Friday, October 28, 2011

കരയണോ, ചിരിക്കണോ?


അന്നും പതിവുള്ള morning walk  കഴിഞ്ഞ് ഞാൻ  എന്റെ സ്ഥിരം ബെഞ്ചിലിരുന്നു.   അതാണെന്റെ പതിവു്. നല്ല ചുവന്ന നിറത്തിലുള്ള പൂക്കളാണവിടെ  മുഴുവന്‍.  ഇഷ്ടമുള്ള കുറേ പാട്ടുകളുണ്ട് എന്റെ മൊബൈലില്‍. ചിലപ്പോൾ അതു കേട്ടിരിക്കും.   അതുമല്ലെങ്കിൽ, മനസ്സിനെ  ഇഷ്ടമുള്ളിടത്തേക്കു മേയാന്‍ വിട്ടിട്ട് വെറുതേ ഇരിക്കും.  അന്നും  അതുപോലെ  മനസ്സിനെ അതിന്റെ വഴിക്കു വിട്ടിട്ട്, ഞാൻ പൂക്കളേയും കളിക്കാന്‍ വന്ന കുട്ടികളേയും നോക്കിയിരിക്കുകയായിരുന്നു.  പൂമ്പാറ്റകളേപ്പോലെ ഒരുപാട് കുട്ടികളുണ്ടായിരുന്നു അന്നു്.                                                            

ചാരു ബെഞ്ചിന്റെ അങ്ങേ അറ്റത്തിരുന്ന   ഭംഗിയുള്ള    പ്രിന്റഡ് സിൽക് സാരി ഉടുത്ത അവരെ നോക്കി ഞാനൊന്നു ചിരിച്ചു. സൗമ്യമായ മുഖം. രണ്ടൂ മൂന്നു ദിവസമായി എന്നും രാവിലെ കാണുന്നതല്ലേ. പതിവിനു വിപരീതമായി അവരും ചിരിച്ചു. പതിവിനു വിപരീതമായി എന്നു പറഞ്ഞതു്, സാധാരണ സ്ഥിരം  കാണുന്ന പലരോടും ചിരിച്ചിട്ടും ഇങ്ങോട്ടൊരു പ്രതികരണവും കിട്ടാറില്ല,  അതുകൊണ്ട് ഞാനാ പരിപാടി ഏകദേശം നിർത്തിയ മട്ടാണ്.

എന്തായാലും എനിക്കൊരു ചിരി പകരം കിട്ടി. എന്നോട് ചോദിച്ചു Dr.Latha  ആണോയെന്നു്. അതുപോലെ ഇരിക്കുന്നു എന്നു് .  അല്ലെന്നു പറഞ്ഞിട്ടും ചിരി മാഞ്ഞില്ല.   ബെഞ്ചിന്റെ രണ്ടറ്റത്തും ഇരുന്നിരുന്ന ഞങ്ങൾ  രണ്ടുപേരും പതുക്കെ നീങ്ങി  അടുത്തേക്കിരുന്നു. അതാണ് രാജി. രാജലക്ഷ്മി എന്ന രാജി.  തമിഴ്  നാട്ടുകാരിയാണ്..  എന്തുകൊണ്ടോ ചേച്ചി എന്നോ അക്കാ എന്നൊന്നും വിളിച്ചില്ല. ആദ്യം മാഡം ആയിരുന്നതു് പിന്നെ  രാജി  ആയി മാറി.. സംഭാഷണം ഇംഗ്ലീഷിലും തമിഴിലുമായി  പുരോഗമിച്ചു.

പിന്നെ എന്നും കാണും. രണ്ടു പേരും   പറഞ്ഞുവച്ച്   ഒരേ സമയത്തു വരാൻ തുടങ്ങി.  പാർക്കിന്റെ അടുത്തു തന്നെയാണ് രാജിയും താമസിക്കുന്നതു്.  ചില ദിവസം രാജി  പറയും, ഞാനിന്നു നല്ല പൊങ്കൽ ഉണ്ടാക്കിയിട്ടുണ്ട്. നീ  വാ, നമുക്കൊരുമിച്ച് കഴിക്കാം. ചില ദിവസം  breakfast  എന്റെ വീട്ടിലാവും. പുട്ട്    ഇഷ്ടമാണ് രാജിക്കു്.  കുറച്ചു ദിവസം കൊണ്ട്  രാജിക്കെന്നേയും എനിക്കു രാജിയേയും ഇഷ്ടമായി. എനിക്കതു് സാധാരണ  കഴിയാത്തതാണ്. അങ്ങനെ ആരുമായും പെട്ടെന്നടുക്കാൻ എനിക്കു കഴിയാറില്ല. രാജിക്കും ഇവിടെ കുറേ നാളായിട്ടും  കാര്യമായി  സുഹൃത്തുക്കളൊന്നുമില്ല. 

