Thursday, January 20, 2011

കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം...

ഇന്നോർക്കുമ്പോൾ തമാശ. അന്നെത്രപേരാ തീ തിന്നതു്.  അതിന്റെ തുടക്കക്കാരി ഈ ഞാനും!

മൂന്നാലു ദിവസമായി  മമ്മിയെ കണ്ടിട്ട്. എന്നാലൊന്നു പോയി നോക്കിയിട്ടുവരാം എന്നു കരുതി പോയതാണ് മമ്മിയുടെ അടുത്തു്.. (മമ്മി എങ്ങനെ എല്ലാർക്കും മമ്മിയായതെന്നറിഞ്ഞുകൂടാ. ആ സൌമ്യമായ മുഖം കണ്ടിട്ടാവുമോ. കൊച്ചു കുട്ടികൾ മുതൽ       പ്രായമുള്ളവർ വരെ മമ്മി എന്നു തന്നെയാ വിളിക്കുന്നതു്. വയസ്സ് 65 നും 70 നും ഇടക്കു്, പേര് എലിസബെത്ത്, ആലപ്പുഴക്കാരി)

എന്തോ  ലീനയുടെ കാര്യം പറഞ്ഞപ്പോൾ  മമ്മി പറഞ്ഞു, ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് . പക്ഷേ ഇതുവരെ  ശരിക്കൊന്നു  പരിചയപ്പെടാൻ കഴിഞ്ഞില്ല.. ലീനയുടെ അമ്മയും വന്നിട്ടുണ്ടിപ്പോൾ. നമുക്കൊന്നു പോയാലോ. ഞാൻ പറഞ്ഞു.  okay,  പോയേക്കാം എന്നു്.  നല്ല കാര്യങ്ങൾ  വച്ചു താമസിപ്പിക്കരുതെന്നല്ലേ.

രണ്ടുപേരും കൂടി ലീനയുടെ വീട്ടിൽ പോയി.  വാതിൽ തുറന്നപ്പോൾ ദേവിച്ചേച്ചിയും ഉണ്ടവിടെ. പതിവു കുശലാന്വേഷണത്തിനു വന്നതാണ്.  കക്ഷി എന്നും എല്ലായിടത്തും ഓടിയെത്തും. അപ്പോൾ ഞങ്ങൾ നാലഞ്ചു പേരായി അവിടെ.  ലീന, ലീനയുടെ അമ്മ (ഭാനുമതി അമ്മ), ദേവിച്ചേച്ചി, മമ്മി പിന്നെ ഈ ഞാനും,  ഇത്തിരി കഴിഞ്ഞപ്പോൾ ഷീ‍ബയും വന്നു.

പരിചയപ്പെടലിൽ തുടങ്ങി, കുശലാന്വേഷണം കഴിഞ്ഞു, പരദൂഷണം വരെയെത്തി കാര്യങ്ങൾ.  തൃശ്ശൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാജസ്ഥാൻ ഹാൻഡിക്രാഫ്റ്റ് എക്സിബിഷൻ, അലങ്കാര മത്സ്യപ്രദർശനം, എന്നിങ്ങനെ  വിശാലമായി പടർന്നു പന്തലിച്ചുകൊണ്ടിരുന്നു  ചർച്ചാവിഷയങ്ങൾ. കണ്ടവർ കാണാത്തവരോട്  അതിലുള്ള കണ്ണാടി പിടിപ്പിച്ച  ഹാൻഡ് ബാഗുകളേപ്പറ്റി, ഭംഗിയുള്ള മാലകളേപ്പറ്റി,  പുറം ചെറിയാനുള്ള വടിയേപ്പറ്റി  (സത്യമാണേ, അതു കണ്ടപ്പോൾ എന്താണെന്നറിയാത്തതുകൊണ്ട് ഞാനുംചോദിച്ചു), കണ്ടാൽ കൊതിയാവുന്ന മീനുകളേപ്പറ്റി, 20,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെപ്പറ്റി, പൊടിപ്പും തൊങ്ങലും വച്ച് വച്ചുകാച്ചുന്നു.

നാട്ടിൽ നിന്നു കൊണ്ടുവന്ന കപ്പ പുഴുങ്ങിയതും കായ വറുത്തതുമൊക്കെ പ്ലേറ്റിൽ നിന്നു് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

അവസാനം കാര്യങ്ങൾക്കൊരു തീരുമാനമായി.  സുപ്രധാനമായ ഒന്നു രണ്ടു തീരുമാനങ്ങളെടുത്തു.

തീരുമാനം (1)നാളെത്തന്നെ എല്ലാരും കൂടി പ്രദർശനം കാണാൻ പോകുന്നു.  തൃശ്ശൂർക്കാരി ഞാൻ മാത്രം.  ബാക്കിയുള്ളവരൊക്കെ കണ്ണൂർ, കോഴിക്കോട്, തുടങ്ങി ആലപ്പുഴ തിരുവനന്തപുരം മുതലായ വിദൂര ദേശങ്ങളിലുള്ളവർ.. അതുകൊണ്ട്, പട നയിക്കുന്നതു ഞാൻ തന്നെ.

തീരുമാനം (2) നമ്മൾ ഇങ്ങനെയായാൽ പോരാ, ഇടക്കൊക്കെ  ഇതുപോലൊന്നു കൂടണം. (ഏയ് പരദൂഷണത്തിനാണെന്നോ,  ഞങ്ങൾ അത്തരക്കാരല്ലാട്ടോ).

