Wednesday, December 9, 2009

ഇതെന്തൊരു പുലിവാല്

വീണ്ടും ഒരു യാത്ര (എനിക്കതിന്റെ കഥയല്ലേ പറയാനുള്ളൂ!) ഇത്തവണ തൃശ്ശൂരൊന്ന്വല്ലാട്ടോ,  അകലെ കോയമ്പത്തൂരാണേ.

ഒരു ദിവസം വൈകീട്ട് പോയി, അന്നു പാലക്കാട് ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു പിറ്റേന്ന് രാവിലെ അവിടെനിന്നു കോയമ്പത്തുര്‍ക്കു പോകാമെന്നു പ്ലാനിട്ടു.  പറ്റിയാല്‍ അന്നു് അല്ലെങ്കില്‍ അടുത്ത ദിവസം തിരിച്ചു വരണം.

ഒന്നോ ചിലപ്പോള്‍ രണ്ടോ ദിവസം പാലും പത്രവും എടുത്തുവക്കണം. രാമേട്ടനോട് പറഞ്ഞേല്‍പ്പിച്ചു. പാല്‍ വെറുതെ ഫ്രിഡ്ജില്‍ വക്കണോ, കാച്ചിവക്കണോ അതോ ഉറയൊഴിച്ചുവക്കണോ എന്നൊക്കെയുള്ള സംശയങ്ങള്‍ക്ക്, (രാമേട്ടനല്ലേ ആള്) ഇതൊന്നും  വേണ്ടാ, സ്വന്തമായിട്ടെടുത്തു് കാച്ചി കുടിച്ചോളാന്‍ പറഞ്ഞു. താക്കോലും കൊടുത്തേല്പിച്ചു.  രണ്ടെണ്ണമുണ്ട്, ഒരെണ്ണം ഞങ്ങളുടെ കയ്യിലും വച്ചു.

അന്നു് രാത്രി പാലക്കാട് സുഹൃത്തിന്റെ കൂടെ താമസിച്ചു് പിറ്റേന്നു രാവിലെ 6 മണിക്കു തന്നെ കോയമ്പത്തൂര്‍ക്ക്.  

കാര്യങ്ങളെല്ലാം അവസാനിപ്പിച്ച് അന്നു വൈകീട്ടു തന്നെ തിരിച്ചു. നേരിട്ടു ഒരു തൃശ്ശൂര്‍ ബസ്സു കിട്ടി. തൃശ്ശൂര്‍‍ എത്തിയ ഉടനേ ഒരു ചാലക്കുടി ഫാസ്റ്റും. ഒരു ബുദ്ധിമുട്ടുമില്ലാത്ത സുഖമായ യാത്ര. കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയായിരുന്നു. നെല്ലായിലെത്തിയപ്പോള്‍ രാത്രി 10 മണി കഴിഞ്ഞു. രാമേട്ടന്റെ വീട്ടില്‍ വെളിച്ചമൊന്നും കണ്ടില്ല, ഉറങ്ങിക്കാണും,  ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി‍ താക്കോല്‍ ചോദിച്ചില്ല, നാളെ വാങ്ങാല്ലോ. ഒന്നു ഞങ്ങളുടെ കയ്യിലുമുണ്ടേ.

