Thursday, April 14, 2011

ഓർമ്മയിലൊരു വിഷു

ഇതൊന്നു നോക്കൂ, എന്റെ കണിക്കൊന്ന മരം.   ഇത്തിരിപ്പോന്ന  ഓരോ ചെടിയിലും അതിനു താങ്ങാന്‍ പറ്റാത്തത്ര പൂവ്.  ഇതില്‍ വേണമെങ്കില്‍ ഒരു ഇരുപത്തഞ്ചു കുല പൂവെങ്കിലും ഉണ്ടായിക്കൂടേ? വേണ്ടാ ഒരു  പത്ത്, അഞ്ചു്, വെറും ഒരു കുല.  ഇല്ല, മരുന്നിനൊരെണ്ണം പോലും.....

kanikonna

വാശിയാണ്, പ്രതിഷേധം. ഇനീപ്പോ അതെന്താന്നുവച്ചാ, നമുക്കു് ലേശം പുറകോട്ടുപോണം അധികമൊന്നും വേണ്ടാ, ഒരിത്തിരി.

കഴിഞ്ഞ വര്‍ഷം വിഷുവിനു കണ്ടോ, നിറയെ പൂത്തുലഞ്ഞ്‌ മഞ്ഞപ്പട്ടും ചൂടിയുള്ള നില്പ്.‍.

P3310009

അമ്പലത്തില്‍ വരുന്നവര്‍, ആ വഴി പോകുന്നവര്‍ എല്ലാവരും ആവശ്യക്കാര്‍.

"എനിക്കു രണ്ടു തണ്ട് എടുത്തു വച്ചേക്കണേ" ദ്രൌപദിയമ്മ.

"ഇവിടേണ്ടല്ലോ അതോണ്ടിനി പൂവന്വേഷിച്ച് നടക്കണ്ടാ, ഭാഗ്യം” ലക്ഷ്മിയേടത്തി.

" എനിക്കുള്ളതു  മാറ്റിവച്ചിട്ടുണ്ടല്ലോല്ലേ, നിന്നോടതു പ്രത്യേകിച്ചു പറയണ്ടാല്ലോ" ശാരദ ടീച്ചറ്.

" എന്റെ കാര്യം മറക്കണ്ടാട്ടോ" ,  എനിക്കൊരിത്തിരി പൂവ് , പേരിനു് ഒരു നാലു പൂവ്‌  ഒരു എലേല്‍ പൊതിഞ്ഞ്  വെള്ളം തളിച്ചു വച്ചേക്ക്‌".  ദിവാരേട്ടന്‍.

തോട്ടി കൊണ്ടുവരാനോ പൊട്ടിക്കാനോ ആരുമില്ല.  പിള്ളേരെ സംഘടിപ്പിച്ചു ഞാന്‍ തന്നെ ചെയ്യണം. അവര്‍ക്കു കൈനീട്ടവും കൊടുക്കണം. അല്ല, എനിക്കതൊക്കെ വല്യ ഇഷ്ടോള്ള കാര്യാണേ. അതുകൊണ്ട്  അതു  പ്രശ്നല്യ.

അങ്ങനെ എല്ലാരുടേം ഡിമാന്‍ഡ് കണ്ട്  സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പാട്ടും പാടി, എന്റെ പൂവാണല്ലോ ഈ അടുത്തുപുറത്തുള്ളവരൊക്കെ  കണി കാണണേ എന്നഹങ്കരിച്ചു് കൊന്നയങ്ങോട്ടു വളറ്ന്നു.  പരാതിയും തുടങ്ങി.

" അകലേന്ന് ഒന്നു തൊഴുതു പോവാംന്ന്വച്ചാല്‍ എങ്ങനെയാ, ഈ മരമല്ലേ, ഭഗവാനേം മറച്ചട്ട്. ",   "എന്തിനാ ഇതിനെയിങ്ങനെ രാക്ഷസന്‍ പോലെ വളര്‍ത്തണതാവോ,  വിഷുക്കാലത്ത് നാലു‍ പൂവു കിട്ടൂന്നല്ലാതെ എന്താ  കാര്യം!" ദീപസ്തംഭത്തില്‍ വിളക്ക് വെച്ചാ കാണില്യ,  ഉത്സവത്തിനു് ലൈറ്റിട്ടാ കാണില്യ, മുറിക്കാണ്ട് വയ്യ., ഉത്സവമിങ്ങടുത്തു" മെയിന്‍ പരാതിക്കാരന്‍ ദിവാരേട്ടന്‍.‍