രാജി തമിഴ് നാട്ടുകാരി. ഹോട്ടൽ താജ് ൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ് .  ഒരുപാട്  രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താമസിച്ചിട്ടുണ്ട്. ഇപ്പഴും കൊല്ലത്തില്‍ 15 ദിവസം താജിൽ ഫ്രീ ആയി താമസിക്കാമത്രേ.  ഭർത്താവ് റിട്ടയർ ചെയ്തപ്പോൾ ബാംഗ്ലൂരിൽ  താമസമാക്കി.  ഭര്‍ത്താവ് മരിച്ചിട്ട് രണ്ടുമൂന്നു മാസമേ ആയുള്ളൂ. പെട്ടെന്നായിരുന്നു. (ഒരു പക്ഷേ തുല്യ ദു:ഖിതരായതുകൊണ്ടാവാം ഞങ്ങള്‍ പെട്ടെന്നടുത്തതു്)

രാജിക്കു രണ്ട്  മക്കൾ.  മകന്‍ ഭാര്യയുമായി വർഷങ്ങളായി ലണ്ടനിൽ.  മകള്‍    TCS ല്‍.  ബാംഗ്ലൂരിലായിരുന്നു. ഇപ്പോള്‍  അവളും ലണ്ടനില്‍. ഭർത്താവ് മരിച്ചപ്പോള്‍ അമ്മയെ തനിച്ചാക്കി പോകാൻ മക്കള്‍ക്കു വിഷമം. അതുകൊണ്ട് അമ്മക്കും  വിസക്ക്  apply  ചെയ്തിരിക്കയാണ്.   അമ്മക്കു വിസ കിട്ടി  അമ്മയേയും  കൂടെ കൊണ്ടുപോകാനായി  മകന്‍ തിരിച്ചുപോയിട്ടില്ല.

രാജിക്കു പോകാനൊട്ടും ഇഷ്ടമില്ല. സ്വന്തം ഫ്ലാറ്റ് ഉണ്ട്. എല്ലാ സൌകര്യങ്ങളുമുണ്ട്.  ഇഷ്ടം പോലെ പണമുണ്ട്.  എന്നോട് പറഞ്ഞു. എനിക്കാകെ ചെയ്യാനറിയുന്നതു് ട് വി കാണലാണ്. പിന്നെ പാചകവും.  ഭര്‍ത്താവുള്ളപ്പോള്‍ പറയുമായിരുന്നു കമ്പ്യൂട്ടര്‍ കുറച്ചെങ്കിലും  പഠിക്കാന്‍. ചെയ്തില്ല. മൌസ് പിടിക്കാന്‍ പോലും അറിയില്ല. കഴിഞ്ഞ 6 വര്‍ഷമായി  ATM കാര്‍ഡുണ്ട്. പക്ഷേ കാശെടുക്കാന്‍ അറിയില്ല. മൊബൈലില്‍  സിം മാറ്റിയിടാൻ അറിയില്ല.  അദ്ദേഹത്തിന്റെ നിഴലായി ജീവിക്കുകയായിരുന്നു.
  