വീട്ടില്‍ വന്നു കുളിച്ചു ഉറങ്ങാനുള്ള ഒരുക്കമായി. പുറത്തെന്തോ ചെറിയ അനക്കങ്ങളൊക്കെ കേള്‍‍ക്കുന്നു. പതിനൊന്നു മണിയേ ആയിട്ടുള്ളൂ എന്നാലും പുറത്തുകടക്കണ്ട എന്നു തീരുമാനിച്ചു. അവരുടെ കയ്യില്‍ ആയുധങ്ങളൊക്കെ കാണും. പിന്നെ നമ്മുടെ പോലീസും പറഞ്ഞിട്ടുണ്ട്, രാത്രി വാതിലൊന്നും തുറക്കരുതെന്നു്. തൊട്ടടുത്ത വീട്ടില്‍ ആളില്ല, അതിനടുത്ത വീട്ടില്‍ വയസ്സായ രണ്ടുപേര്‍. എന്നാല്‍ തന്റേടമുള്ള ചെറുപ്പക്കാര്‍ തന്നെയാവട്ടെ എന്നു കരുതി വേഗം ബാബുവിനെ വിളിച്ചു് നീ നിന്റെ അഞ്ചാറു  പിള്ളേരേം കൂട്ടി ഒന്നു വേഗം വരാന്‍ പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളില്‍ അവനും കൂട്ടുകാരും എത്തി. ഷൈന്‍ ചെയ്യാന്‍ ഒരു ചാന്‍സ് വീണുകിട്ടിയിരിക്കയല്ലേ! ഞങ്ങളിങ്ങനെ ചെവിയോര്‍ത്തിരുന്നു,  അടിയുടെ, ഇടിയുടെ ശബ്ദം കേക്കാന്‍. കള്ളനെ പിടിച്ചാല്‍ ആദ്യം അതായിരിക്കുമല്ലോ. ഞാന്‍ കാമറ വരെ റെഡിയാക്കി വച്ചു,  ഒരു പോസ്റ്റിനുള്ള വകുപ്പല്ലേ! പക്ഷേ കേട്ടതു് പ്രതിക്ഷകളെയൊക്കെ തകിടം മറിച്ചുകൊണ്ട്, ഉറക്കെയുള്ള ചിരിയും സംസാരങ്ങളും. ബാബു വാതിലുതട്ടി  ഇതു ഞങ്ങളാ ചേട്ടാ, ധൈര്യമായിട്ടു വാതിലു തുറക്ക്. തുറന്നപ്പോള്‍ ഒരു പത്തിരുപതു പേരുണ്ട്.  പൊലീസ് ഏതു നേരത്തും എത്താം. രാമേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ സംഭവിച്ചതിങ്ങനെ.  രാത്രി ഗേറ്റടക്കാന്‍ വന്ന രാമേട്ടന്‍ നോക്കുമ്പോള്‍ എന്റെ വീട്ടില്‍ വെളിച്ചം കാണുന്നു. താക്കോലാണെങ്കില്‍ കൊണ്ടുപോയിട്ടില്ല. അപ്പോള്‍  കള്ളനല്ലാതെ പിന്നെയാരു്. രാമേട്ടന്‍ വളരെ ബുദ്ധിപൂര്‍വ്വം, തന്ത്രപൂര്‍വ്വം കാര്യങ്ങള്‍ നീക്കി, ഒട്ടും സമയം കളയാതെ. എത്താന്‍ പറ്റാവുന്ന എല്ലാരേം വിളിച്ചു. രാമേട്ടന്‍, മധു, ഓട്ടോ ദാസന്‍, പണിക്കരേട്ടന്‍ തുടങ്ങി സകലമാന അയലക്കക്കാരും നാട്ടുകാരും.പെണ്ണുങ്ങള്‍ വരെയുണ്ട്.  ചുളുവിലൊരു കള്ളനെ പിടിക്കല്‍ കാണാല്ലോ!

ആ സന്ദര്‍ഭത്തിലാണ്‌‍  ബാബുവിന്റേയും കൂട്ടരുടേയും രംഗപ്രവേശം‍. അവരു നോക്കുമ്പോള്‍ വീടിന്റെ പിന്നാമ്പുറത്തും ജനലിനിടയില്‍കൂടിയുമൊക്കെ ഒളിഞ്ഞു നോക്കുന്ന കുറച്ചുപേര്‍. കണ്ടിട്ടു  തമിഴന്മാരല്ല, കള്ളന്മാരുടെ ഒരു ലുക്കുമില്ല. എന്താ ഇവരുടെ ഉദ്ദേശം. എന്തായാലും രണ്ടു പൊട്ടിച്ചിട്ടാവം ബാക്കി എന്നു വച്ച്  പിന്നില്‍ നിന്നു പിടിച്ചു നിര്‍ത്തി നോക്കിയപ്പോള്‍ എല്ലാം പരിചിത മുഖങ്ങള്‍.  സ്ഥലത്തെ പ്രധാന ദിവ്യന്മാറ്. ‍അയ്യേ ഇവരെന്താ ഇങ്ങനെ. ഡീസന്റാന്നല്ലേ കരുതിയേ, ഇതിപ്പോ..ഉടനേ രാമേട്ടന്‍,  നിങ്ങളുമറിഞ്ഞോ, വന്നതു നന്നായി, ഇനിയിപ്പോ പൊലീസൊന്നും വേണ്ട, നമ്മളു മതി. ബാബുവിനു് സംശയം‍  ഇതിനിടയില്‍ അകത്തിനി വേറേം കള്ളനോ. ചേട്ടന്‍ പുറത്തു കള്ളനുണ്ടെന്നു പറഞ്ഞിട്ടാണല്ലോ ഞങ്ങളു വന്നതു്. ആകെ കണ്‌ഫ്യൂഷന്‍.പരസ്പരം ആശയവിനിമയം നടത്തിയിട്ടും  അവര്‍ക്കു ഒരു കാര്യം പിടികിട്ടിയില്ല. എന്നാലും ഇവരെങ്ങനെ അകത്തുകടന്നു..