ചർച്ചയും പ്ലേറ്റിലെ സാധനങ്ങളും ഏതാണ്ടവസാനിച്ചു. മണി 6 കഴിഞ്ഞു.   സഭ പിരിഞ്ഞു.   പുറത്തുവന്നു നോക്കിയപ്പോൾ ആകെ ഒരു ബഹളം പോലെ. എന്തോ സംഭവിച്ചിട്ടുണ്ട്, തീർച്ച. അല്ലെങ്കിൽ  എന്താ എല്ലാരും കൂടി. അതോ ഇനി ഞങ്ങൾ കൂടിയ  പോലെ അവരുമൊന്നു കൂടിയതാണോ?  ഏയ്, അതാവാൻ വഴിയില്ല ഈ നേരത്ത്. എന്തോ ഒരു പ്രശ്നം ഉണ്ട്.

പ്രശ്നം  അന്വേഷിച്ചു ചെന്ന ഞങ്ങളെ എല്ലാരും കൂടി തല്ലിക്കൊന്നില്ലെന്നു മാത്രം.   സംഗതി അത്ര നിസ്സാരമല്ല.  മമ്മിയുടെ   മകൻ(ജോലി ഫെഡറൽ ബാങ്കിൽ)  വിളിച്ചിട്ടു  മമ്മി ഫോണെടുക്കുന്നില്ല. വേഗം വീട്ടിൽ വന്നു. നോക്കിയപ്പോൾ   വാതിൽ പൂട്ടിയിരിക്കുന്നു. തുറക്കുന്നില്ല.. മൊബൈൽ  അടിക്കുന്നുണ്ട്, എടുക്കുന്നുമില്ല.  ഒരിക്കലല്ല, പലവട്ടം. വാച്ച്മാൻ ഉറപ്പിച്ച് പറയുന്നു, പുറത്തേക്കൊന്നും പോയിട്ടില്ലെന്നു്. ഒരീച്ച പോലും പുറത്തേക്കോ അകത്തേക്കോ താനറിയാതെ കടക്കില്ല. പിന്നെയല്ലേ മമ്മി.  മമ്മി എങ്ങോട്ടും പോകാറുമില്ല. എന്നാലും പോകാനിടയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചു.എവിടേയും മമ്മിയില്ല.  പരിഭ്രമിക്കാതെന്തു ചെയ്യും!

ഏകദേശം ഒരു തീരുമാനത്തിലെത്തി നിൽക്കുകയാണവർ, വാതിൽ പൊളിക്കാൻ. അപ്പഴാണ് ഞങ്ങളുടെ വരവു്.  വളരെ സന്തോഷമാ‍യിട്ട്.  ദേഷ്യം വരാതിരിക്കുന്നതെങ്ങനെ?

പാവം മമ്മി, മൊബൈൽ കൊണ്ടുപോകാൻ മറന്നു. അതിത്രേം വലിയൊരു അപരാധമായി തീരുമെന്നു് കരുതിയില്ല. കിട്ടുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറായി നിൽക്കുകയാണ് ഞങ്ങൾ. പെട്ടെന്ന്‌ ,പണ്ടൊരു കുട്ടി പറഞ്ഞില്ലേ  രാജാവ് നഗ്നനാണെന്നു്, അതുപോലെ എവിടെ നിന്നോ ആരോ ഒരു ചിരി തുടങ്ങിവച്ചു , പിന്നെ അതൊരു കൂട്ടച്ചിരിയായി മാറി.

എന്നാലും മമ്മിക്ക് വീട്ടിൽ പോയിട്ട് അത്യാവശയ്ത്തിനുള്ളതു കിട്ടിയിട്ടുണ്ടാവും, അതുറപ്പ്‌.

fish 002

fish 007

ഓറഞ്ച് മീനും വെള്ള പ്രാവും (എന്റെ മൊബൈലിൽ എടുത്തതാണേ)

എഴുത്തുകാരി.

55 comments:

Typist | എഴുത്തുകാരി said...

കുറച്ചുനേരത്തേക്കു ഞങ്ങൾ അവരെ ഒന്നു പേടിപ്പിച്ചുകളഞ്ഞു...

ഹരീഷ് തൊടുപുഴ said...

കഴിഞ്ഞ ദിവസം സെയിം സംഭവം വീട്ടിലും..

മഴ തിമിർത്ത് പെയ്യുന്നു..
ഇടീം കാറ്റുമുണ്ട്..
മുറ്റത്തിനു വെളിയിൽ ഒരു ആഞ്ഞിലി 20 അടി പൊക്കത്തിൽ കേടായത് നിൽക്കുന്നുണ്ട്..
കടയിലിരുന്ന് കുറേ തവണ മഞ്ജുവിന്റെ മൊബൈലിലും വീറ്റിലെ നംമ്പെറിലും മാറി മാറി വിളിച്ചു..
ആരും എടുക്കുന്നില്ല..
ടെൻഷൻ കൂടിക്കൂടി വരുന്നു..
മഴയത്ത് ബൈക്കും എടുത്ത് വീട്ടിലേയ്ക്ക് വെച്ചടിച്ചു..
ദേഷ്യം നന്നായി വരുന്നുണ്ട്..
കൂടെ ഉത്കണ്ഠയും..
വീട്ടിൽ ചെന്ന് കാളിങ്ങ് ബെൽ അടിച്ചു..
ഇറങ്ങി വന്ന അമ്മേനേം മരുമകളേം സാമാന്യം നല്ല രീതിയിൽ തന്നെ രണ്ടെണ്ണം പറഞ്ഞ്;
വണ്ടി തിരിച്ചു ഓടിച്ചു പോന്നു..!!

