Monday, January 23, 2012

ആരും അറിയാത്ത കഥ

പണ്ട് പണ്ട്, ഒരു  രാജകൊട്ടാരം.  മഹാരാജാവ്, മഹാരാജ്ഞി.  മഹാരാജകുമാരി. ചിറകുള്ള കുതിരപ്പുറത്ത് പറന്നുവരുന്ന രാജകുമാരനില്ല ഈ കഥയിൽ.

രാജകുമാരി സുന്ദരി, മിടുമിടുക്കി,ആവശ്യത്തിലധികം കുറുമ്പും.   ആരും കാട് കയറണ്ടാ, പ്രായം മധുരപ്പതിനേഴും പതിനെട്ടുമൊന്നുമല്ല.  വെറും അഞ്ചോ ആറോ അല്ലെങ്കിൽ ഏഴോ എട്ടോ. എല്ലാവരുടേയും ഓമനയാണവൾ.  ഒരു  കുസൃതിക്കുടുക്ക.

ഇനി കഥയിലേക്കു്....

അന്നു്      എല്ലാവർക്കുമൊന്നും  മീശ വക്കാൻ അനുവാദമില്ല  (പണ്ട് പണ്ടാണേയ്).  മഹാരാജാക്കന്മാർക്കാവാം.  വേണമെങ്കിൽ ഗുരുക്കന്മാർക്കുമാവാം.   പക്ഷേ  ശിഷ്യന്മാർക്ക്, ഒരു കാരണവശാലും അതു് അനുവദിക്കപ്പെട്ടിട്ടില്ല.  ബഹുമാനക്കുറവാണത്രേ അതു്. കൊലകൊമ്പന്മാരായ അമ്മാവന്മാരുടെ മുൻപിൽ മീശ വച്ചു ചെല്ലാൻ മരുമക്കൾ  ധൈര്യപ്പെട്ടിട്ടും അധികകാലം ആയില്ലെന്നു തോന്നുനു.

അങ്ങിനെയിരിക്കുന്ന കാലത്ത്,  നമ്മുടെ കൊച്ചുരാജകുമാരിക്കൊരു കുറുമ്പു തോന്നി.  കൊട്ടാരത്തിലെ ഗുരുവിന്റെ  ശിഷ്യൻ  നല്ല ഉറക്കം.   അവൾ അവനൊരു സുന്ദരൻ  മീശ വരച്ചുകൊടുത്തു.  പാവം ഒന്നുമറിഞ്ഞില്ല.  ഉണർന്നെണീറ്റ്  നേരേ ചെന്നതു ഗുരുവിന്റെ മുൻപിൽ. പോരേ പൂരം.

സംഭവം പ്രശ്നമായി, പ്രശ്നം ഗുരുതരമായി. എന്തു്,  ഇത്തിരിപ്പോന്ന ഇവൻ  തന്നേക്കാൾ വലിയ മീശ വക്കുകയോ. ഗുരുനിന്ദയല്ലേ ഇതു്.  നെവർ, ഇതനുവദിക്കാൻ വയ്യ.  ആകെ പ്രശ്നമായി.  മാനഹാനി സഹിക്കാൻ വയ്യാതെ പാവം ശിഷ്യൻ ജീവിതം അവസാനിപ്പിച്ചു.  പക്ഷേ വെറുതെ അങ്ങിനെ അങ്ങ്  പോയാലോ.  അതിലെന്തോന്നു ത്രിൽ.  അന്നൊക്കെ സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാൻ ഒരായുധമുണ്ടല്ലോ, ശാപം.  നമ്മുടെ ശിഷ്യനും പ്രയോഗിച്ചു അതിലൊരെണ്ണം. ആരാണോ ഇതു ചെയ്തതു്,  അവൻ/അവൾ  ആവശ്യമില്ലാതെ പഴി കേൾക്കാൻ ഇടവരട്ടെ---------

കാലം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.  അവളുടെ കുസൃതി കൂടുന്നതല്ലാതെ കുറയുന്നില്ല.

മറ്റൊരു ദിവസം.....