 ആകെയുള്ള നേരം പോക്ക്  തമിഴ്  സീരിയലുകള്‍ കാണലാണ്.  അതു പോലും നടക്കില്ല അവിടെ ചെന്നാൽ. അവിടെ  സമയം വ്യത്യാസമാണല്ലോ.  അതിഭയങ്കര തണുപ്പ്.   ഇതിനൊക്കെ പുറമേ തമിഴ് ബ്രാഹ്മിനായ രാജിയുടെ മരുമകള്‍ ഒരു ക്രിസ്റ്റ്യന്‍‍ കുട്ടിയാണ്. എനിക്കവളെ  ഇഷ്ടമാണ്.  നല്ല കുട്ടിയാണ്. പക്ഷേ ഇനി  അവളുടെ  ഭക്ഷണരീതികളുമായി  പൊരുത്തപ്പെടാന്‍  കഴിയുമോ? ഒരുപാട് സംശയങ്ങൾ.   എന്തായാലും പോവുക തന്നെ എന്നു തീര്‍ച്ചപ്പെടുത്തി  വിസക്കു് അപേക്ഷിക്കുകയായിരുന്നു.  കുട്ടികൾ വിളിച്ചിട്ടു പോകാതിരിക്കാൻ വയ്യ.   ഒറ്റക്കു താമസിക്കാനും വയ്യ.

 ഭര്‍ത്താവ് മരിച്ച സ്ഥിതിക്കു  വിസ കിട്ടുമെന്നുറപ്പാണ്. വീട് വാടക്കു കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്തു.   പെട്ടികള്‍  പാക്ക് ചെയ്തു വച്ചു.

 എനിക്കും സങ്കടമായി. എന്റെ വിഷമം ഞാന്‍ പറഞ്ഞില്ല.  അമ്മയെ ഒറ്റക്കു താമസിക്കാന്‍ വിടാതെ കൂടെ കൊണ്ടുപോകുന്ന മകന്റെ കൂടെയല്ലേ ആ അമ്മ പോകുന്നതു്.   സന്തോഷിക്കുകയല്ലേ വേണ്ടതു്.  അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു.

സാധാരണ ഞങ്ങള്‍  നടത്തം കഴിഞ്ഞാണ്  ബെഞ്ചില്‍ വന്നിരുന്നു സംസാരിക്കാറുള്ളതു്.  അന്നും ഞാന്‍ പതിവുപോലെ എന്റെ നടത്തം തുടങ്ങി. ഏന്നെ കാത്തിരുന്ന  രാജി പറഞ്ഞു,  നിക്ക്, നിക്ക്,  നടക്കാന്‍ വരട്ടെ.  അല്ലെങ്കില്‍‍ ഇന്നു നടക്കണ്ടാ. നമുക്കിരിക്കാം.  ബെഞ്ചില്‍ പോയി ഇരുന്നു.  എന്നോട്  ചോദിച്ചു, ഞാൻ കരയണോ ചിരിക്കണോ എന്നു്. എന്നിട്ടു പറഞ്ഞു, അല്ല, ഞാന്‍ ചിരിക്കാന്‍ തീരുമാനിച്ചു. എന്നു്.

  എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും ചിരിക്കാനാണല്ലോ തീരുമാനിച്ചതു്. നന്നായി  എന്നു ഞാനും കരുതി.  ‍സംഭവം എന്താണെന്നുവച്ചാൽ  രാജിയുടെ വിസ  reject  ചെയ്തു. ഇവിടെ സ്വത്തുക്കളുണ്ടെന്നും, ബന്ധുക്കളുണ്ടെന്നും, മകന്‍ ധാരാളം കാശയുക്കുന്നുണ്ടെന്നും അങ്ങനെ എന്തൊക്കെയോ കാരണം പറഞ്ഞു്.
                                
അവസാനം ഇപ്പോള്‍ മകനും തീരുമാനിച്ചു. അമ്മയെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍, അമ്മയെ ഒറ്റക്കാക്കി പോകണ്ട,  അത്യാവശ്യം  കാശൊക്കെ സമ്പാദിച്ചിട്ടുണ്ടല്ലോ, ഇനി നാട്ടിലേക്കു തിരിച്ചുവരാം എന്നു്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. കല്യാണം കഴിഞ്ഞ്‌ പത്തു വര്‍ഷമായിട്ടും അവര്‍ക്കു കുട്ടികളില്ല. ഇനി നാട്ടിലെ ചികിത്സയും നോക്കാം എന്ന തീരുമാനത്തോടെ.  അപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.