OAB/ഒഎബി said...

സ്വർണ്ണക്കടയിൽ/ബസ്സിൽ വച്ച് കുഞ്ഞിനെ മറന്നു എന്നൊക്കെ നമ്മൾ കേട്ടു.

ഇതിന്റെയൊക്കെ കാരണം നാല് പെണ്ണുങ്ങൾ കൂടിയാലുള്ള ബാഗിന്മേൽ കണ്ണാടി വച്ചത് മുതൽ പരധൂഷണം വരെയാണെന്ന് ആർക്കാണറിയാത്തത്.

അത് സമ്മതിച്ചത് നന്നായി ട്ടൊ.

പാവം മമ്മി....

ജോയ്‌ പാലക്കല്‍ - Joy Palakkal said...

വീണ്ടും, ആ തനതായ ശൈലി..

വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!

Manoraj said...

ഫോണ്‍ എടുക്കാതിരിക്കുന്നതൊക്കെ ഇവിടെ ഒരു പതിവ് കാര്യാ. 2011ലെ ആദ്യ പോസ്റ്റല്ലേ.. അപ്പോള്‍ സജീവമായി ബ്ലോഗൂ..

lakshmi said...

എനിക്കും കിട്ടിയിട്ടുണ്ട് ഇത് പോലെ നല്ല വഴക്ക് . ഫോണ്‍ സൈലന്റ് മോഡില്‍ വച്ച് മീന്‍ ശരിയാക്കാന്‍ പോയി. ഒരു vibrating സൌണ്ട് കേട്ടിട്ടും നോക്കില്ല. എല്ലാം കഴിഞ്ഞു നോക്കിയപ്പോള്‍ ഒരു 25 മിസ്സ്‌ കാള്‍ .... രാവിലെ പ്രഷര്‍ കുക്കെര്‍നു പ്രശ്നമുണ്ടെന്നു പറഞ്ഞിരുന്നു. അതോര്‍ത്തു ഭര്‍ത്താവിന്റെ പ്രഷര്‍ ശരിക്കും കൂടി .

നീലത്താമര said...

ഇതിപ്പോ എന്റെ അമ്മയുടെ സ്വഭാവമാണല്ലോ ഈ മമ്മിക്കും... മൊബൈല്‍ വീട്ടില്‍ വച്ചിട്ടാണ്‌ കുശലാന്വേഷണത്തിന്‌ അയല്‍വീട്‌ സന്ദര്‍ശനം... മനുഷ്യര്‍ എങ്ങനെ പേടിക്കാതിരിക്കും...?

അമ്മമാരുടെ ഗ്രാമസഭ നല്ല രസമായിരിക്കുമല്ലേ? അടുത്ത വെക്കേഷന്‌ ഞങ്ങള്‍ കാണാന്‍ വരട്ടെ?

കണ്ണനുണ്ണി said...

ആ മോന്‍ ഞാനും മമ്മി എന്റെ അമ്മയും ആണെങ്കില്‍... മുഴുവന്‍ ദേഷ്യവും വെച്ച് ഞാന്‍ അമ്മേടെ മുഖതോന്നു നോക്കും..അത്രേ ഉള്ളു...
പക്ഷെ പാവം അമ്മക്ക് രണ്ടു ദിവസത്തേയ്ക്ക് അത് മതിയാവും..

ഒരു നുറുങ്ങ് said...

കുശാന്വേഷണം,പിന്നെ സൊറപറച്ചില്..അങ്ങിനെയത് പരദൂഷണത്തില്‍ എത്തിനില്‍ക്കും.നാല്‍ പെണ്ണുങ്ങള്‍ കൂടിച്ചേരുന്നിടത്ത് ഇതൊക്കെയാണല്ലേ കലാപരിപാടി.!
ഫോട്ടോ നന്നായി,ആശംസകള്‍.

faisu madeena said...

നിങ്ങളുടെ ഒക്കെ ഒരു കാര്യം ...!!!

Muralee Mukundan , ബിലാത്തിപട്ടണം said...

എഴുത്ത് പഴയ ഒഴുക്കിലേക്ക് തിരിച്ചുവന്നതിൽ വളരെയധികം സന്തോഷം കേട്ടൊ...

നർമ്മത്തിൽ ചാലിച്ച് ഒരു നല്ല പെൺ സദസ്സിനെ പരിചയപ്പെടുത്തുന്നതിനോടൊപ്പം,വെറും നിസ്സാര കാര്യങ്ങൾ ഗുതരമായിത്തീരുന്ന സംഭവവികാസങ്ങൾ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നൂ.

ഒപ്പം പുതിയകൊല്ലം ഉഷാറായിരിക്കുവാൻ എല്ലാ ഭാവുകങ്ങളൂം നേർന്നുകൊള്ളുന്നൂ...

ശ്രീനാഥന്‍ said...

നല്ല ലേഖനം, ഈ മൊബൈൽ മറന്നു പോയാൽ ആകെ ജീവിതം വഴിമുട്ടിയെന്ന തോന്നൽ ഉണ്ടാകാറുണ്ട്! മമ്മിയുടെ ‘അപരാധം‘ വിവരിച്ചതു കണ്ടപ്പോൾ കാര്യം ബോധ്യമായി.