 കൊട്ടാരത്തിലെ പുരോഹിതന്മാർക്കു്   വെറുതേ കണ്ട് മോഹിക്കാമെന്നല്ലാതെ, പെണ്ണെന്ന വർഗ്ഗത്തിനെ  അബദ്ധത്തിൽ പോലും ഒന്നു തൊടാൻ  പാടില്ലത്രേ.   അതിനി ഒരു കൊച്ചുപെൺകുട്ടിയായാൽ പോലും. പെണ്ണാണോ, രക്ഷയില്ല.  അവളുണ്ടോ വിടുന്നു. എന്നെ തൊടല്ലേ എന്നെ  തൊടല്ലേ എന്നു പറഞ്ഞുനടന്ന ഈ വകുപ്പിൽ പെട്ട  ഒരു കക്ഷിയെ  അവൾ പിന്നിൽനിന്നുപോയി ഒന്നു പതുക്കെ തൊട്ടുപോലും.  ദാ വരുന്നു  ശാപം നമ്പർ ടൂ.  അവൾ   നല്ല കാര്യം ചെയ്താൽ പോലും ആരും അതറിയാതെ പോട്ടെ.

പാവം കുട്ടി, അവളിതൊന്നും അറിയുന്നില്ല. അവൾ വളർന്നു.  ആരും കണ്ടാൽ കൊതിക്കുന്ന രാജകുമാരിയായി.  കല്യാണപ്രായമായി, കല്യാണവും കഴിച്ചു, ആരെയാണെന്നല്ലേ, സാക്ഷാൽ ദശരഥ മഹാരാജാവു്,അയോദ്ധ്യാരാജൻ.  ഇപ്പോൾ മനസ്സിലായോ രാജകുമാരി ആരാണെന്നു്. സാക്ഷാൽ കൈകേയി. ചക്രവർത്തിക്കു് ഏറ്റവും പ്രിയപ്പെട്ടവളായി മാറിയ കൈകേയി അങ്ങിനെ  അയോദ്ധ്യയിലെത്തി. ഇനിയൊക്കെ ചരിത്രം, പുരാണം,എല്ലാവർക്കും അറിയുന്ന കഥ.

കാലചക്രം ഉരുണ്ടുരുണ്ട് പോയി. ഗംഗയിലെ വെള്ളം ഒരുപാടൊരുപാട് ഒഴുകിപ്പോയി. വസന്തം, ശിശിരമൊക്കെ പലപ്രാവശ്യം വന്നുപോയി.   രാമ, ലക്ഷ്മണ, ഭരത, ശത്രഘ്നൻ മാരൊക്കെ വളർന്നു വലുതായി. രാമന്റെ പട്ടാഭിഷേകമായി.  ആ നേരത്താണല്ലോ നമ്മുടെ കഥാനായിക ചുവപ്പുകൊടി കാണിച്ചതും, ഭരതനെ രാജാവാക്കണമെന്ന ഡിമാൻഡ് വച്ചതും,  രാമനെ കാട്ടിലേക്കയച്ചതും.   രാമൻ  പോയി, കൂടെ ലക്ഷ്മണനും സീതയും. ദശരഥൻ പുത്രദു:ഖം താങ്ങാനാവാതെ   മരിച്ചു.   ഇതിനെല്ലാം കാരണക്കാരിയായ കൈകേയിയെ എല്ലാവരും വെറുത്തു.

 ഭരതൻ പോലും ലജ്ജിച്ചൂ, ഈ അമ്മയുടെ വയറ്റിൽ  പിറന്നല്ലോ എന്നോർത്ത് .  14 വർഷം കഴിഞ്ഞു,  രാമൻ വന്നു. ആദ്യം പോയതു് കൈകേയി അമ്മയുടെ അടുത്ത്.  കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു.  എന്താ കാര്യം.  രാമനു മാത്രം അറിയാമായിരുന്നത്രേ കൈകേയി 14 വർഷം മുൻപ്  അങ്ങിനെ ഒരു ഡിമാൻഡ് വച്ചതിന്റെ റീസൺ.  ജ്യോതിഷപ്രകാരം, ആ സമയത്ത്   സിംഹാസനത്തിലിരിക്കുന്ന ആൾ മരിക്കുമായിരുന്നു.   അതിൽ നിന്നു രാമനെ രക്ഷിക്കാനുള്ള ഒരു സൂത്രമായിരുന്നു  വനവാസം ഡിമാൻഡൊക്കെ. രാമനെ കാട്ടിലേക്കയച്ചിട്ട്  ഭരതൻ  രാജാവാകാൻ സമ്മതിക്കില്ല എന്നും ഉറപ്പായിരുന്നു കൈകേയിക്കു്.  സോ  അതും  നോ പ്രോബ്ലം.