എല്ലാര്‍ക്കും ഉപദ്രവമായ കാര്യം ഇനി നമ്മളായിട്ടു ചെയ്യണ്ട. തടസ്സമുള്ള കൊമ്പു്  മുറിച്ചോട്ടെ.  മുറിക്കാന്‍ കേറിയതു് തങ്കപ്പന്‍..(തങ്കപ്പനെ ഞാന്‍  നേരത്തെ ഒന്നു കണ്ട് ആ വഴീലേക്കു നിക്കണതിന്റെ നീളം ഇത്തിരി കുറച്ചാ മതി,അവരു പറയണതൊന്നും കേക്കാന്‍ നിക്കണ്ടാ എന്നൊക്കെ ശട്ടം കെട്ടി).

മുകളില്‍ തങ്കപ്പന്‍. താഴെ ദിവാരേട്ടനും കൂട്ടരും.  ഇരുന്നു നോക്കിയാല്‍  നിരന്നു കാണണം എന്ന പ്രകൃതക്കാരനാണ് തങ്കപ്പന്‍.. ഉള്ളിലാണെങ്കില്‍‍ രാവിലേ അകത്താക്കിയ രണ്ടു കുപ്പി. താഴേന്നുള്ള പ്രോത്സാഹനം.  അതിനിടയില്‍ എന്റെ ശട്ടം കെട്ടലൊക്കെ കാറ്റില്‍ പറന്നു പോയി.മതി മതി എന്നുള്ള എന്റെ  ദീനരോദനം അലിഞ്ഞലിഞ്ഞുപോയി.  അവസാനം ഒറ്റ കൊമ്പില്ല, തടി മാത്രം ബാക്കി.

വൈകുന്നേരത്തെ ചീത്ത വേറെ. " എന്താ ഈ ചെയ്തുവച്ചിരിക്കണേ,   എന്നെ കുറ്റം പറയാന്‍ നല്ല മിടുക്കാണല്ലോ. എന്നിട്ടിപ്പഴോ"  ‍ മോള്‍ക്കാണെങ്കില്‍ അതു കേട്ടിട്ട് എന്താ ഒരു സന്തോഷം!

പിറ്റേന്നു തുടങ്ങി പുതിയ കൂമ്പു വരാന്‍. ഞാന്‍ പറഞ്ഞു, ദാ കണ്ടില്ലേ വെറ്തേ എന്നെ കുറ്റം പറഞ്ഞു. എന്തു സ്പീഡിലാ വളരണേ. വിഷുവിനു് ഇഷ്ടം പോലെ പൂ കിട്ടും.

വളര്‍ന്നു, വേണെങ്കില്‍ മിനിമം ഒരു പത്തിരുപത്തഞ്ചു കുല പൂവുണ്ടാകാന്‍ പാകത്തിലൊക്കെ. പക്ഷേ ഒറ്റ പൂ ഉണ്ടായില്ലെന്നു മാത്രം!

ഇന്നു രാവിലെ ദിവാരേട്ടന്‍ വന്നിട്ടു്, "മോളേ മറക്കണ്ടാട്ടോ എന്റെ പങ്ക്‌  ഒരേല് പൊതിഞ്ഞ് ഇത്തിരി വെള്ളം തളിച്ചു വച്ചേക്കു്". എനിക്കു് വല്ല മന്ത്രവിദ്യയുമുണ്ടോ അയാള്‍ക്ക്‍ ആകാശത്തു നിന്നു് പൂവ് എടുത്തു കൊടുക്കാന്‍ .  വച്ചിട്ടുണ്ട് ഞാന്‍.  നാലു തണ്ട് ഇല പൊതിഞ്ഞു വെള്ളം തളിച്ചു വക്കും. വീട്ടില്‍ ചെന്നു തുറന്നു നോക്കട്ടെ. അല്ല പിന്നെ....

എന്തായാലും എന്റെ പ്രിയപ്പെട്ട കണിക്കൊന്നേ, എനിക്കിഷ്ടായി നിന്നെ. 

ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍  എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.

എഴുത്തുകാരി.

