Monday, April 8, 2013

എന്നാലും എന്റെ അപ്പൂ...

എന്നാലും എന്റെ അപ്പൂ എന്തിനാ എന്നോടീ ചതി? ഞാനെന്തു തെറ്റു ചെയ്തു അപ്പൂനോട്‌?

അപ്പു എന്നോട്‌ ചെയ്ത ചതി എന്താണെന്നല്ലേ, പറയാം.

കുറേ    നാളായി  നാട്ടിൽ നിന്നു പോന്നിട്ട്.  പലരും പലവഴിക്കു പോയി. വീണ്ടും  ഒരു കൂടിച്ചേരല്‍. ഞങ്ങളൊക്കെ തല്‍ക്കാലം പോണൂട്ടോ, എന്നു പറഞ്ഞു പൂട്ടിയിട്ടു പോന്നതാ വീടിനെ. പക്ഷേ നമ്മളെത്ര ഉപേക്ഷിച്ചാലും നമ്മുടെ വരവിനെ കാത്തിരിക്കും അതു്. ഒരു നാള്‍ തിരിച്ചു ചെല്ലണമെന്നു  തോന്നുമ്പോള്‍  പരിഭവലേശമില്ലാതെ  രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ സ്വന്തം വീടല്ലാതെ മറ്റെന്തുണ്ട്?

എന്റെ വീടും കാത്തിരിക്കയായിരുന്നിരിക്കണം ഞങ്ങളെ. സ്വന്തം മുറ്റത്തോടിക്കളിച്ച കുഞ്ഞുങ്ങള്‍ തിരിച്ചുവരുമ്പോള്‍ സന്തോഷിക്കാതെ പിന്നെ.അല്ലെങ്കില്‍ പിന്നെന്തിനാ ഞാന്‍ നട്ടുനനച്ച  ചെറ്റിയും  ചെമ്പരത്തിയും ചെമ്പകവും മഞ്ഞപ്പൂവുമൊക്കെ  നിറയേ പൂക്കളുമായി നിന്നതു്? മുറ്റത്തെ മൂവാണ്ടന്‍ മാവിലും പ്രയോര്‍ മാവിലുമൊക്കെ നിറയെ മാങ്ങ!

പൂട്ടിയ ഗേറ്റ് തുറന്നു് അകത്തേക്കു കാലെടുത്ത് വച്ചപ്പോള്‍, ഈ ലോകത്തിലിന്നേറ്റവും സന്തോഷിക്കുന്നതു ഞാനാണെന്നു തോന്നി.  ഒരുപക്ഷേ ഇനി തിരിച്ചുവരാന്‍ കഴിയുമോ എന്നു സംശയിച്ചിറങ്ങിപ്പോയതാണ്.  ലോകത്തോട് വിളിച്ചുപറയാന്‍ തോന്നി ഞാനിതാ വീണ്ടും വന്നിരിക്കുന്നു എന്റെ പ്രിയപ്പെട്ട സാമ്രാജ്യത്തിലേക്കു്.

അതൊക്കെ ശരി. പക്ഷേ എല്ലാം  ഒന്നേന്നു തുടങ്ങിയിട്ടു വേണം. വെള്ളം, വെളിച്ചം, എല്ലാം.   ഭാഗ്യം, ലൈറ്റ് ഉണ്ട്. മോട്ടോര്‍ പണിമുടക്കിലാണ്.   രവിയെ വിളിക്കാം.  വര്‍ഷങ്ങളായുള്ള  എലക്ടീഷ്യന്‍ കം പ്ലംബര്‍ കം ഫിറ്റര്‍ കം , etc. etc.  വെള്ളം, വെളിച്ചം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ക്കാണെങ്കില്‍, കക്ഷി ഓടിയെത്തും.  അല്ലെങ്കിലോ, ചിലപ്പോള്‍ മാസങ്ങളും  വര്‍ഷങ്ങള്‍ തന്നെയും എടുത്തെന്നും വരും. ചുരുക്കത്തില്‍ ആവശ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും തീരുമാനിക്കുന്നതു് ഈ പറഞ്ഞ കക്ഷി  തന്നെ.

