Friday, April 1, 2011

എന്നാലും അതെന്തിനായിരുന്നു?

എന്നാലും എന്തിനവളതു ചെയ്തു.  എന്നെ ഒരുപാട് നാളായി അലട്ടുന്ന  ചോദ്യം. ഒരായിരം വട്ടം എന്നോട് തന്നെ ചോദിച്ച ഇനി ഒരിക്കലും ഉത്തരം കിട്ടില്ലെന്നുറപ്പുള്ള ആ ചോദ്യം. ഇന്നലെ ആ രണ്ടു കുട്ടികളെ കണ്ടപ്പോൾ അവർ ഓടി അടുത്തുവന്നു വിശേഷങ്ങളൊക്കെ ചോദിച്ചപ്പോൾ, വീണ്ടും മനസ്സു് ചോദിക്കുന്നു, വല്ലാത്ത ഒരസ്വസ്ഥതയോടെ, എന്നാലും എന്തിനാ കുട്ടി നീ അതു ചെയ്തതു്?

അവൾ രാധിക. എന്റെ അയൽവക്കത്ത്, ലക്ഷ്മിയേടത്തിയുടെ മരുമകളായി വന്നവൾ. ഹരിയുടെ ഭാര്യ. നല്ല മിടുക്കി കുട്ടി, സുന്ദരിയും, നന്നായി പഠിച്ചിട്ടുമുണ്ട്. സൌമ്യമായ പ്രകൃതം, ഒരുപാട് ബഹളമൊന്നുമില്ല. അമ്പലത്തിൽ പോകുമ്പോഴോ വരുമ്പോഴോ കണ്ടാൽ ഒന്നു ചിരിക്കും, എന്തെങ്കിലും ഒരു കുശലം.അതിൽ കൂടുതലില്ല.

കുറച്ചുകാലം നാട്ടിലുണ്ടായിരുന്നു. പിന്നെ രണ്ടുമൂന്നു വർഷം  എറണാകുളത്തായിരുന്നു, എന്തോ ബിസിനസ്സായിട്ട്. അപ്പോഴൊന്നും അവൾ ജോലിക്കു പോയിരുന്നില്ല. 

ബിസിനസ്സിൽ എന്തോ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ഒരു മൂന്നു നാലു വർഷം മുൻപ്‌ അവർ  ദുബായിലേക്കു പോയി. സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാവാം,നന്നായി പഠിച്ച അവളും അവിടെ ജോലിക്കു പോയിത്തുടങ്ങി.

ഇതിനിടയിൽ മറ്റൊരു ദുരന്തം പോലെ ഹരിക്കു് അസുഖം. ബ്രെയിൻ ട്യൂമറോ അതുപോലെ  ഇത്തിരി കൂടിയ അസുഖം. എറണാകുളം അമൃതയിലെ ചികിത്സയായിരുന്നു. ഒന്നു രണ്ടു ഓപ്പറേഷനൊക്കെ കഴിഞ്ഞു. അതിനും നല്ലൊരു തുക ചിലവായി. ചികിത്സയുടെ സൌകര്യത്തിനായി ഹരിയും കുട്ടികളും(ഒരാൾ ഏഴിലും ഒരാൾ രണ്ടിലും) നാട്ടിലും അവൾ തന്നെ അവിടേയും. കുടുംബത്തിന്റെ ഏക വരുമാനം അവളുടെ ജോലിയായിരുന്നു.

ഇടക്കു നാട്ടിൽ വന്നപ്പോഴും ഞാൻ കണ്ടിരുന്നു. ഒരാഴ്ച പോലും ഉണ്ടായിരുന്നില്ല. പോവുന്നതിന്റെ തലേന്ന് കണ്ടപ്പോൾ പറഞ്ഞു, “നേരമില്ല ചേച്ചീ, നാളെ പോണം, ഇനിയും കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്” എന്നു്.

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ്  അക്ഷരാർത്ഥത്തിൽ എന്റെ ഗ്രാമത്തെ മുഴുവൻ നടുക്കിയ ആ വാർത്ത വന്നതു്. രാധിക ആത്മഹത്യ ചെയ്തു. ദുബായിൽ  കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയിട്ട്. നാട്ടിൽ നിന്നു തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം.

