മനസ്സിനെ ഒരുപാട് വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായി ഇന്നു്. എന്റെ സുഹൃത്തു് വന്നിരുന്നു, ഇന്നെന്നെ കാണാന്‍.
നമുക്കവളെ രാധിക എന്നു വിളിക്കാം. സര്ക്കാരുദ്യോഗസ്ഥയാണു്. കാണാന്‍ സുന്ദരി. എപ്പോഴും സന്തോഷവതിയായിട്ടേ അവളെ കാണാന്‍ പറ്റൂ. അവള് ഉടുക്കുന്ന കോട്ടണ്‍ സാരികള്‍ കണ്ടാല്‍ കൊതിയാവും.എല്ലാ കാര്യത്തിലും അവളുണ്ട്. അമ്പലത്തിലെ കാര്യങ്ങളാണെങ്കിലും, തിരുവാതിരകളിയാണെങ്കിലും എന്തായാലും.
അവള് പറയുന്നതു്, എനിക്കൊരുപാട് ദു:ഖമുണ്ട്. അതെന്റെ ഉള്ളിലിരുന്നോട്ടെ. അതുകണ്ട്` മറ്റുള്ളവര്‍ സന്തോഷിക്കണ്ട എന്നു്.പക്ഷേ ഇന്നവള്‍ കരഞ്ഞു, ഒരുപാട്. എന്നിട്ടു് പോകുന്നതിനുമുന്പ് ഒന്നും സംഭവിക്കാത്തതുപോലെ അവളുടെ മുഖം മൂടി എടുത്തണിയുകയും ചെയ്തു.
കുറച്ചു പുറകോട്ടു പോകാം. അവള് ഒരാളെ ഇഷ്ടപ്പെട്ടിരുന്നു.രാജീവ്. അയാള്‍ക്കും ഇഷ്ടമായിരുന്നു. രണ്ടുപേരും ഈ നാട്ടുകാര്‍ തന്നെ. വ്യത്യസ്ഥ ജാതിയില്‍ പെട്ടവര്‍.
ചില പ്രത്യേക കാരണങ്ങളാല്‍ അവര്‍ക്കു കല്യാണം കഴിക്കാന്‍ സാധിച്ചില്ല. അയാള്‍ അവളുടെ സമ്മതത്തോടുകൂടി തന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അവള്‍ക്കും കല്യാണത്തിനു മുന്‍പേ അറിയാമായിരുന്നു, രാജീവും രാധികയും തമ്മിലുള്ള അടുപ്പം.
രാധിക പക്ഷേ കല്യാണം കഴിച്ചില്ല.
രാജീവിനു കുട്ടികളായി.രാധിക അവരുടെ വീട്ടില്‍ പോകാറുണ്ട്. രാജീവിന്റെ ഭാര്യയും കുട്ടികളുമെല്ലാം അവളോട് വളരെ സ്നേഹത്തിലായിരുന്നു. കുട്ടികളെ അവള് അവളുടെ വീട്ടില്‍ കൊണ്ടുപോകാറുണ്ട്. എന്തെങ്കിലും വിശേഷങ്ങളുണ്ടാവുമ്പോള്‍ അവളേയും വിളിക്കാറുണ്ടൂ്. ഒരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.
രാജീവിനു് ബിസിനസ്സ് ആണ്. അതില്‍ ക്ഷീണം വന്നപ്പോള്‍ അവളാണ് ഒരുപാടു് കാശ് സഹായിച്ചതു്.
ഇതിനിടയില്‍ അയാളുടെ ഭാര്യ കുറച്ചുകാലം പിണങ്ങി സ്വന്തം വീട്ടില്‍ പോയി നിന്നു. ആ സമയത്തു് രാജീവ് സുഖമില്ലാതെ ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ കൂടി രാധികയാണു് കൂടെ നിന്നതും ശുശ്രൂഷിച്ചതും,ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ എന്നു പോലും നോക്കാതെ. ഭാര്യ തിരിഞ്ഞുപോലും നോക്കിയില്ല.
ഇപ്പോള്‍ ഭാര്യ തിരിച്ചു വന്നിരിക്കുന്നു. രാധികയോട് ഒരു ശത്രുവിനോടെന്നപോലെയാണിപ്പോള്.
ഇതിലെ ശരിയും തെറ്റും എനിക്കറിയില്ല.
പാവം രാധിക. അവള് ഇന്നെന്നോടു പറഞ്ഞു, "എനിക്കാരോടും ഒന്നും പറയാന്‍ പോലും കഴിയില്ല, എല്ലാവരുടെ കണ്ണീലും ഞാന്‍ തെറ്റുകാരിയല്ലേ? നിനക്കെങ്കിലും എന്നെ മനസ്സിലാവില്ലേ? എനിക്കു തന്നെ അറിയാം ഞാന്‍ അയാളുടെ ആരാണ്? ആരുമല്ല. അങ്ങിനെ ഇഷ്ടപ്പെടാന്‍ പാകത്തില്‍ അയാളില്‍ എന്താണുള്ളതു് ,അതും എനിക്കറിയില്ല, എങ്കിലും എനിക്കയാളെ സ്നേഹിക്കാതിരിക്കാന്‍ കഴിയുന്നില്ലെടോ എന്നു്. "പക്ഷേ ഞാനൊരിക്കലും എന്റെ ഇഷ്ടം പുറത്തുകാണിച്ചിട്ടില്ല. തെറ്റായിട്ടൊന്നും ചെയ്തിട്ടുമില്ല.ആ ഇഷ്ടം എന്നുമെന്റെ മനസ്സില്‍ മാത്രമായിരുന്നു. എന്നിട്ടും എന്തിനെന്നെ ഒരു ശത്രുവിനെപ്പോലെ കാണുന്നു." ഞാനെന്താ അവളോട് പറയുക?
ഒന്നുകൂടി പറഞ്ഞു അവളെന്നോട്.(ഒരു വാശിപോലെ അവളൊറ്റക്കു് ഒരു വീടും പണിതിട്ടുണ്ട് ഇപ്പോള്‍. ആങ്ങളമാരുണ്ട്. അവര്‍ക്കൊക്കെ പക്ഷേ സ്വന്തം കുടുംബമായി)." ഈ പുതിയ വീട്ടിലും ഞാനൊറ്റക്കാണു്. എനിക്കൊരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തണമെന്നുണ്ട്, എന്റെ എന്നു പറയാന്‍ എനിക്കും വേണ്ടേ ഈ ഭൂമിയില്‍ ആരെങ്കിലും ". പക്ഷേ അവിടെയും വിധി അവള്‍ക്കെതിരാണ്. ഭാര്യയും ഭര്‍ത്താവും കൂടി അപേക്ഷിച്ചാലേ ദത്തെടുക്കല്‍ അനുവദിക്കുകയുള്ളൂവത്രേ.
കേട്ടിട്ട് ഒരു സിനിമാക്കഥ പോലെ തോന്നുന്നുണ്ടോ, പക്ഷേ അല്ല.
എനിക്കിതിലെ തെറ്റും ശരിയും അറിയില്ല കൂട്ടുകാരേ, പക്ഷേ എപ്പോഴും ചിരിച്ചുമാത്രം കണ്ടിട്ടുള്ള അവളുടെ കരഞ്ഞ മുഖം എന്റെ മനസ്സില്‍ നിന്നും പോകുന്നില്ല.
