Saturday, July 18, 2009

മഴയത്ത്, വെറുതെ....

തോരാതെ  പെയ്യുന്ന  മഴ.  ആകെ ഇരുട്ട്‌. കാറ്റുമുണ്ട്‌. കര്‍ക്കിടകത്തില്‍ കാക്ക പോലും പറക്കില്ലെന്നല്ലേ?  പാവം കാക്ക. ഈ മഴയത്തു് പറന്നിട്ടെന്തിനാ?

ആരും വന്നില്ല ഇന്നു്. സഹായിക്കാന്‍ വരുന്ന കൊച്ചുപെണ്ണു് പോലും.. എന്തു പറ്റിയോ എന്തോ? വരാതിരുന്നതും ഒരു കണക്കിനു് നന്നായി. കുറച്ചുനേരം ഇവിടെ ഇങ്ങിനെ ഒറ്റക്കിരിക്കാല്ലോ. ഒന്നും ചെയ്യാതെ മഴയും കണ്ട്‌ പൂമുഖത്തങ്ങിനെ വെറുതെ ഇരിക്കുക.

ഒരു കപ്പ് ചായയുമെടുത്തു് പൂമുഖത്തു വന്നിരുന്നു.  മഴയെന്നും ഇഷ്ടമായിരുന്നു.  മഴയുടെ ശബ്ദവും കേട്ട്, ചൂടുള്ള ചായയും ഊതിയൂതി കുടിച്ചു്. കയ്യിലൊരു പുസ്തകവും കാണും. ഇന്നു് പെട്ടെന്നു് കൈയില്‍ കിട്ടിയതു്   പെരുമ്പടവത്തിന്റെ  'ഒരു സങ്കീര്‍ത്തനം പോലെ' .

വായിക്കാന്‍ തോന്നിയില്ല. മഴ ലേശം തോര്‍ന്നിട്ടുണ്ട്. ഓട്ടിന്‍പുറത്തുനിന്നു് ഇറ്റുവീഴുന്ന വെള്ളത്തുള്ളികള്‍. മുറ്റത്തെ മരങ്ങള്‍ പെയ്തുകൊണ്ടേയിരിക്കുന്നു. പുഴ നിറഞ്ഞിട്ടുണ്ടാവും. പണ്ട് കുട്ടിക്കാലത്തു വൈകീട്ട്  സ്കൂളില്‍ നിന്നു വന്നാല്‍, ആദ്യം ഓടി ചെന്നു നോക്കുന്നതു് പുഴയാണ്.  എത്ര പടി കൂടി മുങ്ങി എന്നു്.  മലയില്‍ നിന്നു് ഒഴുകി വരുന്ന മരങ്ങള്‍ പിടിക്കാന്‍  കുറുകെ കയറ് കെട്ടി കാത്തിരിക്കുന്ന കുട്ടപ്പനും സംഘവും.. നല്ല ഒഴുക്കായിരിക്കും. ആ ഒഴുക്കിലും നീന്തുന്ന ചേട്ടന്മാര്‍.‍.കടവില്‍ വന്നു കേറണമെങ്കില്‍, അകലെ ചെന്നു് ചാടണം.

ഇന്നെന്തായാലും പുഴ നിറഞ്ഞിട്ടുണ്ടാവും, രണ്ടുമൂന്നു ദിവസമായില്ലേ നിര്‍ത്താതെ പെയ്യുന്നു.ഒന്നു പോയി നോക്കട്ടെ.

ഇതിലേ പോകാം..

ഒഴുകി ഒഴുകി ഇവിടെ വരെ എത്തി. നിക്കാന്‍ നേരമില്ല...

നിറഞ്ഞല്ലോ! ഇതു പെണ്ണുങ്ങള്‍ കുളിക്കുന്ന കടവു്..

നെല്ലായിലെത്തി. ഇനി ഒരു ലേശം വളഞ്ഞുപോണം...