എന്തിനായിരിക്കും അവളതു് ചെയ്തിട്ടുണ്ടാവുക. . ഒരമ്മയായ എനിക്കറിയാം, അത്ര മേൽ എന്തെങ്കിലും ഇല്ലാതെ അഛൻ പോലും ഉണ്ടാവുമെന്നുറപ്പില്ലാത്ത  ആ പിഞ്ചുകുട്ടികളെ  തനിച്ചാക്കി, ഒരമ്മക്കു പോകാൻ കഴിയില്ല.  എല്ലാവർക്കുമെന്നപോലെ അവൾക്കും അറിയാമായിരുന്നല്ലോ  ഹരി അധികനാളിനി ഉണ്ടാവില്ലെന്നു്.

നാട്ടിൽ വന്നപ്പോഴാവുമോ താമസിച്ചിരുന്ന വീട് പോലും നഷ്ടപ്പെട്ടു എന്നറിഞ്ഞതു്. ഭർത്താവിന്റെ ചികിത്സ, ഒരുപാട് കടങ്ങൾ, വാങ്ങിയ കടങ്ങൾ തിരിച്ചുകൊടുക്കാൻ പറ്റാത്ത അവസ്ഥ, താൻ ഒറ്റക്കവിടെ ബുദ്ധിമുട്ടിയിട്ട് എങ്ങും എത്തുന്നില്ലെന്ന തോന്നലോ. ഭർത്താവ് കൂടെയില്ലാത്ത സുന്ദരിയായ അവൾക്ക് (പ്രായം മുപ്പത്തിയേഴോ മുപ്പത്തിയെട്ടോ കാണുമായിരിക്കും) ജോലിസ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ, സാമ്പത്തിക പ്രശ്നങ്ങളെന്തെങ്കിലും ജോലിയെ ബാധിച്ചിരുന്നോ, ഒന്നും ഒന്നും അറിയില്ല.

എനിക്കു നിന്നെ മനസ്സിലാവുന്നില്ലല്ലോ. എന്നാലും എങ്ങിനെ കഴിഞ്ഞു നിനക്കതിനു്?  എന്തിനായിരുന്നു  കുട്ടീ അതു്?  അഛൻ പോലും ഉണ്ടാവില്ലെന്നുറപ്പുള്ള ഈ ലോകത്തിൽ ആ പിഞ്ചു കുഞ്ഞുങ്ങളെ  ആരെ ഏല്പിച്ചിട്ടാ നീ പോയതു്?  അവരെ തനിച്ചാക്കി പോകാൻ മാത്രം എന്തായിരുന്നു നിന്റെ മനസ്സിനെ മഥിച്ചിരുന്നതു്?

ഒരു നിമിഷത്തിന്റെ തീരുമാനത്തിൽ  ചെയ്തതോ അതോ നാട്ടിൽ വന്നുപോയിട്ട് ചെയ്യാൻ കരുതിക്കൂട്ടി വച്ചിരുന്നതോ. ഒന്നും അറിയില്ല. ഒന്നിനും   ഇനി  ഉത്തരവുമില്ല.

ഇന്നലെ ആ കുട്ടികൾ ഇടവഴിയിൽ സൈക്കിൾ ചവിട്ടി കളിക്കുന്നു. അവർക്കറിയാം  അവർക്കമ്മയില്ലെന്നും അഛൻ എന്തോ മോശമായ അവസ്ഥയിലാണെന്നും.

എഴുത്തുകാരി.

അടിക്കുറിപ്പ് : ഇതു് ഞാൻ എഴുതിവച്ചിട്ടു കുറച്ചു ദിവസമായി. പോസ്റ്റ് ചെയ്തില്ല. ഇപ്പോൾ ഹരിയും മരിച്ചിട്ട് ഒരു മാസമാവുന്നു.

39 comments:

Typist | എഴുത്തുകാരി said...

ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ?അങ്ങനെ ആശ്വസിക്കാം.

Anonymous said...

ആത്മഹത്യ ചെയത ആള്‍ക്ക് രക്ഷയും
കൂടെ നിന്നവര്‍ക്ക് ശിക്ഷയും
പാവം ആ കുട്ടികള്‍ !

SHANAVAS said...

