Friday, February 4, 2011

നെല്ലായി രാജ്യം!

വീണ്ടും ഒരു പതിവു യാത്ര.  ഓന്ത് ഓടിയാൽ വേലിയോളം എന്നു പറഞ്ഞപോലെ ഒരു നെല്ലായി- തൃശ്ശൂർ അല്ലെങ്കിൽ തൃശ്ശൂർ- നെല്ലായി. അത്ര തന്നെ.

തൃശ്ശൂർ വടക്കേ സ്റ്റാൻഡ്. രാവിലെ പതിനൊന്ന്‌ പതിനൊന്നര.. വല്യ തിക്കും തിരക്കും ബഹളമൊന്നുമില്ല.. അതൊക്കെയുള്ളവർ നേരത്തെ പോയിക്കഴിഞ്ഞു. .അവിടേം ഇവിടേം മാത്രം യാത്രക്കാർ. ഞാനെന്റെ പ്രിയപ്പെട്ട സൈഡ് സീറ്റിൽ.

കൺഡക്ടർ ചായ കുടിക്കുന്നു, ഡ്രൈവർ ബീഡി വലിക്കുന്നു. ഇതൊക്കെ കഴിഞ്ഞു പതുക്കെ വണ്ടി(ആനവണ്ടിയാണേയ്) വിട്ടു. അടുത്തത് സ്വപ്ന. അവിടേം ഇത്തിരിനേരം. ചിലർ  കാഴ് ച കണ്ടിരിക്കുന്നു. ചിലർ മൊബൈലിൽ.

കണ്ണ് ചെന്നെത്തിയതു റോഡിനപ്പുറത്തെ  മരങ്ങളിൽ (തേക്കിൻകാട്ടിൽ -അതിനുതാഴെയാണ് സ്ഥിരം പൂക്കച്ചവടം). എല്ലാ മരത്തിലുമുണ്ട് നാലഞ്ചു പക്ഷിക്കൂട്. മരത്തിന്റെ തുഞ്ചത്ത് ചുള്ളിക്കൊമ്പു പോലുള്ള കൊച്ചുകൊച്ചു കൊമ്പിലാ കൂട് കൂട്ടിയിരിക്കുന്നതു്. ഇലകളും കാര്യമായിട്ടില്ല. കാറ്റത്താടുന്നു. ശക്തിയായ കാറ്റുണ്ട്. പറയുന്നതു് വൃശ്ചികക്കാറ്റെന്നാണെങ്കിലും, വൃശ്ചികം കഴിഞ്ഞ്, ധനുവും  മകരവും കഴിഞ്ഞ് കുംഭം വരാറായി. എന്നാലും കാറ്റ് വൃശ്ചികക്കാറ്റു തന്നെ. നമ്മളേത്തന്നെ പറത്തിക്കൊണ്ടുപോകുന്ന കാറ്റ്. ഈ കാറ്റത്തും ആ കൊച്ചുകൊച്ചു കിളിക്കൂടുകൾ എങ്ങിനെ വീഴാതിരിക്കുന്നു! അല്ലെങ്കിൽ തന്നെ പ്രകൃതിയുടെ ഏതു കാര്യമാ നമ്മളെ അത്ഭുതപ്പെടുത്താത്തതു്, അല്ലേ!

വണ്ടി വീണ്ടും വിട്ടു. ബാക്ക് സീറ്റിൽ ഇത്തിരി പ്രായമുള്ള ഒരു സ്ത്രീ ഇരിക്കുന്നുണ്ട് ഒറ്റക്ക്‌. പെട്ടിയും ബാഗുമൊക്കെയുണ്ട്. ഏതോ യാത്ര കഴിഞ്ഞു വരുന്നപോലെ.  പാലിയക്കര കഴിഞ്ഞപ്പോൾ പെട്ടെന്നവർ ‌ ബഹളം  വച്ചു എനിക്കിവിടെ ഇറങ്ങണമെന്നു പറഞ്ഞ്. ബെല്ലടിച്ചു. ചോദിച്ചുപിടിച്ചുവന്നപ്പോൾ അവർക്കിറങ്ങേണ്ടതു് ചാലക്കുടിയാണ്. അവർക്കെങ്ങിനെ പാലിയക്കര ചാലക്കുടിയായി തോന്നിയതെന്നറിഞ്ഞൂടാ.