പക്ഷേ കഥയിലെ രണ്ട് വില്ലനമാരില്ലേ, പണ്ടത്തെ ശാപങ്ങൾ.  അവരാണ് പണി പറ്റിച്ചതു്. കൈകേയി ഈ ചെയ്ത നല്ല കാര്യം ആരും അറിഞ്ഞുമില്ല, എല്ലാവരുടേയും പഴി കേൾക്കേണ്ടിയും വന്നു.  പാവം കൈകേയി,  ഒരു ദുഷ്ടകഥാപാത്രമായി  മാറി.

കഥ കഴിഞ്ഞു. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ? അധികമാരും കേട്ടിരിക്കാൻ വഴിയില്ലെന്നു തോന്നി, അതാ അതിവിടെ പറഞ്ഞതു്.  ഞാനീയടുത്താ ഈ കഥ കേട്ടതു്. വായിച്ചിട്ടുമില്ല ഇതുവരെ. ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ  പലതും പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ ശ്രീധരേട്ടനാ പറഞ്ഞതു്, നീ ഇങ്ങനെയൊരു കഥ് കേട്ടിട്ടുണ്ടോ എന്നു്.

ഇനിയൊരു മുൻകൂർ ജാമ്യം:  അറിയാല്ലോ  കഥയിൽ ചോദ്യമില്ല.  എന്നാലും ചോദ്യങ്ങളുള്ളവർക്ക് ചോദിക്കാം.. പക്ഷേ  ഉത്തരങ്ങളില്ല എന്റെ കയ്യിൽ.  കൂടുതൽ അറിയാവുന്നവർ പറയട്ടെ. 

എഴുത്തുകാരി.

53 comments:

Typist | എഴുത്തുകാരി said...

ആരും അധികം കേട്ടിരിക്കാനിടയില്ലെന്നു തോന്നിയതുകൊണ്ട് ഇവിടെ പങ്കു വയ്കുന്നു. കൂടുതൽ അറിയാവുന്നവർ പറയട്ടെ... എനിക്കിത്രയേ അറിയൂ.

khaadu.. said...

ഞാനിതുവരെ കേട്ടിട്ടില്ല ഈ കഥ... ആദ്യമായിട്ടാ കേള്‍ക്കുന്നത്.. അത് കൊണ്ട് തന്നെ ചോതിക്കാന്‍ എന്റെ കയ്യില്‍ ചോദ്യങ്ങളില്ല... എന്നാലും എന്തേലും ചോതിക്കെണ്ടേ...അത് കൊണ്ട് ചോതിക്കുന്നു.. ഇങ്ങനെയൊക്കെ തന്നെയായിരിക്കും ഈ കഥ ..അല്ലെ....?

Sands | കരിങ്കല്ല് said...

:)

പടിപ്പുര said...

പാവം! ആ കൈകേയിയേ എല്ലാവരും എന്തുമാത്രം പഴിച്ചു. ഞാൻ കൈകേയി സ്മാരക സമിതി ഉണ്ടാക്കി. ചേച്ചി മെമ്പറാവുന്നോ?

Anonymous said...

കഥയില്‍ ചോദ്യമില്ല
നല്ലത് ചെയ്യ്താല്‍ കൈകേയിയുടെ അനുഭവം ഉണ്ടാകും എന്ന് ധരിച്ചു ആരും നല്ലത് ചെയ്യാതിരിക്കരുത്
നല്ല കഥ !

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

(പക്ഷേ കഥയിലെ രണ്ട് വില്ലനമാരില്ലേ, പണ്ടത്തെ ശാപങ്ങൾ. അവരാണ് പണി പറ്റിച്ചതു്. കൈകേയി ഈ ചെയ്ത നല്ല കാര്യം ആരും അറിഞ്ഞുമില്ല, എല്ലാവരുടേയും പഴി കേൾക്കേണ്ടിയും വന്നു. പാവം കൈകേയി, ഒരു ദുഷ്ടകഥാപാത്രമായി മാറി.)