വാൽക്കഷണം:- ഓർമ്മയിലേക്കൊരു തിരിഞ്ഞുനോട്ടം. കഴിഞ്ഞ ഏപ്രിൽ 14 നു് ഞാനിട്ട പോസ്റ്റ്.  ഒരു വർഷം. എന്തൊക്കെ മാറ്റങ്ങൾ.  അറിയില്ല ഇക്കൊല്ലം എന്റെ കണിക്കൊന്ന മരം പൂത്തോ അതോ പ്രതിഷേധത്തിൽ തന്നെയാണോ എന്നു്.   എന്റെ പൂ  കണി വക്കാനും കണി കാണാനുംഎഴുത്തുകാരി ഇവിടെ ഇല്ലല്ലോ   പിന്നെ  ഞാനെന്തിനാ പൂക്കുന്നതു് എന്നു ചോദിച്ചാൽ ഞാനെന്തു പറയും?

39 comments:

Typist | എഴുത്തുകാരി said...

നാട്ടിൽ നിന്നു വിളിക്കുന്ന ആരോടെങ്കിലും ചോദിക്കണം പൂത്തിട്ടുണ്ടോ എന്നു്.

എല്ലാവർക്കും നന്മയും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ.

പ്രേം I prem said...

ഈ രണ്ടു കൊന്ന മരവും ഒന്ന് തന്നെയാണോ ... എന്തായാലും ചേച്ചി നാട്ടില്‍ ഇല്ലല്ലോ .. നമ്മുടെ നാട്ടില്‍ കണ്ണൂരില്‍ എല്ലാ കൊന്നമരങ്ങളും പൂത്തുലഞ്ഞു നില്‍ക്കുകയാ... നാടുതന്നെ മഞ്ഞ നിറത്തിലായി...തിരഞ്ഞെടുപ്പ് വന്ന കാരണം വിഷുവിനെ മറന്നുപോയതുപോലെ....അതായിരിക്കും കൊന്നയുടെ വാശിയും
" ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍ എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം. എന്തായാലും എന്റെ പ്രിയപ്പെട്ട കണിക്കൊന്നേ, എനിക്കിഷ്ടായി നിന്നെ." ഈ വരി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ....

വിഷു ആശംസകള്‍ നേരുന്നു....

Muralee Mukundan , ബിലാത്തിപട്ടണം said...

കൊന്നപ്പൂമരത്തിനും അറിയാം ഇക്കൊല്ലം ആർക്ക് വേണ്ടി പൂക്കണം എന്ന്...
വാശിയാണെങ്കിൽ ഇങ്ങണെ വേണം..!

ഇവിടേയും
“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;

വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,

വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...

വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !“

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാധാരണ ഇവിടെ നേരത്തെ പൂക്കാറുള്ള കൊന്നയാ ഇത്തവണ ഇടയ്ക്കിടയ്ക്കു മഴ പെയ്തതു കൊണ്ടായിരിക്കും ഒറ്റ ഊവില്ല . ഞങ്ങള്‍ കുറച്ചു മലയാളികള്‍
ദാ

തേടിത്തേടി ഞാന്‍ വലഞ്ഞൂൂ

ന്നായി

the man to walk with said...

വിഷു ആശംസകള്‍

Anonymous said...

വിഷുവും ഓണവും കൊണ്ടുവരുന്ന ഓര്‍മ്മകള്‍ വളരെ നിറമുള്ളതാണ് പ്രതേകിച്ചും നാട്ടില്‍ ഇല്ലാതെ വരുമ്പോള്‍ ....
ജീവിതം പ്രവച്ചനാതീതമാണ് ക്രികറ്റ് പ്പോലെ അതാണ്‌ അതിന്റെ ഒരു രസവും
വിഷു ദിനത്തില്‍ ചേച്ചി മനസ്സുകൊണ്ട് സ്വന്തം വീട്ടില്‍ ആയിരിക്കും
കണികൊന്നയും കണിയും സദ്യയും എല്ലാം നേര്‍ന്നുകൊണ്ട് ...................

Pushpamgadan Kechery said...

വിഷു ആശംസകള്‍.....

ആര്‍ദ്ര ആസാദ് / Ardra Azad said...

വിഷു ആശംസകള്‍

വീകെ said...