ഇവരൊക്കെ മലയില്‍നിന്നേ എന്റെ കൂടെയുണ്ട്..

ഇതു ക്ഷേത്രക്കടവു്. രാവിലെ നോക്കുമ്പോള്‍ അഞ്ചു പടിയുണ്ടായിരുന്നു. ഈ പടികള്‍ എല്ലാം മുങ്ങിയാല്‍ പ്രളയം ആവുമത്രേ!

കരിങ്കല്ല്‌ കെട്ടിയ കടവാണിവിടെ, വെള്ളത്തിനടിയില്‍..

പേര് കുറുമാലി പുഴയെന്നാണെങ്കിലും,കുറുമാലി ഇനിയും എത്രയോ അകലെ!

യാത്രയാകുന്ന പുഴ, അമ്പലപ്പറമ്പില്‍ നിന്നുള്ള കാഴ്ച..

ഇനിയുമെത്രയോ ദൂരം, യാത്ര തുടരട്ടെ..


എഴുത്തുകാരി.

53 comments:

Typist | എഴുത്തുകാരി said...

കുറുമാലി പുഴ നെല്ലായിലെത്തിയപ്പോള്‍. ചില മഴ/പുഴ ചിത്രങ്ങള്‍, ചൂടാറാതെ...

ടി. കെ. ഉണ്ണി said...

mazha peyyunnathu nOkkiyirikkaan nalla rasamaaNu.

പൊറാടത്ത് said...

ചൂടുചായയും നുണഞ്ഞ്, മഴയും നോക്കി ഉമ്മറത്തിരിയ്ക്കുന്നതിന്റെ ഒരു സുഖമേ.... ഹൌ.... കൊത്യാവുണൂ...

മാണിക്യം said...

കുറച്ചുനേരം ഇവിടെ ഇങ്ങിനെ ഒറ്റക്കിരിക്കാല്ലോ. ഒന്നും ചെയ്യാതെ മഴയും കണ്ട്‌ പൂമുഖത്തങ്ങിനെ വെറുതെ ഇരിക്കുക. ......

അതും അത്യാവശ്യമാണ്..
രസം പിടിചു വായിച്ചു തുടങ്ങിയപ്പൊഴാ
ചിത്രങ്ങള്‍!
അതു നൂറു കഥ പറയുന്നവയായി ..

മനോഹരം !!

OAB/ഒഎബി said...

കഴിഞ്ഞ കാലം, ചെറുപ്പ കാലം അതൊക്കെ പോകട്ടെയെന്ന് വക്കാം. ഇതനുഭവിക്കാൻ ഭാഗ്യമില്ലാത്തവ(ർ)ൻ താൻ പ്രവാസി. നഷ്ടത്തിന്റെ ഏടല്ല പുസ്തകം തന്നെയാണ് ഇതൊക്കെ....നന്ദിയോടെ ഒഎബി.

വരവൂരാൻ said...

ഇങ്ങനെ മഴയെ വാരി പുതക്കാൻ ഭുമിക്ക്‌ ഇത്രമേൽ ചൂടുണ്ടായിരുന്നുവോ..:

ഇതു പെണ്ണുങ്ങള്‍ കുളിക്കുന്ന കടവു്..വെറുതെ ഒരോന്ന് പറയല്ലേ....

സമാന്തരന്‍ said...

മഴയോർമ്മകളും മഴചിത്രങ്ങളും നന്നായിരിക്കുന്നു.

കണ്ണനുണ്ണി said...

