Wednesday, November 3, 2010

ഇതു് ജീവിതം.......

ഇല്ല, എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല.  അങ്ങനെ വിശ്വസിക്കാനാ എനിക്കിഷ്ടം.

പോക്കുവെയിലുണ്ട്, കറങ്ങിനടക്കുന്ന കള്ളക്കാറ്റുണ്ട്. കൈ എത്തും ദൂരത്തിൽ നിറയെ കായ്ച്ചു നിക്കുന്ന തെങ്ങ്, നല്ല ഉഷാറായിട്ട്.  മണ്ഡരിയൊന്നും ഈ വഴിക്കു വന്നിട്ടില്ലെന്നു തോന്നുന്നു.വീട്ടിലെ അണ്ണാറക്കണ്ണന്റെ ചേട്ടനോ അനിയനോ, അമ്മാവനോ ഒക്കെയുണ്ടിവിടെ.  അംഗസംഖ്യ ഇത്തിരി കുറവാണെന്നു മാത്രം

പറന്നുപോകുന്ന പറവകളെ കുറച്ചുകൂടി അടുത്തുകാണാം. ഞാൻ   കുറേക്കൂടി  ഉയരത്തിലാണല്ലോ!.   മഴ കനത്തു പെയ്യുമ്പോൾ  കൈ കൊണ്ട് തൊടാം. തുമ്പികൾ പാറി നടക്കുന്നതു കാണാം.  ഒന്നു രണ്ടു പ്രാവുകളും വരുന്നുണ്ട് ഇടക്കിടെ.

ഈ ലോകത്തിലെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സിറ്റൌട്ടിനു പകരം ഒരു കുഞ്ഞു ബാൽക്കണിയുണ്ട്. എനിക്കിരുന്നു കാറ്റുകൊള്ളാനോ,  പാട്ടു കേക്കാനോ, പിന്നെ വായിക്കാനോ, അതുമല്ലെങ്കിൽ വെറുതേ കണ്ണടച്ചിരുന്നു സ്വപ്നം കാണാനോ...

എന്നെ തലോടുന്ന കാറ്റെന്നോട് പറയുന്നു,  ഞങ്ങളൊക്കെയുണ്ടല്ലോ ഇവിടെ, എന്നു്.  

ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി ഈ പുതിയ ജീവിതത്തെ.  പ്രതീക്ഷിച്ചതായിരുന്നില്ല ഇങ്ങനെ ഒരു  കൂടുമാറ്റം. എങ്കിലും... ജീവിതത്തിലാദ്യമായി എന്റെ കൊച്ചുഗ്രാമം വിട്ടൊരു ജീവിതം....

എന്റെ പോസ്റ്റുകളിൽ എനിക്കെന്നും എഴുതാൻ  എന്റെ നാട്ടുവിശേഷങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ. രാമേട്ടനും മേനോൻ സാറും ലക്ഷ്മിയേടത്തിയും, ഇന്ദുവും, രാധികയുമൊക്കെ.... പിന്നെ എന്റെ പേരയും കണിക്കൊന്നയും ചെമ്പരത്തിയും മുതൽ മുറ്റത്തെ ചട്ടികളിൽ കൂടു കൂട്ടിയിരുന്ന കുഞ്ഞു കിളികൾ വരെ.

ഇനി അവരൊന്നുമില്ല,  പകരം ഇവിടെ എനിക്കു ദേവിച്ചേച്ചിയുണ്ട്, ഇനി പുറകോട്ട് തിരിഞ്ഞുനോക്കണ്ട കുട്ടീ, മുൻപിലേക്കു മാത്രം നോക്കൂ എന്നുപദേശിക്കാൻ. രാത്രിയോ പകലോ എന്നു നോക്കണ്ട, എപ്പോ വേണെങ്കിലും വിളിച്ചോളൂ, ഞാനോടിവരാം എന്നു പറയാൻ സന്ധ്യച്ചേച്ചിയുണ്ട്.  ഷീബയുണ്ട്, ബീനയുണ്ട്.  ചിക്കുമോനുണ്ട്. എന്നെങ്കിലും വീട്ടിൽ പോവുമ്പോൾ വാഴപ്പിണ്ടിക്കും ചേമ്പിൻ തണ്ടിനും പച്ചമുളകിനും കറിവേപ്പിലക്കും      വേണ്ടി കാത്തിരിക്കാൻ ഇവരൊക്കെയുണ്ട്.  പല പല കാരണങ്ങൾ കൊണ്ട് ഇവിടെ ചേക്കേറിയിരിക്കുന്നവർ.  ചിലരുടെ സ്വന്തം,  മറ്റു ചിലർ എന്നേപ്പോലെ  ഒരു ഇടത്താവളമായിട്ടു്.