സംഭവം ഏതാണ്ട് പ്രശ്നമായി എന്നു ഞങ്ങള്‍ക്കും മനസ്സിലായി. പക്ഷേ പുറത്തു വരാതെങ്ങനെ? പതുക്കെ പുറത്തുകടന്നു തല പറ്റാവുന്നത്ര താഴ്ത്തി പറഞ്ഞു, വേറെ താക്കോലുണ്ടായിരുന്നു എന്ന്. അന്നേരം എനിക്കു തോന്നി സീത  ചെയ്തതുപോലെ ഭൂമി പിളര്‍ന്നങ്ങ് താഴേക്കു പോയിരുന്നെങ്കില്‍ എന്നു്.  പിന്നത്തെ പുകിലൊന്നും പറയാനെനിക്കു ശക്തിയില്ല. ചുരുക്കത്തില്‍ ഇനി നെല്ലായിക്കാരാരും ഞങ്ങളുടെ താക്കോലുവാങ്ങിവക്കുമെന്നു തോന്നുന്നില്ല.  ഭാഗ്യം, കേരള പൊലീസായതുകൊണ്ട് അവരെത്തിയില്ല.

ഉറങ്ങിയ രാമേട്ടനെ എണീപ്പിക്കണ്ട എന്നു കരുതിയ നല്ല മനസ്സിനു കിട്ടിയ ശിക്ഷ.

എഴുത്തുകാരി.

60 comments:

Typist | എഴുത്തുകാരി said...

ഇങ്ങനേം പുലിവാല് പിടിക്കാല്ലേ...

Akbar said...

ഭാഗ്യം, കേരള പൊലീസായതുകൊണ്ട് അവരെത്തിയില്ല. അത് കലക്കി.


നമ്മുടെ സ്വന്തം മുരളീധരന്‍
http://chaliyaarpuzha.blogspot.com/

നൌഷാദ് ചാവക്കാട് said...

പാവം രാമേട്ടന്‍ അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം

വശംവദൻ said...

ഹ..ഹ.. ഇത് പുലിവാൽ തന്നെ !!

പഴയ പ്രിയദർശൻ സിനിമകളിലെ ക്ലൈമാക്സ് സീൻ പോലെ ഒരു കൂട്ടത്തല്ലിനുള്ള സ്കോപ്പ് ഉണ്ടായിരുന്നു.

എന്താ‍യാലും ആരും അടികൊള്ളാതെ രക്ഷപെട്ടു. ഭാഗ്യം !

അനിൽ@ബ്ലൊഗ് said...

എഴുത്തുകാരിച്ചേച്ചീ,
നിങ്ങള്‍ വന്ന വിവരം രാമേട്ടനെ അറിയിക്കഞ്ഞത് തെറ്റായിപ്പോയി.
വീടുനിങ്ങളുടെ ആണെങ്കിലും തിരി‍കെ വന്ന് ചാര്‍ജെടുക്കുന്നവരെ അത് രാമേട്ടന്റെ കസ്റ്റഡിയില്‍ ആണ്.
ഇനിയെങ്കിലും അബദ്ധങ്ങള്‍ പറ്റാതിരിക്കട്ടെ.

krishnakumar513 said...

നന്നായിട്ടുണ്ട് ചേച്ചീ ഈ പോസ്റ്റ്

താരകൻ said...