നാട്ടിലെയും മഴയും നിറഞ്ഞ പുഴയും ഒക്കെ കാണിച്ചു കൊതിപ്പിക്യാണോ ചേച്ചി....:(
ദെ..ഞാന്‍ നാളത്തെ ഇസ്ലാണ്ടിനു നാട്ടില്‍ വന്നു നിക്കുട്ടോ...കൂടുതല്‍ കൊതി പിടിച്ചാല്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഗൃഹാതുരത്വം നിറഞ്ഞ ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടമായി.നിറുത്താതെ കോരിച്ചൊരിയുന്ന മഴ.കര കവിഞ്ഞ് ഒഴുകുന്ന തോടുകളും,പുഴയും.കലക്ക് വെള്ളത്തില്‍ വീട്ടുകാരറിയാതെ കൂട്ടുകാരുമൊത്ത് നീന്തിയും,മലക്കം മറിഞ്ഞും കളിച്ചിരുന്ന കാലം.എല്ലാം എന്റെ ഓര്‍മ്മയില്‍ വന്നു.ഒത്തിരി ഒത്തിരി നന്ദി.
വെള്ളായണി

KK said...

ദേ...ചേച്ചിയുടെ ഇതുപോലെയുള്ള മറ്റൊരു പോസ്റ്റാ രണ്ടുമാസം മുന്നെ എന്നെ നാട്ടിലെത്തിച്ചതു...ഇതു കണ്ടിട്ടിപ്പോ വീണ്ടും പോകാന്‍ തോന്നുന്നു, ആ മഴയില്‍ നനയാന്‍ കൊതിയാകുന്നൂ..

പോസ്റ്റ് നന്നായിട്ടുണ്ട്..

Anil cheleri kumaran said...

കുളിക്കടവിലൊന്നും പെണ്ണുങ്ങളില്ലെന്നേ...
ഹ ഹ

അനില്‍@ബ്ലോഗ് // anil said...

ഇത്ര ശാന്തതയോ?
ഹേയ് അങ്ങിനെ ആവാന്‍ വഴിയില്ല.
ഇന്ന് ഭാരതപ്പുഴയിലെ വെള്ളം കാണാന്‍ പോയി, പട്ടാമ്പിപ്പാലത്തിന്റെ കീഴിലൂ‍ടങ്ങനെ പായുകയാണ് ഗഡി.
എന്നിട്ട് നിങ്ങടെ നാട്ടില്‍ മാത്രം നല്ലകുട്ടിയോ?
(കുറുമാലിയായാലും ഭാരതി ആ‍യാലും ഒക്കെ കണക്കാ)

ഹരീഷ് തൊടുപുഴ said...

രാവിലെ പത്രത്തിന്റെ മുൻപേജ് കണ്ടപ്പോൾ വല്ലാതെ മനസ്സ് കുളിർത്തു.
ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു!!!!
പട്ടാമ്പി പാലത്തിന്റെ മുകളിലൂടെ അനന്തമായി ഒഴുകുന്നു..
ഒരു അത്ഭുതം സംഭവിച്ചിരിക്കുന്നു...

ഈ മഴയൊരിക്കലും അവസാനിക്കതിരിക്കട്ടെ!!!

Typist | എഴുത്തുകാരി said...

T.K.Unni, നന്ദി.

പൊറാടത്ത്, എന്തിനാ കൊതിക്കണേ, അടുത്ത മഴക്കാലത്ത് വരാല്ലോ, നാട്ടിലേക്കു്.

മാണിക്യം - നന്ദി.

OAB - പോട്ടെ, സാരല്യ, പ്രവാസിക്കും തിരിച്ചുവരാല്ലോ,കാത്തിരിക്കാന്‍ ഒരു നാടുണ്ടല്ലോ, മഴയും.

വരവൂരാന്‍, നുണയല്ല, സത്യം.

സമാന്തരന്‍, നന്ദി.

കണ്ണനുണ്ണി, പനി മാറിയോ? മീറ്റിനെത്താന്‍ പറ്റില്ല, അല്ലേ?

വെള്ളായണി വിജയന്‍, നന്ദി.

ഏകാന്തപഥികന്‍, ഇനി മഴയുള്ളപ്പോ നാട്ടില്‍ വന്നാല്‍ മതീട്ടോ.

കുമാരന്‍, വെള്ളമൊന്നിറങ്ങട്ടെ, പെണ്ണുങ്ങളൊക്കെ വരും.