അത് ശരി അപ്പോൾ മിസ്സീസ്:കൈകേയി ഒരു മിസ്സീസ്സ് ക്ലീനായിരുന്നു അല്ലേ..!!

പാവം എന്റെ അമ്മായിമ്മയടക്കം എത്ര ആയമ്മമാരെ വരെ ഞാൻ ഈ കൈകേകിമാരാക്കി പഴി പറഞ്ഞിരിക്കുന്നൂ...!
ഇനിപ്പ്യോ പോയവാക്കും..തൊടുത്തുവിട്ട...

Pradeep paima said...

ആരും അറിയപ്പെടാത്ത ..അല്ലെ പറയപ്പെടാത്ത ഒരു പുരാണകഥ.ഇതിനു അഭിനന്ദനം പറയാതെ വയ്യ..ഞാന്‍ കേട്ടിട്ടുണ്ട് കൈകേയിയുടെ വിരല്‍ ശാപം കിട്ടിയാണ് ഇരുമ്പ് പോലെ ആയതെന്നു.അതും എല്ലാം ചേര്‍ത്ത് വച്ച് ഒരു നല്ല കഥയും ചിന്തയും ആക്കി എഴുതിയ എഴുത്തുകാരിക്ക് ആശംസകള്‍ ..
ചിലയിടത്ത് കാണാറുണ്ട് എങ്കിലും ..ശ്രദ്ധിച്ചിട്ടില്ല ട്ടോ ഇയാളെ ..എന്നാ ഇനി കൂടെ ഉണ്ട് ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു വരെ എനിക്കൊരു അഹംഭാവം ഉണ്ടായിരുന്നുകഥകൾ ഒക്കെ അറിയാമെന്ന് ഇന്നു തൊലി ഉരിഞ്ഞു പോയി.

ഇതൊന്നും കേട്ടിട്ടേ ഇല്ല

ചമ്മിച്ചതിനു നന്ദി

:)

sivanandg said...

വക്രീകരിക്കപ്പെട്ട പുരാണേതിഹാസങ്ങളിലെ മറച്ചു വയ്ക്കപ്പെട്ട ഒരേടു ദൈര്യപൂര്‍വ്വം പകര്‍ത്തിയ എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍.....

Naushu said...

മുന്‍പ്‌ കേട്ടിട്ടില്ല .... :)

Typist | എഴുത്തുകാരി said...

Khaadu, :)

കരിങ്കല്ല്, :)

പടിപ്പുര, ഞാനും കൂടാം.

NaNcY, thank you.

മുരളീമുകുന്ദൻ, പാവം അമ്മായിയമ്മ.

Pradeep paima, സ്വാഗതം, ആശംസകൾക്കു നന്ദി. ഇനിയും കാണാം.

Indiaheritage, അഹംഭാവം പോയതു നല്ല കാര്യം തന്നെ.എന്നാൽ ഞാനൊരു സ്വകാര്യം പറയട്ടെ. ചരിത്രം പുരാണമൊന്നും വല്യ പിടിയല്ല്ല എനിക്കു്. ഇത് ഞാൻ കേട്ടതു് ഒന്നു പോസ്റ്റി എന്നു മാത്രം.

sivanandg, ഈ വഴി ആദ്യമായല്ലേ, സ്വാഗതം.

Typist | എഴുത്തുകാരി said...

Naushu, അധികമാരും കേട്ടിരിക്കാനിടയില്ലെന്നു തോന്നി ഈ കഥ, അതുകൊണ്ടാ പോസ്റ്റാമെന്നു വച്ചതു്. നന്ദി ഈ വഴി വന്നതിനു്.

Kalavallabhan said...

പോസ്റ്റിയത്‌ ഇത്തിരി കൂടി വിസ്തരിച്ചാവാമായിരുന്നു.

പ്രേം I prem said...

ആദ്യമായി കേള്‍ക്കുകയാണ് കേട്ടോ. പാവം കൈകേയി...
കഥയില്‍ ചോദ്യമില്ലല്ലോ അല്ലേ? അയോധ്യയിലെ ജനങ്ങള്‍ക്ക്‌ മീശയില്ലായിരുന്നോ അതോ കുട്ടി വളര്‍ന്നു വരുമ്പോഴേക്കും മീശ വയ്ക്കാംഎന്നായോ, പുരോഹിതന്മാരായി ജനിച്ചവരുടെ വിധി!