ഇതൊക്കെ കേട്ട് എന്റെ അടുത്തിരിക്കുന്ന ചേടത്തി ഉറക്കത്തിൽ നിന്നെണീറ്റ് ഒരു കമെന്റ് “ഇനി എന്തോരം രാജ്യം കഴിഞ്ഞിട്ടു വേണം ചാലക്കുടിയെത്താൻ“. എല്ലാരേം ചിരിപ്പിച്ചിട്ടു അതൊന്നും മൈൻഡ് ചെയ്യാതെ ചേടത്തി ഉറക്കം കണ്ടിന്യൂ ചെയ്തു.

ബാക്ക് സീറ്റിലെ വല്യമ്മ എന്നാലും ഇടക്കിടെ ചാലക്കുടി ചാലക്കുടി എന്നു പറഞ്ഞോണ്ടിരുന്നു. ഉറക്കത്തിലും കയ്യിലുള്ള  കൊന്തയിൽ വിരലുകൾ  നീക്കിക്കൊണ്ടിരിക്കുന്ന ചേടത്തി ഇടക്ക് ഞെട്ടിയുണർന്ന് അവരെയൊന്നു പറ്റിക്കും. പുതുക്കാടാവുമ്പോൾ പറയും ഇപ്പോ ആമ്പല്ലൂർ രാജ്യമേ ആയിട്ടുള്ളൂ. എന്നിട്ടെന്നെ നോക്കി ഒന്നു കണ്ണിറുക്കും. എഗൈൻ കണ്ടിരുന്ന സ്വപ്നത്തിലേക്കു തിരിച്ചുപോവും.

അങ്ങനെയങ്ങനെ നെല്ലായി വന്നു. ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോൾ ചേടത്തി കണ്ണ് തുറന്നു. എന്നിട്ടെന്നോടൊരു ചോദ്യം“മോൾടെ രാജ്യം വന്നോ?” എന്നു്.

PB060052

കിളിക്കൂട് ഇതിലല്ല, ഇതു് വെറുതേ ഒരു മരം തൃശ്ശൂർ  മൃഗശാലയിലെ..

എഴുത്തുകാരി.

50 comments:

Typist | എഴുത്തുകാരി said...

യാത്രയിലെ കുഞ്ഞു കുഞ്ഞു തമാശകൾ.....

വിനുവേട്ടന്‍|vinuvettan said...

അപ്പോള്‍ വീണ്ടും നെല്ലായി രാജ്യത്ത്‌ എത്തിയല്ലേ? തൃശൂരില്‍ വരുമ്പോള്‍ ഏത്‌ രാജ്യത്താ കിളിക്കൂട്‌? അറിഞ്ഞാലല്ലേ അടുത്ത വെക്കേഷന്‌ വരുമ്പോള്‍ കാണാനൊക്കൂ...

രാജ്യാന്തര ബസ്സ്‌ യാത്രയിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങള്‍ രസകരമായീട്ടോ...

(ഓഫ്‌ : സ്റ്റോം വാണിംഗ്‌ കഴിഞ്ഞൂട്ടോ...)

Anonymous said...

വളരെ രസമായി ഈ നെല്ലായി രാജ്യം
തൃശൂര്‍ രാജ്യം എങ്ങനയൂണ്ട് ?

hAnLLaLaTh said...

റിലാക്സ്....റിലാക്സ് എന്ന് ഓരോ വരിയും
എന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു...
നന്ദി... :)

(ചേടത്തി ഉറക്കത്തിൽ നിന്നെണീറ്റ് ഒരു കമെന്റ് “ഇനി എന്തോരം രാജ്യം കഴിഞ്ഞിട്ടു വേണം ചാലക്കുടിയെത്താൻ“.
എല്ലാരേം ചിരിപ്പിച്ചിട്ടു അതൊന്നും മൈൻഡ് ചെയ്യാതെ ചേടത്തി ഉറക്കം കണ്ടിന്യൂ ചെയ്തു .."
ഇവിടെ എന്തോ ഒരു ഒരു...തെറ്റുണ്ടോ ?! )

ആളവന്‍താന്‍ said...

എന്നിട്ടെന്നോടൊരു ചോദ്യം“മോൾടെ രാജ്യം വന്നോ?” എന്നു്...!ചേടത്തി തരക്കേടില്ല...

പ്രയാണ്‍ said...

:)

S Varghese said...

:)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അതെ...പതിരായില്ല...

jayanEvoor said...