അനില്‍, അതെന്താ അങ്ങിനെ എനിക്കറിയില്ല. പോസ്റ്റ് ഇടുന്നതിനു് അര മണിക്കൂര്‍ മുന്‍പ് എടുത്ത പടങ്ങളാ. ഒഴുക്കു് അടിയിലുണ്ടാവും, പുറമേക്കു് ശാന്തതയാണെങ്കിലും. നെല്ലായിലെത്തിയപ്പോള്‍, നെല്ലായിക്കാരെപ്പോലെ നല്ല കുട്ടിയായതാവാനും വഴിയുണ്ട്‌.

Anonymous said...

nalla chithrangal...

Oru Vayanakkaran.

അരുണ്‍ കരിമുട്ടം said...

നന്ദി..
നാട്ടിന്‍ പുറത്തിന്‍റെ നല്ല കുറേ ഫോട്ടോകള്‍ക്ക്

പ്രയാണ്‍ said...

ശരിയാണ്...ഇങ്ങിനെ മഴയത്ത് ഒറ്റക്കിരിക്കാന്‍ വല്ലാത്തൊരു രസമാണ്.....പുഴ വളരെ പാവമാണല്ലൊ..!

Anonymous said...

മഴയത്ത് ചായയും കുടിച്ചു മനസ്സിനെ മേയാന്‍ വിടുന്നത് എന്റെയും ഒരു പ്രധാന വിനോദമാണ്
പുഴ നിറഞ്ഞു നില്‍ക്കുന്നു എന്നാലും കോപിഷ്ട്ടയായി തോന്നുന്നില്ല
പക്ഷെ മനസ്സെന്നെ പുഴ നിയന്ത്രണം ഇല്ലാതെ പായുന്നു!
swetha!

ശ്രീ said...

മഴക്കാലത്ത് ഇങ്ങനെ മഴയും അസ്വദിച്ചു കൊണ്ടിരിയ്ക്കുന്നത് ഒരു സുഖമാണ് അല്ലേ ചേച്ചീ...

Areekkodan | അരീക്കോടന്‍ said...

ചേച്ചീ...എനിക്കിഷ്ടമായത്‌ ആ വഴിയാണ്‌.ഇവിടെ ഞങ്ങളുടെ ചാലിയാറും കുത്തി ഒഴുകുന്നു,പേടിപ്പെടുത്തുന്ന രൂപത്തില്‍.

നാട്ടുകാരന്‍ said...

പുഴക്കരെ വീടുണ്ടെങ്കില്‍ നല്ലതായിരുന്നു !
ചേച്ചിയുടെ ഒരു യോഗം!

ഇട്ടിമാളു അഗ്നിമിത്ര said...

പട്ടാമ്പിപ്പുഴ പാലം തൊട്ടൊഴുകുന്നു..

Faizal Kondotty said...

very nice..and Of course nostalgic..

Typist | എഴുത്തുകാരി said...

ഹരീഷ്,
അനോണീ,
അരുണ്‍,
Prayan,
അനോണീ,
ശ്രീ,
അരീക്കോടന്‍,
നാട്ടുകാരന്‍,
ഇട്ടിമാളു.
Faizal,
പുഴ കാണാന്‍ വന്ന എല്ലാവര്‍ക്കും
നന്ദി.

sadu സാധു said...

പുഴഒഴുക്കു വഴിയിലുടെയുള്ള യാത്ര നല്ല മനോഹരമായിരിക്കുന്നു.
(ഒ.വി ഉഷചേച്ചിയുടെയല്ല).

ജ്വാല said...

മഴ/പുഴ ദൃശ്യങ്ങള്‍ നന്നായിട്ടുണ്ട്.
പുഴ ശാന്തമായ് ഒഴുകട്ടെ

രസികന്‍ said...

മഴക്കാഴ്ചകള്‍ ഗംഭീരം .. ആശംസകള്‍

smitha adharsh said...