എഴുത്തുകാരി.
Wednesday, September 24, 2008
പാവം എന്റെ രാധിക
Posted by Typist | എഴുത്തുകാരി at 12:03 AM
Subscribe to:
Post Comments (Atom)
56 comments:
സ്നേഹിച്ചിരുന്ന ആള് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നതുകൊണ്ട് അവളുടെ ഇഷ്ടം ഇല്ലാതാവുമോ?
ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ അവള് ആ ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചാല്‍ അതെങ്ങിനെ തെറ്റാവും?
ഒരു സിനിമാ കഥ പോലെത്തന്നെ തോന്നി. രാധികയുടെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോൾ ഒരുപക്ഷേ ശരിയായിതോന്നുമെങ്കിലും ഒരു കുടുംബത്തിന്റെ സ്വസ്ഥതക്ക് കളങ്കം വരുത്താൻ ആ സന്ദർശനങ്ങൽ ഇടയാക്കിയിട്ടുണ്ടെങ്കിൽ ഒരിക്കലും രാധികയെന്ന കൂട്ടുകാരിയെ ഞാൻ അനുകൂലിക്കില്ല. പ്രണയവും പ്രണയ നൊമ്പരങ്ങളും നാം എത്ര കണ്ടു. പ്രണയ നായകൻ എല്ലാം മറന്ന് ഒരു ജീവിതം തുടങ്ങാൻ തെയ്യാറെടുത്തപ്പോൾ എന്തുകൊണ്ട് രാധിക മാത്രം അത് മറക്കാൻ തയ്യാറായില്ല. അത് വിഡ്ഢിത്തമായിരുന്നെന്ന് ഞാൻ പറയും. എന്തിന് വേണ്ടി, ആർക്ക് വേണ്ടി ഒരു ജന്മം അവർ പാഴാക്കി? പ്രാണനായകൻ എല്ലാ ഇഷ്ടങ്ങളേയും, സ്വപ്നങ്ങളേയും കാറ്റിൽ പറത്തി മറ്റൊരാളെ വിവാഹം കഴിച്ചപ്പോൾ അതൊരു വാശിയോടെ എടുക്കണമായിരുന്നു. അവരെ വേണ്ടാത്തെ ഒരാളെ വീണ്ടും തേടിച്ചെന്നത് എന്തിനായിരുന്നു? ഒരുപക്ഷെ, അയാൾക്കും താത്പര്യമുണ്ടായിരുന്നെങ്കിൽ കൂടി സമൂഹത്തിന് മുമ്പിൽ ഒരിക്കലും ന്യായീകരണമില്ലാത്ത ഒരു ബന്ധം എന്തിന് വീണ്ടും ആരംഭിച്ചു? ഒരു പക്ഷേ എന്റെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ലായിരിക്കുമെങ്കിലും പറയാതിരിക്കാൻ കഴിയില്ല എഴുത്ത്കാരീ..
ആ മനുഷ്യന്റെ ഭാര്യയുടെ ഭാഗത്ത് നിന്ന് ഒന്നാലോചിച്ച് നോക്കൂ. അയാളുടെ വിവാഹത്തിനു ശേഷം ആ ബന്ധം തുടര്‍ന്ന രാധികയും അതിനെ പ്രോത്സാഹിപ്പിച്ച അയാളും ഒരു പോലെ തെറ്റുകാരാണ്.
എഴുത്തുകാരിചേച്ചീ;
നരിക്കുന്നന്‍ മാഷ് പറയുന്നതില്‍ കാര്യമുണ്ടെന്നാണെന്റെയും വിശ്വാസം....
നരിക്കുന്നന്റെയും സൂര്യകാന്തിയുടെയും അഭിപ്രായങ്ങളോട് യോജിയ്ക്കുന്നു.
രാധികയുടെ സമ്മതത്തോട് കൂടിയാണല്ലോ അയാൾ വിവാഹം കഴിച്ചത്. ഈ ബന്ധം അറിഞ്ഞിരുന്നിട്ടും, രാധികയുടെ സന്ദർശനങ്ങളെ നല്ല രീതിയിൽ കണ്ടിരുന്ന അയാളുടെ ഭാര്യയും തെറ്റുകാരിയെന്ന് പറഞ്ഞ് കൂട. പിന്നെ, എല്ലാത്തിനും ഒരു അതിർത്തി ഉണ്ടാവുമല്ലോ.?!
അയാളുടെ ഭാര്യ പിണങ്ങിപോയതിന്, രാധികയുടെ സന്ദർശനങ്ങൾ ഒരു പരിധി വരെ കാരണമായിരിയ്ക്കുമെന്ന് തന്നെയാണ് തോന്നുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ആശുപത്രിയിൽ അയാളുടെ കൂടെ നിന്ന് പരിചരിച്ചത് അതിലേറെ തെറ്റ്.
പരസ്പരമുള്ള ഇത്തരം ഇഷ്ടങ്ങൾ, പലപ്പോഴും വിഷമത്തോടെയാണെങ്കിലും വേണ്ടെന്ന് വെയ്ക്കുന്നത് തന്നെയാണ് നല്ലത് എന്ന അഭിപ്രായമാണ് എനിയ്ക്ക്.
ഒരുപക്ഷേ, രാധിക വിവാഹിതയായിരുന്നെന്നും, അവരുടെ ഭർത്താവിന് ഇത്തരം ഒരു ബന്ധമുണ്ടാായിരുന്നെന്നും കരുതുക. രാധികയുടെ പ്രതികരണമെന്തായിരിയ്ക്കും എന്നൊന്ന് ചോദിച്ച് നോക്കുന്നത് നല്ലതായിരിയ്ക്കും.
ശരിയ്ക്കും സിനിമാക്കഥ പോലെ തന്നെ തോന്നുന്നു..:)
പിന്നെ, മറ്റൊന്ന് കൂടി
ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ അവള് ആ ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചാല്‍ അതെങ്ങിനെ തെറ്റാവും?
ഒരു തെറ്റുമില്ല.. പക്ഷെ, ഇതങ്ങനെയല്ലല്ലോ?!!
നരിക്കുനന്‍,സൂര്യ കാന്തി,പൊറാടത്ത് എന്നിവരുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.എത്ര അടുപ്പം ആയിരുന്നെങ്കിലും ഭാര്യ അടുത്തില്ലാതിരുന്നപ്പോള്‍ ഹോസ്പിറ്റലില്‍ അയാളെ ശുശ്രൂഷിക്കാന്‍ പോകരുതായിരുന്നു.എത്ര ആയാലും പഴയ കാമുകി ഭാര്യയുടെ മനസ്സില്‍ ഒരു കരടു തന്നെ ആയിരിക്കും.എത്ര ഉദ്ദേശ്യശുദ്ധി ഉണ്ടെങ്കിലും രാധികയുടെ പ്രാവൃത്തി ന്യായീകരിക്കാവുന്നതാണു എന്നെനിക്കും തോന്നിയില്ല
പിന്നെ രാധിക വേറെ ഒരു വിവാഹം കഴിക്കാഞ്ഞത് .ചിലര്‍ക്ക് പ്രണയം അങ്ങനെ മറക്കാന്‍ കഴിയില്ലല്ലോ.സ്വന്തം ജീവിതവും യൌവനവും പാഴാക്കി.പ്രാക്റ്റിക്കല്‍ ആയി രാധിക ചിന്തിച്ചില്ല.ഇനിയും സമയം വൈകിക്കാണില്ലായിരിക്കും. ആ രീതിക്കൊന്നു ശ്രമിച്ചു കൂടേ ?