വല്യമ്മ പാവം...
ചേടത്തി, കൊള്ളാം.
എല്ലാ രാജ്യക്കാർക്കും അവരുടെ രാജ്യം വന്നോ എന്നറിയാൻ ആധി!

‘നിന്റെരാജ്യം വരേണമേ’ എന്നു മാത്രമാവും ചേടത്തിയുടെ പ്രാർത്ഥന. അതുകൊണ്ട് അവർക്ക് ആശങ്കയേതുമില്ല!

Sands | കരിങ്കല്ല് said...

ഇതു നന്നായി! :)

ഇംഗ്ലീഷായിരുന്നെങ്കിൽ ലോൾ എന്നെഴുതായിരുന്നു.

കുമാരന്‍ | kumaran said...

ചേടത്തി കൊള്ളാം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആ പാവം.. വല്ല്യമ്മ
സ്വല്പം മന:സമാധാനം കിട്ടാൻ ചാലക്കുടി പോട്ട ആശ്രമത്തിലേക്ക് ധ്യാനം കൂടാൻ പോകുകയായിരിക്കാം...

എന്തായാലും കിളിക്കൂട് മുതൽ രാജ്യം എത്തുന്ന വരേയുള്ള മനോഹരമായ യാത്രാനുഭവവർണ്ണനകൾ വളരെ ലളിതാത്മകമായി അവതരിപ്പിച്ചിരിക്കുന്നൂ....

പിന്നെ തുഞ്ചൻ പറമ്പ് മീറ്റിലെ ചുക്കാൻ വള്ളികളൊക്കെ പിടിച്ചൊന്നുകൂടി ആക്റ്റീവാവു...കേട്ടൊ

ഒരു യാത്രികന്‍ said...

ലളിതം...രസകരം....സസ്നേഹം

Typist | എഴുത്തുകാരി said...

വിനുവേട്ടൻ, ഞാനിവിടെയൊക്കെത്തന്നെയുണ്ട്, നെല്ലായിലും തൃശ്ശൂരിലുമൊക്കെയായിട്ട്. എന്തായാലും അടുത്ത വെക്കേഷന് കാണണം.

ഓ ടോ : (1)‌ ഗൃഹപ്രവേശത്തിനു വിളിക്കാൻ മറക്കണ്ട. (2) അവിടെ - സ്റ്റോം വാണിംഗ് - പോയിരുന്നു.

NaNcY - തൃശ്ശൂരു രാജ്യവും ഇഷ്ടമായി.

Hanllalath - കൺഫ്യൂഷൻ വല്ലതുമുണ്ടോ അവിടെ. ചേടത്തി അതു പറഞ്ഞിട്ട് വീണ്ടും ഉറക്കം തുടങ്ങി.അതാ ഉദ്ദേശിച്ചതു്.

ആളവൻതാൻ - അതെ, ചേടത്തി തീരെ തരക്കേടില്ല.

പ്രയാൺ, :)

S Varghese, :)

Typist | എഴുത്തുകാരി said...

ആറങ്ങോട്ടുകര മുഹമ്മദ്, നന്ദി.

jayan evoor, ചേടത്തിക്ക് പ്രാർഥന, ഉറക്കം രണ്ടുകൂടി ഒരുമിച്ചാ.

കരിങ്കല്ല്, :)

കുമാരൻ, അതെ നല്ല ചേടത്തി.

ബിലാത്തിപ്പട്ടണം, അപ്പോ ചുക്കാൻ വള്ളികൾ പിടിക്കാൻ ആളില്ലാതിരിക്കയാ?

ഒരു യാത്രികൻ, നന്ദി.

കൂതറHashimܓ said...

രാജ്യാന്തര സര്‍വീസ് ആണല്ലേ..! :)

പാവത്താൻ said...

ചേച്ചി;പാസ്പോര്‍ട്ടും വിസയുമൊക്കെ ഉണ്ടല്ലോ അല്ലേ?.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നെല്ലായി എന്നു പറയുന്നത് ആനന്ദപുരം അടുത്തുള്ള നെല്ലായി ആണോ..?

ശ്രീനാഥന്‍ said...

നെല്ലായിലെ മഹാറാണിക്ക് അഭിവാദ്യങ്ങ്ങ്ങള്‍ , ബസ്സിലിരുന്നു എന്റെ രാജ്യം വരേണമേ എന്ന്നു പ്രാര്‍ഥി ക്കുന്നവരെക്കുരിച് നന്നായി എഴുതി , നല്ല നിരീക്ഷണങ്ങള്‍ !