നില്‍ക്കക്കള്ളിയില്ലാതെ വന്നാല്‍ ഇതുതന്നെ വഴി.മുന്‍പില്‍ ഇരുട്ട് മാത്രം കാണുമ്പോള്‍ പിന്നെ എന്ത് ചെയ്യും? പക്ഷെ ആ കുട്ടികളുടെ കാര്യം കഷ്ടമാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചിലതൊക്കെ അങ്ങനെയാ
മനസിലാവില്ല , ആയിട്ടും കാര്യവും ഇല്ല
ആലോചിച്ചാല്‍ നമുക്കും കുറെ വിഷമിക്കാം അല്ലാതെന്താ :(

അനില്‍@ബ്ലൊഗ് said...

മനസ്സ് തുറക്കാന്‍ നല്ലൊരു സുഹൃത്ത് ഇല്ലാതെ പോയതിന്റെ പ്രശ്നമാണ്.

Anonymous said...

ഭാരങ്ങളെല്ലാം ഒറ്റയ്ക്ക് ചുമന്ന് തളര്‍ന്നു കാണും. ഭര്‍ത്താവിന്റെ മരണദിവസം കാത്ത് ദൂരെ അകലെ ജീവിക്കുക.ഒപ്പം നിന്നു ശുശ്രൂഷിക്കാന്‍ സാധിക്കാതെ വരിക, എന്തൊരു പരീക്ഷണം.ചുമടു താങ്ങിയായുള്ള ജീവിതം മടുത്ത ഏതോ നിമിഷത്തില്‍ മറ്റൊന്നും ചിന്തിച്ചു കാണില്ല. പാവം കുട്ടികള്‍. രാധികയ്ക്ക് വീട്ടുകാരാും ഇല്ലായിരുന്നവോ ആവോ, ഒരു താങ്ങിന്?

ശ്രീനാഥന്‍ said...

കഥയല്ലല്ലോ ഇത്, നൊമ്പരമാകുന്നു. മനുഷ്യന് സഹിക്കാവുന്നതിന് ഒരു പരിധിയുണ്ട്, പലർക്കും അത് പലതാകും എന്നല്ലേ ഉള്ളൂ.

Prasanna Raghavan said...

ആത്മഹത്യയാണെന്നു പറയുന്നതല്ലാതെ ആര്‍ക്കും നടന്നതെന്താണ് എന്നുറപ്പുണ്ടോ? ഒറ്റ്യ്ക്ക് വിദേശത്തു താമസിച്ച് ജീവിതത്തോടു പൊരുതാന്‍ തയ്യാറായ ഒരു സ്ത്രീ ആത്മഹത്യചെയ്യുമെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.

sadu സാധു said...

മനസിന്റെയും സാഹചര്യങ്ങളുടെയും ഞാണിമെൽ കളികളിൽ പെട്ടുഴലുന്ന ഇതരം എത്രയൊമുഖങ്ങൾ നമ്മുടെയിടയിൽ കാണാം.

ആശ്വസതിന നമ്മുക്കു പാടാൻ ചില വരികളും.

“കർമ്മഫലങ്ങൾ പിന്തുടരുന്നു കയ്യപും മധുരവും...“ എന്നാൽ ഇവക്ക ഉത്തരം കണ്ടെത്തെണ്ടിയിരിക്കുന്നു.....

Rare Rose said...

:(
ആലോചിച്ചു നോക്കിയപ്പോള്‍ MKERALAM പറഞ്ഞത് പോലെം തോന്നി.
പാവം ആ കുഞ്ഞുങ്ങള്‍ തനിച്ചാവാതിരിക്കട്ടെ...

മുബാറക്ക് വാഴക്കാട് said...

ഓഹ്.. ഒരു തെറ്റും ചെയ്യാത്ത കുട്ടികളെ.....?

ജയരാജ്‌മുരുക്കുംപുഴ said...

pavam kunjungal, prathikkam avarkku vendi.....

keraladasanunni said...

ജീവിതം വഴി മുട്ടി നില്‍ക്കുമ്പോള്‍ മരണം 
അനുഗ്രഹമായി ചിലരെങ്കിലും കരുതും. പാവം കുട്ടികള്‍.

പാവത്താൻ said...

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.
മരണം ഒരു ഉത്തരമാണോ? അതോ ഒരു ചോദ്യമോ?