ഭാര്യയും ഭര്‍ത്താവും ഇല്ലാതെ കുട്ടികളെ ദത്തെടുക്കാന്‍ പറ്റില്ല എന്നു പറയുന്നതിലും ഒരു ന്യായം ഉണ്ടല്ലോ.കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചക്ക് അച്ഛനും അമ്മയും ആവശ്യമാണ്.അപ്പോള്‍ ഇനി ഒരു വിവാഹം ആയിരിക്കും രാധികക്ക് അഭികാമ്യം എന്നു തോന്നുന്നു.
ആ കൂട്ടുകാരിയുടെ വിഷമം മനസ്സിലാക്കുന്നു. എങ്കിലും മുകളിലെ കമന്റുകളില്‍ പറഞ്ഞിരിയ്ക്കുന്നത് തന്നെ ആണ് ശരി എന്നാണ് എന്റെയും അഭിപ്രായം.
അയാള്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ ശുശ്രൂഷിയ്ക്കാന്‍ ചെന്നത് നല്ലതു തന്നെ. പക്ഷേ, അതിനേക്കാള്‍ അവരുടെ കുടുംബജീവിതത്തിനു നല്ലത് അയാളുടെ ഭാര്യയെ വേണ്ട വിധം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ആ സമയം ഭര്‍ത്താവിനെ ശുശ്രൂഷിയ്ക്കാന്‍ ആശുപത്രിയിലേയ്ക്ക് പറഞ്ഞയയ്ക്കുക എന്നതായിരുന്നു. ഒരു പക്ഷേ, ഇവര്‍ ഒപ്പം നില്ക്കുന്നു എന്നതു കൂടി അറിഞ്ഞിട്ടാണ് അവര്‍ വരാതിരുന്നതെങ്കിലോ? അതിനാണ് സാധ്യത കൂടുതല്‍.
അവരുടെ കുടുംബത്തിന്റെ നല്ലൊരു സുഹൃത്തായി തുടരുക എന്നതേ രാധികയ്ക്ക് ഇനി ചെയ്യാന്‍ കഴിയൂ... ആ സ്ഥിതിയ്ക്ക് രാജീവിന്റെ കുടുംബജീവിതം തകരാതെ നോക്കേണ്ടത് രാധിക തന്നെ അല്ലേ? അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിയ്ക്കൂ ചേച്ചീ...
എല്ലാം ശരിയാകുമെന്ന് വിശ്വസിയ്ക്കാം.
ഇതേക്കുറിച്ചു പറഞ്ഞാല്‍ ഒരു പോസ്റ്റുതന്നെ വേണ്ടി വരും.
രാധിക പോവാന്‍ പാടില്ലായിരുന്നു. അനുഭവം ഗുരു !!
എഴുത്തുകാരി.
രാധികയുടെ പ്ര്വൃത്തികള് അയാളുടെ ഭാര്യയ്ക്കെന്നല്ല സമൂഹത്തിനേ അംഗീകരിക്കാന്‍ പ്രയാസമുള്ളതാണു്. ഭാര്യ് പിണങ്ങി പോയതിനു പിന്നില്‍ എന്തായിരുന്നു കാരണം എന്ന് പറഞ്ഞിട്ടില്ല. പക്ഷേ സാമാന്യ് ബുദ്ധി അതിന്റെ കാരണം ഊഹിച്ചെടുക്കുന്നു.
പാവം രാധിക. അവള് ഇന്നെന്നോടു പറഞ്ഞു,
ഞാനൊരിക്കലും എന്റെ ഇഷ്ടം പുറത്തുകാണിച്ചിട്ടില്ല. തെറ്റായിട്ടൊന്നും ചെയ്തിട്ടുമില്ല.ആ ഇഷ്ടം എന്നുമെന്റെ മനസ്സില്‍ മാത്രമായിരുന്നു.
അവരുടെ പ്രവര്‍ത്തികളും മുകളിലെ പ്രസ്താവനയും തമ്മില്‍ ഒരു പൊരുത്തവും ഇല്ല.....
നരിക്കുന്നന്‍,
അനൂപ്,
സൂര്യകാന്തി,
ഹരീഷ്,
പൊറാടത്ത്,
കാന്താരിക്കുട്ടി,
ശ്രീ,
അനില്‍,
എല്ലാവര്ക്കും നന്ദി, വിശദമായ അഭിപ്രായത്തിനു്.
അവള് ചെയ്തത് ശരിയാണു് എന്ന അഭിപ്രായം എനിക്കുമില്ല. ഭര്‍ത്താവിന്റെ പൂര്‍വ്വ കാമുകി എന്നും ഭാര്യയുടെ കണ്ണിലെ കരടായിരിക്കും.
ഞാനും എനിക്കു കഴിയുന്നപോലെ അവളെ ഉപദേശിച്ചിട്ടുണ്ട്, ഒരു വിവാഹം കഴിക്കാന്‍.
ഞാന്‍ പറയാന്‍ ശ്രമിച്ചതു് ഇത്രയേയുള്ളൂ. അവളുടെ ഇപ്പോഴത്തെ ആ അവസ്ഥ. ആ ഒറ്റപ്പെടല്‍, ഒരു കുടുംബം നശിപ്പിച്ചു എന്ന രീതിയിലുള്ള പഴിചാരലുകള്‍, താന്നു താന്നു ഭൂമിയോളം താണ ഒരു അവസ്ഥ, മറ്റുള്ളവരുടെ നിന്ദയും പരിഹാസവും കലര്‍ന്ന നോട്ടം, എങ്ങോട്ടെങ്കിലും ഓടി ഒളിക്കണമെന്ന തോന്നല്‍, പക്ഷേ എങ്ങോട്ട്?
തെറ്റു് ചെയ്തിട്ടാവാം, എങ്കിലും ഇന്നത്തെ അവളുടെ ആ അവസ്ഥ അതു വല്ലാത്തതാണു്. അവളുടെ ആ മൌനം, അതാണെന്നെ അസ്വസ്ഥയാക്കുന്നതു്.
തെറ്റും ശരിയും ആപേക്ഷികമല്ലേ എഴുത്തുകാരീ? അനുഭവങ്ങളില്‍നിന്ന് പഠിച്ച് വാശിയോടെ പുതിയൊരു ജിവിതം കെട്ടിപ്പടുക്കാന്‍ പറയൂ കൂട്ടുകാരിയോട്. ഒറ്റപ്പെടല്‍ മാറാന്‍ കുട്ടിയെ ദത്തെടുക്കുന്നതിനോട് ഞാന്‍ എതിരാണ്. വളര്‍ത്തമ്മയുടെ ഒറ്റപ്പെടല്‍ മാറ്റനുള്ള ഭാരം എന്തിനാ കുഞ്ഞ് വഹിക്കണം?