അന്നേരം എനിക്കു തോന്നി സീത ചെയ്തതുപോലെ ഭൂമി പിളര്‍ന്നങ്ങ് താഴേക്കു പോയിരുന്നെങ്കില്‍ എന്നു്. ..ഇഷ്ടപെട്ടു..എന്തായാലും പൊരിഞ്ഞൊരിടിക്കുള്ള സ്കോപുണ്ടായിരുന്നു..

Readers Dais said...

എഴുത്തുകാരി ,
നന്നായിട്ട് ചിരിച്ചു കേട്ടോ, അപ്പോള്‍ ചിരിപ്പികാനുള്ള കഴിവും ഉണ്ട് അല്ലെ , പഴയ പോസ്റ്റൊന്നും വായിച്ചില്ല , ഇനി സമയം പോലെ വായിക്കാം കേട്ടോ ,പിന്നെ ഈ പോസ്റ്റ്‌ ഒരു പ്രിയദര്‍ശന്‍ പടത്തിലെ രംഗം ത്തിനുള്ള സ്കോപ് ഉണ്ട് കേട്ടോ , അല്ല ഇത് സത്യമായിട്ടും സത്യമാണോ ?
:)

കുമാരന്‍ | kumaran said...

ഭാഗ്യം, കേരള പൊലീസായതുകൊണ്ട് അവരെത്തിയില്ല.

അതു കലക്കി. മനോഹരമായിട്ടെഴുതി. ലളിതമായ പോസ്റ്റ്. നന്നയിട്ടുണ്ട്.

ഹരീഷ് തൊടുപുഴ said...

എന്നാലും എന്റെ ചേച്ചീ..

ആ രാമേട്ടന്‍ എത്രമാത്രം ടെന്‍ഷന്‍ തിന്നു കാണും..
ഗേറ്റിന്റവിടെ കള്ളനെ കുരുക്കാന്‍ നാട്ടുകാരുടെ നില്‍പ്പും, വെളിയിലുള്ള കള്ളന്മാരെ കുരുക്കാന്‍ വീടിനകത്തുള്ളവരുടെ നില്‍പ്പും ഒന്നു സങ്കല്പിച്ചു നോക്കി..
ചിരി ഊറി വരുന്നുണ്ടു..

Sands | കരിങ്കല്ല് said...

കൊള്ളാല്ലോ വീഡിയോണ്‍. :)

ഗോപക്‌ യു ആര്‍ said...

ഹൊഹൊഹൊ...ചിരിക്കാതേങനെ....
സംഭവം കലക്കി....

നാട്ടുകാരന്‍ said...

ചേച്ചിയുടെ ധൈര്യത്തെ നമിച്ചിരിക്കുന്നു :)

എന്താ ഈ കേൾക്കണേ....നെല്ലായിയും ത്രുശ്ശൂരുമൊക്കെ കടന്ന് അങ്ങ് ദൂരെ കോയംബട്ടൂരൊക്കെ പോയീന്നോ.......ശിവ..ശിവ...കലികാലം എന്നല്ലാതെ എന്തു പറയാൻ !

ബിന്ദു കെ പി said...

ഹോ, ഇങ്ങനെയും പുലിവാലോ..!! (ഇതു നിങ്ങൾ വരുത്തിവച്ചതു തന്നെ)
എന്തായാലും രാമേട്ടന്റെ ഉത്തരവാദിത്വബോധം അഭിനന്ദനാർഹം തന്നെ.

OAB/ഒഎബി said...

‘ഒരു ഒലക്ക കിട്ടൊ?‘
‘ഒലക്ക...ഊണ്ടാവില്ല കെട്ടോ ഒരൽ മതിയാവോ?‘

ശ്രീനിവാസൻ അമ്മായി അപ്പന്റെ മണ്ടക്ക് ഉലക്കയാൽ അടിക്കുന്ന ആ സീൻ ഓർമയില്ലെ. അതു പോലെ ഒന്ന് കിട്ടിയിരുന്നെങ്കിൽ ഈ പോസ്റ്റ് എങ്ങനെയിരുന്നേനെ എന്നാണ് ഞാൻ ചിന്തിച്ചു പോവുന്നത്. :) :)

അല്ല എന്നെ കുറ്റം പറയാൻ പറ്റൂലെയ്.
സ്ഥലത്തെ ദിവ്യന്മാരെ പറഞ്ഞാൽ മതി..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനൊന്നു പറയണില്ലേയ്

:)

ശ്രീ said...