പട്ടേപ്പാടം റാംജി said...

ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി പലപ്പോഴും ജീവിതം തന്നെ മാറാറുണ്ട്. അനില്‍ പറഞ്ഞത്‌ പോലെ ഒരു നല്ല സുഹൃത്തിന്റെ അഭാവം ഉണ്ടാകാം. കൂടാതെ മാറ്റ് കാരണങ്ങളും ഉണ്ടായേക്കാം. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ അറിഞ്ഞും കേട്ടും നോമ്പരപ്പെടാം എന്നല്ലാതെ മറ്റൊന്നിനും നമുക്ക്‌ കഴിയുന്നില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

അവളുടെ അവസ്ഥകൾ തുറന്ന് പറയാനോ,പങ്കുവെക്കാനോ,ആശ്വസിപ്പിക്കാനോ ആരും ഇല്ലാതായപ്പോൾ ...
അവൾ തിരെഞ്ഞെടുത്ത മാർഗ്ഗം ഇതായിരുന്നു എന്നുമാത്രം...

പ്രേം I prem said...

ഇപ്പൊഴെനിക്ക് മനസ്സിലായി ദൈവം ഉണ്ട് . അയ്യാളുടെ വികൃതി .... അതോ ... ഇതും വികൃതിയോ ? പുരുഷന്മാര്‍ക്കും ഒരു പരിധി വിട്ടാല്‍ പിടിച്ചു നില്ക്കാന്‍ കഴിയില്ല പിന്നെ ഒരു സ്ത്രീ ..... ഒരു നിമിഷത്തില്‍ തോന്നിയ ഒരു ആവേശം ... കുട്ടികളുടെ കാര്യം മറന്നുപോയോ .... അവര്‍ വളരാന്‍ കാത്തു നില്‍ക്കുകയായിരിക്കും ... ചിലപ്പോള്‍ വികൃതി കാത്തു നില്‍ക്കുകയാകും ...അവര്‍ക്ക് നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ....

നികു കേച്ചേരി said...

ഉത്തരം കിട്ടാത്തവർ വീണ്ടും ഇവിടെ അലയുന്നു....

മൻസൂർ അബ്ദു ചെറുവാടി said...

വേദന നല്‍കിയ കുറിപ്പ്.

Yasmin NK said...

പാവം രാധിക. ആര്‍ക്കറിയാം എന്താ യഥാര്‍ത്ഥത്തില്‍ സംഭവിച്ചെ എന്നു. താങ്കള്‍ പറഞ്ഞ പോലെ കുട്ടികള്‍ ഒറ്റക്കാവും എന്നു ഉറപ്പുള്ളപ്പോള്‍ ഒരമ്മക്കും അത് കഴിയില്ല.അവള്‍ ജീവിക്കും അവര്‍ക്ക് വേണ്ടി.
കഷ്ടായിപ്പോയ്.

ശ്രീ said...

ശരിയാണ് ചേച്ചീ... ആലോചിച്ചിട്ട് ഒരുത്തരവും കിട്ടാത്ത ഇതു പോലത്തെ ചില സംഭവങ്ങള്‍ എക്കാലവും നമ്മെ അലട്ടിക്കൊണ്ടിരിയ്ക്കും.

എങ്കിലും ഇനി ആ കുട്ടികളുടെ ഭാവി...

ഒരു യാത്രികന്‍ said...

കടംക്കഥ ....സസ്നേഹം

ചന്ദ്രകാന്തം said...

ഞങ്ങളുടെ താമസസ്ഥലത്തിന്റെ മൂന്ന്‌ കെട്ടിടത്തിനപ്പുറം ആയിരുന്നു ആ മരണം..

കേട്ടവരൊക്കെ "എന്തുകൊണ്ടായിരിയ്ക്കും" എന്ന്‌ പരസ്പരം ചോദിച്ചുചോദിച്ച്‌ ഇല്ലാത്ത ഉത്തരത്തില്‍ തപ്പിത്തടഞ്ഞിരുന്നു.
ഇപ്പോഴുമതെ.
ആര്‍ക്കും അറിയാത്ത ഏതോ കാരണത്താല്‍.. എന്നൊരു അടിക്കുറിപ്പു മാത്രം ശേഷിയ്ക്കുന്നു.

Typist | എഴുത്തുകാരി said...