ജിമ്മി ജോൺ said...

എഴുത്തേച്ചീ.. ‘കിളിക്കൂടും’ പിന്നിട്ട്, വല്ല്യമ്മയുടെ ബഹളവും ചേട്ടത്തിയുടെ പ്രകടനവും കടന്ന് “മോൾടെ രാജ്യം“ എത്തിയതറിഞ്ഞില്ല..

‘സ്വര്‍ഗ്ഗരാജ്യം’ സ്വപ്നം കണ്ടാവണം ആ ചേടത്തി കൊന്തയുരുട്ടുന്നത്.. (അറിയാവുന്ന ചേടത്തിമാരൊക്കെ മനസ്സിലെത്തി..)

"അല്ലെങ്കിൽ തന്നെ പ്രകൃതിയുടെ ഏതു കാര്യമാ നമ്മളെ അത്ഭുതപ്പെടുത്താത്തതു്, അല്ലേ!"

അതെയതേ..

poor-me/പാവം-ഞാന്‍ said...

തൃശ്ശൂർ മൃഗശാലയിലെ..

എഴുത്തുകാരി.
എന്ന് അവസാനം എഴുതിയത് മനസ്സില്‍ ആയില്ല!!!

JITHU said...

:D
ഇഷ്ടപ്പെട്ടു.........

പഞ്ചാരക്കുട്ടന്‍ said...

"എന്റെ രാജ്യം എന്നെ വന്നു" എന്ന് പറയല്ലായിരുന്നോ?

OAB/ഒഎബി said...

ഉറക്കക്കാരിയെ എനിക്കിഷ്ടായ്

ഒരു മരത്തിന്റെ പോട്ടം എടുക്കാൻ മൃഗശാല വരെ പോണമെന്നൊ ? :)

ദിവാരേട്ടn said...

“ഇനി എന്തോരം രാജ്യം കഴിഞ്ഞിട്ടു വേണം ചാലക്കുടിയെത്താൻ“.
ചിരിക്കാതിരിക്കാന്‍ വയ്യ. ..

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ രാജ്യം വാഴക്കോടാണ്ട്ടാ :)

Rare Rose said...

നല്ല രസികത്തി ചേടത്തി.ജയന്‍ ജിയുടെ നിന്റെ രാജ്യം വരേണമേ കമന്റും ഇഷ്ടപ്പെട്ടു.:)

Typist | എഴുത്തുകാരി said...

കൂതറ Hashim, :)

പാവത്താൻ, :)

റിയാസ് (മിഴിനീർത്തുള്ളി), യെസ്, അതേ നെല്ലായി തന്നെ, കാളൻ നെല്ലായി.

ശ്രീനാഥൻ, അഭിവാദ്യങ്ങൾ സസന്തോഷം സ്വീകരിച്ചിരിക്കുന്നു.

ജിമ്മി ജോൺ, സന്തോഷം.

പാ‍വം ഞാൻ, ആദ്യം തന്നെ ആ പേരൊന്നു മാറ്റണം. നല്ല അസ്സല് ‘പാവം‘.

അതേയ് മൃഗശാല കഴിഞ്ഞിട്ടൊരു കുത്ത്. പിന്നെ കുറേക്കഴിഞ്ഞിട്ട് എഴുത്തുകാരി. അപ്പോ മൃഗശാലക്കും എഴുത്തുകാരിക്കും നോ ബന്ധം:) എങ്ങനേണ്ട്.എങ്ങനേണ്ട്.

Typist | എഴുത്തുകാരി said...

JITHU, സന്തോഷം.

പഞ്ചാരക്കുട്ടൻ, :)

ഒ എ ബി, പടം പിടിക്കാൻ മൃഗശാല വരെ പോയതല്ല, പോയപ്പോൾ കുറേ പടം പിടിച്ചുവച്ചിരുന്നു. എല്ലാം ഇടാം വഴിയേ.

ദിവാരേട്ടn, സന്തോഷം.

വാഴക്കോടൻ, വാഴക്കോട് രാജ്യം വന്നൂല്ലേ?

Rare Rose, അതെ നല്ല രസികൻ ചേടത്തി തന്നെയായിരുന്നു.

Vivek said...

Ha ha. Paavam vallyamma..

Nannayittundu, nellayi rajyam yatra vivaranam.. :)

Vivek.