ടി.വി.യില്‍ കണ്ടു...പിന്നെ,ദാ ഇപ്പോഴും..എന്നാലും എനിക്ക് മഴയെ മിസ്സ്‌ ചെയ്തു ട്ടോ..
ഇഷ്ടപ്പെട്ടു..ഒരുപാടൊരുപാട്..ഈ വെള്ളക്കാഴ്ചകള്‍..

Unknown said...

എന്നിട്ട് വായിച്ചില്ലേ?? അത് വായിക്കണേ ചേച്ചീ..........

സുന്ദരന്‍ പടങ്ങള്‍......

Aisibi said...

Sundaram... kamaneeyam, nostalgic..verey enthokkeyovaakkukal parayanamenikk...parayan ariyilla :(

Anonymous said...

നെല്ലായി സുന്ദരി ആണ്. ഇപ്പോള്‍ പുഴയിലെ വെള്ളമൊക്കെ കുറഞ്ഞിട്ടുണ്ടാകുമല്ലോ..

Typist | എഴുത്തുകാരി said...

സാധു,
ജ്വാല,
രസികന്‍,
സ്മിതാ,
മുരളിക, ഒന്നുരണ്ടുപ്രാവശ്യം വായിച്ചിട്ടുണ്ട്‌.
Aisibi,
അനോണീ,
നന്ദി, എല്ലാവര്‍ക്കും.‍

വശംവദൻ said...

മഴ /പുഴ കാഴ്ചകൾ മനോഹരം.

താരകൻ said...

മനോഹരമായ പോസ്റ്റ് .നെല്ലായി പുഴയെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും ചിത്രത്തിൽ കൂടുതൽ മനോഹരിയായിട്ടുണ്ട്. പണ്ട് ആകാശവാണിയിൽ കേട്ടിരുന്ന ഒരു പാട്ട് ഓർമ്മവന്നു.”ഇവൾ മണലീ..അവൾ കുറുമാലീ..”
ഇവൾ ചേട്ടത്തി ..അവൾ അനുജത്തി..
കാട്ടിലും മേട്ടിലും ഒന്നിച്ചു ജനിച്ചവർ.
ഒന്നിച്ചു വളർന്നവർ, കളിത്തോഴികൾ....

Muralee Mukundan , ബിലാത്തിപട്ടണം said...

Superb Photos/atikkuruppukalum...

santhoshshivaram said...

chechi avataranam nannayirikkunu picum kollam ethevideyanu ee sthalam nalla bhangiyundu.

രാജേശ്വരി said...

കാഴ്ച്ചകളെത്ര മനോഹരം!!! :-)

ഗൗരി said...

മഴ ഞാനും ഞാന്‍ മഴയും ആവാറുണ്ട്. പലപ്പോളും..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“പൂഴയോരഴകുള്ള പെണ്ണ്“, കുറുമാലി പുഴ...........എഴുത്തുകാരിയുടെ വരികളും വര്‍ണ്ണങ്ങളും ചേര്‍ന്നപ്പോള്‍ നൂറഴകുള്ളോരു പെണ്ണായി.

അതിമനോഹരം......

Typist | എഴുത്തുകാരി said...

വശംവദന്‍,
താരകന്‍,
Bilatthipattanam,
Santhosh Rajan,
Raji,
ഗൌരി,
കിലുക്കാംപെട്ടി,
ഈ വഴി വന്നതിനു് നന്ദി എല്ലാവര്‍ക്കും.

കുഞ്ഞായി | kunjai said...

മഴ ശക്തിപ്രാപിക്കുമ്പോള്‍ കിണറ്റിലെ വെള്ളത്തിന്റെ അളവ് കൂടുന്നതും,വീടിന്റെ അടുത്തുള്ള കൈലോടി തോട്ടിലെ വെള്ളം കൂടുന്നതും ഇടക്ക് പോയി നോക്കുമായിരുന്നു...ഗൃഹാതുരത്തം ജനിപ്പിക്കുന്ന നല്ല പോസ്റ്റ്..

