായി, സംഭവം പിശകായെന്നു്.  അതു കഴിഞ്ഞു സാമി എഴുന്നേറ്റു.  ചുറ്റും നോക്കി. എന്നെ കണ്ടു.    നിങ്ങളൊക്കെ ഇവിടെ ഉണ്ടായിട്ടെന്തിനാ,എവിടേയും എന്റെ കണ്ണെത്തണം. ഇതും മനസ്സില്‍ പറഞ്ഞു് സ്റ്റൂളും  താങ്ങി  സാമി പോയി.

 എനിക്കു ദേഷ്യോം സങ്കടോം ഒക്കെ വന്നു.എന്നാലും ഇങ്ങനെയുണ്ടൊ മനുഷ്യമ്മാരു്. കോമണ്‍സെന്‍സ് എന്നു പറഞ്ഞ സാധനം ഇല്ലേ ഇവര്‍ക്കൊന്നും. ആ പണിക്കാരനെങ്കിലും പറയായിരുന്നില്ലേ, ഈ ചൂടില്‍ ഇതു പറിച്ചുനട്ടാല്‍ പിടിക്കില്ലെന്നു്. മാറ്റി നടുന്നതു്  ഒരു കാര്യത്തിനായിരുന്നെങ്കില്‍, വലുതാവുമ്പോള്‍ ഏതിനെങ്കിലും തടസ്സമാ‍വുമെന്നോ മറ്റോ. ഇതു് അതൊന്നുമല്ല, പഴയതിന്റെ തൊട്ടടുത്തു തന്നെ.

ഇനിയിപ്പോ സാമിയോടും അതു വല്ല സ്വകാര്യമോ മറ്റോ പറഞ്ഞോ ആവോ, കുറേ നാളായി ഇവിടെ ഇങ്ങനെ ഒരേ നില്പ് നിന്നിട്ട് ബോറടിക്കുന്നൂന്നോ മറ്റോ. അല്ലാതെ എന്താ പറയുക.
അവരു പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ പോയി  ഒന്നു കാണാന്‍. പാവം അതെന്നെ നോക്കി, ഞാന്‍ അതിനേം.  ഒന്നും പറഞ്ഞില്ല രണ്ടാളും.ഇനി എന്തു പറയാന്‍!

                
 ആ ഒരു വെളുത്ത കല്ല് വച്ചിട്ടില്ലേ, അവിടെ ആയിരുന്നു അതു്.
                                             
ഒരാഴ്ച കഴിഞ്ഞു. ഇപ്പോള്‍ ഇതാണിതിന്റെ അവസ്ഥ. പിടിക്കില്ലെന്നുറപ്പു്. പാവം കൂവളം. എന്നാലും ഇതിത്തിരി കടുപ്പായിപ്പോയില്ലേ
.
കണ്ടുകണ്ടങ്ങിരിക്കുന്ന നേരത്ത് കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍!

എഴുത്തുകാരി.

41 comments:

Typist | എഴുത്തുകാരി said...

കുറേക്കാലമായി ഈ വഴി വന്നിട്ട്. വായനയുമില്ല, എഴുത്തുമില്ല. ഓരോരോ പ്രശ്നങ്ങൾ. ജീവിതത്തിന്റെ നെട്ടോട്ടം...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ദൈവത്തിന്റെ ചെടിയെ ദൈവത്തിന് പോലും രക്ഷിക്കുവാൻ കഴിഞ്ഞില്ല...!

അതെ എത്രെയെത്ര കൂവളങ്ങൾ ഇതുപോലെ എത്ര ജാഗ്രതയോടെ പരിരക്ഷിച്ചിട്ടും അകാലത്തിൽ കൂമ്പടഞ്ഞുപോയിരിക്കുന്നു ... അല്ലേ

INTIMATE STRANGER said...

രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ ...എന്നാലും കഷ്ടായി ...

Anonymous said...

ചേച്ചി ഒന്നും നാളേക്ക് മാറ്റിവൈക്കരുത്‌ എന്നു
മനസ്സിലായില്ലേ ?