ശ്രീ said...

നെല്ലായിരാജ്യത്തെ കുഞ്ഞു വിശേഷങ്ങള്‍ രസമായി ചേച്ചീ :)

Manoraj said...

എന്റെ വോട്ട് മുഴുവന്‍ ചേട്ടത്തിക്ക്..

jyo said...

തൃശൂരെന്ന് കേട്ടാല്‍ എനിക്ക് മനസ്സ് തണുക്കും.പഠിക്കുന്ന സമയത്ത് എന്നും തേക്കിന്‍ കാട് മൈതാനം ക്രോസ്സ് ചെയ്താണ് ബസ്സ് സ്റ്റാന്‍ഡില്‍ പോയിരുന്നത്.നെല്ലായി രാജ്യം കണ്ടിട്ടില്ല.

പടിപ്പുര said...

മലപ്പുറത്ത് കാരുടെ ഒരു സാധാരണ കുശലാന്വേഷണമാണു ‘രാജ്യം’ ചോദിക്കൽ.

കൊച്ചിൻ ഹനീഫയെ ഓർത്തു പോകുന്നു; “ഇന്ത്യയിലൊക്കെ ഇങ്ങിനെയാ, നിങ്ങളുടെ പഞ്ചാബിൽ എങ്ങിനാന്നറിയീല”

raadha said...

രാജ്യം എങ്ങനെ നെല്ലായി എന്ന് ഞാന്‍ ഒരു നിമിഷം ആലോചിച്ചു.. മന്ദബുദ്ധി!! പിന്നെ അല്ലെ കാര്യങ്ങളുടെ/രാജ്യങ്ങളുടെ കിടപ്പ് പിടി കിട്ടിയത്. നല്ല രസികന്‍ പോസ്റ്റ്‌. കൂള്‍!!

Echmukutty said...

അപ്പോ സ്വന്തം രാജ്യമൊക്കെയുണ്ടല്ലേ?
ആ രാജ്യത്ത് വരുമ്പോ കാണാൻ പറ്റുമോ?

നല്ല എഴുത്തായിരുന്നു. അഭിനന്ദനങ്ങൾ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"മോള്‍ടെ രാജ്യം" ആഹാ ഒരു രാജയ്ത്തെ രാജ്ഞി ആയി വിലസുന്നു ഹ ഹ ഹ അല്ലെ?

കൊല്ലേരി തറവാടി said...

ഈശ്വരാ.....തൃശ്ശൂരിനും നെല്ലായിയ്ക്കുമിടയില്‍ ഇത്രയേറെ രാജ്യങ്ങളോ..പലതിന്റേയും പേരുകള്‍ കേട്ടിട്ടുപോലുമില്ല...!

രസകരമായ ഒരു യാത്രവിവരണം എഴുതാന്‍ ഒരുപാടു സഞ്ചാരമൊന്നും നടത്തേണ്ട കാര്യമില്ലെന്നു മനസ്സിലായി...മാക്സിമം ഒരു പതിനെട്ട്‌ കിലോമീറ്റര്‍..!.

പണ്ടൊക്കെ തൃശ്ശൂരുനിന്നും തെക്കോട്ടുള്ള ഓര്ഡി നറി ആനവണ്ടികള്‍ പുറപ്പെട്ടിരുന്നത്‌ "സ്വപ്നയുടെ" തൊട്ടടുത്തുള്ള ബസ്സ്റ്റോപ്പില്‍ നിന്നായിരുന്നു..യാത്രക്കാര്ക്കുു തണലേകാനായി അവിടെ വാക മരങ്ങളുണ്ടായിരുന്നു..മതിലുകെട്ടിമറിച്ച്‌ ആരും തിരിഞ്ഞുനോക്കാത്ത ഒരു കൊച്ചുപാര്കുങ്ങണ്ടായിരുന്നു...കാക്കകള്‍ നടത്തുന്ന കാഷ്ടഭിഷേകത്തില്‍ കുളിച്ച്‌ എല്ലാറ്റിനും സാക്ഷിയായിനില്ക്കാ്ന്‍ വിധിയ്ക്കപ്പെട്ട ഒരു പാവം രാജാവിന്റെ പ്രതിമയുണ്ടായിരുന്നു..ഇപ്പോളും അതൊക്കെ അവിടെതന്നെ ഉണ്ടായിരിയ്ക്കും...നഗരത്തിനു അങ്ങിനെ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലല്ലൊ....