ഇവിടെ ഒറ്റക്കല്ല, എന്നൊരു തോന്നൽ. ഉറങ്ങാൻ കഴിയുന്നു, ഒരു തേങ്ങ വീണാൽ, കരിയില അനങ്ങിയാൽ, എവിടെയോ ഒരു പട്ടി കുരച്ചാൽ, പേടിക്കാതെ.

ഞാനെന്റെ ദു:ഖങ്ങൾക്കും വിഷമങ്ങൾക്കും അവധി കൊടുക്കുന്നു.

അറിയാം ഇതൊരു ഇടത്താവളം മാത്രമാണെന്നു്.   പുതിയൊരു  താവളം തേടിയുള്ള യാത്രയിൽ  ഒരിത്തിരി നേരം ഇവിടെ.

എഴുത്തുകാരി.

60 comments:

Typist | എഴുത്തുകാരി said...

ഇല്ല, ഞാൻ നാടു വിട്ടൊന്നും പോയിട്ടില്ല. ഇവിടെയൊക്കെത്തന്നെയുണ്ട്. ചെറിയൊരു കൂടുമാറ്റം, അത്രേയുള്ളൂ.

ചെറുവാടി said...

ഇതൊക്കെ പറഞ്ഞു സമാധാനിക്കുമ്പോഴും ആ നാട് വിട്ടിട്ടുള്ള വിഷമം എഴുതാതെ തന്നെ വരുന്നുണ്ട്.

anoop said...

നല്ലത്...
ദുഖങ്ങള്‍ക്കും വിഷമങ്ങള്‍ക്കും അവധികൊടുത്ത് മുന്നേറൂ..
നന്മകള്‍ നേരുന്നു

pushpamgad said...

kollam.

krishnakumar513 said...

പുതിയസ്ഥലത്തെ വിശേഷങ്ങളും ധാരാളമായി എഴുതാന്‍ കഴിയട്ടെ ചേച്ചി.എല്ലാ നന്മകളും..

ManzoorAluvila said...

എഴുത്തിൽ ആകാപ്പാടെ ഒരു വിഷമം ...എല്ലാവിഷമങ്ങളും മാറി..പുതിയ ചുറ്റ്പാടുകൾ പഴകും...അപ്പോൾ എല്ലാം ശരിയാകും .

Jishad Cronic said...

ദുഃഖങ്ങള്‍ എല്ലാം മാറ്റിവെച്ചു മുന്നേറു...

★ shine | കുട്ടേട്ടൻ said...

മാറ്റങ്ങള്‍ പുതിയ അനുഭവങ്ങള്‍ തരട്ടെ...
പിന്നെ ഇത്രയൊക്കെപ്പറഞെങ്കിലും എങ്ങോട്ടാണ് മാറിയതെന്ന് പറഞ്ഞില്ലല്ലോ? ഞങ്ങളുടെ അയല്പക്കം വല്ലതും ആണോ ?

jyo said...

മാറ്റം വേദനയുടെ ആഴം കുറക്കട്ടെ-നന്മകള്‍ നേര്‍ന്ന് കൊണ്ട്

കാസിം തങ്ങള്‍ said...

എല്ലാം നല്ലതിനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം നമുക്ക്.

യൂസുഫ്പ said...

പ്രിയപ്പെട്ട എഴുത്തുകാരീ..ജീവിതം ഇങ്ങനെയൊക്കെയാണ്.കൊതിപ്പിച്ച്,കൊതിപ്പിച്ച്... പിന്നെയത് തട്ടിപ്പറിച്ചെടുക്കും. ഒരിയ്ക്കലും നമ്മുടെ കയ്യിൽ ഇഷ്ടത്തിന് കളിയ്ക്കാൻ കിട്ടില്ല.ധൈര്യ്മായി മുന്നോട്ട് പോകുക.ദൈവം കൂടെയുണ്ട്.

keraladasanunni said...

' ഇല്ല ഒന്നും നഷ്ടപ്പെട്ടിട്ടില്ല '. ആ തോന്നലാണ് പ്രധാനം. കൂടുമാറ്റം കൂടുതലായി എഴുതാന്‍ 
പ്രചോദനം നല്‍കട്ടെ.