മനോഹരമായി !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"നാളെ ചെയ്യാനുള്ളത്‌ ഇന്നു ചെയ്യണം"

അതെങ്ങനാ നാലെ കൂവളം വീഴുമെന്ന് അറിയില്ലായിരുന്നല്ലൊ

"ഇന്നു ചെയ്യേണ്ടത്‌ ഇപ്പൊ ചെയ്യണം"

ദാ കമന്റ്‌ ഒട്ടും താമസിപ്പിക്കുന്നില്ല ഇപ്പൊ തന്നെ ഇട്ടു
ഹ ഹ ഹ :)
കൂവളത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു

Typist | എഴുത്തുകാരി said...

രക്ഷപ്പെടാനുള്ള സാദ്ധ്യത ഉണ്ടെന്നു തോന്നുന്നില്ല.

Kalavallabhan said...

അന്നന്ന് ചെയ്യാനുള്ളത് അന്നന്ന് ചെയ്യണമെന്ന് പണ്ട് വീട്ടിലെല്ലാവരും പറയുമായിരുന്നു, ഇന്ന് ഞാനും. ചെയ്യലൊക്കെ കണക്കാ. ഫലവും..

മുല്ല said...

എന്താ ചെയ്യാ..അപ്പൊതന്നെ കടക്കല്‍ കുറച്ച് മണ്ണിട്ടാ മതിയാരുന്നു. എല്ലാരും ഇങ്ങനൊക്കെ തന്നെ. നാളെയാവട്ടെ നാളെയാവട്ടെ എന്നു വെച്ചിട്ടങ്ങനെ ഇരിക്കും..
വീണ്ടും കണ്ടതില്‍ സന്തോഷം.

പ്രയാണ്‍ said...

ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം......എന്റെ പൊട്ട ഒപ്റ്റിമിസം പറയുന്നു അത് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്..(നാട്ടില്‍നിന്നും വന്ന്‍ അങ്ങിനെ കുറേയെണ്ണത്തിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതിന്റെ ധൈര്യമാണ്‍...:))

~ex-pravasini* said...

പാവം കൂവളം.
ഇത്തിരി ജീവന്‍ ബാക്കിയുണ്ടെങ്കില്‍ അത് പുതുനാമ്പുകളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കും.
അങ്ങനെ കരുതുന്നതല്ലേ നല്ലത്.

അനില്‍@ബ്ലോഗ് // anil said...

പാവം.

വീ കെ said...

ഇതാണ് പറയുന്നത് ‘അർഹതയുള്ളതിന്റെ ചോട്ടിലേ വെള്ളമൊഴിക്കാവൂ’ ന്ന് കാർന്നോന്മാർ പറയുന്നത്.

ശ്രീനാഥന്‍ said...

കൂവളച്ചുവട്ടിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു കൊള്ളുന്നു. നെടിയ ഓടുന്നതിനിടയ്ക്ക് കുറുകെ ഇതുപോലെ ഓടുന്നതും നല്ലതാണ്.

Typist | എഴുത്തുകാരി said...

ബിലാത്തിപ്പട്ടണം, അതെ ചെടിയും പാവം,ദൈവവും പാവം.

INTIMATE STRANGER,എത്ര ശരി.

NaNcY നാളത്തേക്കു് മാറ്റിവക്കാതിരുന്നെങ്കിൽ ഒരു മരം രക്ഷപ്പെട്ടേനേ. (ചെടി മരമാവുമല്ലോ)

Indiaheritage, :)

Kalavallabhan, ഇനിയെങ്കിലും ആ ശീലം പഠിച്ചാൽ നല്ലതാ :

മുല്ല, സന്തോഷം.

പ്രയാൺ, നമുക്കു നോക്കാം ഓപ്റ്റിമിസം സഫലമാകുമോന്നു്.

ex pravasini, നമുക്കു് ആശിക്കാം അങ്ങനെ.

അനിൽ, :)

വി കെ, അങ്ങനെയാണല്ലേ.

ശ്രീനാഥൻ, പ്രാർത്ഥന ഫലിക്കട്ടെ.

keraladasanunni said...

തറവാടിന്‍റെ പടിപ്പുര മുറ്റത്ത് കൂവളവും 
കൂവളത്തറയും ഉണ്ടായിരുന്നു. സന്ധ്യക്ക്
ശിവനെ സങ്കല്‍പ്പിച്ച് വിളക്ക് വെക്കും.
ശിവരാത്രി ദിവസം കൂവളത്തില പറിച്ച് ശിവക്ഷേത്രത്തില്‍ എത്തിക്കും. ആ കൂവളവും തറയും ഇല്ലാതായി.

