Wednesday, January 13, 2010

യാത്രയായ്......

നീ യാത്ര പറഞ്ഞു പോവുകയാണില്ലേ?   എന്തു പറ്റി നിനക്കു്? ഇത്ര നാളും നല്ല ഉത്സാഹത്തോടെ, സന്തോഷത്തോടെ നിന്നിട്ട്‌ പെട്ടെന്നെന്താ ഇങ്ങനെ! ഞങ്ങളാരും ഒരു തെറ്റും ചെയ്തില്ലല്ലോ. പിന്നെന്തിനീ പരിഭവം?

എത്രയോ കാലങ്ങളായി നീ അറിയാതെ എന്തെങ്കിലും ഒന്നു നടന്നിട്ടുണ്ടോ ഈ വീട്ടില്‍. നീ കാണാതെ ഒരാളും ഇവിടെ കടന്നുവരാറുപോലുമില്ല.   നിനക്കറിയാമായിരുന്നല്ലോ ഇല്ലേ എല്ലാര്‍ക്കും  നിന്നെ ഇഷ്ടമായിരുന്നെന്നു്.

എത്ര പേരാ നിന്നെ തേടി വരാറുള്ളതു്.  അടക്കാകുരുവി മുതല്‍ ചെമ്പോത്തും അണ്ണാറക്കണ്ണനും വരെ.  നീ ആരേയും നിരാശപ്പെടുത്തിയിട്ടുമില്ല!

നിന്നില്‍ ചുറ്റിപ്പിണഞ്ഞു  മുല്ലവള്ളിയുണ്ടായിരുന്നില്ലേ, നിനക്കു കൂട്ടായിട്ട്.

ഞാന്‍ തന്നെ നട്ടുവളര്‍ത്തിയെടുത്തതാണു് നിന്നെ. ഒന്നാം സ്ഥാനം നിനക്കായിരുന്നു. എനിക്കു പ്രിയപ്പെട്ട പൂച്ചെടികള്‍ പോലും നിന്റെ പിന്നിലായിരുന്നു. ഒന്നുകൂടി മോടിപിടിപ്പിക്കാനെന്നപോലെ ഭംഗിയുള്ള കൊച്ചുകൊച്ചു പൂച്ചട്ടികള്‍ തൂക്കിയിടുമായിരുന്നല്ലോ  നിന്റെ കൊമ്പില്‍.

ഈ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര പഴങ്ങളാ നീ തന്നതു്. ഒരു കുഞ്ഞു തോട്ടി പോലുമില്ലാതെ, തട്ടും പുറത്തു്, എന്തിനു് കിണറിന്റെ വക്കത്തു കേറിയാല്‍ വരെ പൊട്ടിക്കാമായിരുന്നു നിന്റെ പഴങ്ങള്‍.

നീയല്ലേ പലപ്പോഴും എന്നോട് കുസൃതി കാണിച്ചതു്. നാളെയാവട്ടെ എന്നു കരുതി വക്കുന്ന പഴങ്ങള്‍ നീ ഞാന്‍ കാണാതെ കിളികള്‍ക്കും അണ്ണാറക്കണ്ണെനുമൊക്കെ കൊടുക്കും, എന്നെ വിഡ്ഡിയാക്കിക്കൊണ്ട്. ഈ കിളികള്‍ക്ക് കൊടുക്കാതെ അതൊക്കെ ഒന്നു പൊതിഞ്ഞു കെട്ടിവക്കാന്‍ എല്ലാരും എത്ര പറഞ്ഞു എന്നോട്. എന്നിട്ടും ഞാനതു ചെയ്തില്ല. നിനക്കതാണിഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നു വച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കലപില കൂട്ടല്‍. വെയില്‍ ചായുന്ന വൈകുന്നേരങ്ങളില്‍ ഞാനെന്റെ പൂമുഖത്ത് വന്നിരിക്കുമായിരുന്നു അതു കേള്‍ക്കാന്‍. നീയും കുരുവികളുമായുള്ള കിന്നാരം.ഞാന്‍ കേക്കാറുണ്ടായിരുന്നു നീ പറയുന്നതു്, നാളെയും വന്നോളൂ ഞാന്‍ തരാം, എഴുത്തുകാരി അറിയണ്ടാ എന്നു്.  നീ കരുതി ഞാനതൊന്നും അറിഞ്ഞില്ലെന്നു്.  എല്ലാം ഞാനറിഞ്ഞിരുന്നൂട്ടോ.

