Friday, November 30, 2007

എന്റെ ഇരുപത്തഞ്ചാമത്തെ പോസ്റ്റ്‌ -- ചില മിഥ്യാ ധാരണകള്‍

camera കേടുവന്നു (വെള്ളം കടന്നു.ഹോഗനക്കല്‍ പോയതിന്റെ ബാക്കിപത്രം-
കവറിലാക്കി പൊതിഞ്ഞൊക്കെ വച്ചിരുന്നു, എന്നാലും സംഭവിച്ചുപോയി). അതൊന്നു നന്നാക്കണമല്ലോ. എവിടെ കൊടുക്കും? ഇലക്ട്രീഷ്യന്‍ രവി വന്നപ്പോള്‍ പറഞ്ഞു, നമ്മുടെ അക്കരേലെ ഗോപാലേട്ടന്റെ മകന്‍ ദാസനില്ലേ, അവന്‍
നല്ല മിടുക്കനാത്രേ, കാമറ റിപ്പെയര്‍ ചെയ്യാന്‍. ആമ്പല്ലൂരാ. പക്ഷേ അവനിപ്പോള്‍ മൂവി കാമറകള്‍ മാത്രമേ നോക്കുന്നുള്ളൂ, അത്ര തിരക്കാത്രേ.(അക്കരെ എന്നു വച്ചാല്‍ പുഴക്കു് അക്കരെ.നെല്ലായിയുമായിട്ടു് കണക്ഷന്‍ ഉണ്ടാവും എങ്ങിനെയായാലും.ചിലര്‍ക്കൊക്കെ ഇപ്പഴും സ്വന്തം വഞ്ചി ഉണ്ട്‌, ഇക്കരെ കടക്കാന്‍. വളഞ്ഞു ചെങ്ങാലൂരു വഴി വരുന്നതിലും എത്രയോ എളുപ്പം. വഞ്ചി കടന്നു ഇക്കരെ എത്തിയാല്‍ NH 47 ആയി. തന്നെയല്ല, ഗോപാലേട്ടനു് ഇക്കരെ നെല്ലായിലു് കച്ചോടോം ഉണ്ടായിരുന്നു)

ശരി, എന്തായാലും, അമ്പല്ലൂരല്ലേ, ഒന്നു പോയി നോക്കാം. ഇനി ഇപ്പോ മൂവി കാമെറ അല്ലാത്തതുകൊണ്ട്‌ നന്നാക്കിയില്ലെങ്കില്‍ തന്നെ, വേറെ എവിടെയാണ് നല്ല റിപ്പയറിങ്ങ് ഉള്ളതെന്നു ചോദിക്കാല്ലോ.

പോയി.ദാസനേയോ, അച്ചന്‍ ഗോപാലേട്ടനേയോ എനിക്കു നേരിട്ടു പരിചയമൊന്നുമില്ല. എന്നലും നെല്ലായിക്കാരി
ആണെന്നു പറഞ്ഞാല്‍ ഒരു പരിഗണന കിട്ടാതിരിക്കുമോ? പക്ഷേ ഒന്നുമുണ്ടായില്ല. ആരാ ദാസന്‍, ഞാന്‍ ചോദിച്ചു, ഞാന്‍ നെല്ലായില്‍ നിന്നാണെന്നു പറഞ്ഞു. അകത്തിരിക്കുകയായിരുന്ന ദാസന്‍ ഒന്നു് എണീറ്റുവന്നതുപോലുമില്ല. എനിക്കു തോന്നി, എന്തൊരു ജാഡ, ഒന്നു അടുത്തേക്കു വന്നാല്‍ എന്താണയാള്‍ക്ക്‌, എന്താ മനുഷ്യനു് ഇത്രയൊക്കെ മര്യാദ ഇല്ലാതാവുന്നതു് എന്നൊക്കെ ചിന്തിച്ചു കൂട്ടി.

എന്തോ ആവട്ടെ, കൌണ്ടറിലിരുന്ന ആള്‍ പറഞ്ഞു, നോക്കിയിട്ടു വിളിക്കാം. ശരി, അല്ലാതെ വേറൊന്നും ചെയ്യാ‍നില്ലല്ലോ എനിക്കു്. ഒരാഴ്ച കഴിഞ്ഞു, വിളിച്ചു, “ മെമ്മറി“ യും കൊണ്ടു വരാന്‍ പറഞ്ഞു. അന്നു പോയപ്പോള്‍ ദാസന്‍ മാത്രമേയുള്ളൂ അവിടെ, മറ്റേയാള്‍‍ ഇല്ല. അതിട്ടു നോക്കി, വേറെ എന്തോ കൂടി പ്രശ്നമുണ്ടെന്നു പറഞ്ഞു.
അതു കഴിഞ്ഞ്‌ എനിക്കതു തരാനായി ദാസന്‍ എഴുന്നേറ്റുവന്നു.