കരിങ്കല്ല്,

വെള്ളായണി വിജയൻ,അതെ.

Nancy, അതെ, പാവം കുട്ടികൾ.

SHANAVAS, ഒരുവഴിയും ഇല്ലാതായിക്കാണും.

Indiaheritage, വളരെ ശരി. വിഷമിച്ചിട്ടിനി കാര്യവുമില്ല.

അനിൽ, സുഹൃത്തുക്കളും ഉണ്ടായിരുന്നിരിക്കില്ല. ഓ ടോ: പ്രവാസം എങ്ങിനെയുണ്ട്?

Maithreyi, ആ കുട്ടിക്ക് അഛനുമമ്മയുമൊക്കെ ഉണ്ട്. എന്നാലും എന്തു പറ്റിയോ ആവോ?

ശ്രീനാഥൻ, കഥയല്ല, നൂറുശതമാനം സത്യം.

MKERALAM - അത്മഹത്യയാണെന്നുറപ്പിക്കാമോ എന്നു ചോദിച്ചാൽ, അറിയില്ല. എല്ലാവരും അങ്ങിനെ പറയുന്നു.

Typist | എഴുത്തുകാരി said...

സാധു, ഈ വഴി ആദ്യമായല്ലേ, സ്വാഗതം.

Rare Rose, അറിയില്ല ഉറപ്പിച്ചൊന്നും പറയാൻ.

Muboos,

jayarajmurukkumpuzha,

Keraladasanunni,

പാവത്താൻ, ആ ചോദ്യത്തിനു് ഉത്തരമറിയില്ല.

പട്ടേപ്പാടം റാംജി, ഇതു് വളരെ അടുത്തവരായതുകൊണ്ട് വല്ലാതെ വിഷമം തോന്നുന്നു.

ബിലാത്തിപ്പട്ടണം, ഒരു ദുർബ്ബലനിമിഷത്തിൽ തോന്നിയതായിരിക്കാം.

പ്രേം, അതേ നമുക്കിനി ചെയ്യാനുള്ളൂ.

നന്ദി എല്ലാവർക്കും.

Typist | എഴുത്തുകാരി said...

nikukechery,

ചെറുവാടി,

മുല്ല,

ശ്രീ,

ഒരു യാത്രികൻ,

ചന്ദ്രകാന്തം, നിങ്ങളുടെ അടുത്തായിരുന്നോ അതു്? നാട്ടുകാരായ ഞങ്ങൾക്കും അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

എല്ലാവർക്കും നന്ദി.

ആര്‍ദ്ര ആസാദ് / Ardra Azad said...

ഒരു നിമിഷത്തിലെ തീരുമാനമായിരിക്കാം.
പോസ്റ്റ് നൊമ്പരപെടുത്തുന്നു.

mayflowers said...

രാധികയുടെ ദുരന്തം വായനക്കാരെയും വേദനിപ്പിച്ചു.
ഇത്തരമൊരനുഭവം ആര്‍ക്കും വരാതിരിക്കട്ടെ..

OAB/ഒഎബി said...

ആരുടെയെങ്കിലും മുന്നില്‍ കുറെ കണ്ണീര്‍ ഒഴുക്കാനായിരുന്നെങ്കില്‍ അത് ഒഴിവാകുമായിരുന്നെന്നു എന്ന് തോന്നാറുണ്ട്. പക്ഷെ അറിയില്ല, എന്റെ ഒരു സഹപ്രവര്‍ത്തകനും അങ്ങിനെ ചെയ്തിരുന്നു. ഒരൂ നിമിഷത്തെ തോന്നല്‍/ കാരണം അവര്‍ക്കറിയാം പിന്നെ ദൈവത്തിനും...

Manoraj said...

ആ കുട്ടികളെ ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ആത്മഹത്യ ഒരു നിമിഷനേരത്തെ അല്പത്തമാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ഒരിക്കലും മുന്‍‌കുട്ടി പ്ലാന്‍ ചെയ്ത് ആത്മഹത്യ ചെയ്യാന്‍ കഴിയില്ല എന്നും.. കഷ്ടമായി പോയി ആ കുട്ടികളുടെ കാര്യം.

sadu സാധു said...