പ്രയാണ്‍ said...

പ്രിയപ്പെട്ട എഴുത്തുകാരി............എന്താ പറയാ...ഇതൊക്കെത്തന്നെ ജീവിതമെന്ന് ഒഴുക്കനായി പറയാന്‍ മനസ്സു വരുന്നില്ല.....കുറച്ചുകൊല്ലം മുന്‍പെന്റെ എന്റെ ചേച്ചിയേം ഈ വഴിയൊക്കെ ഞാന്‍ നടന്നുകയറ്റിയതാണല്ലൊ......... ഈ പോസിറ്റീവ് തിംങ്കിങ്ങ് എനിക്കു വളരെ ഇഷ്ടമായി.............. വിധിക്കുപോലും നമ്മെ തോല്പ്പിക്കാനാവില്ലെന്നു തെളിയിച്ചുകൊടുക്കണം............ ചേച്ചിയെപ്പോലെ.

smitha adharsh said...

ആഹാ...അപ്പൊ, പുതിയ സ്ഥലത്ത് എത്തിയോ?
അപ്പൊ,പുതിയ സ്ഥലത്തെ വിശേഷങ്ങള്‍ പോരട്ടെ..
നമ്മളല്ലെങ്കിലും അങ്ങനെയാ..പുതിയതിനെ വേഗം ''നമ്മുടെതാക്കും''...

വിനുവേട്ടന്‍|vinuvettan said...

അപ്പോള്‍ പോള്‍ ഗെറിക്കിന്റെ നാട്ടില്‍ എത്തിയോ ചേച്ചീ?

ശ്രീ said...

ചെറിയൊരു മാറ്റം കൊണ്ട് നല്ലതു സംഭവിയ്ക്കുന്നുവെങ്കില്‍... സമാധാനം കിട്ടുന്നുവെങ്കില്‍ അത് നല്ലതു തന്നെ...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

തൽക്കാലം നല്ലോരു കിളിക്കൂട്ടിൽ ചെന്നുപെട്ടിരിക്കുകയാണല്ലോ അല്ലേ.. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്നറിയാം..അതെ ഇതൊക്കെ തന്നെയല്ലേ ജീവിതം!

Typist | എഴുത്തുകാരി said...

ചെറുവാടി,അതെ, വിഷമം ഇല്ലെന്നും പറഞ്ഞാൽ അതു നുണയാവും.

anoop, അതിനു തന്നെയാണ് എന്റേയും ശ്രമം.

pushpamgad, :)

Krishnakumar 513, നന്ദി.

ManZoor Aluvila, അതെ, ശരിയാവണം.

Jishad Cronic, :)

കുട്ടേട്ടൻ, തൽക്കാലം ഞാനിവിടെ തൃശ്ശൂരു തന്നെയുണ്ട്.

jyo, നന്ദി.

Typist | എഴുത്തുകാരി said...

കാസിം തങ്ങൾ,

യൂസുഫ്പ, അതെ ജീവിതം ഇങ്ങനെയൊക്കെയാണ്.

Keraladasanunni, നന്ദി.

പ്രയാൺ, ഇല്ല, അങ്ങനെ തോറ്റുകൊടുക്കാൻ ഞാനില്ല.

സ്മിതാ, അതിനുള്ള ശ്രമത്തിലാണ് ഞാൻ.

വിനുവേട്ടൻ, പോൾ ഗെറിക്കിന്റെ നാട്ടിലേക്കൊരുപാട് ദൂരമില്ലേ, അത്രയും എത്തിയിട്ടില്ല, ഇതിവിടെ വടക്കുന്നാഥന്റെ നാട്ടിൽ.

ശ്രീ, അതെ ശ്രീ, ഞാനും അതിനു തന്നെയാണ് ശ്രമിക്കുന്നതു്.

ബിലാത്തിപ്പട്ടണം- ഈ കിളിക്കൂടും ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

പാറുക്കുട്ടി said...

എന്റെ പ്രീയപ്പെട്ട എഴുത്തുകാരി ചേച്ചീ,

ചേച്ചിയ്ക്ക് സുഖം തന്നെയാണല്ലോ. അല്ലേ? എന്നും സന്തോഷമായിരിക്കാന്‍ ശ്രമിക്കുക. നഷ്ടപ്പെട്ടതൊന്നും നമ്മുടേതല്ല ചേച്ചീ. ഒന്നും ശാശ്വതമല്ല . എന്ന് സമാധാനിക്കുക.