പാവം ദാസന്‍, രണ്ടു കാലുകളും തളര്‍ന്നതാണ്. വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നതു്.‍ എന്നിട്ടെന്നോടു പറഞ്ഞു, ഞങ്ങളിപ്പോള്‍ സ്റ്റില്‍ കാമറ എടുക്കാറില്ല, പിന്നെ നെല്ലായീന്നാണെന്നു പറഞ്ഞതുകൊണ്ടാ, ഇതെടുത്തതു്.

ഒരു നിമിഷം എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി. ഞാനെന്തൊക്കെയാ ആ പാവത്തിനെ പറ്റി ആലോചിച്ചുകൂട്ടിയതു്?


എഴുത്തുകാരി.

37 comments:

Typist | എഴുത്തുകാരി said...

എന്നിട്ടും ദാസന്‍ കാമറ റിപ്പയറിങ്ങില്‍ എക്സ്പര്‍ട്ടാണ്, അത്യാവശ്യം computer ഉം
അറിയാം.

ഏ.ആര്‍. നജീം said...

അതെ, ചില അംഗവൈകല്യമുള്ളവരുടെ കഴിവുകളും ബുദ്ധികാണുമ്പോള്‍ നമ്മുക്ക് തോന്നാറുണ്ട് ദൈവം അവന്റെ കുറവിനെ ഇങ്ങനെ പരിഹരിച്ചിരിക്കുന്നു എന്ന്...

25 ന്റെ പ്രത്യേക ആശംസകളും :)

Anoop Technologist (അനൂപ് തിരുവല്ല) said...

എനിക്കുമറിയാം അദ്ദേഹത്തെ. നല്ല മിടുക്കനാണെന്നാണറിയുന്നത്.

ബാജി ഓടംവേലി said...

എഴുത്തുകാരി,
25 ന്റെ ആശംസകള്‍
ദാസനെ അന്വേഷണം അറിയിക്കുക.
ഭാവുകങ്ങള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

നല്ല പോസ്റ്റ്. ഇരുപത്തഞ്ചിന്റെ ആശംസകള്‍.

ഹരിശ്രീ said...

എഴുത്തുകാരി പലപ്പോഴും എല്ലാവര്‍ക്കും ഇത്തരത്തില്‍ ചെറിയ തെറ്റിദ്ധാരണകള്‍ ( മിഥ്യാധാരണകള്‍) സംഭവിക്കാറുണ്ട്.

25 ന്റെ ആശംസകള്‍,,,,

സഹയാത്രികന്‍ said...

എഴുത്തുകാരി...
സാരല്ല്യാ..പോട്ടേ....
ബഡേ ബഡേ ദേശോ മേം , ഐസി ഛോട്ടേ ഛോട്ടേ ബാത്തേം ഭി ഹോതീ രഹ്തീ ഹേ...!

:)

ആശംസകള്‍
:)

കണ്ണൂരാന്‍ - KANNURAN said...

25ന്റെ ആശംസകള്‍. ഇതൊന്നു വായിക്കൂ...

സു | Su said...

ഇരുപത്തഞ്ചിന്റെ ആശംസകള്‍. :) ഇനിയും എഴുത്ത് തുടരട്ടെ.

ഇനി ഇത്തരം ധാരണകള്‍ പുലര്‍ത്താതിരിക്കുക. മറ്റുള്ളവരെ മനസ്സിലാക്കലാണത്രേ ഏറ്റവും വലിയ പരീക്ഷ. അതില്‍ പാസ് മാര്‍ക്കെങ്കിലും ഇല്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്തു കാര്യം!

അലി said...

ഇത്തരം മിഥ്യാധാരണകള്‍
പലപ്പോഴും തോന്നിയിട്ടുണ്ട്..
നന്നായി..

ഇരുപത്തിയഞ്ചാം പോസ്റ്റിന്
ആശംസകള്‍!

Murali K Menon said...

അല്ലെങ്കിലും പലപ്പോഴും മുന്‍‌വിധികളിലൂടെ നമ്മള്‍ പലരേയും അളക്കുന്നു, ഒടുവില്‍ നമ്മുടെ തെറ്റുകള്‍ തിരിച്ചറിയുന്നു. ഇത് സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. എങ്കിലും തിരിച്ചറിഞ്ഞ് മനസ്സ് വിഷമിക്കുമ്പോളത് പ്രായശ്ചിത്തമായ് തീരുകയാണ്.
നന്നായി എഴുതി വെച്ചത്.