വായിച്ചു വന്നപ്പോഴെ തോന്നിയതാ ‘ഇതു പണ്ടൊരിക്കൽ പൂത്തതാണല്ലോന്ന്....!‘

ടീച്ചറില്ലാത്ത മനോവിഷമം കൊണ്ട് ‘ഇനി ആർക്കുവേണ്ടി‘ യെന്നു കൊന്ന മരം ചിന്തിച്ചിട്ടുണ്ടാവും....
പാവം കണിക്കൊന്ന...!
ടീച്ചർ കൂടെയില്ലാത്ത ഒരു വിഷു കൂടി...!!

“വിഷുദിനാശംസകൾ..”

Manoraj said...

ചേച്ചിയിപ്പോള്‍ നാട്ടിലില്ലേ.. അയ്യോ അത് പറഞ്ഞിരുന്നോ? ഓര്‍ക്കുന്നില്ലട്ടോ..

വിഷു ആശംസകള്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നൊസ്റ്റാൾജിക് പോസ്റ്റ്.വിഷു ആശംസകളോടെ
വെള്ളായണി

Typist | എഴുത്തുകാരി said...

പ്രേം, രണ്ടു മരവും ഒന്നു തന്നെ. ഒന്നു വെട്ടുന്നതിനു മുൻപ്, ഒന്നു വെട്ടിയശേഷം.

മുരളീമുകുന്ദൻ, വിഷുക്കൊന്നയും വിഷുപ്പക്ഷിയും വിഷുക്കൈനീട്ടവും ഒന്നും വേണ്ടാ, ആ നല്ല മനസ്സിന്റെ ആശംസയുണ്ടല്ലോ, അതു മതി.

Indiaheritage, തേടിത്തേടിയലഞ്ഞിട്ട് കൊന്നപ്പൂ കിട്ടിയോ മാഷേ?

the man to walk with, നന്ദി.സന്തോഷവും സമൃദ്ധിയും നിറഞ്ഞതാവട്ടെ വരും നാളുകൾ.

Nancy, നന്ദി. ഓർമ്മകൾക്ക് എവിടെ വേണമെങ്കിലും പറന്നെത്താമല്ലോ.

pushpamgad kechery, നന്ദി.

ആർദ്രാ ആസാദ്, നന്ദി.

വീ കെ - അപ്പോൾ ഓർമ്മയുണ്ടല്ലേ :)

Manoraj, ഞാനും ഒരു പ്രവാസിയായി. ചെന്നൈ മഹാനഗരത്തിൽ.

Vellayani Vijayan, നന്ദി. സന്തോഷകരമായ ഒരു വിഷു ആശംസിക്കുന്നു.

വിനുവേട്ടന്‍ said...

എഴുത്തുകാരിചേച്ചീ... വിഷു ആശംസകള്‍ ...

ചെന്നൈ നഗരമൊക്കെ ഇപ്പോള്‍ വല്ലാണ്ട്‌ മാറിക്കാണുമല്ലേ...? 1987 ല്‍ ചെന്നൈയോട്‌ യാത്ര പറഞ്ഞ്‌ പോന്നതാണ്‌...

മൻസൂർ അബ്ദു ചെറുവാടി said...

പ്രതിഷേധിച്ചതായിരിക്കും കൊന്നമരം.
അതിനും കാണില്ലേ വാശിയും ദേഷ്യവുമൊക്കെ.
നന്നായി ട്ടോ.
എന്‍റെയും വിഷു ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അല്ലെങ്കിലും ഇപ്പോള്‍ അപൂര്‍വ്വമാണല്ലോ വഴിവക്കിലെ കണിക്കൊന്നക്കാഴ്ച്ചകള്‍!
വിഷു ആശംസകള്‍.

Unknown said...

എന്റെയും തട്ടകത്തിന്റെയും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
റ്റോംസ്

OAB/ഒഎബി said...

കഴിഞ്ഞ വിഷുവിനു പൂത്തുലഞ്ഞ മരത്തെ കണ്ടു വായിച്ച ഞാന്‍ ഈ വിഷുവിനു ഇലച്ച മരത്തെ കുറിച്ചും അറിയുന്നു,,,,
എത്രപെട്ടെന്നാ,,,,ഒരു കൊല്ലം!
ആശംസകളോടെ

krishnakumar513 said...

വിഷു ആശംസകള്‍ ചേച്ചി.....

Kalavallabhan said...