P1110041     എന്റെ മുറ്റത്തെ ഉണങ്ങിത്തുടങ്ങുന്ന പേരമരം.

പൂമുഖത്തേക്കു വരെ നീ പടര്‍ന്നു കയറിയപ്പോള്‍ ഒരു കുഞ്ഞു ചില്ല ഞാന്‍ വെട്ടി. ആ ഒരു തെറ്റല്ലേ നിന്നോട് ഞാന്‍ ചെയ്തിട്ടുള്ളൂ. അതും വര്‍ഷങ്ങള്‍ക്കു മുന്‍പ്.

രാവിലെ അടിച്ചിട്ട മുറ്റം മുഴുവന്‍ നീ ഇലകള്‍ കൊഴിച്ചിടുമായിരുന്നു, ഇല്ലേ? എന്നിട്ടും ഞനെപ്പഴെങ്കിലും പരിഭവിച്ചിട്ടുണ്ടോ നിന്നോട്?

കുറച്ചു മുന്‍പ് ഒന്നുരണ്ടു കൊമ്പുകള്‍ ഒടിഞ്ഞുവീണപ്പോഴും ഞാന്‍ പേടിച്ചു. ഇത്രയും കാലമായപ്പോള്‍ അതില്‍നിന്നൊക്കെ രക്ഷപ്പെട്ടെന്നു കരുതി സന്തോഷിച്ചിരിക്കയായിരുന്നു. എല്ലാം വെറുതെയായിരുന്നൂല്ലേ!

എനിക്കു ശരിക്കും സങ്കടം വരുണുണ്ട്, ട്ടോ.  എന്നും കണികണ്ടിരുന്ന നീ ഇനി എത്ര നാള്‍. പട്ടിയെ, പൂച്ചയെ,പശുവിനെ ചികിത്സിക്കാനാളുണ്ട്. നിന്നെ പിടിച്ചുനിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിച്ചു ഞാന്‍. ഇല്ലത്രേ. നീ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്നു്.  ഒന്നിനും സമയം തന്നില്ലല്ലോ നീ എന്നാലും.  വെറുതെ നോക്കിനില്‍ക്കയല്ലാതെ ഞാനെന്തു ചെയ്യാന്‍.........

എഴുത്തുകാരി.

57 comments:

Typist | എഴുത്തുകാരി said...

ബൂലോഗത്തെ പിറന്നാളൊക്കെ കഴിഞ്ഞ് നിങ്ങള്‍ക്കൊക്കെ പായസവും മിഠായിയുമൊക്കെ തന്ന് സന്തോഷിച്ചിരിക്കയായിരുന്നു ഞാന്‍. വിചാരിച്ചിരിക്കാതെ നമ്മുടെ ഒരു ബൂലോഗ സുഹൃത്തുമെത്തി മധുരം കഴിക്കാന്‍, ഒരു കുഞ്ഞു് ആവണിത്തെന്നലും കൊണ്ട്. അങ്ങനെ ആകെക്കൂടി സന്തോഷത്തിലിരിക്കുമ്പഴാ ഈ കുഞ്ഞു സങ്കടം. അല്ല,കുഞ്ഞല്ലാ, വല്യ സങ്കടം തന്നെയാ....

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സങ്കടത്തിൽ ഞാനും പങ്കു ചേരുന്നു ചേച്ചീ...

:(

ശ്രീ said...

അയ്യോ... അത് കഷ്ടം തന്നെ. പകരമാകില്ലെങ്കിലും അതിനരികിലായി ഉടനേ മറ്റൊരു പേര തൈ നട്ട് പിടിപ്പിയ്ക്കൂ ചേച്ചീ...

കാസിം തങ്ങള്‍ said...

എന്ത് ചെയ്യാന്‍ ചേച്ചി, സമയമായാല്‍ പോകാതിരിക്കാനൊക്കില്ലല്ലോ അതിനും.

മറ്റെല്ലാം പോലെതന്നെ പേരമരവും അന്യംനിന്ന് തുടങ്ങി എല്ലായിടത്തും.