കൂവളം കെട്ടു പോകരുത് എന്നൊരു ചൊല്ലുണ്ട്. പോസ്റ്റ് ഇഷ്ടപ്പെട്ടു.

jyo said...

നല്ല രസകരമായി എഴുതി കൂവളത്തിന്റെ ദുരന്തം.എനിക്കും ചെടികള്‍ ജീവനാണ്.മഴയൊന്നും എത്തിയില്ലേ അവിടെ? അതിന് ഒരു തണല്‍ കുത്തികൊടുക്കാമായിരുന്നു.കഷ്ടായി.

നിശാസുരഭി said...

എഴുത്ത് നന്നായി :) സാമി ഭാഗമൊഴിച്ച്..

എന്റെ നോട്ടം, കമ്യൂണിസ്റ്റ് പച്ച ദൈവത്തിന്റെ ആളാവാഞ്ഞത് ഭാഗ്യംന്നാ, ഒന്നുമല്ല, ഓറങ്ങനെ ചാഞ്ഞ് ബീണാലും ശ്വാസം പോകില്ലാ..!

വീണ്ടും ഈ വഴിക്ക് വന്നതില്‍ സന്തോഷം :)

കുമാരന്‍ | kumaran said...

വന നശീകരണം...:(

Naushu said...

ഇനീപ്പോ പറഞ്ഞിട്ടെന്താ....

Rare Rose said...

എന്നിട്ട് വേരൊക്കെ പിടിച്ച് തുടങ്ങിയോ? ചിലപ്പോ ഒരു വാശിപ്പുറത്ത് കൂവളത്തിനു പിടിച്ച് നില്‍ക്കാന്‍ തോന്നുമെന്നേ..

ജിമ്മി ജോൺ said...

ഹേയ്, ഒരു കുഴപ്പവും വരത്തില്ലെന്നേ.. പറിച്ചുനടപ്പെട്ടതിന്റെ ആവേശത്തിൽ കൂവളം ഇല പൊഴിച്ചതല്ലേ, ഇനി വീണ്ടും ഉഷാറാവും.. പുതിയ ചുറ്റുപാടുമായി അതൊന്ന് പൊരുത്തപ്പെട്ടോട്ടെ..

ഏറെ നാളുകൾക്ക് ശേഷം ചേച്ചിയെ കാണാൻ സാധിച്ചതിൽ സന്തോഷം..

ഒരില വെറുതെ said...

ഫീല്‍ ചെയ്യിച്ചു, ഈയെഴുത്ത്.

Echmukutty said...

ഒന്നും വരില്ല, രക്ഷപ്പെടും കൂവളക്കുട്ടി...

വിനുവേട്ടന്‍ said...

കൂവളം വളർന്നോളും ചേച്ചീ... പുതിയ വാസസ്ഥലത്തേക്ക് മാറിയതിന്റെ ക്ഷീണമാണത്...

ഞങ്ങളുടെ തൊടിയിൽ ഒരു കൂവളമരം തന്നെയുണ്ട് കേട്ടോ..

ടി. കെ. ഉണ്ണി said...

എഴുത്തുകാരിചേച്ചി..
ഒരു ചെടി വാടിക്കരിഞ്ഞപ്പോഴേക്കും വാടിത്തളരുന്നത് സസ്യജാലങ്ങളോടുള്ള സ്നേഹമാണല്ലോ..
പുല്ലിനെ ചവിട്ടിമെതിക്കുമ്പോൾ ..??
ആശംസകൾ.

seema said...

chechy marylilly yude bloginte paru onnu paranju tharamo?

premanandan said...

തിരുവോണ സമ്മാനങ്ങള്‍ ... ബ്ലോഗ്‌ കാണൂ ...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പുല്ലിനെയും പുൽചാടിയെയും സ്നേഹിക്കുന്ന മനസുകൾ ഉണ്ടാവട്ടെ

raadha said...

അയ്യോ ചേച്ചി അത് വലിയ കഷ്ടം തന്നെ ആയി പോയീ ട്ടോ.

siya said...

കൂവളം എന്തായി ?വിഷമിക്കാതെ ,അത് പിടിച്ചു വരും ട്ടോ

ചേച്ചിക്ക് ഓണാശംസകള്‍

the man to walk with said...