Typist | എഴുത്തുകാരി said...

ഹരീഷ്, ഇനിയൊരു മഴയും കാറ്റും വരുന്നതിനുമുൻപ് ആ മരം മുറിച്ചോളൂ, പിന്നെ ടെൻഷനടിക്കണ്ടല്ലോ.

ഒരു ഓ ടോ: പുതിയ ആൾ രംഗപ്രവേശം ചെയ്തോ?

Typist | എഴുത്തുകാരി said...

ഒ എ ബി, ഒരല്പസ്വല്പം നിർദ്ദോഷമായ പരദൂഷണമൊക്കെയില്ലെങ്കിൽ പിന്നെന്തു രസം? കൊച്ചിനെ മറന്നുവച്ചതു പരദൂഷണം കൊണ്ടാവില്ല.

ജോയ്, അതെ,ഞാൻ തിരിച്ചുവരാൻ ശ്രമിക്കുകയാണ്. പുതുവത്സരാശംസകൾ.

Manoraj, ആ അമ്മ വയസ്സായി, പിന്നെ ചില്ലറ അസുഖങ്ങളുമുണ്ട്. അതാ ഇത്ര പേടിക്കാൻ കാര്യം. ഇനി ഒന്നുകൂടി സജീവമാകണമെന്നുണ്ട്. നോക്കട്ടെ പറ്റുമോന്ന്‌.

lakshmi, ഇനിയും ഭർത്താവിന്റെ പ്രെഷർ കൂട്ടുന്ന കാര്യമൊന്നും
ചെയ്യല്ലേ, അതു കറങ്ങിത്തിരിഞ്ഞ്
നമ്മുടെ തലയിലേക്കു തന്നെ വരും :)

നീലത്താമര, തീർച്ചയായും വരൂ, കാണാൻ കഴിയുമെങ്കിൽ സന്തോഷം.
പക്ഷേ അപ്പോഴേക്കും ഒരു കൂടുമാറ്റം കൂടി ഉണ്ടാവാനുള്ള സാദ്ധ്യത കാണുന്നുണ്ട് :)

കണ്ണനുണ്ണി, അമ്മ എന്തു ചെയ്താലും അങ്ങനെ നോക്കല്ലേ, പാവം അമ്മ.

ഒരു നുറുങ്ങ്, അല്ല പിന്നെ. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങളല്ലേ, അടുത്തുള്ളവരുമായിട്ടൊക്കെ ഒന്നു കാണുക, ഇത്തിരി നേരം വർത്തമാനം പറയുക, ഇതൊക്കെ.

faisu madeena, :)

ബിലാത്തിപ്പട്ടണം, പഴയ രീതിയിലേക്കാവാനും ഒന്നുകൂടിയൊന്നു ഉഷാറാവാനും മോഹമുണ്ട്. നോക്കട്ടെ. ബ്ലോഗ് വായനയെങ്കിലും ഉഷാറാക്കണം.

ശ്രീനാഥൻ, ശരിയാണ് ഇപ്പോൾ മൊബൈൽ കയ്യിലില്ലെങ്കിൽ എന്തോ ഒരു കുറവു പോലെ തന്നെയാണ്.

എല്ലാവർക്കും നന്ദി.

Unknown said...

ente veettilum ith pathiva.... ammayayalum priya patni aayalum.... ippol sheelamaayi.....

വേണുഗോപാല്‍ ജീ said...

ഈ അവസരത്തില്‍ മകന്റെ ഉള്ളിലെ കാളല്‍ ഒന്നന് ആലോചിച്ചു നോക്കൂ.....

ഹരീഷ് തൊടുപുഴ said...

ചേച്ചീ..

ആഞ്ഞിലി നഷ്ടത്തിനാണെലും വിറ്റു.
പക്ഷേ ഇതുവരെ വെട്ടിക്കൊണ്ടു പോയിട്ടില്ല.:(
ന്യൂ കമെർ മാർച്ച് 9 നു..:)

പ്രയാണ്‍ said...

ഹഹ ഈ ഒളിച്ചോട്ടം ഞങ്ങളുടെ സ്ഥിരം പതിവാ........... ചീത്തയും കിട്ടാറുണ്ട്.

Kalavallabhan said...

ഈ മൊബൈല്‌ അല്ലെങ്കിലും ഒരു ശല്യക്കാരനാ.
എടുത്താലും പ്രശ്നം എടുത്തില്ലെങ്കിലും പ്രശ്നം.

the man to walk with said...

ശരിക്കും നിസ്സാരമെങ്കിലും ടെന്‍ഷന്‍ കൂട്ടുന്ന സംഗതി തന്നെ .

ആശംസകള്‍

Unknown said...

ഇനിയെങ്കിലും മമ്മിയേംകൂട്ടി 'കൂടാന്‍' പോകുമ്പോള്‍ മോബൈല്‍ എടുക്കാന്‍ ചേച്ചിയൊന്ന് ഓര്‍മ്മിപ്പിച്ചേക്കണേ!
വായിച്ചുവന്നപ്പോള്‍ ഒരു ചെറിയ കണ്‍ഫ്യൂഷന്‍...
(മണി 6 കഴിഞ്ഞു. സഭ പിരിഞ്ഞു. പുറത്തുവന്നു നോക്കിയപ്പോൾ ആകെ ഒരു ബഹളം പോലെ. എന്തോ സംഭവിച്ചിട്ടുണ്ട്, തീർച്ച. അല്ലെങ്കിൽ എന്താ എല്ലാരും കൂടി. അതോ ഇനി ഞങ്ങൾ കൂടിയ പോലെ അവരുമൊന്നു കൂടിയതാണോ?)
പിന്നെയാ മനസ്സിലായത് തിരിച്ച് മമ്മിയുടെ വീട്ടിലെത്തിയപ്പോഴാണെന്ന്.
നല്ല രസകരമായിരിക്കുന്നു ഓര്‍മ്മകള്‍...
അടുത്തത് വേഗം പോരട്ടെ..!