നാട്ടുകാരാ :പുഴ ശാന്തമായി ഒഴുകുമ്പോള്‍ കാണാന്‍ നല്ല ഭംഗിയായിരിക്കും,പക്ഷേ ലെവന്‍ ക്രൂരനായാല്‍ പിന്നെ നാട് വിടേണ്ടിവരും .

സായന്തനം said...

athi manoharam ee post

ഗുരുജി said...

ഫോട്ടോ ഈമഴക്കാലത്തേതല്ലല്ലോ
പട്ടാമ്പിയിൽ പുഴ പാലം മുട്ടുമ്പൊ
നെല്ലായീലെങ്ങനെ ഇങ്ങനെ മിണ്ടാണ്ടാകാ,...?

സൂത്രന്‍..!! said...

നല്ല ഫോട്ടോസ് ചേച്ചി ... കണ്ടിട്ട് ചൂണ്ട ഇടാന്‍ തോന്നുന്നു ? വല്ലതും തടയുമോ ?

Raman said...

Nalla oru photo charitham aayi.

yousufpa said...

രസകരം.

Typist | എഴുത്തുകാരി said...

കുഞ്ഞായി,
സായന്തനം,
ഗുരുജി, സത്യമായിട്ടും ഈ പോസ്റ്റ് ഇടുന്നതിനു് അര മണിക്കൂര്‍ മുന്‍പ്‌ എടുത്ത പടങ്ങളു തന്നെയാണു്.
സൂത്രന്‍,
രാമന്‍,
യൂസുഫ്പാ,
എല്ലാവര്‍ക്കും നന്ദി.

വിഷ്ണു | Vishnu said...

ഈ കര്‍ക്കിടകത്തിലും തുലാമാസത്തിലും പെയ്യുന്ന മഴ അല്ലെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടക്കിയത്....പോസ്റ്റിനും പടങ്ങള്‍ക്കും വളരെ നന്ദി

monu said...

നെല്ലായി പുഴാ കാണുമ്പൊള്‍ ഒരുപാടു സന്തോഷം ....
പുഴാ മുറിച്ചു കടന്നു ചെങ്ങാലൂര്ക് പോകുന്നത് ഓര്മ വരുന്നു :)...
കുരുമൈലി പുഴാ ..അവിടുത്തെ വന്ചികാരന്‍ ആയിരുന്ന മാണിക്യന്‍ ...അവിടുത്തെ പമ്പ് ഹൌസ് .. അതൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല .

monu said...
This comment has been removed by the author.
monu said...
This comment has been removed by the author.
monu said...

ഞാന്‍ നെല്ലയിക്കാരന്‍ അല്ലട്ടോ...എന്റെ അമ്മ വീടാണ് ചെങ്ങലൂരില്‍ ..... പുഴയ്കു അക്കരെ ആയതു കാരണം ഒരു വണ്ടി ശേല്യമോ , ശബ്ദ മലനീകരനമോ ഇല്ലാത്ത സുന്ദരമായ ശാന്തമായ സ്ഥലം... ഇനിയും നഷ്ടം വരാത്ത ഒരു പച്ചതുരുത് ... തന്നോടു പറയാതെ തന്നേ അറിയാമെല്ലോ..

അതോകേയ്‌ ഇപ്പൊ ഒരു നൊസ്റ്റാള്‍ജിയ മാത്രം .. :)

Typist | എഴുത്തുകാരി said...

Monu,
അതെ, തീര്‍ച്ചയായും നെല്ലായിയും ചെങ്ങാലൂരുമൊക്കെ എത്ര നല്ല സ്ഥലങ്ങള്‍. പിന്നെ നല്ലവരായ ഞങ്ങളുമൊക്കെ ഉണ്ടല്ലോ ഇവിടെ :)
എനിക്കെന്റെ വീട്ടില്‍ നിന്നാല്‍ പുഴ കാണാം.