വിവരമില്ലാത്ത ഡോക്ടര്‍മാര്‍ മരുന്ന് മാറി കൊടുത്തു അപകടം വരുത്തുന്നത് പോലെയായി പോയല്ലോ സംഭവം എന്നാലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഒന്നുറക്കെ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ സാമി ഉണര്ന്നെനെ ബോധം വെച്ചേനെ ..എന്ത് ചെയ്യാം അത്രേയുള്ളൂ കൂവളത്തിന്റെ കാര്യം ..

ജീ . ആര്‍ . കവിയൂര്‍ said...

കണ്ടുകണ്ടങ്ങിരിക്കുന്ന നേരത്ത് കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍!

അത് കഷ്ടമായി പോയല്ലോ
സംരക്ഷിക്കു പഴമയെ പുതുംയോടോപ്പം

മനോജ്‌ വെങ്ങോല said...

ലളിതമായ മനോഹരമായ ഒരു രചന.
സ്നേഹം.
നന്മകള്‍.

mayflowers said...

അയ്യോ സങ്കടായി കേട്ടോ..
എന്റെ ഒരു ജാതിക്കച്ചെടി കരുണേട്ടന്‍ ഇങ്ങിനെയാ നശിപ്പിച്ചത്.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇവിടെ ഒച്ചയനക്കമൊന്നുമില്ലല്ലോ :(

Typist | എഴുത്തുകാരി said...

Keraladasanunni,
jyo,
നിശാസുരഭി,
കുമാരൻ,
Naushu,
Rare Rose,
ജിമ്മി ജോൺ,
ഒരില വെറുതെ,
Echmukutty,
വിനുവേട്ടൻ,

നന്ദി എല്ലാവർക്കും.

Typist | എഴുത്തുകാരി said...

ടി കെ ഉണ്ണി,
Seema,
Premanandan,
ബഷീർ വെള്ളറക്കാട്,
raadha,
Siya,
the man to walk with,
ജി ആർ കവിയൂർ,
മനോജ് വെങ്ങോല,
mayflowers,

എല്ലാവർക്കുംനന്ദി.

ബഷീർ വെള്ളറക്കാട്, വീണ്ടും വന്നതിനു നന്ദി.
ചെറിയ ഒരു ഒച്ച ഉണ്ടാക്കിയിട്ടുണ്ട്.

ഇലഞ്ഞിപൂക്കള്‍ said...

ഹിഹി..ഇതും ഇഷ്ടായി.. ഇങ്ങിനെ സാമിയെ പോലെ ഞാനും പണ്ടൊരു വലിയ നാരകമരത്തെ സ്നേഹിച്ചിട്ടുണ്ട്.. കിടപ്പ് കണ്ട് സഹിക്കാന്‍ വയ്യാതെ ചെയ്തതാ.... പിന്നെ അത് കിടന്നിട്ടില്ല,, നിന്ന നിൽപ്പില്‍ കരിഞ്ഞുപോയി...

ഇതിപ്പോ ഇവിടുത്തെ മുഴുവന്‍ പോസ്റ്റും വായിച്ചേ ഞാന്‍ പോവൂന്നാ തോന്നണേ.. നേരാണേല്‍ ശ്ശിയായി..

shaji said...

കണ്ണുരില്‍വച്ച് നടന്ന സൈബര് മീറ്റിന്റെ ഭാഗമായി നടത്തിയ ബ്ലോഗ് ക്ലാസിലേക്ക് വിധു ചോപ്ര എന്ന ചങ്ങാതി ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തു. ഒരു മലയാളം ബ്ലോഗ് തുടങ്ങി, ഫോണ്ട് പ്രശ്നം കാരണം പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല.
ടൈപ്പ് റൈറ്റിംഗ് പഠിക്കാന് പോകുന്ന കാലത്ത് ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "ഇന്ന് അണ്ടി മുട്ടാന് പോയില്ലെ, ഉള്ള സമയം വല്ല കംപ്യൂട്ടറോ മറ്റോ പഠിച്ച് വല്ല ജോലി കിട്ടാന് നോക്ക്"
http://www.typewritingacademy.blogspot.com
email: shaji_ac2006@yahoo.co.in

Typist | എഴുത്തുകാരി said...

ഇലഞ്ഞിപ്പൂക്കൾ, പോസ്റ്റുകൾ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം.

Shaji, ഈ വഴി വന്നതിൽ സന്തോഷം.

OAB/ഒഎബി said...

അങ്ങനെ ഇതും വായിച്ചു..... പോട്ടെ