"ഗംഗയിലെ വെള്ളം ഒരുപാടൊരുപാട് ഒഴുകിപ്പോയി. " വര്‍ഷങ്ങള്‍ കഴിഞ്ഞു എന്ന് പറയുന്നതിന് പകരം അടിപൊളി ' മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം ഒരുപാടൊരുപാട് ഒഴുകിപ്പോയി ' ..

കൈകേയി അമ്മയുടെയും വിധി !

ഇപ്പോഴായിരിക്കും ശ്രീധരേട്ടന്‍ ഈ കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ ഉള്ള സമയമായതും നമുക്കറിയാന്‍ കഴിഞ്ഞതും അതു നമ്മുടെ വിധി ! ആയുഷ്മാന്‍ ഭവ ! യാശസ്വീഭവ !!!
നന്നായിരിക്കുന്നു.

SHANAVAS said...

അതെ, ഇ കഥയ്ക്കുള്ളിലെ കഥ ആദ്യം കേള്‍ക്കുകയാണ്...അപ്പോള്‍ കൈകേയി പാവം ആയിരുന്നല്ലേ???നമ്മളും പാവങ്ങള്‍ അല്ലെ??(ഉറങ്ങുമ്പോള്‍).നന്നായി പറഞ്ഞു...ആശംസകളോടെ..

ഷിബു തോവാള said...

എഴുത്തുകാരീ....ഇതുവരെ കേൾക്കാത്ത ഒരു കഥ ആണല്ലോ ഇത്..പുരാണങ്ങളിലെ, കേട്ടുപഴകിയതിൽനിന്നും വ്യത്യസ്തമായ ഒരു ഗതിമാറ്റം ആദ്യമായാണ് ഞാനും കേൾക്കുന്നത്. കൈകേയിയെ ഒരു ദുഷ്ട കഥാപാത്രമായി മനസ്സിൽ കൊണ്ടുനടന്നിരുന്നവർ ( ഞാനുൾപ്പടെ) ഇനി മാറ്റിചിന്തിക്കുവാൻ തയ്യാറാകുമോ എന്ന് നോക്കാം..?

ഒരു കേട്ടറിവിൽ നിന്നും ജന്മമെടുത്ത ഈ കഥയ്ക്ക് ഏറെ അഭിനന്ദനങ്ങൾ..അല്പം കൂടി വിശദമായി അവതരിപ്പിക്കാമായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ടേ..

ആശംസകൾ.

മുല്ല said...

അത് കൊള്ളാം, ഞാനും കേട്ടിട്ടില്ല,അതിനു അത്രക്കൊന്നും അറിയേമില്ല കേട്ടോ,പുരാണങ്ങള്‍.
എന്തായാലും നന്നായി. ഓരോരുത്തരേം ഓരോ കോണില്‍ നിന്നും നോക്കിക്കാണാലോ.അല്ലെങ്കിലും ഒരാള്‍ ചീത്തയാണെന്ന് വിധിക്കാനൊക്കെ നമ്മളാരാ അല്ലേ..

വിനുവേട്ടന്‍ said...

തിരക്കിലായതിനാൽ ഇവിടെ ഓടിയെത്താൻ ഇത്തിരി വൈകീട്ടോ...

പുതിയൊരു വഴിത്തിരിവാണല്ലോ ഇത്... എം.ടി രണ്ടാമൂഴത്തിൽ ഭീമസേനന് നാം അറിയാത്ത ഒരു ഇമേജ് കൊടുത്തത് പോലെ... അഭിനന്ദനങ്ങൾ ചേച്ചീ...

നമ്മുടെ വിശാൽജിയുടെ വിശാലഭാരതം വായിക്കുന്നതിന്റെ ഒരു ഫീലിങ്ങ് അനുഭവപ്പെട്ടു കേട്ടോ...

രാജഗോപാൽ said...

ഈ കഥ ആദ്യമായി കേൾക്കുകയാണ്. രാമായണത്തിനു പുതിയ ഭാഷ്യം ചമച്ച ശ്രീധരേട്ടനു നമോവാകം.

Echmukutty said...

ഈ കഥ കൊള്ളാമല്ലോ. ഇതു പങ്കു വെച്ചതിനു ഒത്തിരി നന്ദി കേട്ടൊ.