അതാ രാജി ചോദിക്കുന്നതു്, വിസ കിട്ടാത്തതുകൊണ്ട് രാജിക്കു  ഇവിടെ നിന്നു  പോകണ്ട, മകൻ തിരിച്ചുവരികയും ചെയ്യുന്നു. അപ്പോൾ ഞാൻ ചിരിക്കുകയല്ലേ വേണ്ടതു്.   പക്ഷേ അവനു് പെട്ടെന്നു് എല്ലാം എനിക്കുവേണ്ടി അവസാനിപ്പിച്ച് വരുന്നതിൽ സങ്കടമുണ്ടാവില്ലേ. അതുകൊണ്ട്  ഞാൻ വിഷമിക്കണോ എന്നതാണ് രാജിയുടെ പ്രശ്നം.
 
മകന്‍ ലണ്ടനിലെ  കാര്യങ്ങള്‍ അവസാനിപ്പിച്ച് വരാന്‍ ഇപ്പോള്‍ അങ്ങോട്ട്  പോയിരിക്കുകയാണ്. മകന്‍ വരുന്നതുവരെ  രാജി ചെന്നൈയിലേക്കും പോയി. ബന്ധുക്കളെല്ലാം അവിടെയാണ്.  ദീപാവലി  കഴിഞ്ഞു് നവംബര്‍ ഒന്നാം തിയതി വരും.

ഞാനും കാത്തിരിക്കുന്നു, എന്റെ ഈ നഗരത്തിലെ ഒരേ ഒരു സുഹൃത്തിനെ.  

എഴുത്തുകാരി.                                            

45 comments:

Typist | എഴുത്തുകാരി said...

വേണ്ടാ കരയണ്ടാ, ചിരിക്കാൻ കഴിയുമെങ്കിൽ അതല്ലേ നല്ലതു്.....

വിനുവേട്ടന്‍ said...

ശരിയാണ്... കരഞ്ഞിട്ടെന്ത് നേട്ടം... കഴിയുന്നതും ചിരിച്ചുകൊണ്ട് തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകുക... ജീവിതം ഞങ്ങളെ പഠിപ്പിച്ചത് അതാണ്...

ഒരു സംശയം... അപ്പോൾ എഴുത്തുകാരി ചെന്നൈ‌യിലല്ലേ? രാജി ചെന്നൈ‌യിലേക്കും പോയി എന്നെഴുതിയത് കണ്ടിട്ടാ...

Typist | എഴുത്തുകാരി said...

വിനുവേട്ടൻ, പെട്ടെന്നു വന്നല്ലോ, സന്തോഷം.

ഞാനിപ്പോൾ ചെന്നൈയിലല്ല, ബാംഗ്ലൂരിൽ. കറങ്ങിക്കറങ്ങി ഇവിടെയെത്തി, രണ്ടുമാസമായി.

Sands | കരിങ്കല്ല് said...

..

ഞാൻ.

mini//മിനി said...

ജീവിതയാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു,,,
നല്ല മകൻ,,,

മനോജ് കെ.ഭാസ്കര്‍ said...

ഇന്നത്തെ കാലത്ത് ഇങ്ങനെയൊന്ന് സംഭവിക്കാത്തതാണ്. അമ്മയ്ക്ക് വിസ ശരിയാകാത്തതുകൊണ്ട് ഏതെങ്കിലും വൃദ്ധസദനത്തില്‍ മുറി ബുക്ക് ചെയ്യുമെന്നാണ് കരുതിയത്.രണ്ടുണ്ട് കാര്യമെങ്കിലും മകനും നാട്ടില്‍ നില്‍ക്കാന്‍ തീരുമാനിച്ചെല്ലോ..

ശിഖണ്ഡി said...

ഞങ്ങള്‍ കരയണോ, ചിരിക്കണോ?

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ഒരേ തൂവ്വൽ പക്ഷികൾക്ക് ചേക്കാറാൻ ഒരു ചില്ലയായല്ലോ...
ഇനി കരച്ചിലുകൾ ഒതുക്കി ചിരിച്ചുകൊണ്ട് തന്നെ ഇവർക്ക് തമിഴ് നാട്ടിലും,കേരളത്തിലും,ലണ്ടനിലും,ജർമനിയിലും,..,..മൊക്കെ ഇനിയുള്ള കാലങ്ങൾ പറന്ന് നടക്കാൻ സാധിക്കുമാറാകട്ടേ.... !