ഈ victim identity ഒക്കെ മാറ്റിവച്ച് മനസ്സിലും സന്തോഷം കണ്ടെത്തട്ടെ രാധിക.
പക്ഷേ, ചേച്ചീ...
രാധികയെ ആ അവസ്ഥയില്‍ തന്നെ വിടുന്നത് അപകടമാണ് കേട്ടോ. സ്നേഹപൂര്‍വ്വം നിര്‍ബന്ധത്തോടെ പറഞ്ഞു പറഞ്ഞ് മനസ്സു മാറ്റി എടുത്തില്ലെങ്കില്‍ ഒരു പക്ഷേ...
ഇനിയും കാത്തിരിയ്ക്കുന്നതിന്റെ അര്‍ത്ഥമെന്താണ്. “ജീവിതം സിനിമയല്ല” എന്നു തിരിച്ചറിയണം എന്ന് പറയൂ...
ആ ഭാര്യാഭര്ത്താക്കന്മാരുടെ ജീവിതം ഇനി ഒരിക്കലും ശരിയാവില്ല, പൊട്ടിയതിനു ശേഷം ഒട്ടിച്ചു വെച്ച ചൈനാ പാത്രം പോലെ ആ പാട് എപ്പോളും കാണും. ഇതില്‍ എല്ലാവരും കുറ്റക്കാരാണ്. പ്രത്യേകിച്ച് ആ ഭര്‍ത്താവ്. ഒരു പക്ഷെ ഭാര്യയുടെ കുറവുകള്‍ കൊണ്ടാവാം അയാള്‍ വീണ്ടും രാധികയുമായി അടുത്തത്.
എന്തായാലും വാശികൊണ്ട് കാര്യമൊന്നുമില്ല. യാഥാര്ത്യങ്ങള് അംഗീകരിക്കുകയാണ് വേണ്ടത്.
ദത്തെടുത്താല്‍ തന്നെ അതു രാധികയെ വീണ്ടും കാലക്രമേണ കുഴപ്പത്തില്‍ ആക്കിയേക്കാം. അവര്‍ പ്രതീക്ഷിക്കുന്ന സ്നേഹവും പരിഗണനയും ഒക്കെ ആ കുട്ടി വലുതാകുമ്പോള്‍ നഷ്ടമാകും. ആത്യന്തികമായി എല്ലാ മനുഷ്യരും ഏകരാണ്, ഓരോ കാലഘട്ടത്തില്‍ മാതാപിതാക്കളായും, ഭാര്യാഭര്‍ത്താക്കന്മാരായും മക്കളായും ഒക്കെ ആരെയെങ്കിലും സ്വന്തമായി തോന്നാം എന്നു മാത്രം.
സൂര്യകാന്തിയുടെ അഭിപ്രായത്തോട് ഞാനും യോചിക്കുന്നു
എഴുത്തുകാരി, ഇതൊരു കഥമാത്രം ആയിരിക്കട്ടെ എന്ന് അശ്വസിച്ചാണ് താഴേക്കെത്തിയത്,
രാധികയെ പോലെയായിരുന്നു സ്ത്രീകളെല്ലാവരും എങ്കില്‍ കേരളത്തില്‍ അവിവാഹിതമാരെ മുട്ടിയിട്ട് നടക്കാന്‍ കഴിയാതെ വന്നേനേ:):)
രാധിക പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിക്കേണ്ട ഒരു മഹിളാരത്നമാണെന്ന് തോന്നുന്നു. രാധികയ്ക്ക് പലതും പറയാനുണ്ടാവും പക്ഷേ
നമ്മുടെ സമൂഹം പിന്തുടരുന്ന ഒരു സാംസ്ക്കാരിക ബോധം ഉണ്ട് ആ വീക്ഷണ കോണില്‍ നിന്നു നോക്കുമ്പോ രാധിക ചെയ്യാന്‍ പാടില്ലാത്ത പലതും ആയിരുന്നു ചെയ്തത്, രാജീവിന്റെ ഭാര്യയുടെ പക്ഷം നമ്മള് കേട്ടില്ലല്ലൊ അതുകൂടെ കേട്ടാല്‍ ഒരു പക്ഷേ താങ്കള്‍ പോലും ഈ പോസ്റ്റ് അവരെ അനുകൂലിച്ച് ഇടില്ലായിരുന്നു എന്ന് എനിക്കറിയാം,
സുന്ദരിയായ സാമ്പത്തിക ശേഷിയുള്ള സര്ക്കാരുദ്യോഗസ്ഥയ്ക്ക് സ്വന്തം ഇഷ്ടത്തിനു സത്സ്വഭാവിയും ചേരുന്നതും ആയ ഒരു ബന്ധം കിട്ടില്ലേ?
വിവാഹം കഴിച്ചുകഴിയുമ്പോള്‍ ഇതെല്ലാം ഒരു സ്വപ്നം പോലെ മറന്നു പോകും എന്നുപദേശിക്കൂ:)
വിഷയം രാധിക ആണെങ്കിലും എഴുത്ത് നന്നായി:)
ee post-ine patti entha parayendathennariyilla...
Ezhuthulokathil kooduthalum cinema kadhakalle vellunna kadhakal aanallo!!
Oru Vayanakaran
എല്ലാവര്ക്കും അവരവരോട് ഒരു കടമയുണ്ട്..അതു മറന്ന് ആത്മവഞ്ചന നടത്തിയതാണ് രാധിക ചെയ്ത ഏറ്റവും വലിയ തെറ്റ്..
ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത് തീര്‍ച്ചയായും നല്ല കാര്യം..അതിലും മുന്‍പേ വേണ്ടത്
ആ കൂട്ടുകാരിയെ പറഞ്ഞുനിര്ബന്ധിപ്പിച്ച് ഒരു വിവാഹം കഴിപ്പിക്കുക..
എല്ലാമറിഞ്ഞിട്ടും,സ്നേഹിക്കാന്‍ തയ്യാറുള്ള ഒരാളെക്കൊണ്ട്...ഒരു കുഞ്ഞിനേക്കാള്‍ ആ മനസ്സിനു സാന്ത്വനമാകുക സുഖത്തിലും,ദുഃഖത്തിലും ഒപ്പം നില്ക്കുന്ന ഒരു താങ്ങാകാം...
ചെയ്തതിനെ വിശകലനം ചെയ്ത്നോക്കി ഇനി തിരിച്ചുപോയി തിരുത്താനാകില്ലല്ലൊ..ഇനിയെന്ത് എന്നതിലല്ലേ കാര്യം?
RADIKA YE ellavarum kuttappeduthalle...........
orale vallathe snehikkunnathu valiya kuttam onnumalla...
hmmmm
radikayodu ..take it easy paranju oru lifepartner ne kandethaan parayooo
Priya ezhuthukari
Blog vayichu.
Nalla contrast.
Upperi varavil ninnu
Jeevitha yadhartyangalilekku.
Ithle sariyum tettum thirikkuvan naam arumalla.
Manassenna mantrikan ithum ithilappuravum pravarthipikkum.
Jeeth lo man ko padkar geetha
Man se hara who kya jeetha?
Pinne kuttiye dattedukkan
friendinnu kodathiye sampeekyam.