Typist | എഴുത്തുകാരി said...

Kalavallabhan,

പ്രേം,

SHANAVAS,

ഷിബു തോവാള,

മുല്ല,

വിനുവേട്ടൻ,

രാജഗോപാൽ,

Echmukutty,

എല്ലാവർക്കും നന്ദി.

anupama said...

പ്രിയപ്പെട്ട എഴുത്തുകാരി ചേച്ചി,
ആദ്യമായാണ്‌ ഇങ്ങിനെയൊരു കഥ കേള്‍ക്കുന്നത്...!കൂടുതല്‍ അറിയാന്‍ ശ്രമിക്കാം. എനിക്കാണേല്‍, ഒരു കഥ കേട്ടാല്‍, ഒരു ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും!
ശ്രീധരേട്ടനും ചേച്ചിക്കും നന്ദി.
സസ്നേഹം,
അനു

ശ്രീജിത്ത് മൂത്തേടത്ത് said...

ആദ്യമായിക്കേള്‍ക്കുകയാ..
നന്നായിട്ടുണ്ട്..
ആശംസകള്‍..

jayarajmurukkumpuzha said...

puthan avatharanam shradheyamayi..... bhavukangal.... blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY..... vayikkumallo..............

keerthi said...

നല്ല കഥ.. :)

keerthi said...
This comment has been removed by the author.
ettan said...

Hi chechi,

nice story, but i have one question, so she dont care about Dhasharathan's life???she want to save only her childern not her husband??...

ലതി said...

ചേച്ചീ ഞാനും ആദ്യമായി കേൾക്കുന്നു, ഇങ്ങനെ ഒരു ഭാഷ്യം. നന്ദി,ചേച്ചിക്കും ശ്രീധരേട്ടനും.

Typist | എഴുത്തുകാരി said...

anupama,

ശ്രീജിത്ത്,

jayarajmurukkumpuzha,

keerthi,

Ettan,

ലതി,

എല്ലാവർക്കും നന്ദി.

പട്ടേപ്പാടം റാംജി said...

പിന്കഥകള്‍ അന്വേഷിക്കാതെ കേട്ടത് കൊണ്ട് മുന്നോട്ട് പോകുന്നതാണല്ലോ ഇന്നത്തെ രീതി.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ചെറിയ 'ബുദ്ധിജീവി' തന്നെ!!!
ആദ്യമായി കേള്‍ക്കുകയാണ്..
ആശംസകളോടെ..

വീ കെ said...

“കൈകേയി ഈ ചെയ്ത നല്ല കാര്യം ആരും അറിഞ്ഞുമില്ല, എല്ലാവരുടേയും പഴി കേൾക്കേണ്ടിയും വന്നു.“ പാവം കൈകേയി,

പിന്നെ ദ്ങ്ങനെ പുറത്തായി..?!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'കാട് കയറാതെ'വായിച്ചു.

Rare Rose said...

നന്നായി സസ്പെന്‍സിട്ട് കഥ പറഞ്ഞല്ലോ.മുന്നേയെപ്പഴോ ഈ വേര്‍ഷന്‍ എവിടെയോ വായിച്ച പോലൊരു കുഞ്ഞോര്‍മ്മ.അതുകൊണ്ടാള്‍ കൈകേയിയാണെന്ന് പെട്ടെന്ന് കത്തി :)

kochumol(കുങ്കുമം) said...

ഇങ്ങനെ ഒരു കഥ ഞാനും ആദ്യം കേള്‍ക്കയാണ് ട്ടോ ...!! പിന്നെ കഥയില്‍ ചോദ്യമില്ല എന്നല്ലേ അതുകൊണ്ട് ഒരു ചോദ്യവും ചോദിക്കണില്ല ...കാരണം വേറൊന്നും അല്ല ചോദിക്കാന്‍ ഒരു ചോദ്യവും ഇല്ല അതന്നെ ..

keraladasanunni said...

ഈ പോസ്റ്റ് കാണാന്‍ വല്ലാതെ വൈകിപ്പോയി. ഈ കഥ കേട്ടിട്ടില്ല. ഏത് കാര്യത്തിനും ഒരു കാരണമുണ്ടാവും എന്നല്ലേ പറയുക.