ഇനി ടി വി.  നാട്ടിലുള്ള ദിവസങ്ങളില്‍ നല്ല മലയാളം സിനിമയുണ്ടെങ്കില്‍ കാണാല്ലോ.   കേബിളിന്റെയാളും ഒരു സുഹൃത്തു തന്നെ.  വിളിച്ചു പറഞ്ഞു. പിള്ളേരെ വിടാം എന്നു പറഞ്ഞപ്പോള്‍ ഇത്ര പ്രോംപ്റ്റ്   ആവുമെന്നു കരുതിയില്ല.  ഒരു മണിക്കൂറിനുള്ളില്‍ കേബിളും ടി വി യും റെഡി.

നാട്ടിലെത്തി ഒന്നുരണ്ട് മണിക്കൂര്‍,  ഒന്നുരണ്ട് ഫോണ്‍ കാള്‍,   എവെരിത്തിങ് റെഡി.  ഞാനാരാ മോള്! ഇല്ലാത്ത കോളര്‍ ഒന്നു പൊക്കിവച്ചു.

ഇന്നത്തെ ഒരു ദിവസം ബ്ലാക് കോഫിയും ബ്കാക് ടീ യുമൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാം. നാളെ രാവിലെ അതു കണ്ടാല്‍ ഉടനേ വരും ചോദ്യം.  അമ്മക്കാ ഗോപിയേട്ടനെ വിളിച്ചൊന്നു പറയായിരുന്നില്ല്യേ.  അമ്മക്കേ പറയാന്‍ പാടുള്ളൂ, മറ്റാര്‍ക്കും പാടില്ല.                          

എന്തായാലും രാവിലെ ആ ഒരു സീന്‍ ഒഴിവാക്കുന്നതാ ബുദ്ധി.  രാജുവിന്റെ കടയില്‍ പോയി ഗോപി വന്നാല്‍ പത്തു ദിവസത്തേക്ക്‌ എനിക്കു രണ്ടു നേരവും പാല്‍ വേണം എന്നു പറയാനേല്പിച്ചു. രാജു പറഞ്ഞു, ചേച്ചി ധൈര്യമായിട്ടു പോ, അതു ഞാനേറ്റു.   ദേ വരുന്നു,  ഗോപാലേട്ടൻ.  ഉടനേ പറഞ്ഞു, എന്തിനാ മോളെ, ആ വെള്ളം മേടിക്കണേ,  സൊസൈറ്റിയില്‍ പോയാല്‍  നല്ല പാലു കിട്ടൂല്ലോ. പിന്നെന്താ, സമയത്തിനു പോണന്നേള്ളൂ .  കേട്ടുനിന്ന രാമുവിന്റെ വക  സപ്പോര്‍ട്ട് ,  അതാ ചേച്ചി നല്ലതു്, നല്ല പാലു കിട്ടും. ഒരു ആറ്-ആറരയാവുമ്പഴേക്കും  പോയില്ലെങ്കില്‍ കിട്ടില്യാട്ടോ, ഉച്ചക്കു് രണ്ടു മണിക്കും. ആ കുട്ട്യോളെ പറഞ്ഞയച്ചാല്‍ പോരേ?

അതു റിസ്കാ, അതു വേണ്ടാ, വെള്ളമെങ്കില്‍  വെള്ളം. അതു് ഉമ്മറത്തു കിട്ടുന്നതു  തന്നെ നല്ലതു്.

പിന്നെ സൊസൈറ്റിയായി ചര്‍ച്ചാവിഷയം. സമയത്തിനു തുറക്കാത്തതു്, ചിലര്‍ക്ക്‌ ഇല്ലെന്നു പറയുന്നു, ചിലര്‍ക്കു് മാറ്റി വച്ച് കൊടുക്കുന്നു,അങ്ങിനെ അങ്ങിനെ.  അവര്‍ക്കൊരു ചര്‍ച്ചാവിഷയം ഇട്ടുകൊടുത്ത സന്തോഷത്തില്‍ ഞാനിങ്ങു പോന്നു.

വീട്ടിലെത്തി  പത്തു മിനിറ്റ് കഴിഞ്ഞില്ല, ദാ വരുന്നു ഒരാള്‍ പാല്‍പ്പാത്രവും കൊണ്ട്.  . ഇത്ര പെട്ടെന്നിതെങ്ങിനെ എന്നത്ഭുതപ്പെട്ടുകൊണ്ട് ഞാന്‍.. എനിക്കിന്നൊരു  ലിറ്റര്‍ മതി. സൊസൈറ്റിയില്‍ പാല്‍ കൊടുക്കാന്‍ കൊണ്ട് പോയപ്പോള്‍  വൈകി. അളക്കാന്‍ പറ്റിയില്ല.   നിരാശനായി തിരിഞ്ഞു നടക്കുമ്പോഴാണ്, രാജുവിന്റെ  കടയിലെ സംവാദത്തിലെ ഒരു കക്ഷി അതിലേ കടന്നുപോയതു്.  അതാണ് പാല്‍ വീട്ടിലെത്താന്‍ കാരണം.