പിന്നെ ചേച്ചി വിവരിച്ച കാറ്റ്‌,..വൃശ്ചികകാറ്റ്‌, പാലക്കാട്‌ ചുരം കടന്നു വരുന്ന കാറ്റിന്‌ കുറുമാലിപ്പുഴ കടക്കുന്നതോടെ ശക്തി കുറയും....ചാലക്കുടിപ്പുഴ പിന്നിടുമ്പോഴേയ്ക്കും വല്ലാതെ നേര്ത്തു പോകും... എന്നാലും തളരാതെ ആലുവ മണപ്പുറംവരെ ഒഴുകിയെത്തുന്ന ഈ കാറ്റിന്റെ ചിറകിലേറിയാണ്‌ പരേതാത്മാക്കള്‍ ബലിതര്പ്പയണത്തിനായി ശിവരാത്രി നാളില്‍ അവിടെ എത്തിചേരുന്നതെന്നാണ്‌ പഴമക്കാരുടേ വിശ്വാസം...

ശിവരാത്രിനാളുകളില്‍ ഭയങ്കര ശക്തിയായിരിയ്ക്കും ഈ കാറ്റിന്‌....മകരക്കൊയ്ത്തുകഴിഞ്ഞ്‌ പൂട്ടിയൊരുക്കിയ, വേനല്ചൂ്ടില്‍ വിയര്ത്തു കുളിച്ചുനില്ക്കു ന്ന കണ്ടങ്ങളില്‍,...വിശാലമായ സ്ക്കൂള്മൈകതാനങ്ങളില്‍ ബാധകയറിയപോലെ ചുഴലിയായിമാറി..ആകാശത്തോളമുയര്ന്ന്ധ‌,....ആഞ്ഞടിച്ച്‌,....അഭ്യാസംകാട്ടി കാണുന്നവരെ അമ്പരിപ്പിയ്ക്കും..സ്ക്കൂള്വ്ളപ്പിലെ "മദിരാശി" മരങ്ങള്‍ ആടിയുലയും......

ആ കാറ്റിന്റെ കുസൃതി,...മരച്ചില്ലകളുടെ തേങ്ങല്‍ എല്ലാം ഒരു മര്മ്മ്രമായി വീണ്ടും മനസ്സിനെ തൊട്ടുണര്ത്താ ന്‍ അവസരം നല്കി്യ, മനോഹരമായ ഈ പോസ്റ്റിനു നന്ദി.

ഇതാണെന്റെ കുഴപ്പം...! കമെന്റെഴുതാന്‍ വന്നാല്‍ അതുചുരുക്കിയെഴുതി സ്ഥലം കാലിയാക്കാതെ വാചകമടിച്ചു കാടു കയറും...അതുകൊണ്ടുതന്നെ എഴുതേണ്ടന്നു കരുതിയതാ ആദ്യം.. .

.പിന്നെ ഒരു കാര്യം,.. ഇതു തിരിച്ചു കമന്റു കിട്ടാനുള്ള സൂത്രമായി കരുതരുത്‌....!

തൃശ്ശൂരിനും നെല്ലായിയ്ക്കുമിടയില്‍ ഞങ്ങള്ക്കൊുന്നും പരിചിതമല്ലാത്ത ഒരുപാടു രാജ്യങ്ങളും വിശേഷങ്ങളും ഇനിയും കാണുമല്ലൊ.. എഴുതുക...ആശംസകള്‍..

ഒരില വെറുതെ said...

എന്നോ കേട്ട
'നിന്റെ രാജ്യം വരേണം'
എന്ന ക്രിസ്തീയ ഗാനം ഓര്‍മ്മിപ്പിച്ചു അവസാന വരി:)
നല്ല കുറിപ്പ്. കൊച്ചുകൊച്ചു കാര്യങ്ങള്‍ കൊണ്ട്
മാറ്റിപ്പണിയണം ഇനിയുള്ള കാലത്തെ.

നന്ദു | naNdu | നന്ദു said...

ഇത്ര കുറഞ്ഞ സമയത്തിനകം എത്ര രാജ്യങ്ങളിലാ പര്യടനം! സമ്മതിക്കണം...
നല്ല രസികന്‍ വിവരണം.

ﺎലക്~ said...

ഹും...;)


ആശംസകള്‍സ്

പട്ടേപ്പാടം റാംജി said...