വാഴക്കോടന്‍ ‍// vazhakodan said...

ഈ മുവൈലിന്റെ ഒരു കാര്യം!
:)

തുഞ്ചന്‍പറമ്പ് മീറ്റ് said...

അത്യാവശ്യം പൊങ്ങച്ചം സൂചിപ്പിയ്ക്കുന്ന സംഗതികള്‍ നന്നായി പറഞ്ഞു. ഇന്നത്തെക്കാലത്ത് എല്ലായിടത്തും സംഭവിയ്ക്കുന്നതു തന്നെ.

അവസാന ഇട്ട ചിത്രം ഇഷ്ടപ്പെട്ടില്ല.
“ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും.....”

പട്ടേപ്പാടം റാംജി said...

ചെറിയ കാര്യങ്ങള്‍ വരെ ഗൌരമായി തീരുന്നത് എത്ര പെട്ടെന്നാണ് അല്ലെ ചേച്ചി. നര്‍മ്മത്തിലൂടെ അവതരിപ്പിച്ച പെണ്സഭ ഭംഗിയായി.

വീകെ said...

മോബൈലും ഇന്നത്തെക്കാലത്ത് ഒരു പ്രശ്നക്കാരൻ തന്നെയെന്ന് ഒന്നു കൂടി തെളിയുന്നു......!
ഇനി സജീവമാകും അല്ലെ ചേച്ചി...?

ആശംസകൾ...

raadha said...

ചേ, ഈ ഫോണും മൊബൈലും ഇല്ലായിരുന്നെങ്കില്‍ കുറെ നേരം കൂടി സൊറ പറഞ്ഞിരിക്കായിരുന്നല്ലേ? ഇതിപ്പോ കിട്ടിയ സന്തോഷം മുഴുവന്‍ മറ്റുള്ളവരെ പേടിപ്പിച്ചപ്പോ പോയില്ലേ?

ഏതായാലും ചേച്ചി ഫ്ലാറ്റ് ജീവിതം ആസ്വദിച്ചു തുടങ്ങി എന്നറിഞ്ഞു ഒത്തിരി സന്തോഷം..

ജിമ്മി ജോൺ said...

അല്ല, ഈ മൊബൈലൊക്കെ എന്നാ ഉണ്ടായത്!!

പാവം മമ്മി... വെറുതെ അവരെ വഴക്കു കേള്‍പ്പിച്ചുവല്ലേ.. (ചുമ്മാ..)

“തീരുമാനം (2) നമ്മൾ ഇങ്ങനെയായാൽ പോരാ, ഇടക്കൊക്കെ ഇതുപോലൊന്നു കൂടണം. (ഏയ് പരദൂഷണത്തിനാണെന്നോ, ഞങ്ങൾ അത്തരക്കാരല്ലാട്ടോ)“

ഒന്നു കൂടിയതിന്റെ ക്ഷീണം ഉടനെയെങ്ങാനും തീരുമോ? :D

ആശംസകളോടെ..

Rare Rose said...

പാവം മമ്മി..
സൈലന്റ് മോഡിലൊരിക്കല്‍ മൊബൈല്‍ ഇട്ടിട്ട് തിരക്കിനിടയില്‍ അത് മാറ്റാന്‍ മറന്ന്,ഇത്രേം വരില്ലെങ്കിലും ഇതു പോലൊരവസ്ഥ ഞാനുമുണ്ടാക്കിയിട്ടുണ്ട്.:)

കൊല്ലേരി തറവാടി said...

കമ്മന്റ്സ് എഴുതി ശീലമില്ല ചേച്ചി,….

ഗുരുവായ വിനുവേട്ടന്റെ നിരന്തരമായുള്ള വഴക്കുകേട്ട്‌ ഇപ്പോൾ കുറേശ്ശയായി എഴുതാൻ ശീലിയ്ക്കുകയാണ്‌….

മനസ്സിൽതോന്നിയ ഒരു കാര്യം പറയട്ടെ ,….ചേച്ചി എന്തെഴുതിയാലും, എത്രല ലളിതമായ വിഷയമായാലും അതു ജീവിതഗന്ധിയായിരിയ്ക്കും…..

അടുത്തതവണ നാട്ടിൽ വരുമ്പോൾ തീർച്ചയായും നേരില്കാണണം….പരദൂഷണം പറയുന്ന കാര്യത്തിൽ മാളുവും ഒട്ടും മോശമല്ല കേട്ടോ..

jayanEvoor said...