വന്നതു് അപ്പു. പാടത്തിനക്കരേന്നു്. അപ്പു വാചാലനായി. മറ്റുള്ളവര്‍  തരുന്ന പാലിലെ വെള്ളത്തിന്റെ കണക്കു്,  സമയത്തിലെ കൃത്യനിഷ്ടയില്ലായ്മ.     വടക്കേലെ രാഘവന്‍   നായര്‍ക്കു എത്രയോ വര്‍ഷം ഞാനാ പാലു കൊടുത്തിരുന്നേ.  വേണെങ്കില്‍  ചോദിച്ചോളൂ..  (പിന്നെ, കല്യാണാലോചനയൊന്ന്വല്ലല്ലോ, ഇത്തിരി പാലു തരാനല്ലേ, ഞാനെന്തിനാണാവോ അയാളെപ്പറ്റി അന്വേഷിക്കണേ . പിന്നെ അന്വേഷിക്കുന്നതു്  രാഘവന്‍ നായരോടും. അസ്സലായി.  ഇന്നേവരെ ഒരു നല്ല വാക്ക് ഒരാളെപ്പറ്റി ആ മനുഷ്യന്‍  പറഞ്ഞിട്ടുണ്ടാവില്ല. ഒരു    നായരോടും ഞാനന്വേഷിക്കാന്‍ പോണില്ല.) പാലേല്പിച്ചു. അപ്പുവും   ഹാപ്പി ഞാനും ഹാപ്പി. നാളെ ആറു മണിക്കു പാല്‍ ഉമ്മറത്തുണ്ടാവും.അക്കാര്യവും റെഡി. ഇല്ലാത്ത കോളര്‍ ഇത്തിരികൂടി കേറ്റിവച്ചു.

 രാജുവിനെ  വിളിച്ചു പറഞ്ഞു, .  ഗോപിയോട്  പറയണ്ടാട്ടോ, പാലു  ഞാന്‍ വേറെ ഏര്‍പ്പാടാക്കി.

സ്വസ്ഥമായി, സമാധാനമായി ഉറങ്ങി. നേരം വെളുത്താല്‍ നല്ല പാലു കിട്ടും, കുട്ടികളുടെ കറുത്ത മുഖം കാണണ്ട. എന്തു സുഖം.    നേരത്തേ എഴുന്നേറ്റ് ഗെയിറ്റ്  തുറന്നിട്ടു.   പരപരാ വെളുക്കുമ്പോള്‍  പാല്‍ കൊണ്ടുവരുന്ന  അപ്പുവിനെ  പാവം ബുദ്ധിമുട്ടിക്കരുതല്ലോ.  ആറു മണിയായി, ആറരയായി ഏഴായി, ഏഴരയായി പാലുമില്ല, അപ്പുവുമില്ല.

വീണ്ടും രാജുവിനെ വിളിച്ചു്,  ഗോപിയെ വിളിച്ച്   പാല് സംഘടിപ്പിച്ചു.  രാജു പറഞ്ഞു, അപ്പുവാണെന്നു പറഞ്ഞപ്പഴേ എനിക്കു സംശയമുണ്ടായിരുന്നു.  ആശാന്റെ ഒരു ഹോബിയാണത്രേ  മനുഷ്യരെ പറഞ്ഞു പറ്റിക്കുകയെന്നതു്. കുറച്ചുകാലമായി നാട്ടിലില്ലാത്ത ഞാന്‍ മാത്രം അതറിഞ്ഞില്ല.

നാളെ ആറു മണി എന്നൊരു സമയമുണ്ടെങ്കില്‍ പാല്‍ ഉമ്മറത്തുണ്ടാവും എന്നു പറഞ്ഞുപോയ അപ്പുവിനെ  പിന്നെ ഇന്നീ ദിവസം വരെ ഞാന്‍  കണ്ടിട്ടില്ല.   എന്തായിരുന്നു അയാളുടെ ഉദ്ദേശം . ഒരാളേക്കൂടി പറഞ്ഞു പറ്റിച്ചതിന്റെ ആനന്ദമോ. ആനന്ദിക്കാന്‍ ഓരോരോ കാരണങ്ങള്‍.