ആയുരാരോഗ്യ സൗഖ്യം നേരുന്നു.

Kalavallabhan said...

ആശംസകൾ

poor-me/പാവം-ഞാന്‍ said...

Enke irunthaalum pallantu vaazhka, ammaa, May God bless

Rare Rose said...

അപ്പോള്‍ പുതിയ സ്ഥലത്തെ കുഞ്ഞു,കുഞ്ഞു കാര്യങ്ങളോട് വരെ കൂട്ടു കൂടീന്നു ചുരുക്കം.
ഈ പുതിയ ലോകത്തെ വിശേഷളും,ആള്‍ക്കാരുമൊക്കെ ഇനിയുള്ള പോസ്റ്റുകളിലും സന്തോഷായി കടന്നു വരട്ടെ..

jayanEvoor said...

മനശ്ശാന്തിയോറ്റെ ഉറങ്ങാൻ കഴിയുക തന്നെ ഭാഗ്യം. ഇനിയുള്ള കാലം നല്ല അനുഭവങ്ങളുണ്ടാവട്ടെ, നന്മയുണ്ടാവട്ടെ!

Anonymous said...

ജീവിതം അങ്ങനെയാ എല്ലാം കിട്ടും എന്ന് തോന്നിപ്പിക്കും ഒന്നും കിട്ടില്ല
വരുന്നത് വരുംപ്പോലെ എന്ന് തിരുമാനിച്ചാല്‍ സമാധാനം കിട്ടും
പുതിയ കൂട് നല്ല അനുഭവങ്ങള്‍ തരട്ടെ
അവ ഇവിടെ പോസ്റ്റായി വിരിയട്ടെ ...........

Dev said...

എന്‍ കണ്ണുകളില്‍ നിന്‍ മുഖം
നിന്‍ വരികളില്‍ ഈ ലോകവും

Dev said...

എന്‍ കണ്ണുകളില്‍ നിന്‍ മുഖം
നിന്‍ വരികളില്‍ ഈ ലോകവും

പാവത്താൻ said...

ഒന്നും ഒരിക്കലും ഒന്നിനും പകരമാവുന്നില്ല... പക്ഷേ
നേട്ടങ്ങളും നഷ്ടങ്ങളും കണക്കു പുസ്തകത്തില്‍ മാത്രം.ജീവിതം എന്നും പുതുതായി ഓരോന്നു നമുക്കായി കരുതി വച്ചിരിക്കുന്നു. എല്ലാം നല്ലതിന്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ അച്ഛന്‍ പറയുമായിരുന്നു

ചക്രം പോലെ കറങ്ങുന്നതാണ്‌ ലോകം അത്‌ ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. മാറിക്കൊണ്ടിരിക്കും. നമ്മള്‍ അതിനു തയ്യാറായിരിക്കണം എപ്പോഴും അത്രമാത്രം.

അപ്പോള്‍ പുതിയ ലോകത്തെ കഥകള്‍ പോരട്ടെ ഞങ്ങള്‍ ഒകെ ഉണ്ട്‌ കൂടെ

ഹരീഷ് തൊടുപുഴ said...

ചേച്ചീ...
ഞാനിന്നു വിളിച്ചത് കേരളത്തിലെ നമ്പെറിൽ തന്നെയാണല്ലോ??
അപ്പോൽ വീട്ടിലല്ലായിരുന്നോ??!!!!

Typist | എഴുത്തുകാരി said...

പാറുക്കുട്ടീ, ഒരുപാട് നന്ദി ഈ നല്ല വാക്കുകൾക്കു്.

Kalavallabhan, നന്ദി.

പാവം ഞാൻ -രൊമ്പ രൊമ്പ നന്ദ്രി.

Rare Rose,
Jayan,
NaNcY,
Dev,
പാവത്താൻ,
ഇൻഡ്യ ഹെറിറ്റേജ്,
ഹരീഷ്,
എല്ലാവർക്കും നന്ദി, നല്ല വാക്കുകൾക്ക്.

ഹരീഷ്, ഞാനിപ്പോൾ നെല്ലായിലല്ല, പക്ഷേ അകലെയൊന്നും പോയിട്ടില്ല. ഈ തൃശ്ശൂരിൽ തന്നെയുണ്ട്.

കാവലാന്‍ said...