ഹ ഹ. കുറച്ച് ചമ്മി എങ്കിലും സാരമില്ല ചേച്ചീ... ഇത്ര ആത്മാര്‍ത്ഥതയുള്ള നല്ല അയല്‍ക്കാരെ കിട്ടിയതില്‍ സന്തോഷിയ്ക്കാം :)

മുരളിക... said...

''എനിക്കു തോന്നി സീത ചെയ്തതുപോലെ ഭൂമി പിളര്‍ന്നങ്ങ് താഴേക്കു പോയിരുന്നെങ്കില്‍ എന്നു്''

(ഹോ, എന്തൊക്കെ തോന്നലാണെന്ന് നോക്കണേ....)


ഭാഗ്യം, കേരള പൊലീസായതുകൊണ്ട് അവരെത്തിയില്ല....

കോടിയേരി കേക്കണ്ട....(ഒരെല്ല് കൂടുതല്‍ ഉള്ള കഥയൊക്കെ കേട്ടുകാണുമല്ലോ അല്ലെ? )

Diya said...

hehe..adipoli!!! :)

കുഞ്ഞൻ said...

ചിരിക്കുകയല്ലാതെ വേറൊന്നും പറയാനില്ല ചേച്ചി...

കുറച്ചുനേരം എല്ലാവരേയും മുൾ മുനയിൽ നിർത്തിയ ചേച്ചി, സീതയാകാൻ ആഗ്രഹിച്ചത് നന്നായി..!

പ്രയാണ്‍ said...

നാട്ടില്‍ താമസിക്കണമെങ്കില്‍ പലതും പഠിക്കാനുണ്ടല്ലെ.......:) സ്ഥിരതാമസമാക്കുമ്പോള്‍ ട്യൂഷന്നു വരുന്നുണ്ട്.

കാസിം തങ്ങള്‍ said...

കള്ളനെ പിടിക്കാനുള്ള ത്രില്ലില്‍ ഓടിയെത്തിയവരെയൊക്കെ നിരാശപ്പെടുത്തിയല്ലേ ചേച്ചി. എന്തായാലും രാമേട്ടന്‍ കാണിക്കുന്ന ആത്മാര്‍തഥത വിലപ്പെട്ടത് തന്നെ.

Typist | എഴുത്തുകാരി said...

Akbar,
നൌഷാദ്,
വശംവദന്‍,

അനില്‍, ഞാന്‍ യോജിക്കുന്നു.

krishnakumar513,

താരകന്‍,

Readers Dais, എന്നെ വിശ്വാസമില്ല അല്ലേ:)

കുമാരന്‍,

ഹരീഷ്, ഉം, ചിരിച്ചോ ചിരിച്ചോ.
കരിങ്കല്ല്‌,:)

ഗോപക്, അല്ല മാഷേ, എവിടെയായിരുന്നു കുറേക്കാലമായിട്ടു്.

നന്ദി എല്ലാവര്‍ക്കും, ഈ അബദ്ധം കണ്ടു ചിരിച്ചതിനു്.

Typist | എഴുത്തുകാരി said...

നാട്ടുകാരന്‍, മോനേ ദിനേശാ നാട്ടുകാരാ നമ്മളൊരു പാവം. ബൂലോകം( ബൂലോഗവും) മുഴുവന്‍ കറങ്ങി നടക്കുന്നവര്‍ക്കങ്ങനെയൊക്കെ തോന്നും :)

ബിന്ദു,

OAB, എന്തൊരു നല്ല ചിന്ത! :):)

പ്രിയാ,

ശ്രീ,

മുരളിക, കേട്ടു കേട്ടു. ആ എല്ല് കാണുകേം ചെയ്തു പത്രത്തില്‍.

Diya,

കുഞ്ഞന്‍,

പ്രയാണ്‍, സന്തോഷം.ധൈര്യമായിട്ടു വന്നോളൂ, പക്ഷേ ഇതുപോലത്തെ അബദ്ധങ്ങളേയുള്ളൂ എന്റെ കയ്യില്‍.

കാസിം തങ്ങള്‍,

എല്ലാവര്‍ക്കും നന്ദി, സന്തോഷം.

poor-me/പാവം-ഞാന്‍ said...

Dear typist
You kept a copy of your key also with you! what a typist!