അതെ ചേച്ചി ആദ്യമായിട്ടല്ല വരുന്നത പലപ്പോഴും ഈ വഴിവന്നിട്ടുണ്ട് എന്നാൽ മനസിൽ തട്ടിയ് പോസ്റ്റ കണ്ടപ്പോൾ. കമ്മന്റി എന്നുമാത്രം.

ആത്മഹത്യകളുടെ കാരണങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ . പല ലേഖനങ്ങളിലും കാണുന്നത് മനുഷ്യമനസിന്റെ പോരായ്മകളാണ്. അതിന് ഒരു കാരണം സമൂഹത്തിൽ വന്ന മറ്റങ്ങളും. ഒരു പക്ഷെ ആ ചേച്ചിക്ക് തന്റെ മനസു തുറന്നു സംസാരിക്കുവാന്നും ആശ്വാസം കിട്ടുവാന്നും ഇടം കിട്ടിയിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നില്ല എന്നു തോന്നുന്നു.

നല്ല സുഹൃത്ത ബന്ധത്തിന്റെയും കുടുബ വ്യവസ്ഥിതിയുടെയും കുറവായിരിക്കാം.

ചെമ്മരന്‍ said...

മനക്കരുത്തില്ലാത്തവരാണ് ആത്മഹത്യക്ക് മുതിരുന്നത്. ആത്മഹത്യ മോചനമില്ലാത്ത പാപമാണ്. ആത്മഹത്യയിലൂടെ ആശ്വാസം കിട്ടുമെന്ന് കരുതി ചെയ്തതാണെങ്കിലും ശേഷിക്കുന്ന ആശ്വാസം കൂടി നശിക്കുകായാണ് ചെയ്യുക.

നിഷ്കളങ്കരായ കുട്ടികള്‍!

‘ അനില്‍ @ ബ്ലോഗ് ‘പറഞ്ഞതു പോലെ ഒരു സുഹൃത്തിന്റെ അഭാവം ഇവിടെ കാണുന്നു. സൌഹൃദത്തിന്റെ വിലയും അര്‍ത്ഥവും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ല.

Minnu said...

Really..we cannot answer that questions...

Typist | എഴുത്തുകാരി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

ആർദ്ര ആസാദ്,

mayflowers,

OAB,

Manoraj,

സാധു, വീണ്ടും വന്നതിൽ സന്തോഷം.

ചെമ്മരൻ,

സ്നോ വൈറ്റ്,

നന്ദി, എല്ലാവർക്കും.

jyo.mds said...

ഈശ്വരാ,ആ കുട്ടികളെ ഇങ്ങിനെ ശിക്ഷിക്കണോ.എന്റെ ഒരു അടുത്ത ബന്ധുവിന്റെ ഭര്‍ത്താവ് ഷിപ്പില്‍ ജോലി നോക്കുന്നതിനിടയില്‍ കാര്‍ഡിയാക്ക് അറസ്റ്റ് മൂലം മരിക്കുകയുണ്ടായി.ഭാര്യ 4മാസം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് മരിച്ചു-അവരുടെ രണ്ട് മക്കള്‍ ഇതെങ്ങിനെ സഹിക്കുന്നു എന്ന് ഞാന്‍ എപ്പോഴും ഓര്‍ക്കും.ഇങ്ങിനേയും വിധിയുണ്ടോ???

Sarija NS said...

ചില ജീവിതങ്ങള്‍ സമസ്യകളാകുന്നു.
ചേച്ചിയുടെ എഴുത്തിന് തീവ്രതയേറിയിട്ടുണ്ട്.

അനില്‍ഫില്‍ (തോമാ) said...

മരുഭൂനാട്ടിലെ ഏതൊരാളും ഇടക്കിടക്കൊക്കെ അഭിമുഘീകരിക്കുന്ന പെട്ടന്നുള്ള തൊഴില്‍ നഷ്ടം ആയിരിക്കാം കാരണം, താങ്ങാവുന്നതിലും അധികം ഭാരം ചുമക്കുന്ന ആ കുട്ടി തിരിച്ചെത്തിയപ്പോള്‍ ജോലി നഷ്ടമായ വാര്‍ത്തയായിരിക്കും കേട്ടിട്ടുണ്ടാവുക, പാവം തകര്‍ന്നുപോയിട്ടുണ്ടാവും