നെല്ലായിക്കും, ആമ്പല്ലൂരിനുമിടയില്‍ പുഴ കടക്കേണ്ടത് കുറുമാലി പുഴ അല്ലേ.... പക്ഷെ NH47 ഉള്ളതിനാല്‍ പുഴയുടെ വേര്‍തിരിവില്ലാതെ അക്കരയും ഇക്കരയും ഒന്നായില്ലേ...

മന്‍സുര്‍ said...

എഴുത്തുകാരി...

അഭിനന്ദനങ്ങള്‍....ആ കുറ്റബോധം അതാണ്‌ നല്ല മനസ്സ്‌
എല്ലാ ഭാവുകങ്ങളും നേരുന്നു..
ഇരുപത്തിയഞ്ചാമത്തെ പോസ്റ്റിന്‌ വല്ല ഞം ഞ്യം ഞ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ മറക്കല്ലേ

നന്‍മകള്‍ നേരുന്നു

chithrakaran ചിത്രകാരന്‍ said...

ഭംഗിയായി പറഞ്ഞിരിക്കുന്നു. ആശംസകള്‍ 25മത്തെ പൊസ്റ്റിനും എഴുത്തുകാരിക്കും!

അഭയാര്‍ത്ഥി said...

ഇതേസിറ്റുവേഷനിലാണ്‌ ഷോലേയില്‍ താക്കൂറും, വീരുവും വിജയും
കൊള്ളക്കാരെ നേരിടാന്‍ താക്കൂറിന്റെ കാല്‍ക്കീഴിലെ തോക്കിനായി കണ്ണുകാട്ടുന്നു ആംഗ്യം കാട്ടുന്നു. താക്കൂര്‍കൊടുക്കുന്നില്ല.
കാരണമെന്ത്‌ ???. താക്കൂറിന്ന്‌ രണ്ട്‌ കയ്യുമില്ല.
ഇതുവരേക്കും വെറുതെ പറഞ്ഞതാണ്‌.

കീഴെ എന്റെ അഭിപ്രായം.
നെല്ലായിക്കാരിയല്ലെ???? സ്റ്റില്‍ കേമറയല്ലെ?????...

പതിഞ്ഞിരിക്കുന്നു പടങ്ങളൊക്കെ!!!!!

കുറുമാന്‍ said...

ഇരുപത്തഞ്ചാം പോസ്റ്റിനാശംസകള്‍......

ദാസനെ പരിചായപെടുത്തിയതിന് നന്ദി...

മുന്‍ വിധികള്‍ ഇല്ലാതെ പെരുമാറുന്നതാണെപ്പോഴും നല്ലത്.

പ്രയാസി said...

ഇരുപത്തിയഞ്ചിനു ആശംസകള്‍..

ദേഷ്യം തോന്നേണ്ട ആവശ്യമില്ല.. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നതല്ലെ..

സാജന്‍| SAJAN said...

ഇത് പോലെ ഒരു ചെറുകഥ വായിച്ചിട്ടുണ്ട് ! പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടാവുമ്പോ എന്തോ ഒരു വിഷമം!
സാരമില്ല ടൈപ്പിസ്റ്റേ അറിയാതെ അല്ലേ?

വേണു venu said...

എഴുത്തുകാരി..ഇതൊക്കെ തന്നെ ജീവിതം. ഇവിടെ ഒക്കെയാണു് നമുക്കു തോന്നിപോകുന്നതു്. എത്ര പഠിക്കണം. എല്ലാം പഠിച്ചു് കഴിയുമ്പോള്‍‍ പിന്നെ ഒരു പരീക്ഷയ്ക്കിരിക്കാന്‍‍ ഹാള്‍‍ടിക്കറ്റുപോലും കിട്ടാത്തതല്ലേ ജീവിതം.
ഇഷ്ടപ്പെട്ടു കേട്ടോ.:)

വേണു venu said...

അയ്യോ മറന്നു...ജീവിതം പോലെ...
ആശംസകള്‍‍ ഇരുപത്തഞ്ചാം പോസ്റ്റിനു്.:)

ഏറനാടന്‍ said...

പാവം ദാസന്‍! 25 ന്റെ ആശംസകള്‍

ഉപാസന || Upasana said...

vajrajubily aasamsakal
:)
upaasana

Sherlock said...

ഇരുപത്തഞ്ചാം പോസ്റ്റിന്റെ ആശംസകള്‍... :)

എല്ലാവരും പറഞ്ഞ പോലെ മുന്‍‌വിധികള്‍ ഇല്ലാതെ പെരുമാറുക..

Typist | എഴുത്തുകാരി said...