ആഴ്ന്നുനിന്നിടത്തുനിന്ന് പിഴുതുമാറ്റപ്പെടുമ്പോഴത്തെ വേദന ഓരോ വരികളിലും സ്പന്ദിക്കുന്നു,അത്ദുഖിപ്പിക്കുന്നു.
കാലം എല്ലാമുറിവുകളും സുഖപ്പെടുത്തട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

raadha said...

കൂട് മാറ്റം നല്ല കാര്യം. പഴയ ജീവിതം തല്‍ക്കാലത്തെക്കെങ്കിലും മറക്കാന്‍ പറ്റുമല്ലോ. പുതിയ വിശേഷങ്ങളുമായി വരൂ..

കുമാരന്‍ | kumaran said...

എവിടെ പോയാലും ബ്ലോഗിനെ മറന്നില്ലല്ലോ.

Gopakumar V S (ഗോപന്‍ ) said...

നല്ലതിനു മാത്രമാവട്ടേ ഈ മാറ്റം...എന്നും ഒരു സജീവ സാന്നിദ്ധ്യമായി ഇവിടെ ഉണ്ടാകുമല്ലോ...ആശംസകള്‍

നിശാസുരഭി said...

ഞാനും വായിച്ചു, എത്താൻ വൈകിയെങ്കിലും.
ഒന്നും പറയാൻ..

ബിന്ദു കെ പി said...

ങാഹാ! വടക്കുന്നാഥന്റെ അടുക്കലേക്ക് കൂടു മാറിയോ..! നന്നായി ചേച്ചീ...ഒരു മാറ്റം നല്ലതാണ്. നല്ലതു വരെട്ടെ.

Manoraj said...

ഇതിപ്പോള്‍ എവിടെയാ താമസം. മനസ്സുഖത്തോടെ ഇരിക്കൂ.. എഴുതാന്‍ കഴിയട്ടെ..

രമേശ്‌അരൂര്‍ said...

താവളങ്ങളില്‍ നിന്ന് താവള ങ്ങളിലേക്ക് തുടരുന്ന അന്സ്യുതമായ പ്രയാണം ..അതല്ലേ ജീവിതം .ഓരോ യാത്രയും ഓരോ പലായനം ആണ് ..

jayarajmurukkumpuzha said...

illa onnum nazhttappettittilla.... angane viswassikkaam.... aashamsakal....

സ്നേഹപൂര്‍വ്വം അനസ് said...

വിഷമം മറന്നു സന്തോഷിക്കാനാണ്
ബ്ലോഗ്ഗ് വായന തുടങ്ങിയത് ഇതിപ്പോ.......

lekshmi. lachu said...

ആശംസകൾ ..

ശ്രീനാഥന്‍ said...

ശാശ്വതമായ താവളങ്ങളില്ലല്ലോ, ഇടത്താവളങ്ങളല്ലേ ഉള്ളൂ! നേർത്ത സ്വരങ്ങളാൽ തീർത്ത ഭാവങ്ങളുടെ ചാരുത നിറഞ്ഞിരിക്കുന്നു ഈ കുറിപ്പിൽ!

siva // ശിവ said...

വിഷമങ്ങളില്‍ നിന്നും കരകയറാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു....

സുജിത് കയ്യൂര്‍ said...

Vaayichu.nannaayi.

Typist | എഴുത്തുകാരി said...

കാവലാൻ,
raadha,
കുമാരൻ,
ഗോപൻ,
നിശാസുരഭി,
ബിന്ദു,
Manoraj, തൃശ്ശൂരിൽ,
രമേശ് അരൂർ,

എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

jayarajmurukkumpuzha,
സ്നേഹപൂർവ്വം അനസ്,
lekshmi,
ശ്രീനാഥൻ,
ശിവാ,
സുജിത്,

എല്ലാവർക്കും നന്ദി.

Areekkodan | അരീക്കോടന്‍ said...

ഇവിടെ വന്നിട്ട് കുറേ കാലമായതിനാല്‍ എനിക്കൊന്നും മനസ്സിലായില്ല.എവിടേക്കാ ഈ കൂടുമാറ്റം?

vidya said...

ഇന്നാണീ എഴുത്തോല കണ്ടത്.. വളരെ സന്തോഷം.. ഒരുപദിശ്ടപ്പെട്ടൂന്നു പ്രത്യേകിച്ച് പറയണ്ടല്ലോ..

vidyaforMalayalam poems

Anonymous said...

വിധിയെ തോല്‍പ്പിക്കാന്‍ കഴിയുന്നവര്‍ക്കേ ജീവിതമുള്ളൂ...കൊള്ളാം ട്ടോ നന്നായിട്ടുണ്ട്

Anonymous said...