Rare Rose said...

പോട്ടെന്നേ..ഇതു പോലത്തെ കുഞ്ഞ് വലിയ അബദ്ധങ്ങള്‍ ഏതു പോലിസുകാരനാ പറ്റാത്തത്..:)

വാഴക്കോടന്‍ ‍// vazhakodan said...

'എനിക്കു തോന്നി സീത ചെയ്തതുപോലെ ഭൂമി പിളര്‍ന്നങ്ങ് താഴേക്കു പോയിരുന്നെങ്കില്‍ എന്നു്''

ഹ ഹ ഹ അത് കലക്കി !അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം :)

sherlock said...

ബെസ്റ്റ് :)

ആര്‍ദ്ര ആസാദ് / Ardra Azad said...

ബെസ്റ്റ് നാടും നാട്ടുകാരും....
നെല്ലായി സൈഡില്‍ 3 സെന്റ് സ്ഥലം കിട്ടാന്‍ വഴിയുണ്ടോ വീടുവെക്കാന്‍...

ഗീത said...

നല്ലതു ചെയ്യാംന്നു വച്ചാലും സമ്മതിക്കൂല്ലാന്നു വച്ചാല്‍.......

ഉറങ്ങിയെങ്കില്‍ ഉപദ്രവിക്കണ്ടാന്നു വിചാരിച്ചിട്ടല്ലേ? ഇനിത്തൊട്ട് അത്രക്കങ്ങ് നല്ലപിള്ളേന്നും ആവണ്ടാട്ടോ. മറ്റുള്ളവരെ ഇത്തിരിയൊക്കെ ഉപദ്രവിച്ചോളൂ . അതാ സുരക്ഷിതം... :)

Kunjipenne - കുഞ്ഞിപെണ്ണ് said...

കഥേലൊരിടത്തും ചേട്ടനെക്കുറിച്ച്‌ പറഞ്ഞട്ടില്ല.
പിന്നീ ബാബു വന്ന്‌ ഞങ്ങളാചേട്ടാ കതക്‌ തുറക്ക്‌ന്ന്‌ പറഞ്ഞതെന്തിനാണ്‌ ? ങും ,,.....എനിക്കറിയാം..........
അത്‌ പോട്ടെ, പെണ്ണല്ലെ..... മന്ദബുദ്ധിയല്ലെ.... ക്ഷമിക്കെണ്ടെ...

ആഗ്നേയ said...

ചമ്മി ഒരുവഴിക്കാ‍ായീല്ലെ?എന്നാലും ഇന്നത്തെക്കാലത്തും ഇങ്ങനെയുള്ള അയൽക്കാർ ഒരു ഭാഗ്യം ആണു ടൈപ്പിസ്റ്റേ.:-)

Typist | എഴുത്തുകാരി said...

പാവം-ഞാന്‍ - :):)
Rare Rose - :):)
വാഴക്കോടന്‍ - :):)
Sherlock - :):)

ആര്‍ദ്രാ ആസാദ് - രക്ഷയില്ല മാഷേ. ഇനി പുറത്തുനിന്ന് ആര്‍ക്കും കൊടുക്കുന്നില്ല സ്ഥലം. ബെസ്റ്റ് ആള്‍ക്കാരെ കിട്ടുമെന്നതിനെന്താ ഉറപ്പ്...

ഗീതാ, നന്ദി.

കുഞ്ഞിപ്പെണ്ണ്, അതെ, ക്ഷമിക്ക്യന്നെ. ബാക്കി പെണ്ണുങ്ങളെ മന്ദബുദ്ധിയാക്കിയാല്‍ അവരു ചിലപ്പോള്‍ ക്ഷമിക്കില്ല.

ആഗ്നേയ,:)

ശ്രീനന്ദ said...

നല്ല ഇടി കിട്ടാഞ്ഞത് ഭാഗ്യമെന്നു വിചാരിച്ചോ. എന്നാലും അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം.
ഞങ്ങളൊക്കെ തൊട്ടടുത്ത ഫ്ലാറ്റില്‍ കള്ളന്‍ കേറിയാല്‍ അറിയുന്നത് പിറ്റേന്നത്തെ പത്രം വായിച്ചാവും.

പ്രേം said...