പൂത്തുലഞ്ഞാടുന്ന ഓർമ്മകളുള്ളപ്പോൾ
പൂക്കണോ മുറിച്ചൊരീ കൊന്നകൂടീ ...

ശ്രീനാഥന്‍ said...

കണിക്കൊന്ന പൂത്തുലഞ്ഞ വാക്കുകൾ, പൂത്തിട്ടുണ്ടാകും തങ്കത്താലികൾ, എഴുത്തുകാരിയെ ഓർമ്മിച്ച്! ആശംസകൾ!

Naushu said...

നന്നായിട്ടുണ്ട് ....
ആശംസകള്‍ ...

Typist | എഴുത്തുകാരി said...

വിനുവേട്ടൻ, തീർച്ചയായും ചെന്നൈ മാറിയിരിക്കും. വർഷങ്ങൾ കുറേ കഴിഞ്ഞില്ലേ. പക്ഷേ എനിക്കു പഴയ ചെന്നൈയെ അറിയില്ല.

ചെറുവാടി, വിഷു കഴിഞ്ഞെങ്കിലൂം ആശംസകൾ.

ആറങ്ങോട്ടുകര മുഹമ്മദ്, ആശംസകൾക്കു നന്ദി, സന്തോഷം.

റ്റോംസ്, നന്ദി. തിരിച്ചും ആശംസിക്കുന്നു സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം.

ഒഎബി, കണ്ണടച്ചു തുറക്കും മുൻപേ കാലം കടന്നുപോവുന്നു.

Krishnakumar, നന്ദി.

Kalavallabhan, ഓർമ്മകളുടെ സുഗന്ധം കൈമോശം വരാതെ സൂക്ഷിക്കാം.

ശ്രീനാഥൻ,അതെ, എനിക്കതിനെയോ അതിനെന്നെയോ മറക്കാനാവില്ലല്ലോ.

Naushu, സന്തോഷം, നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതല്ലെ ഭാഗ്യം
ഒരു നൂറു കിലോമീറ്റര്‍ ദൂരെ ആണ്‌ റായ്യ്പൂര്‍., അവിടെ ഒരാള്‍ പോകുന്നുണ്ടായിരുന്നു. അയാളെയും ഏല്‍പ്പിച്ചിരുന്നു എവിടെ എങ്കിയം കണ്ടല്‍ സംഘടിപ്പിക്കണം എന്ന്

വഴിയില്‍ കണ്ട ഒരു മരത്തില്‍ നിന്നു പന്ത്രണ്ട്‌ കതുപ്പു കിട്ടി ഞങ്ങള്‍ നാലു കൂട്ടരും മുമ്മൂന്നേടുത്തു
കണി ഉഷാര്‍

Typist | എഴുത്തുകാരി said...

Indiaheritage, അതെന്തായാലും നന്നായി, കണി ഉഷാറായല്ലോ!

ഇത്ര ബുദ്ധിമുട്ടി ആ കൊന്നപ്പൂവ് കയ്യിൽ കിട്ടിയപ്പോൾ എന്തൊരു സന്തോഷമായിരുന്നിരിക്കും ഇല്ലേ? ഒരുപക്ഷേ കണി കാണുന്നതിന്റെയത്രയും തന്നെ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതില്‍ എനിക്കു കൂടുതല്‍ സന്തോഷം ഉണ്ടായത്‌, കുഞ്ഞിന്റെ ആദ്യ വിഷുവാണെ കൊന്നപ്പൂ ഇല്ലെ എന്നു വിഷമിച്ചിരുന്ന കൈമളിനു കൊടുക്കാന്‍ സാധിച്ചതിലാണ്‌
രാത്രി ഒന്‍പതു മണിക്ക്‌ കൊന്നപ്പൂ കിട്ടി എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം !!!

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja vishu aashamsakal.....

ജിമ്മി ജോൺ said...

ഇനിയിപ്പോ ആ കൊന്നമരം പൂവിട്ടോ ഇല്ലയോ എന്നറിയാതെ ഒരു സമാധാനമുണ്ടാവില്ല... ആരുമിതുവരെ നാട്ടില്‍ നിന്നും വിളിച്ചില്ലേ ചേച്ചീ?

വൈകിയെങ്കിലും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..

(അധികം വൈകിയെങ്കില്‍ അടുത്ത കൊല്ലത്തേക്ക് മുന്‍‌കൂര്‍ ആയി അര്‍പ്പിക്കുന്നു.. :) )

siya said...