എന്നാലും, എന്റെ അപ്പൂ, എന്നോട് വേണമായിരുന്നോ ഇത്‌!

എഴുത്തുകാരി.

23 comments:

Typist | എഴുത്തുകാരി said...

നാട്ടിലെ ഓരോ കഥാപാത്രങ്ങള്‍. ആനന്ദിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍. അല്ലാതെന്തു പറയാന്‍!

പടിപ്പുര said...

ഹ ഹ ഹ... ആനന്ദിക്കാന്‍ ഓരോരുത്തർക്കും ഓരോ കാരണങ്ങള്‍

ജിമ്മി ജോൺ said...

ഈ അപ്പു ആൾ കൊള്ളാമല്ലോ... ഇത്രയൊക്കെയായിട്ടും ഇതുവരെ ആരും തിരിച്ചൊരു പണി കൊടുക്കാത്തത് എന്താണാവോ!!

പിന്നേയ്.. ആ പ്രിയോർ മാങ്ങയൊക്കെ മൂത്തുതുടങ്ങിയൊ? ഞങ്ങളുടെ വീട്ടിൽ അതിന് പേരയ്ക്ക മാങ്ങ എന്നാണ് പേര്.. എന്താ അതിന്റെയൊരു രുചി!! ഓർക്കുമ്പോൾ തന്നെ നാവിൽ കൊതിയൂറുന്നു..

ബിലാത്തിപട്ടണം Muralee Mukundan said...

രണ്ടാഴ്ച്ച തന്റെ സാമ്രാജത്തിലേക്ക്
വിഷുവിനെ വരവേൽ‌ക്കാനും,മാമ്പഴക്കാലം
ആഘോഷിക്കാനും എത്തിയ അമ്മ മഹാറാണിയുടെ
നാട്ടിലെ പ്രജകളുടെ ആനന്ദിക്കാനുള്ള ഇത്തരം കാരണങ്ങൾ കൊണ്ട് തന്നെയാകാം ,
അവിടെ ആനന്ദപുരം എന്നറിയപ്പെടുന്നത് അല്ലേ

സമാന്തരന്‍ said...

ചേച്ചീ.... സുഖമാണല്ലോ..

ചെറുപ്പ കാലത്ത് വിരുന്നു കഴിഞ്ഞു വരുമ്പോൾ നോക്കാനാളില്ലാതിരുന്നതിൽ പരിഭവിച്ച് കുസൃതി വളർച്ചയും തളർച്ചയുമായി നിൽക്കുന്ന ചെടികളാവും സ്വീകരിക്കുക. പിന്നെ ആദ്യത്തെ കാഴ്ചയിൽ പാത്രങ്ങൾക്കും വാതിലിനും വലിപ്പക്കുറവും .....

ന്നാലും ചേച്ചി, അപ്പുവിന് അടിയുടെ കുറവുണ്ട്.

ശ്രീ said...

അപ്പുവിനെ പോലെ ഉള്ള ചിലര്‍ എല്ലായിടത്തും കാണും ചേച്ചീ... ഞങ്ങളുടെ നാട്ടിലുമുണ്ട് അങ്ങനെ ഉള്ള ചിലര്‍.

വളരെ അത്യാവശ്യമുള്ള ഒരു കാര്യമാകും ചിലപ്പോള്‍ കക്ഷി ഏറ്റിട്ടു പോകുക. പക്ഷേ, വേണ്ട സമയത്ത് കാര്യം നടക്കണമെങ്കില്‍ വേറെ ആളെ നോക്കേണ്ടി വരും.

Typist | എഴുത്തുകാരി said...

പടിപ്പുര, നന്ദി.അയാള്‍ക്ക് കുറച്ച് ആനന്ദം കിട്ടിക്കാണുമായിരിക്കും, അല്ലേ.

ജിമ്മി ജോണ്‍, പ്രയോര്‍ മാങ്ങ മൂക്കുന്നേയുള്ളൂ. നല്ല ചിനച്ച മൂവാണ്ടന്‍ മാങ്ങയുണ്ട്. പ്ലേറ്റില്‍ നുറുക്കിയിട്ട് ഇത്തിരി ഉപ്പും മുളകുപൊടീം ഒരിത്തിരി വെളിച്ചെണ്ണയും ചാലിച്ച്... എല്ലാരും വട്ടമിട്ടിരുന്നു്.. പരദൂഷണോം പറഞ്ഞ്‌. എന്താ രസം. കൊതിയാവുണൂല്ലേ. വന്നാല്‍ തരാം.