ഹ! ഹ!
ഇതിനെക്കുറിച്ചുപറയാൻ ഏറെയുണ്ട്!
മൊബൈൽ ഇല്ലാത്തകാലം രണ്ടുമാസം ഒക്കെ വീട്ടിൽ പോകാതെ ഹൊസ്റ്റലിൽ നിന്നിട്ടുണ്ട്.
മാസം രണ്ടു കത്തുകൾ അങ്ങോട്ടും ഇങ്ങോട്ടും.
ഇന്ന് ഒരു ദിവസം വിളിച്ചില്ലെങ്കിൽ, വിളിച്ചാൽ ഫോണെടുത്തില്ലെങ്കിൽ.... ആകെ പുകിലല്ലേ!

നല്ല പോസ്റ്റ് ചേച്ചീ!
2011 ഗംഭീരമാക്കാൻ ആശംസകൾ!

Typist | എഴുത്തുകാരി said...

Suresh alwaye, ആദ്യമായല്ലേ ഈ വഴി, സ്വാഗതം.

വേണുഗോപാൽജീ, ഉവ്വ് മനസ്സിലാവുന്നുണ്ട്.

ഹരീഷ്, അപ്പോൾ കാത്തിരിപ്പ് ഇനി കുറച്ചുദിവസം കൂടി മതി അല്ലേ?

പ്രയാൺ, എല്ലായിടത്തും ഉണ്ടല്ലേ ഇങ്ങനെയൊക്കെ.

Kalavallabhanm, വളരെ ശരിയാ പറഞ്ഞതു്‌.

the man to walk with, അതെ, ആ മകൻ ഒരുപാട് വിഷമിച്ചുകാണും.

നന്ദു, :)

വാഴക്കോടൻ,ഇവിടെയൊക്കെയുണ്ടോ മാഷെ? അധികം വരാത്തതുകൊണ്ട് ഞാൻ കാണാത്തതാവും അല്ലേ?

ഓ ടോ : അന്നു് അനീഷിനെ കാണാൻ ഒറ്റപ്പാലത്തു പോയപ്പോൾ
വാഴക്കോടനും ഉണ്ടാവുമെന്നു പറഞ്ഞിരുന്നു മുള്ളൂക്കാരൻ. അന്നെന്തോ പെരുന്നാളായിരുന്നു ഇല്ലേ?

എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

കൊട്ടോട്ടിക്കാരൻ, ആ ചിത്രം ആ എക്സിബിഷനിൽ നിന്നാണ്. പാവം കിളികൾ. പക്ഷേ എന്തു ചെയ്യാൻ!

പട്ടേപ്പാടം റാംജി, :)

വീ കെ , പഴയപോലെ സജീവമാകണമെന്നുണ്ട്. നോക്കട്ടെ.

raadha, ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. നാട്ടിലായിരുന്നപ്പോൾ ഫ്ലാറ്റിലൊക്കെ എന്തു ജീവിതം എന്നായിരുന്നു. ഇപ്പോൾ മനസ്സിലാവുന്നു, ഇവിടെയുമുണ്ട് ജീവിതം.

ജിമ്മി ജോൺ - ജിമ്മിച്ചാ, ക്ഷീണം ഞങ്ങൾക്കു വല്യ കാര്യായില്ല. പാവം മമ്മിക്കാണ്. മമ്മി കേക്കണ്ട :)

Rare Rose, ആരും മോശക്കാരല്ലാല്ലേ!

കരിങ്കല്ല് - :)

കൊല്ലേരി തറവാടി - ഉവ്വുവ്വ്, കമെന്റ് എഴുതാതെ കമെന്റ് കിട്ടാനുള്ള തന്ത്രം മനസ്സിലായി.

അടുത്ത പ്രാവശ്യം വരുമ്പോൾ ഒന്നു കൂടിക്കളയാം. നീലത്താമരയും പറഞ്ഞിട്ടുണ്ട് . നാട്ടുകാരനായ ബിലാത്തിപ്പട്ടണത്തേയും കൂട്ടാം.

jayan evoor, ഈ മൊബൈൽ ഇല്ലാതെയല്ലേ ഇത്രയും കാലം ജീവിച്ചതു്. പക്ഷേ ഇപ്പോൾ അതില്ലാതെ ഒരു ദിവസം കഴിയാന പറ്റുമോ?

നന്ദി, എല്ലാവർക്കും.

lekshmi. lachu said...

സംഭവം രസായി..ഇത്തരം കലാപരിപാടികള്‍
മിക്കയിടത്തും ഉണ്ടാകാറുണ്ട്..അതുനന്നായി
എഴുതി ഫലിപ്പിക്കാനും കഴിഞ്ഞു..
എന്തായാലും മമ്മിയോട് ഇനി മൊബൈല്‍ മറക്കാതെ
കയ്യില്‍ കരുതാന്‍ പറഞ്ഞോളൂ ...
ഹരീഷ് ..ആഞ്ഞിലി കൊടുത്തത് നന്നായി ..ഇല്ലെങ്കില്‍
ഇനിയും തെറി കുറെ വിളിക്കേണ്ടി വരും..

പാവത്താൻ said...

ഛേ... ഒരല്‍പ്പം കൂടി കഴിഞ്ഞു വന്നാല്‍ പോരാരുന്നോ നിങ്ങള്‍ക്ക്? വ്വതിലൊക്കെ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന്, വെറുതെയിരുന്നു പാട്ടു പാടുന്ന ഒരു മൊബൈലുമായി നില്ക്കുന്ന ഒരു ജനക്കൂട്ടത്തിനു മുന്നിലേക്കു ചെന്നിരുന്നെങ്കില്‍ കുരച്ചു കൂടി നന്നായിരുന്നു..... :-)

കുഞ്ഞന്‍ said...