Kodathiyil tante swathu vivaram ellam vellipeduthi, Edukkan pokunna kuttiyude details nalkiyal chila nibandhanakalode kodathi anuvadham tarum.
Enthayallum bloginu nandhi
vazhipokkan
വേണൂ,
ബിന്ദു,
വാഴക്കാവരയന്,
പാത്തക്കന്‍,
സാജന്,
അനോണീ,എല്ലാവര്ക്കും നന്ദി ഇത്ര വിശദമായ വിശകലനത്തിനു്.
ഞാന്‍ പറഞ്ഞില്ലേ, അവള് ചെയ്തതു് ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. നിങ്ങളെല്ലാവരും പറഞ്ഞ എല്ലാ പ്രശ്നങ്ങളും അതിലുണ്ട്. ഒരിക്കലും എന്റെ സുഹൃത്തായതുകൊണ്ട് ഞാന്‍ അവളെ ന്യായീകരിക്കുന്നുമില്ല.
അങ്ങിനെയൊക്കെ സംഭവിച്ചുപോയി. തെറ്റോ ശരിയോ എന്നതല്ല, ഞാന്‍ പറയാന്‍ ശ്രമിച്ചതു്. അവളുടെ ഇപ്പോഴത്തെ അവസ്ഥ- സ്വയം വരുത്തിവച്ചതല്ലേ എന്നു പറയാമെങ്കില്‍
കൂടി - ആകെ തകര്‍ന്നനിലയില്‍ അവളെ കണ്ടപ്പോള്‍ ആ നിസ്സഹായതയെ പറ്റിയാണ് ഞാന്‍ അലോചിച്ചതു്. അതു തന്നെയാണു് ഞാന്‍
convey ചെയ്യാന്‍ ശ്രമിച്ചതും. പക്ഷേ അതു ഫലിച്ചില്ലെന്നു തോന്നുന്നു.
ശ്രീ - തീര്‍ച്ചയായും ശ്രമിക്കാം.
മുകളില്‍ പറഞ്ഞവരുടെ അഭിപ്രായങ്ങളോട് തീര്‍ച്ചയായും യോജിയ്ക്കുന്നു. രാധിക പുതിയൊരു കുടുംബജീവിതം തുടങ്ങണമായിരുന്നോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ താല്പര്യം മാത്രം. പക്ഷേ പഴയ കാമുകന്റെ കുടുംബജീവിതത്തില്‍ തലയിട്ടതിനോട് യോജിക്കാന്‍ കഴിയില്ല.
പ്രണയം, ‘ചെയ്യരുതാത്തവ’യുടെ മറുവായനയാണ്.എല്ലാവർക്കും എല്ലാവരോടും യോജിക്കാനായേക്കും,എനിക്കു പറ്റില്ല.അവരുടെ മനസ്സു നിറയെ സ്നേഹമാണ്.ആ സ്നേഹം അവരെക്കൊണ്ടു ചെയ്യരുതാത്തതു ചെയ്യിക്കുന്നു.അക്കാര്യത്തിൽ സ്നേഹപൂർണ്ണമായ തിരുത്തലുകളും,സാന്ത്വനവുമാണ് അവർക്കു വേണ്ടത്.ക്രൂരത കൊണ്ടു ചെയ്യുന്ന പാപമാണു നിന്ദ്യം,സ്നേഹം കൊണ്ടു ചെയ്യുന്ന പാപമല്ല.ആദ്യമായി പ്രണയിച്ച ആളെ ആർക്കും മറക്കാനാവില്ല.പിന്നെ,മറന്നുവെന്നു നടിക്കാം.അത്രമാത്രം.
ആത്മാര്‍ത്ഥമായ പ്രണയം
അതിന്റെ പരിശുദ്ധിയോടെ
കാത്തുസൂക്ഷിക്കുന്നവര്‍
വിരളമാണ്...നിങ്ങളുടെ
ഈ കൂട്ടുകാരിയെപ്പോലെ....
ധാരണകള്‍
തെറ്റിദ്ധാരണകളാവാന്
അധികസമയമൊന്നും വേണ്ടല്ലോ...????
ആ കൂട്ടുകാരിയുടെ ജീവിതം
നല്ലപോലെ തന്നെ മുന്നോട്ട് പോവട്ടെയെന്ന് ആശംസിക്കുന്നു...
"ആരാന്റമ്മയ്ക്കു പിരാന്തു വന്നാൽ കാണാൻ രസം" രാധികയുടെ ശരികൾ രാധികയുടെ മാത്രം ശരികളാണു
ഇത്തരം കാര്യങ്ങളിൽ ഒരഭിപ്രായ പ്രകടനത്തിനുള്ള ജീവിത പരിചയം എനിക്കായിട്ടില്ല.
എഴുത്തുകാരി ചേച്ചി ഈ കാര്യത്തിൽ ഒരു നല്ല കേൾവിക്കാരി മാത്രം ആകുന്നതാവും നല്ലതു.
ആശ്വസിപ്പിക്കുക ഞനൊപ്പമുണ്ടു എന്ന ധൈര്യം നൽകുക അതിനും അപ്പുറത്തേക്കു...!! പിന്നെ ചേച്ചിയുടെ ഇഷ്ടം.
കമന്റിടുന്ന ഒരാളിനുപോലും രാധികയെ ജയിപ്പിക്കാൻ വേണ്ടി സ്വയം തോൽക്കാൻ കഴിയും എന്നു
തോന്നുന്നില്ല.
എല്ലാം അറിഞ്ഞു കൊണ്ട് രാധികയെ ആരെങ്കിലും വിവാഹം കഴിച്ചാൽ..... അങ്ങിനെ പ്രാർത്ഥിക്കാം രാധികയ്ക്കു ഒരു നല്ല ജീവിതം ഉണ്ടാകട്ടെ.....
ഓള്(രാധിക) തിന്നൂല്ല തീറ്റിക്കൂല്ല
നല്ല പുലിവാര് എടുത്ത് ചന്തിക്ക്...
തെറ്റും ശരിയും ഓരോരുത്തരുടെ കാഴ്ചപ്പാടുകളിലാണ്. ഉറ്റബന്ധുക്കളുടെ അസാന്നിധ്യത്തില്‍ രാധിക ശുശ്രൂഷിച്ചത് അവരുടെ പൂര്‍വ കാമുകനെയല്ല മറിച്ച് ഒരു മനുഷ്യനെയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. രാജീവിന്റെ ഭാര്യയ്ക്ക് രാധികയോടുള്ള വെറുപ്പ് ആദ്യം മുതലേ ഉള്ളതും,അത് പുറത്ത് കാണിക്കാനുള്ള അവസരം വന്നപ്പോള്‍ കാണിച്ചതുമായിക്കൂടേ?
എന്തായാലും അവരോട് സാഹിത്യഗ്രന്ഥങ്ങളിലെ കാമുകിയാകാതെ വിവാഹം കഴിച്ചു ജീവിക്കാന്‍ പറയുക.