നജീമിക്ക, നന്ദി.
ആനൂപ് - ഈ ഭാഗത്തേക്കു വന്നിട്ടുണ്ടോ, കാമറയും കൊണ്ട്‌.
ബാജീ ഓടംവേലി,
വാല്‍മീകി,
ഹരിശ്രീ,
സഹയാത്രികന്‍, നന്ദി.
കണ്ണൂരാന്‍, നന്ദി, വായിച്ചിട്ടില്ലാ, വായിക്കാം.
സൂ, ആശംസകള്‍ക്കു നന്ദി, ഉപദേശത്തിനും
അലി, നന്ദി,
മുരളി മേനോന്‍- അതെ കുറുമാലി പുഴ തന്നെ.
മന്‍സൂര്‍, അതു് (ഞം, ഞം‌) നൂറാമത്തെ പോസ്റ്റിനാവട്ടെ.

നിലവര്‍നിസ, ഞാന്‍ വന്നിരുന്നു, അങ്ങോട്ട്.
ചിത്രകാരന്‍,
അഭയാര്‍ഥി,
കുറുമാന്‍,
പ്രയാ‍സീ,
സാജന്‍,
വേണൂ,
ഏറനാടന്‍,
ഉപാസന,
ജിഹേഷ്,

എല്ലാവര്‍ക്കും നന്ദി, ആശംസകള്‍ക്കും, വായിച്ചതിനും.

ഉഗാണ്ട രണ്ടാമന്‍ said...

എഴുത്തുകാരി,
25 ന്റെ ആശംസകള്‍

Mahesh Cheruthana/മഹി said...

എഴുത്തുകാരി,
എല്ലാവര്‍ക്കും സംഭവിക്കാവുന്ന ചെറിയ തെറ്റിദ്ധാരണകള്‍ !എങ്കിലും തിരിച്ചറിഞ്ഞ നല്ല മനസ്സ്‌!
എല്ലാ ഭാവുകങ്ങളും ഇരുപത്തഞ്ചാം പോസ്റ്റിനു്!!

Typist | എഴുത്തുകാരി said...

ഉഗാണ്ട, മഹേഷു്, നന്ദി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആശംസകള്‍!

Typist | എഴുത്തുകാരി said...

ഈ വഴി വന്നതിനു നന്ദി,മുഹമ്മദ് സഗീര്‍.

ശ്രീ said...

ചേച്ചീ...

സോറി. ഇങ്ങൊട്ടു വരാനൊത്തിരി വൈകി. എന്തായാലും ഇരുപത്തഞ്ചാം പോസ്റ്റിന്‍‌ ആശംസകള്‍‌...
:)

[പിന്നേയ്, സഹയാത്രികന്‍‌ നാട്ടിലുണ്ട്, 10-15 ദിവസത്തേയ്ക്ക്. 0480 2721602 ആണ്‍ നമ്പര്‍‌. പറ്റിയാല്‍‌ ഒന്നു കോണ്ടാക്റ്റ് ചെയ്തേക്കൂ... ചേച്ചിയുടെ നമ്പര്‍‌ അറിയാമോ എന്ന് എന്നോട് ചോദിച്ചിരുന്നു. അതാണ്‍ ഈ കമന്റില്‍‌ ഇതു ഇട്ടത് കേട്ടോ]

അജയ്‌ ശ്രീശാന്ത്‌.. said...

എല്ലാവര്‍ക്കും എല്ലാം നല്‍കാന്‍ മാത്രം ഔദാര്യം ഈശ്വരന്‍ കാണിക്കാറില്ല....
ചിലരുടെ കുറവുകളെ മറ്റ്‌ കഴിവുകള്‍ കൊണ്ട്‌ മറയ്ക്കാന്‍ അനുഗ്രഹിക്കാന്‍ മടിക്കാറുമില്ലെന്നത്‌ മറ്റൊരു കാര്യം...

നിരക്ഷരൻ said...

നന്നായി.
25 ന്‌ ആശംസകള്‍.

Mahesh Cheruthana/മഹി said...

എഴുത്തുകാരി,
"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

sandoz said...

നെല്ലായി...ചോറായി...
25ആം പോസ്റ്റിനു ആശംസകള്‍‍....
നല്ല ക്രിസ്തുമസ്...നല്ല ന്യൂ ഈയര്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ജീവിതം അതിനെ വ്യാക്യാനിക്കാന്‍ നമുക്കാകില്ലലൊ ഇതൊക്കെ തന്നെ ജീ‍വിതം

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
മറ്റൊരു നല്ല രചന കൂടി

നിലാവര്‍ നിസ said...

നല്ല പോസ്റ്റ്..
ഇരുപത്തി ആറാ‍മത്തേത് കാക്കുന്നു..

Anonymous said...

നെല്ലായിലാ വീട്‌ ല്ലേ? ഞാന്‍ പഠിച്ചത്‌ നന്ദിക്കര ഗവ: സ്കൂളിലാണ്‌. ന്റെ അമ്മ അവിടുത്തെ ടീച്ചറും.

ആദ്യായിട്ടാ ഈ ബ്ലോഗ്‌ കാണുന്നത്‌...