സുമേഷ് | Sumesh Menon said...

വിട പറയുകയായി പേരമരവും അല്ലേ...
സാരല്ല്യ ചേച്ചി, അതിന്‍റെ സമയമായെന്ന് കൂട്ടിയാല്‍ മതി. പിന്നെ ശ്രീ പറഞ്ഞതുപോലെ ഒരു കുഞ്ഞു തൈ നട്ടു പിടിപ്പിച്ചോളൂ...

അരുണ്‍ കാക്കനാട് said...

പ്രകൃതിയോട് പ്രത്യേകം ഇഷ്ടമുള്ളതായി ഇതില്‍ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റും .മരങ്ങളെ ,(പ്രകൃതിയെ)സ്നേഹിക്കുന്ന ചേച്ചിക്ക് ഒരായിരം നന്മകള്‍ ...

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
മരങ്ങള്‍ക്ക് ഹോമിയോ ചികിത്സ ഫലിക്കാറുണ്ട്. ചാലക്കുടി ഭാഗത്ത് ആരെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല, എന്നാലും ഒന്ന് ശ്രമിച്ച് നോക്കൂ.

ഉപാസന || Upasana said...

veRoreNNam naTuu
:-)

Unknown said...

ചേച്ചിയുടെ സങ്കടത്തില്‍ ഞാനും പങ്കുചേരുന്നു ..നല്ലൊരു പേര മരം ഞാന്‍ സങ്കടിപ്പിച്ചു തരാം കേട്ടോ ...

ദിയ കണ്ണന്‍ said...

ayyo..:(

nannayi ezhuthi chechi...

അരുണ്‍ കരിമുട്ടം said...

ഇത് സങ്കടം തന്നാ ചേച്ചി

jayanEvoor said...

സങ്കടം പാടില്ല.
ഒരു പക്ഷേ അതിനിയും തളിർത്തേക്കാം.
ചിലപ്പോൾ എന്നെന്നേക്കുമായി കരിഞ്ഞുപോയെന്നും വരാം.
മനുഷ്യനേപ്പോലെ തന്നെ.
പ്രകൃതിനിയമം.

വശംവദൻ said...

“കാലത്തിന്റെ അനിവാര്യമായ തിരിച്ച്പോക്ക്” ഇങ്ങനെ എവിടെയോ കേട്ടിട്ടുണ്ട്.

അത് ചിലപ്പോ ഇതായിരിക്കും.

keraladasanunni said...

സകല ചരാചരങ്ങളേയും സ്നേഹിക്കണം എന്നു പറയുന്നതിന്‍റെ പൊരുള്‍ മനസ്സിലായി.
Palakkattettan.

വാഴക്കോടന്‍ ‍// vazhakodan said...

ഇത് സങ്കടം തന്നാ,വല്യ സങ്കടം! ചേച്ചി

പ്രയാണ്‍ said...

............:(

Muralee Mukundan , ബിലാത്തിപട്ടണം said...

പേരുചോദിച്ചതോർക്കുന്നു ഞാൻ ;
പേര് പേരക്ക,നാളത് നാരങ്ങ !
പെരുമണംപരത്തും പുരക്കുചുറ്റുമാ ,
പേരക്കയില്ലയിനി ;വിടചൊല്ലിടട്ടെ
പെരുത്തുവയസ്സായില്ലെയെൻ മക്കളെ...

ഹന്‍ല്ലലത്ത് Hanllalath said...

ഒരു കുഞ്ഞു ചെടിയാണെങ്കില്‍ പോലും നമുക്കിഷ്ടമുള്ളത് ഇല്ലാതാകുമ്പോള്‍ നൊമ്പരപ്പെട്ടു പോകും അല്ലെ..

:(

ഷൈജൻ കാക്കര said...

രണ്ടു പേരമരം നടുക, അതല്ലേ കൂടുതൽ അഭികാമ്യം.

ബിന്ദു കെ പി said...

അനിവാര്യമായ വിധിയെങ്കിലും പ്രിയപ്പെട്ടവ നഷ്ടമാവുന്നത് വല്ലാത്ത സങ്കടം തന്നെ....

Anil cheleri kumaran said...