പിന്നെ ദത്തെടുക്കാന്‍,ഭാര്യയും ഭര്‍ത്താവും വേണമെന്ന് നിര്‍ബന്ധമില്ല എന്നാണ് എന്റെ അറിവ്. അവിവാഹിതര്‍,വിധവ-വിഭാര്യന് തുടങ്ങിയവര്‍ക്ക് ദത്തെടുക്കാവുന്നതാണ്. സുസ്മിതാ സെന്നിന് ഒരു ദത്തുപുത്രിയുള്ളതോര്ക്കുക.
എഴുത്തുകാരിച്ചേച്ചീ...
സ്നേഹിച്ചിരുന്ന ആള് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നതുകൊണ്ട് അവളുടെ ഇഷ്ടം ഇല്ലാതാവുമോ? എന്ന് ചോദിച്ചാല്‍...
ഇല്ലായിരിക്കും, പക്ഷെ അവളും വേറൊരാളെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ആദ്യകാമുകനോടുള്ള സ്നേഹത്തില്‍ അല്‍പ്പം കുറവ് എന്തായാലും വന്നേനെ, (എന്ന് എനിക്ക് തോന്നുന്നു)
ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ അവള് ആ ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചാല്‍ അതെങ്ങിനെ തെറ്റാവും? ഈ ചോദ്യം ഇവിടെ പ്രസക്തമല്ല. ആ ഇഷ്ടം അവര്‍ മനസില്‍ മാത്രമല്ലല്ലോ സൂക്ഷിച്ചത്. പുറത്തെടുത്ത് ആകെക്കൂടെ പ്രശ്നമായില്ലേ. മനസില്‍ തന്നെ സൂക്ഷിച്ചിരുന്നെങ്കില്‍ അതായിരുന്നു നല്ലത്.
അല്ലേ?
എനിക്കും ഒന്നും പറയാന്‍ തോന്നുന്നില്ല ...
പക്ഷെ,രാധിക യുടെ നിസ്സഹായ അവസ്ഥ ഞാനും മനസ്സിലാക്കുന്നു..
ഈ ഭൂമിയിൽ വെറും നിമിഷതുല്യമായ മനുഷ്യജീവന്റെ അന്തസ്സത്ത എന്ത് എന്ന പൊതുവായ സമസ്യ മുന്നിൽകണ്ട് ചിന്തിക്കുകയാണെങ്കിൽ കൂട്ടുകാരി മാനസ്സികമായി വളരെ ഉയരത്തിൽ സഞ്ചരിക്കുന്നവളാണെങ്കിലും വിവാഹമെന്ന സാമൂഹിക വേലിക്കെട്ടുകളെ സസൂഷ്മം വിലയിരുത്തുന്നതിൽ പരാചയം സംഭവിച്ചതായി കാണുന്നു .ഇന്നത്തെ സാമൂഹികചിന്താഗതി പരിഗണിക്കുമ്പോൾ എല്ലാഭാര്യമാരും ഭ൪ത്താക്കന്മാരും സങ്കുചിതമനസ്സുകൾ തന്നെ.
ഈ ഭൂമിയിൽ വെറും നിമിഷതുല്യമായ മനുഷ്യജീവന്റെ അന്തസ്സത്ത എന്ത് എന്ന പൊതുവായ സമസ്യ മുന്നിൽകണ്ട് ചിന്തിക്കുകയാണെങ്കിൽ കൂട്ടുകാരി മാനസ്സികമായി വളരെ ഉയരത്തിൽ സഞ്ചരിക്കുന്നവളാണെങ്കിലും വിവാഹമെന്ന സാമൂഹിക വേലിക്കെട്ടുകളെ സസൂഷ്മം വിലയിരുത്തുന്നതിൽ പരാചയം സംഭവിച്ചതായി കാണുന്നു .ഇന്നത്തെ സാമൂഹികചിന്താഗതി പരിഗണിക്കുമ്പോൾ എല്ലാഭാര്യമാരും ഭ൪ത്താക്കന്മാരും സങ്കുചിതമനസ്സുകൾ തന്നെ.
ശരിയും തെറ്റും ...?
ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയല്ല. മറിച്ചുമങ്ങനെ തന്നെ. എല്ലാവര്ക്കും അവരവരുടേതായ തെറ്റുകളും ശരികളും അതിന്റെ ന്യായീകരണങ്ങളും. അതിനിടയില്‍ വീര്‍പ്പുമുട്ടുന്ന വേറെ ഒരുപാടുപേര്.
എല്ലാവര്ക്കും നന്മ വരട്ടെ എന്നാഗ്രഹിക്കാം.
ശരിയും തെറ്റും ആപേക്ഷികം. കഴിഞ്ഞത് കഴിഞ്ഞു. ഇനിയും മുന്നില്‍ വഴികളുണ്ടല്ലോ. ഒരു വിവാഹ ജീവിതം, അല്ലെങ്കില്‍ സാമൂഹ്യ സേവനം. അവനവന്റെ സമാധാനമനുസരിച്ച് വഴികള്‍ തിരഞ്ഞെടുക്കട്ടെ. ഒപ്പം മറ്റുള്ളവരുടെ സമാധാനം തകരാതിരിക്കാനും ശ്രദ്ധിക്കട്ടെ
ചേച്ചി...
പറഞ്ഞ പോലെ ഒരു സിനിമക്കുള്ള എല്ലാ ചെരുവകളുമുണ്ട് ഈ കഥയില്‍.
ചില മനുഷ്യര്‍ അങ്ങിനെയാണ്...മനസ്സിന് ചിലരോട് തോന്നുന്ന ഇഷ്ടം ഒരു പക്ഷേ ആദ്യ ഇഷ്ടമെന്നൊക്കെ പറയാം..അതില്‍ നിന്നുമൊരു മോചനം പ്രതീക്ഷിക്കാവുന്നതാണ് പക്ഷേ ഇവിടെ സാഹചര്യങ്ങള്‍ പലപ്പോഴും വീണ്ടും അടുക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നത്...അതാണ് ഇവിടെയും സംഭവിച്ചത്. പക്ഷേ ഇതൊക്കെ ജീവിത്തിന്റെ ഭഗങ്ങളാണല്ലോ..ഇഷ്ടം തോന്നുന്ന എത്ര പേരാണ് നമ്മെ വിട്ട് മരണത്തിലേക്ക് മടങ്ങി പോകുന്നത്..അതൊക്കെയും നാം മറക്കാറില്ലേ...മറ്റൊരു സ്ത്രീ ഇന്ന് രാജീവിന്റെ ഭാര്യയാണ്..ഇവിടെ രാധികയും സ്ത്രീയാണല്ലോ...ഒരു നിമിഷമൊന്ന് ചിന്തിച്ചാല്‍ മാറ്റിയെടുക്കാവുന്ന നിസ്സാര പ്രശ്നമാണ് ഇത്.
മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള രാധികയുടെ ആഗ്രഹം മറ്റൊരു ജീവിതത്തിലൂടെ തീര്‍ച്ചയായും സന്തോഷം നിറഞ്ഞ ജീവിതം തന്നെ കൈവരിക്കാന്‍ കഴിയും എന്ന ആത്മ വിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കുക...അല്ലെങ്കില്‍ മറ്റൊരു സ്ത്രീയുടെ ജീവിതമാണ് നിങ്ങള്‍ കാരണം തകരാന്‍ പോകുന്നത്..നല്ലത് ഭവിക്കാന്‍ പ്രാര്‍ത്ഥനയോടെ
നന്മകള് നേരുന്നു
മന്‍സൂര്‍,നിലബൂര്‍
ആഗ്നേയാ,
പിരിക്കുട്ടീ,
വഴിപോക്കന്,
ബിന്ദു.കെ.പി.