ചേച്ചി ..വൈകിയ ഒരു വിഷു ആശംസകള്‍
നല്ല പോസ്റ്റ്‌ .!!
''ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍ എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം. ..

ഇതുപോലെ വേണം വാശി കാണിക്കാന്‍ ..എന്നാലും ആ കൊന്ന ഈ വര്ഷം പൂത്തുവോ എന്ന് അറിയാന്‍ എനിക്കും
കൊതി തോന്നി ...നിറച്ചും പൂക്കള്‍ ഉണ്ടായി കാണും ചേച്ചി ..എന്ന് എന്റെ മനസ്സില്‍ പറയുന്നു .

jyo.mds said...

ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു.ഈ തവണ ഞാന്‍ വിഷുവിന് ഒരാഴ്ച മുന്‍പ് വരെ ത്രിശ്ശൂരായിരുന്നു.ഏതാണ്ട് എല്ലാ വീടിന്റെ മുന്നിലും പൂത്തുലഞ്ഞ കണിക്കൊന്ന കണ്ടു.കണികാണാന്‍ നിന്നില്ലെങ്കിലും മനസ്സ് നിറഞ്ഞു.

keraladasanunni said...

കൊന്നമരത്തിന്‍റെ കൊമ്പുകള്‍ വെട്ടിക്കാന്‍ മുമ്പനായി നിന്ന ദിവാകരേട്ടനും പൂവ് വേണം. കൊന്ന പുഷ്പ്പിക്കാഞ്ഞത് നന്നായി.

രാജഗോപാൽ said...

വൈലോപ്പിള്ളീ എഴുതിയപോലെ “………ഏതു യന്ത്രവല്കൃതലോകത്തില് പുലര്ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും…” വൈകിയ വിഷു ആശംസകള്

ശ്രീ said...

നാട്ടില്‍ ഇല്ലാത്ത വിഷു എങ്ങനുണ്ടായിരുന്നു?

B Shihab said...

നല്ല പോസ്റ്റ്

കുഞ്ഞായി | kunjai said...

പൂത്തുലഞ്ഞ് നില്‍ക്കുന്ന കൊന്ന മരം എനിക്കും വലിയ ഇഷ്ടമാണ് ,അതുകൊണ്ട് തറവാട്ട് മുറ്റത്ത് ഒരു കൊന്ന മരം ചെറുപ്പത്തിലേ വെച്ചു വളര്‍ത്തിയിട്ടുണ്ട് ,ഈ കുറി നാട്ടില്‍ പോയപ്പോള്‍ കൊന്നമരം പൂത്തിരിക്കുന്നത് കണ്ടെനിക്കൊത്തിരി സന്തോഷം തോന്നി

പോസ്റ്റ് ഇഷ്ടായി ചേച്ചി

Yasmin NK said...

നല്ല മരം .അങ്ങനന്നെ വേണം.ഞാനായാലും അതു തന്നെ ചെയ്യൂ..ഹല്ല പിന്നെ..

നന്നായ് എഴുതി കേട്ടോ...ആശംസകളോടെ

Echmukutty said...

ഞാൻ വൈകി, പതിവ് പോലെ.
വായിച്ചു, പഴയ പോസ്റ്റ് പണ്ട് വായിച്ചിരുന്നു.
നന്മയും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന ആശംസ സ്വീകരിയ്ക്കുന്നു.
തിരിച്ചും ആശംസിയ്ക്കുന്നു.

എഴുത്ത് ഇഷ്ടമായി.......പതിവു പോലെ.

Sapna Anu B.George said...

ഒത്തിരി നാളായല്ലൊ എഴുത്തുകാരി വായിച്ചിട്ടു, വിഷു ആശംസകൾ

Typist | എഴുത്തുകാരി said...

jayarajmurukkumpuzha,

ജിമ്മി ജോൺ,

siya,

jyo,

keraladasanunni

രാജഗോപാൽ,

എല്ലാവർക്കും നന്ദി.

Typist | എഴുത്തുകാരി said...

ശ്രീ,

Shihab,

കുഞ്ഞായി,

മുല്ല,

Echmukutty,

Sapna Anu George,

ഈ വഴി വന്നതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി, എല്ലാവർക്കും.