Anil cheleri kumaran said...

നല്ലൊരു സുഹൃത്തിനെ കിട്ടിയല്ലോ.

ശ്രീനാഥന്‍ said...

ഒരു പൂപോലെ മൃദുലമായൊരു സ്നേഹബന്ധം ഭംഗിയായി പങ്കു വെച്ചു ഈ പോസ്റ്റ്!

Rare Rose said...

എഴുത്തുകാരി ചേച്ചീ.,നന്നായെഴുതി പുതിയ ചങ്ങാത്തത്തെ പറ്റി..
എന്തിന് വിഷമം ആ ചേച്ചിക്ക്? കൂടെ വരാനങ്ങനൊരു മോനുണ്ടായല്ലോന്നോര്‍ത്ത് സന്തോഷിക്കയല്ലേ വേണ്ടേ.മക്കളും,കൊച്ചു മക്കളുമായി ഇമ്മിണി ബല്യ സന്തോഷങ്ങള്‍ നിറയ്ക്കാനല്ലേ ഈ വരവ്..

keraladasanunni said...

രാജിയെപ്പോലെ ഓരോരുത്തര്‍ക്കും 
അവരവരുടേതായ ദുഖങ്ങളും സന്തോഷങ്ങളും
ഉണ്ട്. ദുഖത്തെ മറക്കാന്‍ ശ്രമിക്കുക, കഴിവതും സന്തോഷിക്കുക. അതല്ലേ ചെയ്യാനാവൂ. ഹൃദയ സ്പര്‍ശിയായ എഴുത്ത്.

മനോജ് കുമാർ വട്ടക്കാട്ട് said...

ഒരു ചെറു പുഞ്ചിരി

khaadu.. said...

സംഭവിച്ചതെല്ലാം നല്ലതിന്....

കാരണം ഇന്നത്തെ കാലത്ത് സംഭവിക്കാന്‍ സാധ്യത ഇല്ലാത്തതാണ്...


ആശംസകള്‍...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇങ്ങനെ ഒക്കെയാ ജീവിതം കരഞ്ഞും ചിരിച്ചും കളിച്ചും ഒക്കെ അങ്ങു പോകും

പട്ടേപ്പാടം റാംജി said...

ഇഷ്ടപ്പെടുന്നത് ലഭിക്കുക എന്നത് ഒരു ഭാഗ്യമാണ്. നല്ലൊരു സൌഹ്രദം..മനോഹരമായി പറഞ്ഞു.

Typist | എഴുത്തുകാരി said...

വിനുവേട്ടൻ,

കരിങ്കല്ല്,

മിനി,

മനോജ് കെ ഭാസ്കർ,

Shikandi,

മുരളീമുകുന്ദൻ,

കുമാരൻ,

ശ്രീനാഥൻ,

എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

Rare Rose,

Keraladasanunni,

പടിപ്പുര,

Khaadu,

ഇൻഡ്യാ ഹെറിറ്റേജ്,

പട്ടേപ്പാടം റാംജി,

ഈ വഴി വന്ന എല്ലാവർക്കും നന്ദി.

അനില്‍@ബ്ലോഗ് // anil said...

പണിക്കർ സാർ പറഞ്ഞപോലെ ഇങ്ങനെ ചിരിച്ചും കരഞ്ഞും ഒക്കെ അങ്ങിനെ പോകാം.

Anonymous said...

ചിരിക്കാൻ കഴിയുമെങ്കിൽ അതുതന്നെയാണ് നല്ലത്
ദു:ഖം ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല
കവി പറഞ്ഞപ്പോലെ പിരിയാന്‍ വയ്യാത്ത സ്വന്തക്കാരന്‍ ഈ ചങ്ങാതി എന്നാല്‍ നല്ല ചങ്ങാതി ദു:ഖം പങ്കു വയ്ക്കും
long live new friendship!

പഥികൻ said...