വികടശിരോമണി,
അമൃതാ വാര്യര്‍,
മാംഗ്,
അനോണീ,
തോന്ന്യാസീ,
കുറ്റ്യാടിക്കാരന്‍,
സ്മിതാ,
കാട്ടുപൂച്ച,
നിരക്ഷരന്‍ജീ,
സരിജാ,
മന്‍സൂര്‍,
വിശദമായി അഭിപ്രായങ്ങള്‍ എഴുതിയ
എല്ലാവര്ക്കും നന്ദി.
അവള് ചെയ്തത് ശരിയോ തെറ്റോ എന്നതല്ല, മറിച്ചു് , മുന്‍പു് ചെയ്തതിന്റെ ഫലമായിരിക്കാം, എങ്കിലും, എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാത്ത ഇപ്പോഴത്തെ ആ അവസ്ഥ, അതാണു് ഞാന്‍ വരച്ചുകാട്ടാന്‍ ശ്രമിച്ചതു്.
ബി പ്രാക്ടിക്കല്‍
ചേച്ചി... അവര്‍ ചെയ്ത്ത് തെറ്റോ ശരിയോ എന്ന് എനിക്ക് പറയാനാകില്ല... പക്ഷേ സമൂഹം അംഗീകരിക്കാന്‍ മടിക്കുന്ന ഒരു കാര്യമാണ് ചെയ്തത്..
. പിന്നെ വിവഹം കഴിക്കതിരിക്കുന്നത് വ്യക്തിപരമായ കാര്യമാണെങ്കിലും അതില്‍ വലിയ അര്‍ത്ഥമില്ല എന്ന് എനിക്ക് തോന്നുന്നു... തന്റെ തെറ്റുകൊണ്ടല്ല ആ പ്രണയം നഷ്ടപ്പെട്ടതെങ്കില്‍, പിന്നെന്തിന് കാത്തീരിക്കണം...? നഷ്ട്പ്പെടലിന്റെ വേദന അറിയാതെ അല്ല ഈ പറഞ്ഞത്... ! അത്മാര്‍ത്ഥത എന്നത് ഒരു ഭാഗത്ത് മാത്രം ഉണ്ടായതു കൊണ്ട് എന്ത് അക്കര്യം...!
സ്നേഹിച്ചിരുന്ന ആള് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നതുകൊണ്ട് അവളുടെ ഇഷ്ടം ഇല്ലാതാകില്ല...ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ അവള് ആ ഇഷ്ടം മനസ്സില്‍ സൂക്ഷിച്ചാല്‍ അത് തെറ്റുമല്ല...പക്ഷേ അത് മനസ്സിലേ സൂക്ഷിക്കവൂ... പ്രകടിപ്പിച്ചു തുടങ്ങിയാല്‍ പല പ്രശ്നങ്ങള്‍ക്കും ഇടയാകും...
ചേച്ചിയെന്തായാലും കൂട്ടുകാരിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കൂ... എല്ലാ നല്ലതായി വരും എന്നു നമുക്കാശിക്കാം...
:)
വാക്കുകള്‍ കൊണ്ട് ചിത്രം വരച്ചിരിക്കുന്നു.രാധികയുടെ അനുഭവം അവരില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണുസത്യം...നന്നായിരിക്കുന്നു
ഞാന്‍ എഴുതണം എന്നു വിചാരിച്ചതാ ഈ കാര്യം (പണ്ടൊരിക്കല്‍) ... (അവസാനത്തെ ഡെവലപ്മെന്റ്സ് അറിയാതെ തന്നെ)
എന്തായാലും ഇത്രയും നന്നായി എഴുതാന്‍ എനിക്കും സാധിക്കില്ലല്ലോ.
എന്റെ കണ്ണില്‍ രാധിക തെറ്റൊന്നും ചെയ്തിട്ടില്ല.. (ഒരു തെറ്റു പോലും )
തെറ്റു ചെയ്തിട്ടുള്ളതു അയാളാണു്. ഒരു തരത്തിലും ആശ കൊടുക്കാന്‍ പാടില്ലായിരുന്നു...
എന്നാല്‍ രാധിക ചെയ്തത് ബുദ്ധിമോശം ... നമ്മുടെ നാടിനെ അറിയുന്ന ഒരാള്‍ ഇങ്ങനെ ബുദ്ധിമോശം കാണിക്കാമോ?
അല്ലെങ്കിലും സ്നേഹം വന്നാല്‍ പിന്നെ യുക്തി ഒന്നും പിടിച്ചാല്‍ കിട്ടുകയും ഇല്ല! :(
- Njan.
ജിഹേഷു്, നന്ദി.
സഹയാത്രികന്, അപ്പോള്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്.അല്ലേ?
യാമിനീ, നന്ദി ഈ വഴി വന്നതിനു്.
അനോണീ, ആരാണീ ഞാന്‍ അറിയാത്ത ‘ഞാന്‍’? :) നന്ദിയുണ്ട്.
u cannot forget the story.just put it in the dust bin just like u throw the wrongly typed pages
Regards. poor-me
പ്രിയ സുഹൃത്തെ, ഒഎബി നാട്ടിലെത്തിയിട്ട് വിശദമായി വായിച്ച് അഭിപ്രായം പറയാം. ഒകെ.
ഞാനെന്ത് കമന്റാന്‍.വെറുതെ എന്തിനാണ് സ്വന്തം ജീവിതം ഹോമിക്കുന്നത്.
ആശംസകള്‍.......
വെള്ളായണി
എല്ലാവരും അഭിപ്രായം പറഞ്ഞുകഴിഞ്ഞല്ലൊ.
ഒരു കാര്യം കൂടിച്ചേർക്കട്ടെ?
ഒരു കുട്ടിയെ നോക്കിവളർത്താനുള്ള ആരോഗ്യവും
സാമ്പത്തികസ്ഥിതിയും കൂട്ടുകാരിയ്ക്കുണ്ടങ്കിൽ
ദത്തെടുക്കാൻ നിയമം അനുവദിയ്ക്കുന്നുണ്ട് കേട്ടൊ.വിവാഹിതയാകണെമെന്നില്ല.
poor-me എന്താ പറഞ്ഞതെന്നു് എനിക്കു ശരിക്കു മനസ്സിലായില്ല. എന്തായാലും നന്ദി, ഈ വഴി വന്നതിനു്.
oab, okay, അങ്ങിനെ ആയിക്കോട്ടേ. നാട്ടിലെത്തിയോ?
വെള്ളായണി, നന്ദി.
ഭൂമിപുത്രീ, തീര്‍ച്ചയായും ഞാന്‍ അവളോട് പറയാം അവള് ധരിച്ചുവച്ചിരിക്കുന്നതു (reg.ദത്തെടുക്കല്‍) തെറ്റാണെന്നും അവള്‍ക്കും അതിനു കഴിയുമെന്നും.നന്ദി.