പല്യെക്കര വഴിക്കൊക്കെ യാത്ര ചെയ്തത് ഓര്‍ത്തു. നെല്ലായിയില്‍ പട്ടേപ്പാടത്തുണ്ടായിരുന്ന ഒരു വീട്ടുകാര്‍ താമസിക്കുന്നുണ്ട്. പലചരക്ക്‌ കടയുമായി ഒരു സത്യനും ഉണ്ട്.
യാത്രയിലെ വഴികളൊക്കെ പരിചയം ഉള്ളതിനാല്‍ ഒരു പ്രത്യേക സുഖം തോന്നി വായിക്കാന്‍.

ബെഞ്ചാലി said...

രാജ്യാന്തര ബസ്സ്‌ :) ആശംസകള്‍

jayarajmurukkumpuzha said...

valare rasakaravum, hridhyavumayi......

ഒറ്റയാന്‍ said...

ഇത്തരം കൊച്ചു കൊച്ച്കു കാര്യങ്ങള്‍ ഭംഗിയും സരസവുമായി എഴുതാന്‍ കഴിയുന്നതില്‍ അഭിനന്ദനങ്ങള്‍.

Typist | എഴുത്തുകാരി said...

Vivek, വായിക്കുന്നുണ്ടല്ലേ ഇപ്പഴും, നന്ദി.

ശ്രീ, :)

Manoraj, :)

jyo, തൃശ്ശൂരുനിന്നു് ഇത്തിരി അങ്ങോട്ടു നീങ്ങിയാൽ നെല്ലായി രാജ്യമായി.

പടിപ്പുര, നന്ദി.

raadha, thank you.

Echmukutty, സ്വന്തം രാജ്യമൊക്കെയുണ്ട്. കാണാം നമുക്കു്.

Indiaheritage, അങ്ങനെ ഞാനും ഒരു രാജ്ഞിയായി.

Typist | എഴുത്തുകാരി said...

കൊല്ലേരി തറവാടി,

കമെന്റ് ഇത്തിരി നീളമുണ്ടായീന്നുവച്ചു കുഴപ്പമൊന്നൂല്യാട്ടോ. മറുപടി എഴുതാൻ ഇത്തിരി വൈകിപ്പോയി, അതാ കുഴപ്പം.

ഇപ്പഴുമുണ്ട് രാജാവും പ്രതിമയുമൊക്കെ സ്വപ്നയുടെ സ്റ്റോപ്പിൽ. പക്ഷേ അതൊക്കെ ഭംഗി പിടിപ്പിച്ചു്, മരങ്ങൾക്കൊക്കെ തറ കെട്ടി അതിനൊരു പേരുമിട്ടിട്ടുണ്ടെന്നു മാത്രം, ശ്രീരാമവർമ്മ പാർക്ക്.

ശിവരാത്രി ഇന്നലെയായിരുന്നു. കാറ്റ് ഇപ്പഴും കുറഞ്ഞിട്ടുമില്ല.

ഇഷ്ടായീട്ടോ കമെന്റ്.

Typist | എഴുത്തുകാരി said...

ഒരില വെറുതെ, നന്ദി.

നന്ദു, :)

ലക്, നന്ദി.

പട്ടേപ്പാടം റാംജി, പലചരക്കുകടക്കാരൻ സത്യൻ നമ്മുടെ സ്വന്തം ആളല്ലേ.

ബെഞ്ചാലി,

jayarajmurukkumpuzha,

ഒറ്റയാൻ,

യാത്ര ആസ്വദിച്ച എല്ലാവർക്കും നന്ദി.

keraladasanunni said...

ഒരു ബസ്സപകടം പറ്റിയതിന്ന് ശേഷം ഞാന്‍ ബസ്സില്‍
കയറിയാല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അതിനാല്‍
മറ്റൊന്നും കണ്ണില്‍ പെടാറില്ല. ചെറിയ ദൂരം യാത്ര ചെയ്യുന്നതിന്നിടെ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ.

Typist | എഴുത്തുകാരി said...

Keraladasanunni, നന്ദി.

മുക്കാൽ മണിക്കൂറോളം യാത്ര വേണം തൃശ്ശൂർ നിന്നു്. അപ്പഴിങ്ങനെ ഓരോന്നു നോക്കിക്കൊണ്ടിരിക്കും.അതെന്തൊക്കെയോ എഴുതുന്നൂ‍ന്നു മാത്രം.