ഉടനെയൊരു കുഞ്ഞിത്തൈ നട്ടു പിടിപ്പിക്കുമല്ലോ. പെട്ടെന്നു വളര്‍ന്ന് വലുതാകും. എങ്കിലും പോയത് തിരിച്ച് വരില്ലല്ലോ. ഇഷ്ടപ്പെട്ടു പോസ്റ്റ്.

വിനുവേട്ടന്‍ said...

കഷ്ടമായിപ്പോയല്ലോ...

ഒരു സംശയം... നമ്മുടെ കര്‍ഷകശ്രീ കണ്ണനുണ്ണി ആ വഴിയ്ക്കെങ്ങാനും വന്നിരുന്നോ?...

ചാണക്യന്‍ said...

പോയത് പോകട്ടെ ചേച്ചീ...സങ്കടപ്പെട്ടാൽ അതിനെ നേരം കാണൂ....പുതിയത് ഒന്ന് വെച്ച് പിടിപ്പിക്കാൻ നോക്ക്.....അതിന്റെ പരിചരണയിൽ മുഴുകുമ്പോൾ സങ്കടം പമ്പ കടക്കും....ഷുവർ....സംശയമാണേൽ പരീക്ഷിച്ചിട്ടു പറയ്..:):):)

OAB/ഒഎബി said...

അത് പോലെ ഒരു ദിനം നമ്മളും...

വലിയ സങ്കടത്തില്‍ ഈ ചെറിയവന്റെ ആശ്വാസ വചനത്തിനെന്ത് വിലയല്ലെ
:( എങ്കിലും.....

Unknown said...
This comment has been removed by the author.
ചേച്ചിപ്പെണ്ണ്‍ said...

ഹൃദയ സ്പര്‍ശിയായ ഒരു പോസ്റ്റ്‌ ചേച്ചി ....
I കാന്‍ അണ്ടര്‍ സ്റ്റാന്റ് യുവര്‍ ഫീലിങ്ങ്സ്‌ ....
ഞാനും ജീവികളുടെം ചെടികളുടെം പ്രാണന് വില കല്പിക്കുന്ന കൂട്ടത്തിലാണ് ...
പൂവ് തരാതിരിക്കുന്ന വരെ പേടിപ്പിച് പൂവ് തരീപ്പിക്കാനും ഞാന്‍ റെഡി ..
ഒരിക്കെ വയോജന വിദ്യാഭ്യാസം കഴിഞു വന്നപ്പോ കാണുന്നത് കേട്യോന്‍ ഒരു വെട്ടി നിരത്തലും കഴിഞ്ഞു നില്കുന്നതാണ് ...
ഞാന്‍ മതിലുപോക്കി ഒടിച്ചെടുത്ത ചെമ്പരതിക്കൊമ്പുകള്‍ മില്‍മ കവറില്‍ നട്ട് വളര്‍ത്തി മുന്‍പില്‍ കൊണ്ടേ നട്ട് ഒരു ചാണ്‍ നീളമുള്ള അതില്‍ പൂവും കണ്ടിട്ട് പോയതാണ് ...
തിരിച്ചു വന്നപ്പോ ഒന്നുമില്ല അത് മാത്രമല്ല എന്റെ ഹൈദ്രഞ്ചി ,ജെര്ബെര ( പൂവില്ലാതെ കണ്ട കാട്ട് ചെടിയാന്നല്ലേ തോന്നൂ )
...
അന്ന് ഞാന്‍ വെളിച്ചപാട് ആയി .....
"ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരോട് പോലും ഉടമസ്ഥന്‍ കുറച്ചുകൂടി മാന്യമായി പെരുമാറും" എന്ന് പറഞ്ഞു തുള്ളി ...
പിന്നെ കുറെ നാളത്തേക്ക് ഞാന്‍ ഒന്നും നട്ടില്ല ..

പ്രേം I prem said...

ആരോടാണ് ദ്യേഷ്യം എന്ന് എനിക്ക് പിടികിട്ടാതെ വരുമ്പോഴായിരുന്നു പേരമരത്തിന്‍റെ വരവ്

പേരമരപ്രേമം ഗംഭീരായീട്ടോ... കിടിലന്‍ കുറിപ്പ്

ഒട്ടും വൈകാതെ ഒരു തൈ നടൂ...
ആശംസകള്‍

താരകൻ said...