ചേച്ചി...
കുറച്ചുനേരം കൂടി ലോകകാര്യങ്ങൾ പറഞ്ഞിരിക്കാമായിരുന്നു..! ചിലപ്പോൾ ഞാൻ എന്റെ വേണ്ടപ്പെട്ടവരെ മൊബൈലിൽ വിളിച്ചിട്ട് എടുക്കാതിരുന്നാൽ ഉണ്ടാകുന്ന ദേഷ്യവും പേടിയും പറഞ്ഞറിയിക്കാൻ വയ്യ..

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi karayangal avatharippichu, othirisanthosahmayi.... aashamsakal.........

ഉല്ലാസ് said...

സൌകര്യം കൂടുമ്പോള്‍ ടെന്‍ഷനും കൂടും!!:-)

smitha adharsh said...

nalla rasaayi vaayichu.Thrissoorkkaariyaayittu polum enikkithokke miss cheythu..
:(

ബിന്ദു കെ പി said...

അതേ, ഇത് എല്ലായിടത്തും നടക്കുന്നതുതന്നെ. എന്റെ അമ്മയും ഇങ്ങനെ ചിലപ്പൊൾ പേടിപ്പിക്കാറുണ്ട് :) ഈ മൊബൈൽ കാരണം മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ നിവർത്തിയില്ലല്ലൊ എന്ന് അമ്മയും :)

ശ്രീ said...

ഹിഹി. ചിരിച്ചു പോയി. എല്ലാവരെയും പേടിപ്പിച്ചപ്പോള്‍ നിങ്ങള്‍ക്കും സമാധാനമായല്ലോ അല്ലേ? :)

"ചർച്ചയും പ്ലേറ്റിലെ സാധനങ്ങളും ഏതാണ്ടവസാനിച്ചു. മണി 6 കഴിഞ്ഞു. സഭ പിരിഞ്ഞു."

അപ്പോ അതാണ് കാര്യം. പ്ലേറ്റു കാലിയായി, അപ്പോ ചര്‍ച്ചയും അവസാനിപ്പിച്ചു, അത്രേയുള്ളൂ

siya said...

നല്ല പോസ്റ്റ്‌ !!ഇതിന്‌ മുന്പ് നാട്ടില്‍ പോയപോള്‍ ഓര്‍മ്മയില്‍ വന്ന ഒരു സംഭവം പറയാം .വീടിന്‍റെ മുന്‍പില്‍ കൂടി ഇതുപോലെ കുറെ അമ്മച്ചിമ്മാര്‍ നടക്കുന്നത് കാണണം .അവര് രാവിലെയും ,വൈകീട്ടും ഇത് പോലെ നടക്കും .കൈയ്യില്‍ മൊബൈല്‍ പിടിച്ചു കൊണ്ടുള്ള പലരുടെയും നടപ്പ് .കാണാന്‍ തന്നെ നല്ല രസം !!ഒരു ദിവസം ഞാനും അവരുടെ കൂടെ നടന്നു .എന്നെ കണ്ടതോടെ മോള്‍ടെ കൈയിലെ മൊബൈല്‍ ഏതാ ?എന്ന ആദ്യ ചോദ്യം .ഞാന്‍ ചുമ്മാ കൈയും വീശി ആണ് നടന്നത് .ലണ്ടനില്‍ നിന്നും വന്നിട്ട് നല്ലൊരു മൊബൈല്‍ പോലും കൈയില്‍ ഇല്ലേ ?എന്ന് ഒരു അമ്മച്ചിയുടെ വക .പിന്നെ അവരുടെ മൊബൈല്‍ കഥകള്‍ ആയിരുന്നു .ഒരു മോന്‍ ദുബായില്‍ നിന്നും മൊബൈല്‍ കൊണ്ടു വരുമ്പോള്‍ ,വേറെ മോന്‍ നാട്ടില്‍ .അടിപൊളി വേറെ മൊബൈല്‍ വാങ്ങി കൊടുക്കും .ഇതൊക്കെ അവര്‍ക്കും ജീവിതത്തില്‍ സന്തോഷമുള്ള കാര്യം തന്നെ !!!

Typist | എഴുത്തുകാരി said...

lekshmi,
പാവത്താൻ,
കുഞ്ഞൻ,
jayaraj murukkumpuzha,
ചങ്കരൻ,
സ്മിതാ, തിരിച്ചുപോയോ?
ബിന്ദു,
ശ്രീ,
siya, ഇതൊക്കെത്തന്നെ അവരുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ.

Prabhan Krishnan said...

സാധാരണ സംഭവം..പക്ഷെ നല്ലഅവതരണംകൊണ്ട് അത് മിഴിവുറ്റതാക്കി...ആശംസകള്‍...!!

ഹന്‍ല്ലലത്ത് Hanllalath said...

എന്റെ ബ്ലോഗൊക്കെ വായിച്ചിട്ട് എല്ലാരും പറയും
മനസ്സ് കലക്കി..മൂഡ്‌ കളഞ്ഞു എന്നൊക്കെ..
നിര്‍മ്മലമായ ഈ എഴുത്ത് ചേച്ചിക്ക് സ്വന്തം

വരികള്‍ക്കൊപ്പം ആ കൂട്ടത്തിലേക്ക് നടത്തിക്കുന്ന എഴുത്തിന് നന്ദി

ഹന്‍ല്ലലത്ത് Hanllalath said...