എന്റെ ബ്ലോഗിൽ ചേച്ചി എഴുതിയ ഒരു കമന്റിന് ഇപ്പോ മറുപടി പറഞ്ഞതേ ഉള്ളൂ..അപ്പൊ ദേ അതേ ലൈനിൽ ഒരു പോസ്റ്റ്...ചിരിക്കാൻ കഴിയുമെങ്കിൽ അതു തന്നെ നല്ലത്.
സസ്നേഹം,
പഥികൻ

മൻസൂർ അബ്ദു ചെറുവാടി said...

സ്നേഹത്തിന്‍റെയും സൌഹൃദത്തിന്റെയും ഭാഷയ്ക്ക്‌ എന്നും ഭംഗിയുണ്ട്.
നല്ല പോസ്റ്റ്‌.
ആശംസകള്‍

Naushu said...

നല്ലത് മാത്രം ഭവിക്കട്ടെ !!!!

പ്രേം I prem said...

ദീപ്തമായ രചന ..! ഒഴുക്കുള്ള അവതരണം കൂടിയായപ്പോള്‍ വായിക്കാന്‍ നല്ല സുഖം ഉണ്ട്. കാലം ചിരിക്കാനും കരയുവാനും പഠിപ്പിക്കുന്നു, എന്നാലും വേണ്ടാ കരയണ്ടാ ചിരിച്ചാല്‍ മാത്രം മതി .... ആയുഷ്മാന്‍ ഭവ !!!

വേണുഗോപാല്‍ said...

മകന്‍ ലണ്ടനില്‍ എന്തൊക്കെ നഷ്ടപെടുത്തി തിരികെ പോന്നാലും ഞാന്‍ സന്തോക്ഷിക്കും . കാരണം ആ അമ്മ ഏകാകിനി ആകില്ലല്ലോ
അവരുടെ ഭാവി ജീവിതത്തിനു നന്മകള്‍ നേരുന്നു

ആൾരൂപൻ said...

ചിരിയ്ക്കാനോ കരയാനോ തോന്നുന്നില്ല. ഒരു തരം നിർവ്വികാരത.....

ഒരു യാത്രികന്‍ said...

വേദനയും സ്നേഹവും നിറഞ്ഞ കുറിപ്പ് ഇഷ്ടമായി......സസ്നേഹം

Manoj vengola said...

പ്രകാശം നിറഞ്ഞ അനുഭവക്കുറിപ്പ്.
അതിന്റെ പ്രതിഫലനം
വായിച്ച എന്‍റെമനസ്സിലും.

ജിമ്മി ജോൺ said...

ചിരിക്കുന്നത് തന്നെയാ നല്ലത്, ചേച്ചീ..

Typist | എഴുത്തുകാരി said...

അനിൽ,

NaNcY,

പഥികൻ,

ചെറുവാടി,

naushad kv,

പ്രേം,

വേണുഗോപാൽ,

ആൾരൂപൻ,

ഒരു യാത്രികൻ,

Manoj Vengola,

ജിമ്മി ജോൺ,

നന്ദി, എല്ലാവർക്കും.

Unknown said...

കൂട്ടുകാരിയുടെ കരച്ചിലിനെ ചിരിയാക്കി മാറ്റാന്‍ ഇനി എഴുത്തുകാരിചേച്ചി കൂടെയുണ്ടല്ലോ... കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍കൂടി പഠിപ്പിച്ച് ഒരു ബ്ലോഗറെക്കൂടി ബ്ലോഗ് ലോകത്തിലേക്ക് സംഭാവന ചെയ്യൂ ചേച്ചീ.... ഞങ്ങള്‍ കാത്തിരിക്കാം...

ഹരീഷ് തൊടുപുഴ said...

അവസാനം..
കറക്കത്തോട് കറക്കമായി അല്ലേ..
എന്നാ ഇനി നെല്ലായിക്ക്?

Bindhu Unny said...

എല്ലാം നല്ലതിനല്ലേ. മകന് നാട്ടിൽ വന്നിരിക്കാനുള്ള സ്ഥിതിയുണ്ടായല്ലോ - സാമ്പത്തികവും മനസ്സും.

ഒരുപാട് നാളായി ഇവിടെ വന്നിട്ട്. നെല്ലായിയിൽ നിന്ന് പോയ കാര്യം അറിഞ്ഞില്ല. :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിട്ടുണ്ട്.ഈ പ്രവാസം അവസാനിപ്പിക്കാറായില്ലേ?