രാമേട്ടന്റെ വീര സാഹസ കഥകള്‍ കേള്‍ക്കാനുള്ള അവസരം നഷ്ടപ്പെട്ടുവല്ലോ ... പാവം എന്തൊക്കെ മനസ്സില്‍ കണ്ടോണ്ടായിരിക്കും ഉലക്കയും ഉരലും കൊണ്ടെത്തിയത്... കേരളാ പോലീസിനു ഈ അമളി ഇടയ്ക്കിടെ പറ്റാരുണ്ടാകും അതായിരിക്കും അവര്‍ വരാത്തത്, ഒരമളിയില്‍ നിന്നും അവര്‍ രക്ഷപെട്ടല്ലോ ... ഭാഗ്യം ..

അല്ല ചേച്ചീ ... ശ്രീനിവാസന്റെ പാസ്സഞ്ചര്‍ സിനിമ കണ്ടിരുന്നോ .... അതില്‍ ശ്രീനിവാസന്റെ വീട്ടിനടുത്താണോ ചേച്ചീടെ വീട് ? ....

തമാശിച്ചതാണേ... നല്ലൊരു പോസ്റ്.

ദൈവം അനുഗ്രഹിക്കും തീര്‍ച്ച !!

വിനുവേട്ടന്‍|vinuvettan said...

കുഞ്ഞിപ്പെണ്ണ്‌ പറഞ്ഞ ആ 'ചേട്ടാ' എന്നുള്ള വിളി കണ്ട്‌ ഞാനും കണ്‍ഫ്‌യൂഷനിലായി. പിന്നെ വിചാരിച്ചു 'എഴുത്തുകാരി' എന്ന തൂലികാനാമത്തില്‍ എഴുതുന്ന ഏതോ ചേട്ടനാണ്‌ താങ്കള്‍ എന്ന്... എന്തായാലും സംഭവം കലക്കി...

Typist | എഴുത്തുകാരി said...

വിനുവേട്ടന്‍ - അയ്യോ അങ്ങനെ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നൂല്ലേ. ഞാന്‍ എഴുത്തുകാരനൊന്ന്വല്ല,എഴുത്തുകാരി തന്നെയാ. ഞങ്ങള്‍ എന്നു പറഞ്ഞതു്, ഞാനും എന്റെ ഭര്‍ത്താവും മകളും. അപ്പോ ചേട്ടാ എന്നു വിളിച്ചതു് ആരെയാന്നു മനസ്സിലായല്ലോ.

കണ്ണനുണ്ണി said...

ഹഹ
ഓരോ അടി വരുന്ന വഴിയെ

raadha said...

കൊള്ളം..ഇങ്ങനെയും അബദ്ധങ്ങള്‍ പറ്റും ല്ലേ. ഇത്രക്കും ആത്മാര്‍ഥതയും നിഷ്കളങ്കതയും ഉള്ള ഒരു അയല്‍ക്കാരനെ കിട്ടിയല്ലോ. ഭാഗ്യം.

തെച്ചിക്കോടന്‍ said...

ഇത്രയും ആത്മാര്‍ഥതയും നിഷ്കളങ്കതയും ഉള്ള അയല്‍ക്കാരന് നന്ദി പറയണം.
നല്ല പോസ്റ്റ്‌

ബിലാത്തിപട്ടണം / Bilatthipattanam said...

കർമ്മനിരതരായ നാട്ടുകാർ ,
മർമ്മം തെറ്റിപിടിച്ച പുലിവാൽ ,
നർമ്മത്തിൽ അവതരിപ്പിച്ച ആലേഖനം ,
ഓർമയിൽ സൂഷിക്കാൻ നല്ലൊരുയനുഭവം ....

ഉഗ്രനായിട്ട്ണ്ട്..ട്ടാ‍ാ..

കൊട്ടോട്ടിക്കാരന്‍... said...

കോയമ്പത്തൂരു പോയിട്ട് ഓട്ടോയില്‍ യാത്ര ചെയ്തുവോ..?

ഗോപീകൃഷ്ണ൯ said...

കൊള്ളാം

Typist | എഴുത്തുകാരി said...

ശ്രീനന്ദ,

പ്രേം, ഇല്ലാ, ആ സിനിമ കണ്ടില്ല. അതില്‍ നെല്ലായി സ്റ്റേഷനില്‍നിന്നാണ് ശ്രീനിവാസന്‍ കയറിയിരുന്നത് അല്ലേ?

