Saturday, January 27, 2007

കടലിലേക്കൊരു യാത്ര

പുറത്തുനിന്നു കണ്ടിട്ടൂള്ളതല്ലാതെ ഇതുവരെ കടലിന്റെ നടുവില്‍നിന്നു കടലിനെ കണ്ടിട്ടില്ല. ഇന്നലെ അതുണ്ടായി.

ഞങ്ങള്‍ 50 പേരടങ്ങുന്ന സംഘം (സ്ഥലം - കൊച്ചി, സമയം വൈകുന്നേരം 5.30) കയറുന്നൂ
“സാഗരറാണി” യില്‍.

“സാഗരറാണി” കപ്പല്‍ എന്നൊന്നും വിളിച്ചൂ‍ടാ, ഒരു വലിയ ബോട്ടു് എന്നു പറയാം. എന്നാലും
കപ്പല്‍ എന്നു പറയാനാണെനിക്കിഷ്ടം.

കപ്പല്‍ നീങ്ങിത്തുടങ്ങി. കടല്‍ ശാന്തമായിരുന്നു (മുന്‍പരിചയം ഉള്ളവര്‍ ക്ഷമിക്കുക, കപ്പലില്‍ നമ്മുടെ കന്നിയാത്രയാണേയ്). “റാണി” മന്ദം മന്ദം പോവുന്നു. അസ്തമയ സൂര്യന്‍ യാത്ര പറയാതെ മേഘങ്ങ്ള്‍ക്കിടയില്‍ മറഞ്ഞു. അങ്ങിനെ അങ്ങിനെ ഞങങള്‍ പുറംകടലിലെത്തി.
10 km വരെ പോയി. ചുറ്റും വെള്ളം മാത്രം.

open air ല്‍ കടല്‍ കാണണ്ട എന്നാണെങ്കില്‍, air conditioned room ല്‍ സുഖമായിരുന്നു്
ജാലകത്തിലൂടെ കാണാം.

അപ്പോഴേക്കും കലാ (പ) പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. അവര്‍ ഒരുക്കുന്ന പരിപാടികള്‍ക്കു
പുറമേ നമുക്കും ആവാം, അറിയാമെങ്കില്‍ (അറിയില്ലെങ്കിലും, തൊലിക്കട്ടി ഉണ്ടായാലും മതി)
അവരുടെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്കു ശേഷം, ഒരു ആശ്വാസമഴ പോലെ, ഇതാ വരുന്നൂ,
“ചന്ദന മണിവാതില്‍ പാതി ചാരി “(വേണുഗോപാല്‍) . ഞങങളുടെ ഇടയില്‍ നിന്നൊരാള്‍. പറയാതെ വയ്യ, വളരെ വളരെ നന്നായിട്ടു പാടി.

അതിനിടയിലെപ്പോഴൊ, ഞങ്ങള്‍ കരയിലേക്കു തിരിച്ചു വന്നു തുടങ്ങിയിരുന്നു, ആരും അറിഞ്ഞില്ല.
കരയോടടുത്തപ്പോഴാണറിയുന്നതു്. സമയം 7.30. രണ്ടു മണിക്കൂര്‍ കടന്നുപോയിരിക്കുന്നു.
സാഗരറാണിയോടു യാത്ര പറഞ്ഞു നടന്നു.

ബ്ലോഗന്മാരേ, പോയാലോ ഒരു ട്രിപ്?


എഴുത്തുകാരി.

അടിക്കുറിപ്പു് അല്ലെങ്കില്‍ വാല്‍ക്കഷണം:- “വീര്യം കൊണ്ടുപോകലും കഴിക്കലും allowed ആണ്.

10 comments:

kaithamullu - കൈതമുള്ള് said...

എവിടെയായിരുന്നൂ ഇത്ര നാള്‍ എഴുത്തുകാരീ,
സാഗരറാണിയില്‍ കേറാന്‍ ഇത്രനാളത്തെ തയ്യാറെടുപ്പോ?