Manoraj said...

പറഞ്ഞത് പോലെ ചിരിക്കാന്‍ കഴിയുമെങ്കില്‍ അത് തന്നെ നല്ലത്.

ഓഫ് : അതെ എല്ലാവരും ചോദിക്കും പോലെ ഈ പ്രവാസം അവസാനിപ്പിക്കാറായില്ലേ..

ശ്രീ said...

സംഭവിച്ചതും സംഭവിയ്ക്കുന്നതും എല്ലാം നല്ലതിന് എന്നാണല്ലോ. അപ്പോ രാജിയുടെ വിസ reject ചെയ്തതും നല്ലതിന് എന്ന് കരുതാം. ഒന്നുമില്ലെങ്കിലും ഇനിയുള്ള കാലം മകന്റെ കൂടെ താമസിയ്ക്കാമല്ലോ.

Typist | എഴുത്തുകാരി said...

രജനീഗന്ധി, നോക്കട്ടെ പറ്റുമോന്നു്.

ഹരീഷ്, ഒരുപാട് നാളായല്ലോ ഈ വഴി കണ്ടിട്ട്. ഒരഞ്ചാറു മാസം കൂടി വേണ്ടിവരും ഈ കറക്കം എന്നു തോന്നുന്നു.

Bidhu Unny, നന്ദി. കുറച്ചുകാലമായി നാട്ടിൽ നിന്നു പോന്നിട്ട്.

വെള്ളായണി വിജയൻ, കുറച്ചുകാലം കൂടി വേണ്ടിവരും. നന്ദി ഈ സന്ദർശനത്തിനു്.

Manoraj, എല്ലാവരോടും പറഞ്ഞതുപോലെ ഒരഞ്ചാറു മാസം കൂടി.

ശ്രീ, അതെ ശ്രീ, അങ്ങനെ കരുതുന്നതു തന്നെയാണ് നല്ലതു്.

Kalavallabhan said...

കൂട്ടുകാരിയെ നഷ്ടപ്പെട്ടില്ലല്ലോ ? രണ്ടുപേർക്കും കൂടി ചിരിക്കാം.
നല്ല മകൻ, ഇങ്ങനെ വേണം.
ഇത് പോസ്റ്റ് ചെയ്തതിനു നന്ദി.

പ്രേം I prem said...

അല്ലാ ... ഈ എഴുത്തുകാരി ചേച്ചി എവിടെയാ ... ആരെങ്കിലും കണ്ടോ !!!

annyann said...

ഏതായാലും നന്നായി...
നല്ലതും ചീത്തതും ഒന്നിന്റെ പലവശങ്ങള്‍ മാത്രം...

ജയരാജ്‌മുരുക്കുംപുഴ said...

ella shubha pratheekshakalum ......

പൊട്ടന്‍ said...

മെല്ലെ നിങ്ങളുടെ ലോകത്തേക്ക് ആനയിച്ചു കണ്ണുകളെ ഈരനക്കുന്ന ഈ ആഖ്യാന ശൈലി അപാരം!!!!!!!

ബിന്ദു കെ പി said...

ഈ പോസ്റ്റ് വായിക്കാൻ വളരെ വൈകി...
കൂട്ടുകാരി തിരിച്ചെത്തിക്കാണും അല്ലെ ചേച്ചീ...?

എന്റെ വല്യമ്മ ഒരേയൊരു മകന്റെ കൂടെ ക്യാനഡയിലാണ്. വിസയ്ക്ക് അപ്ലൈ ചെയ്തിരുന്ന സമയത്ത് അത് കിട്ടാതെ പോകട്ടെ എന്ന് നിരന്തരം പ്രാർത്ഥിച്ചിരുന്നു വല്യമ്മ. പക്ഷേ വിസ കിട്ടുകതന്നെ ചെയ്തു...

Typist | എഴുത്തുകാരി said...

Kalavallabhan,

Prem,

annyann,

jayarajmurukkumpuzha,

പൊട്ടൻ,

ബിന്ദു,

നന്ദി എല്ലാവർക്കും.

Echmukutty said...

വളരെ ഹൃദയസ്പർശിയായി എഴുതി.