ഇതിനു എന്തു കമന്റണം എന്നറിയാത്തത്കൊണ്ട് ഒരിക്കൽ ഞാൻ ഇവിടെ മുഖം കാണിച്ച് മുങ്ങിയതാ . ഇതിൽ എഴുതുന്ന എല്ലാവരുടെയും കമന്റുകൾ ശ്രദ്ധിക്കാറുണ്ട്..
സസ്നേഹം രസികൻ
രാധിക അറിവും കാര്യഗൌരവും ഉള്ള ഒരു സ്ത്രിയല്ലെ
തന്റെ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് അവര്‍
തീരുമാനിക്കട്ടേ
സസനെഹം
പിള്ളേച്ചന
രാധിക വിഷമിക്കരുതെന്നേ പറയാനുള്ളൂ. ഈ ലോകത്തെവിടേങ്കിലും ഒരു കാര്‍മുകില്‍ വര്ണ്ണന് രാധികയ്ക്കായി കാത്തിരിക്കുന്നുണ്ടാവും.
രാധിക പ്രത്യക്ഷപെട്ടപ്പോള്‍ മുതല്‍ ഇതിലെ കയ്യറി ഇറങ്ങുകയാണ് ഞാന്‍, അത്മാര്‍ത്ഥതയുടെ കണിക പോലും ഇല്ലാത്ത അഭീപ്രായപ്രകടനം !കപടസദാചാരം
അതാണീ കണ്ടത് ....
രാധിക എന്തിനു വിവാഹം കഴിയ്ക്കണം? ആദ്യ അനുഭവം കണ്ടില്ലേ ? സ്നേഹിച്ചു എന്നവള്‍ വിശ്വസിച്ച പുരുഷന്, രാധികയെ വേള്‍ക്കുന്നത്
ഇമ്മിണി കോംബ്ലിക്കേറ്റഡ് കെയ്സ് ആണന്നു തോന്നിയപ്പോള്‍“ ചക്കരേ എന്നൊട് ക്ഷമീ ഞാന്‍ വേറെ കെട്ടുവാ” എന്നും പറഞ്ഞു തടി തപ്പീ,ഇതു പോലെ ഊരി കൊണ്ടു വരുന്ന വേറെ ഒരു നട്ടെല്ലില്ലാത്ത കൊമരത്തെ രാധിക കെട്ടണോ?
ഒരാവശ്യവും ഇല്ലാ. ഹും! എന്നിട്ട് വേണം പിന്നെ എന്തിനും ഏതിനും പഴം പുരാണം വിളമ്പി അവളെ ശിഷ്ടം കാലം ഉമിത്തീയില്‍ ഇട്ട് നീറ്റാന്‍....
രാധികയുടെ തീരുമാനം തന്നെ നല്ലത്, രാജീവിനെ അയാളുടെ ചില ക്വാളിറ്റികളെ രാധിക ഇഷ്ടപെട്ടൂ അത് ശിലയില്‍ കൊത്തിയപോലെ മനസ്സില്‍ പതിഞ്ഞു മായ്ക്കാനാവില്ലാ മറയ്ക്കാനും... അവള് ഒരു നല്ല സുഹൃത്തായി തുടരുകയാണ്, അതവളുടെ തികച്ചും വ്യക്തിപരമായാ തീരുമാനം. വിവാഹം ഒന്നിനും പരിഹാരമല്ലാ, ചിത്തഭ്രമം വിവാഹം കഴിച്ചാല്‍ മാറും ഒന്ന് പരീക്ഷിക്കാം എന്നു പറയുന്ന നാടല്ലേ?
പിന്നെ കെട്ടി അവന്റെ രണ്ടു കൊച്ചുങ്ങളെ പെറ്റിട്ടും ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ സാധിക്കാതെ അഥവാ ഭര്‍ത്താവിനെ വിശ്വസിക്കാത്താ ഭാര്യ ഭാര്യ അല്ലാ.. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ജീവിതം ഒടുക്കിയ ഹര്‍ഷ ഭാരതമാ ഇത്. ഇന്ന് ഒരു സതി അനുഷ്ടിക്കേണ്ടി വന്നാല്‍ രാജീവിന്റെ ചിതയില്‍ സ്വമനസ്സാലെ ആരു ചാടും ? രാധികയോ അതോ ഭാര്യയോ?
ഒന്നറിയണം വ്യക്തിത്വമുള്ള ഒരു പെണ്ണാ രാധിക!
അവള് രാധികയായ് തന്നെ നില്ക്കട്ടെ !!
ചിയറ് അപ്പ് രാധിക !!
നീയാണ് പെണ്ണ് , അസ്സല് പെണ്ണ്.. :)
ഞാനൊന്നും പറയുന്നില്ല
കുറച്ചു കഴിയുമ്പോള്‍ ഇതു പോലൊന്നു എനിക്കെഴുതാന്‍ കഴിയുമെന്ന പേടിയിലാ ഞാന്‍..:(
രസികന്‍,
മുല്ലപ്പൂവു്,
അനൂപ്,
ഏറനാടന്‍,
മാളൂട്ടീ,
പ്രയാസീ, എല്ലാവര്ക്കും നന്ദി.
Dear typist,
An old jok.
Interview(gulf).Time seventies. Arabi "R U A type writer?
Candidate " No sir,I am a cooker"
On Radhika story
thettayi type cheytha oru kadalaass chavattu kottayilekku valicheriyunnathu pole ningalaal pariharikkaan pattaatha ee sambhavam marannekkoo.Ithellaam solve cheyyaan kazhivulla all mukalirippundu. let him do his work.
Nanma.paavam-njaan
www.manjaly-halwa.blogspot.com
ആദ്യം വന്നു പോസ്റ്റ് വായിച്ചു.അന്നു കമന്റുകള്‍ കാര്യമായി ഉണ്ടായിരുന്നില്ല.ഇന്നു വന്നു കമന്റുകളും വായിച്ചു....ഇപ്പോഴും പോസ്റ്റിനെ പറ്റി എന്തെഴുതണം എന്നു നിശ്ചയമില്ല...ദൈവം അവര്‍ക്കു ഒരു വഴി കാണിച്ചു കൊടുക്കാതിരിക്കില്ല
പാവം ഞാന്‍ - നന്ദി.
അജ്ഞാതന്‍ - അതു തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നതു്. ദൈവം അവള്‍ക്ക് ഒരു വഴി കാണിച്ചു കൊടുക്കും.
ചില ഇഷ്ടങള്‍ മനസ്സില്‍ മാത്രം വെക്കാന്‍ ഉള്ളത്... അതിന്റെ നേരിയ ഒരു വെളിപ്പെടുത്തല്‍ പോലും മറ്റുള്ളവര്‍ക്കു അസഹനീയമായേക്കാം.... പിന്നെ തെറ്റും ശരിയും - ഇതു രണ്ടും എപ്പോഴും ആപേക്ഷികമല്ലേ..? ഓരോ ആളിന്റെയും വീക്ഷണത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും - ശരിയല്ലേ.... നല്ല പോസ്റ്റ് - അഭിനന്ദനങള്‍..
പാവം രാധിക...
എണ്റ്റടുത്തും തെറ്റുണ്ട്.... ഞാനിത് വായിക്കാന്‍ പാടില്ലായിരുന്നു.....
:(
Post a Comment