-വെള്ളത്തിന്റെ പുറത്തുകേറി വേണം, വെള്ളത്തിലൂടെ സഞ്ചരിക്കാന്‍, അല്ലെങ്കിലെന്തു സം..ചാ..രം?

ശാലിനി said...

യാത്രകള്‍ ഇഷ്ടപെടുന്ന ആളാണോ? ഇതുപോലെയുള്ള യാത്രകളെ കുറിച്ചു എഴുതൂ.

വിരഹദുഖം മാറിവരുന്നു അല്ലേ!

കുറുമാന്‍ said...

അഹാ, വീര്യമില്ലാതെ എന്തു കപ്പല്‍ യാത്ര?

കിനാവ്‌ said...

വരും വരുമെന്ന പ്രതീക്ഷയായിരുന്നു. ഒടുവില്‍ വന്നു.കണ്ടു. പോരാട്ടോ. പ്രതീക്ഷിച്ചതിലും കുറവ്. അടുത്തതില്‍ കാണാം, ല്ലേ...

Siji said...

നെല്ലായിക്കാരി..അവിടെ എന്റെ ബന്ധുക്കളൊക്കെയുണ്ട്‌. കഥകളൊക്കെവായിക്കുന്നതേയുള്ളു.

കുട്ടന്മേനൊന്‍ | KM said...

ഹായ് ഹായ് വെള്ളത്തില്‍ വെള്ളത്തിലൂടൊരു യാത്ര..
നെല്ലായിക്കാര് കുറെ ആയല്ലോ ഇവിടെ..

Typist | എഴുത്തുകാരി said...

Kaithamullu -- ഇത്തിരി തിരക്കിലായിരുന്നു.
ശാലിനീ -- യാത്രകള്‍ ഇഷ്ടമാണ്. ഒരുവിധം
സ്ഥലത്തൊക്കെ പോയിട്ടുമുണ്ടൂ്
(ഇന്ത്യക്കകത്തു്).
കുറുമാന്‍ -- വീര്യം അകത്തും
പുറത്തും ആയിക്കോട്ടേ.
കിനാവു് -- വലിയ പ്രതീക്ഷയൊന്നും
വേണ്ടാട്ടോ.വിശാലേട്ടന്റെ അയ
ലോക്കക്കാരിയാന്നുവച്ച്‌,
ആശാന്റെ ഏഴയലത്തെത്താന്‍
പറ്റുന്നു മോഹിക്കണ്ടാ.
സിജി --എന്നാ, സിജി ഇങ്ങോട്ടു വാ, ഇപ്പോ
ഒരു ബന്ധൂ കൂടി ആയില്ലേ?
കുട്ടന്മേനോന്‍ --നെല്ലായിക്കാര്‍ ആരാന്നാ
നിരീച്ചേ?

എല്ലാര്‍ക്കും നന്ദി.

എഴുത്തുകാരി.

സു | Su said...

എനിക്കും ഇഷ്ടാണ് യാത്ര. വെള്ളത്തില്‍ക്കൂടെ ആവുമ്പോള്‍ ഏറെ ഇഷ്ടം. ഇനി പോവുമ്പോള്‍ എന്നേം വിളിക്കണം.

Typist | എഴുത്തുകാരി said...

തീര്‍ച്ചയായും, സൂ.

എഴുത്തുകാരി.

sandoz said...

ഹയ്യടാ...ഇത്‌ എപ്പഴാ വന്ന് സാഗര റാണീല്‍ കയറിയത്‌.
ഞങ്ങള്‍ കൊച്ചിക്കാര്‍ അതിന്റെ പള്ളക്ക്‌ കിടന്ന് തെക്കോട്ടും വടക്കോട്ടും ഓടീട്ട്‌ ഇങ്ങനെ ഒരു കൂട്ടര്‍ വന്നിട്ട്‌ അറിഞ്ഞില്ലല്ലോ.

ഇനി വരുമ്പോ അറിയിച്ചിട്ട്‌ വരണേ......അപ്പൊ പറഞ്ഞത്‌ പോലെ...നെല്ലായി..ചോറായി...കറിയായി.