ഇടയക്കൊരു മാറ്റം എപ്പോഴും നല്ലതാണ്. വിട്ടു പോന്ന ലോകം കൂടുതല്‍ ഹൃദ്യമാകും, പുതുതായി കൈ വന്ന ലോകത്തെപ്പറ്റി കൗതുകം നിറഞ്ഞ. ഒട്ടനവധി അറിവുകളും.

Pranavam Ravikumar a.k.a. Kochuravi said...

മാറ്റം നല്ലതാണ്..പുതിയ ലോകത്തും നല്ല ചിന്തകള്‍ പാറട്ടെ... അത് എഴുത്തോലയില്‍ ഞങ്ങള്‍ കാണട്ടെ

മുരളിക... said...

ഹായ് ചേച്ചീ എങ്ങനെയുണ്ട് പുതിയ ഇടം ?

വിജയലക്ഷ്മി said...

മാറ്റങ്ങള്‍ മനുഷ്യസഹജമാണ് മോളെ .അതിനോട് പൊരുത്തപ്പെടുക ..ദുഖങ്ങള്‍ക്ക് അവധികൊടുക്കൂ ...അതിനെ ഇന്നലെകളാക്കി മാറ്റി നിര്‍ത്തുക ..ഇന്നിനിയെന്തുയെന്നു ചിന്തിക്കുക.ഈശ്വരന്‍ കനിഞ്ഞു തന്ന ഈ ജീവിതം സന്തോഷപ്രദമാക്കാന്‍ പരമാവധി ശ്രമിക്കുക ...നഷ്ട കഷ്ടങ്ങളൊക്കെ ജീവിതത്തിന്‍റെ ഭാഗങ്ങളാണ് ...

മഴവില്ല് said...

എഴുത്തുകാരി ചേച്ചി ...... കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല , ധൈര്യമായി മുന്നോട്ടുപോകുക . ഈശ്വരന്‍ പുതിയ സ്ഥലത്ത് നന്മയും സ്നേഹവും ഒരുക്കിയിട്ടുണ്ടാവും .. എല്ലാം അവിടുത്തെ നിശ്ചയം അല്ലെ ..

ഒരു നുറുങ്ങ് said...

കാലത്തിന്‍റെ കാല്പാടുകളെ മായ്ക്കാനാവില്ല എന്നൊന്നുമില്ല..അതിനേറ്റം നല്ലത് പലായനങ്ങളാണ്‍.പലായനങ്ങള്‍ ജീവിതത്തിന്‍ പുതിയ ഊര്‍ജ്ജം പകര്‍ന്ന് നല്‍കും. അത് പകര്‍ന്ന് നല്‍കിയ പോസിറ്റീവ് ചിന്ത എഴുത്തിലങ്ങിങ്ങായി,വരികള്‍ക്കിടയിലെങ്കിലും വായിച്ച്ചെടുക്കാനാവുന്നുണ്ട്. ആശംസകളോടെ,ഹാരൂണ്‍ക്ക.

Typist | എഴുത്തുകാരി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

അരീക്കോടൻ മാഷേ, അത്ര അകലേക്കൊന്നും പോയിട്ടില്ല, ഈ തൃശ്ശൂരൊക്കെ തന്നെയുണ്ട്.

vidya, സ്വാഗതം.

sreedevi, നന്ദി.

maithreyi, :)

pranavam ravikumar, നന്ദി.

മുരളിക, സുഖം തന്നെ.

വിജയലക്ഷ്മി,

മഴവില്ല്,

ഒരു നുറുങ്ങ്,

എല്ലാവർക്കും നന്ദി.

Echmukutty said...

ഇതാദ്യം വായിച്ചപ്പോൾ കമ്പ്യൂട്ടറിനു കോപമായിരുന്നതുകൊണ്ട് ഞാൻ മിണ്ടാതെ പോയി.
ഈ പോസിറ്റീവ് മനസ്സിന് പ്രണാമം.

Satheesh Haripad said...

വളരെ ലളിതമായ വാക്കുകള്‍ കൊണ്ട് ഓര്മ്മ്കളുടെ സുഗന്ധവും ഗൃഹാതുരത്ത്വത്തിന്റെ ആര്ദ്രതയും മനോഹരമായി വരച്ചിട്ടിരിക്കുന്നു.
എല്ലാവിധ ആശംസകളും