വിനുവേട്ടന്‍,
കണ്ണനുണ്ണി,
Raadha,
തെച്ചിക്കോടന്‍,
ബിലാത്തിപ്പട്ടണം,

കൊട്ടോട്ടിക്കാരന്‍, ഇല്ല,അതിനുള്ള അവസരം ഉണ്ടായില്ല. നല്ല കത്തിയാ അല്ലേ?

ഗോപീകൃഷ്ണന്‍,

ഇവിടെ വന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

നന്ദ വര്‍മ said...

ഹ ഹ കൊള്ളാമല്ലോ ചേച്ചി ....ചിരിച്ചു ചിരിച്ചു ഞാന്‍ വശം കെട്ടു കേട്ടോ .........

വരവൂരാൻ said...

ഹഹഹ രസികൻ വിവരണം ആശംസകൾ

Seema Menon said...

ഭാഗ്യം, കേരള പൊലീസായതുകൊണ്ട് അവരെത്തിയില്ല!!!!!!ഹ ഹ ഹ ഹ.

നന്നായിട്ടുണ്ട് ചേച്ചീ.

വയനാടന്‍ said...

നല്ല അനുഭവം, നന്നായെഴുതിയിരിക്കുന്നു

the man to walk with said...

oru cinematic abubhavam aayalloo..sambavam adichu polichu ennu thanne parayanam ..ishtaayi

Gopakumar V S (ഗോപന്‍ ) said...

ഇതു നല്ല പുലിവാല്...

സുമേഷ് മേനോന്‍ said...

അല്ല ചേച്ചി, പിറ്റേദിവസം നാട്ടുകാരെയെല്ലാം എങ്ങിനെ ഫേസ് ചെയ്തു??

രസകരമായ സംഭവം... :)

പാവത്താൻ said...

കൊള്ളാം..രാമേട്ടന്റെ റോള്‍ ഇന്നസെന്റിനു കൊടുക്കാം..

മോഹനം said...

എന്തുവന്നാലും ഒരു ഭൂമിയും ഒരു സീതയും...ഹും ആ വാത്മീകിയെ ഒന്നു കാണട്ടെ...

വീ കെ said...

നാട്ടുകാര് ഇടിച്ചു പോളിച്ച് അകത്തു കയറിയിരുന്നെങ്കിലുള്ള അവസ്ഥയാ ഞാനോലോചിക്കുന്നത്...!!?

എങ്കിൽ പിന്നെ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വരുമായിരുന്നില്ല...

“കേരളാ പോലീസായതു കൊണ്ട് അവരെത്തിയില്ല..” ഇതു കലക്കി...!!!

സഹവാസി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

നന്ദ വര്‍മ്മ,
വരവൂരാന്‍,
Seema Menon,
വയനാടന്‍,
the man to walk with,
ഗോപന്‍,
സുമേഷ് മേനോന്‍,
പാവത്താന്‍,
മോഹനം,
വി കെ,

എല്ലാവര്‍ക്കും നന്ദി.

ചാണക്യന്‍ said...

എഴുത്തുകാരി ചേച്ചിക്ക് ഇനീം ഇങ്ങനത്തെ അബദ്ധങ്ങൾ പറ്റട്ടെ.(തല്ലല്ല്)

അതൊക്കെ പോസ്റ്റാവുമ്പോൾ വായിച്ച് ചിരിക്കാല്ലോ:):):):)

Typist | എഴുത്തുകാരി said...

ചാണക്യന്‍, ഉം, ചിരിച്ചോ ചിരിച്ചോ.:):)

മാണിക്യം said...

സത്യമായും ചിരിച്ചു ....
ഒരോരോ ബുദ്ധി ...
ആള്‍ കൂട്ടത്തിലേക്ക് വാതില്‍ തുറന്നിറങ്ങി വരുമ്പോഴുള്ള ആ ഭാവം ഞാന്‍ ഒന്നു ആലോചിക്കുവാണേ!!
നല്ല എഴുത്ത് ..അണില്‍@ പറഞ്ഞപോലെ രാമേട്ടനെ അറിയിക്കണമായിരുന്നു... :)

Typist | എഴുത്തുകാരി said...

മാണിക്യം - നന്ദി.