ബിലാത്തിപ്പട്ടണം, ഇവിടെ എല്ലാവരും ആനന്ദിക്കുന്നതുകൊണ്ടാവും ആനന്ദപുരമായതു്.

സമാന്തരന്‍, സുഖം തന്നെ. അല്ല മാഷേ, കാണാനേയില്ലല്ലോ, കുറേക്കാലമായിട്ട്, ബൂലോഗത്തൊന്നുമില്ലേ (അല്ല, ഞാനുമില്ല, വലിയ കാര്യമായിട്ടൊന്നും)

ശ്രീ,ഇവരൊക്കെ കൂടിയാലല്ലേ നമ്മുടെ നാട്ടിന്‍പുറമാവുള്ളൂ അല്ലേ.

നന്ദി, എല്ലാവര്‍ക്കും.

ajith said...

അപ്പുവൊക്കെ ഇത്രയല്ലേ ചെയ്യുന്നുള്ളു.
ചിലര്‍ ചെയ്യുന്നതൊക്കെ വച്ചുനോക്കിയാല്‍ ഇത് ചീള് കേസ്. കുറച്ചുനാള്‍ നാട്ടില്‍ നില്‍ക്കുമ്പോള്‍ അതൊക്കെ കണ്ടു പരിചയമാകും.

(ഒരു നാള്‍ തിരിച്ചു ചെല്ലണമെന്നു തോന്നുമ്പോള്‍ പരിഭവലേശമില്ലാതെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ സ്വന്തം വീടല്ലാതെ മറ്റെന്തുണ്ട്?....കറക്റ്റ്)


keraladasanunni said...

വേറൊരു അപ്പുവിന്‍റെ ( യഥാര്‍ത്ഥ പേര് ഇതല്ല ) കഥ പറയാന്‍ തോന്നുന്നു. കക്ഷി പടിഞ്ഞാറേ തലയ്ക്കല്‍ ( നാട്ടിലെ ഒരു സ്ഥലമാണ് ) നിന്ന് വരുന്നതു കണ്ട് വഴിവക്കിലെ വീട്ടുകാരന്‍ സന്തോഷിച്ചു. വിരുന്നുകാര്‍ വന്നിട്ടുണ്ട്. സല്‍ക്കരിക്കണം. അവരെ വീട്ടിലിരുത്തി പീടികയിലേക്ക് പോവാന്‍ പറ്റില്ല. അയാള്‍ അപ്പുവിനെ വിളിച്ചു രണ്ടു കിലോ ആട്ടിറച്ചി വാങ്ങി തരാമോ എന്ന് ചോദിച്ചു. പിന്നെന്താ സംശയം എന്നും 
പറഞ്ഞ് പണം വാങ്ങി പോയ അപ്പു അടുത്ത ബസ്സില്‍ കയറി സ്ഥലം വിട്ടു. രണ്ടു കൊല്ലം
കഴിഞ്ഞിട്ടാണ് പിന്നെ അവന്‍ 
നാട്ടിലെത്തിയത്.

( പുതിയ നോവല്‍ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് ).

വിനുവേട്ടന്‍ said...

സമയം വൈകിയതു കൊണ്ട് അന്നത്തെ പാൽ പാഴാവാതിരിക്കാൻ അപ്പു ചെയ്ത ഒരു വേലയല്ലേ ഇത്...? അടുത്ത ദിവസം മുതൽ അപ്പു വീണ്ടും സൊസൈറ്റിയിൽ തന്നെ കൊണ്ടുപോയി കൊടുത്തു കാണും...

(അതോ ഇനി അന്ന് ഏപ്രിൽ ഒന്ന് ആയിരുന്നോ?)

ഇലഞ്ഞിപൂക്കള്‍ said...

എന്നാലും പറഞ്ഞ് പറ്റിക്കേണ്ടായിരുന്നു ല്ലേ, അതും പാലിന്‍റെ പേരില്‍..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതെ പറഞ്ഞത് ശ്ര'ദ്ദി'ച്ച് കേൾക്കണമായിരുന്നു "നാളെ ആറു മണി" എന്നല്ലെ പറഞ്ഞത് അതിൻ ഇന്ന് നോക്കിയിട്ട് എന്ത് കാര്യം, ഹ ഹഹ :) ഗണപതിക്കല്യാണം പോലെ

Echmukutty said...