പിന്നെ...
ഇപ്പോള്‍ എല്ലാര്‍ക്കും ഉത്കണ്‍ഠ കൂടുതലാണ്..
സമൂഹം മൊത്തത്തില്‍ മനോരോഗികള്‍ ആയിത്തീര്ന്നോ എന്ന് സംശയിക്കും
ചില കാര്യങ്ങള്‍ കണ്ടാല്‍...

Mobileല്ലാതെ ജീവിക്കാന്‍ വയ്യാത്ത ഓരോ ആളുകളും മൊബൈല്‍ ഉപയോഗിക്കാതെ ഒരു ദിവസം കടന്നു പോകുമോ എന്ന് തന്നെ വിശ്വാസം ഇല്ലാത്തവരാണ്...
എന്തൊക്കെയോ സംഭവിക്കും എന്നുള്ള ഭയം.....
മൊബൈല്‍ ജ്വരവും കമ്പോള ഭ്രമവും അധികരിച്ച് ഹാലൂസിനേഷന്‍ ബാധിച്ച ഒരു സമൂഹം

poor-me/പാവം-ഞാന്‍ said...

How did we survive before 1996...?

Anonymous said...

ഇവിടെ പലപ്പോഴും വന്നു പക്ഷെ പുതിയത് ഒന്നും കണ്ടില്ല പിന്നെ വരവ് കുറച്ചു ഇന്ന് വെറുതെ ഒന്ന് എത്തി നോക്കി അപ്പോള്‍ K N P G കണ്ടു
ഒരു ദിവസം ഈ ഫോണ്‍ ഇല്ലെങ്കില്‍ എന്തൊരു പുലിവാല്
നന്നായി അവതരിപ്പിച്ചു
ഫ്ലാറ്റ് ജീവിതം ഇഷ്ട്ടപെട്ടു അല്ലെ?
എല്ലായിടത്തും ജീവിതമുണ്ട്
അത് കണ്ടെത്തണം
എല്ലാ ഭാവുകങ്ങളും

ആളവന്‍താന്‍ said...

ഓരോ നേരമ്പോക്കുകള്‍...
വീണ്ടും സജീവമാകുന്നതില്‍ ഒരുപാട് സന്തോഷം.

രമേശ്‌ അരൂര്‍ said...

ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കാതിരിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ മര്യാദയില്ലായ്മ എന്ന് എനിക്കും തോന്നിയിട്ടുണ്ട്...വെറുതെ വിളിക്കുന്നയാളിന്റെ ടെന്‍ഷന്‍ കൂടും ..നന്നായി എഴുതി ..

ആസാദ്‌ said...

മൊബൈല്‍ ഫോണ്‍ കയ്യിലുള്ള ഒരാളെ നമ്മള്‍ ഫോണില്‍ വിളിച്ചിട്ട്‌ കിട്ടിയില്ലെങ്കില്‍ വലിയ ബേജാറ്‌ തന്നെയാണ്‌. പ്രത്യേകിച്ചും ഫോണ്‍ അടിക്കുമ്പൊള്‍ എടുക്കാതിരിക്കുന്നത്‌. വലിയ ബേജാറോടെ ഓടിപ്പാഞ്ഞു വരുമ്പോഴാവും ആളു കിടന്നുറങ്ങുകയോ മറ്റോ ആവും. അപ്പോള്‍ പിന്നെ എത്ര കണ്ട്‌ ബേജാറായോ അത്ര കണ്ട്‌ ദേഷ്യവും വരും.

എന്‍.ബി.സുരേഷ് said...

അല്ലേലും പെണ്ണുങ്ങൾ ഇങ്ങനാ എല്ലാം കൂടി കൂടിയാൽ ലോകം ത്ലകുത്തിവീണാലും അറിയില്ല. കൊറിക്കാൻ പരദൂഷണവും കായവറുത്തതുമുണ്ടെങ്കിൽ പിന്നെ പറയണ. നമ്മുടെ സായാഹ്നങ്ങളേ ക്രിയാത്മകമാക്കുന്നത് പരദൂഷണമാണെന്ന് ചുള്ളിക്കാട് പറഞ്ഞത് ഓർമ്മ വരുന്നു.നിസ്സാരമെന്ന് നമ്മൾ കരുതുന്ന പലതും വലിയ കോലാഹലങ്ങൾ ഉണ്ടാക്കും എന്ന അറിവ് ഇതിൽ നിന്ന് ഉണ്ടാവുന്നുണ്ട്.

Anonymous said...

ഹഹ നല്ലത്...

SUJITH KAYYUR said...

oru mobile chinta shakalam

Typist | എഴുത്തുകാരി said...

പ്രഭൻ കൃഷ്ണൻ, ആദ്യമായല്ലേ ഈ വഴി, സ്വാഗതം.

Hanllalath,
പാവം ഞാൻ,

Nancy, ഇനിയും ഇടക്കൊന്നെത്തിനോക്കിക്കോളൂട്ടോ:)

ആളവൻതാൻ,
രമേശ് അരൂർ,
ആസാദ്,
സുരേഷ്,
ചിതൽ മനുഷ്യൻ,
സുജിത് കയ്യൂർ,

എല്ലാവർക്കും നന്ദി.

Echmukutty said...

ഇത് കേമമായി.
ഈ മൊബൈലുണ്ടാക്കുന്ന കോലാഹലങ്ങൾ ചില്ലറയല്ല.
നല്ല എഴുത്ത്.