Typist | എഴുത്തുകാരി said...

പട്ടേപ്പാടം റാംജി,

ജോയ് പാലക്കൽ,

വി കെ

ഇസ്മായിൽ,

Rare Rose,

Kochumol,

കേരളദാസനുണ്ണി,

എല്ലാവർക്കും നന്ദി.

ajith said...

പക്ഷെ ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം. ഒരു അന്വേഷണക്കമ്മറ്റിയെ വച്ച് കൈകേയിയെ കുറ്റവിമുക്തയാക്കിയാലോ..!!

വി.എ || V.A said...

....ഈ ശ്രീധരേട്ടൻ ആള് കൊള്ളാമല്ലോ!!! ഇങ്ങനെ എത്രയെത്ര സംഭവങ്ങൾക്ക് ന്യായം കണ്ടെത്താൻ നമുക്കാവും!!!! ഓരോന്നായി കണ്ടുപിടിച്ച് ഇതുപോലെ എഴുതിവിട്ട് പുരാണത്തിലേയ്ക്ക് സഞ്ചരിപ്പിക്കുക. അനുമോദനങ്ങൾ....

Typist | എഴുത്തുകാരി said...

ajith,

വി എ,

നന്ദി.

Unknown said...

How do u feel now? Are u ok ? u have deleted the post ehich u published yday? hope u are feeling btr now.
i am a new reader of ur posts.

ശ്രീ said...

ഞാനും ഈ കഥ കേട്ടിട്ടില്ലെന്ന് തോന്നുന്നു

സുബൈർ ബിൻ ഇബ്രാഹിം said...

അനുമോദനങ്ങൾ....

jayarajmurukkumpuzha said...

blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI ...... vayikkumallo......

പടിപ്പുര said...

പുതിയൊരു പോസ്റ്റുണ്ടായിരുന്നല്ലോ. അതിനെ തല്ലികൊന്നോ?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഞാനും ഇപ്പോഴാണീ കഥ അറിയുന്നത്. നന്ദി. നന്മ തിരിച്ചറിയ്യുന്നില്ല എന്നൊരു ഗുണപാഠം കൂടി ഇതിൽ  ഇല്ലേ?

വേണുഗോപാല്‍ said...

ഈ കഥ ഞാനും കേട്ടിട്ടില്ല !!!
ആയതിനാല്‍ ചോദ്യം ഇല്ല ..
എന്നാലും ചോദിക്കട്ടെ ..
എന്താ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ഇടാത്തത് ?

ആശംസകള്‍

SumeshVasu said...

ഞാനുമിപ്പളാ കേള്‍ക്കുന്നതു.... എന്തരായാലും ഗൊള്ളാം.... കഥ പറഞ്ഞ രീതി....

Typist | എഴുത്തുകാരി said...

Unknown, നന്ദി ഈ വഴി വന്നതിനു്.

ശ്രീ,

സുബൈർ ബിൻ ഇബ്രാഹിം,

jayarajmurukkumpuzha,

പടിപ്പുര, ഇല്ല, തല്ലിക്കൊന്നിട്ടില്ല, സൂക്ഷിച്ചുവച്ചിരിക്കയാ :)

ഓർമ്മകൾ ഉണ്ടായിരിക്കണം,

വേണുഗോപാൽ,

Sumesh Vasu,

ഈ വഴി വന്ന്, ചോദ്യമില്ലാത്ത കഥ വായിച്ച എല്ലാവർക്കും നന്ദി.

അമ്പിളി. said...

Kathayinganeyum undo... ippol arinju, panku vechathinu nandi:-)

OAB/ഒഎബി said...

ഇക്കഥ ഇങ്ങനെ വേണമെങ്കിലും പറയാം !

Mahesh Ananthakrishnan said...

കൊള്ളാം, കേള്‍ക്കാത്ത കഥ .... ഒരുപക്ഷെ കൈകേയിയുടെ ചെയ്തികള്‍ക്ക് ഒരു ന്യായികരണം ആകുമോ ഈ കഥ ..... ??

ശ്രീധരേട്ടനും എഴുത്തുകാരിക്കും നന്ദി :)

Khureishi Beevi said...

Will there be such innocent stories behind every stepmother's wickedness....angane samaadhaaniykkaam...