പറ്റിച്ചല്ലോ... അപ്പു...
ഉം സാരമില്ല...

ഇടയ്ക്കൊക്കെ ഓരോ പോസ്റ്റിട്ടൂടെ... ഇത്ര വൈകാതെ...

സങ്കുചിതന്‍ said...

chechi, simply great. you are not aware the quality of your writing. It is better than all above average level malayalam writers. simply amazing.

Typist | എഴുത്തുകാരി said...

ajith, സന്തോഷം.

keraladasanunni, യാത്രയിലായിരുന്നു, ഇന്നാണ് തിരിച്ചെത്തിയതു്. നോവല്‍ തീര്‍ച്ചയായും വായിക്കുന്നുണ്ട്.

വിനുവേട്ടന്‍, ഏപ്രില്‍ ഒന്നു് അല്ലായിരുന്നു. എന്നാലും ഞാന്‍ വിഡ്ഡിയായി.

ഇലഞ്ഞിപ്പൂക്കള്‍, അതെ, എന്നോട് വേണ്ടായിരുന്നു ഈ ചതി.

Indiaheritage, എന്തു പറഞ്ഞിട്ടെന്താ കാര്യം നടന്നില്ല അത്ര തന്നെ. കുറേക്കാലമായിട്ട് എവിടെയായിരുന്നു?

Echmukutty, നോക്കട്ടെ ഇത്ര ഇടവേളയില്ലാതെ പറ്റുമോന്നു്.

സങ്കുചിതന്‍, ഒരുപാട് നന്ദി, ഈ നല്ല വാക്കുകള്‍ക്കു്.

ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി, സന്തോഷം.

Anonymous said...

വിഷു കഴിഞ്ഞു കുറെ യാത്ര അതുകൊണ്ടുതന്നെ ഇവിടെ എത്താൻ ഇത്രയും സമയം

സങ്കുചിതന്‍ പറഞ്ഞതാണ് സത്യം ആനയുടെ സൈയിസ് ആന അറിയില്ല എന്ന് പറയുന്നതുപ്പോലെ ഈ എഴുത്തിന്റെ ക്വാളിറ്റി ട്യ്പിസ്റ്റ് അറിയുന്നില്ല എന്ന് തോന്നുന്നു ....

Typist | എഴുത്തുകാരി said...

NaNcY, നന്ദി.

പട്ടേപ്പാടം റാംജി said...

യാതൊരു പരിഭവവുമില്ലാതെ പൂത്തും തളിര്‍ത്തും മരവിച്ചും കാത്തുകിടക്കുന്നത് സ്വന്തം വീടുതന്നെ.
മനുഷ്യര്‍ ആനന്ദിക്കാന്‍ കണ്ടെത്തുന്ന ഓരോരു വഴികള്‍ അല്ലേ?

Typist | എഴുത്തുകാരി said...

നന്ദി റാംജി, ഇതുവഴി വന്നതിനും അഭിപ്രായത്തിനും.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

എഴുത്തുകാരിചേച്ചിയുടെ എഴുത്തോലയിലേക്ക് വീണ്ടും വന്നു. വായിച്ചു.. സാരമില്ല .. അപ്പുവിനു സന്തോഷമായല്ലോ ..സന്തോഷിക്കട്ടെ.. പിന്നെ വരാം ബാക്കിയുള്ളതൊക്കെ വായിക്കാൻ ആശംസകൾ

കാസിം തങ്ങള്‍ said...

നാളുകള്‍ക്ക് ശേഷം ഇവിടെയെത്തിയപ്പോള്‍ ആദ്യം കിട്ടിയത് അപ്പുവിന്റെ പറ്റിക്കല്‍ പോസ്റ്റ്.

ചിലരങ്ങിനെയാണല്ലോ. മറ്റുള്ളവരെ പറ്റിച്ച് ആഹ്ലാദം കണ്ടെത്തുന്നവര്‍.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)

Typist | എഴുത്തുകാരി said...

ബഷീര്‍ പി ബി വെള്ളറക്കാട്, വീണ്ടും വന്നല്ലോ, സന്തോഷം.

കാസിം തങ്ങള്‍, സന്തോഷം.

Vellayani Vijayan, നന്ദി.