ഒരു പാട്ടുപിന്നെയും പാടിനോക്കുന്നിതാ ചിറകൊടിഞ്ഞുള്ളൊരീ കാട്ടു പക്ഷി ...പോസ്റ്റ് വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മവന്നത് സുഗതകുമാരിയുടെ ഈ വരികളാണ്

ഷെരീഫ് കൊട്ടാരക്കര said...

ഞാൻ താമസിച്ചാണു ഈ പോസ്റ്റ്‌ കണ്ടതു, എങ്കിലും ആ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു. എല്ലാം നശിക്കും എല്ലാ ചരാചരങ്ങൾക്കും അവസാനം ഉണ്ടു;അതു പ്രകൃതി നിയമമാണു.

Typist | എഴുത്തുകാരി said...

പ്രവീണ്‍,

ശ്രീ, പറമ്പില്‍ വേറൊരു ചെറിയ ചെടിയുണ്ട്. അതു വളര്‍ന്നു വരട്ടെ.

കാസിം തങ്ങള്‍,
സുമേഷ് മേനോന്‍,
Sajan sadasivan,
അരുണ്‍ കാക്കനാട്,

അനില്‍, ഞാന്‍ ഹോമിയോയുമായി ബന്ധമുള്ള ഒന്നുരണ്ടു പേരോടൊക്കെ ചോദിച്ചു, ആര്‍ക്കും പിടിയില്ല.

ഉപാസന,

നന്ദ വര്‍മ്മ, സന്തോഷം, ഒന്നു് ഈ വഴി വന്നതിനു് ,രണ്ട് നല്ലൊരു മരം സംഘടിപ്പിച്ചുതരാമെന്നു പറഞ്ഞതിനു്.

എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

Diya,
അരുണ്‍,

jayanEvoor,
തളിര്‍ക്കണമെന്നാണു് എന്റേയും ആശ.

വശംവദന്‍,
keraladasanunni,
വാഴക്കോടന്‍,
പ്രയാണ്‍,
ബിലാത്തിപ്പട്ടണം,
hAnLLaLaTh,
കാക്കര, ആദ്യമായല്ലേ ഇവിടെ, സ്വാഗതം.

എന്റെ സങ്കടത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

ബിന്ദു,
കുമാരന്‍,

വിനുവേട്ടന്‍, കണ്ണനുണ്ണിയുടെ ആ പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു:)

ചാണക്യന്‍,
ഒ എ ബി,

ചേച്ചിപ്പെണ്ണ്, എനിക്കു മനസ്സിലാവും
ആ ദേഷ്യം.എവിടെപ്പോയി വരുമ്പോഴും എന്റെ കയ്യിലുമുണ്ടാവും ഒരു ചെടിക്കമ്പ്‌.

പ്രേം,

റ്റോംസ്, നന്ദി ഇതുവഴി വന്നതിനു്.

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കുംനന്ദി.

Typist | എഴുത്തുകാരി said...

താരകന്‍, നന്ദി.

sherriff kottarakkara,

വൈകിയിട്ടൊന്നുമില്ല. സന്തോഷം വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും.

സിനു said...

വായിച്ചു തുടങ്ങുമ്പോള്‍ ചേച്ചി ആരോടാ ഈ പരിഭവവും സങ്കടവും
പറയുന്നേ എന്ന് മനസ്സില്‍ കരുതുകയായിരുന്നു.
സാരമില്ല ചേച്ചി...ഒരുനാള്‍ നമ്മളൊക്കെ ഇതുപോലെ യാത്രയാവില്ലേ.....

ഗീത said...

ജനിച്ചാല്‍ ഒരിക്കല്‍ പോയല്ലേ പറ്റൂ. ഇത്രനാള്‍ നല്ല പരിചരണം ഏറ്റ് കഴിയാനുള്ള ഭാഗ്യം ആ പേരമരത്തിന് ഉണ്ടായല്ലോ എന്നാശ്വസിക്കൂ.‘പേരക്കുട്ടികള്‍’ ഒന്നുമില്ലേ ചോട്ടില്‍?

എനിക്കുമുണ്ടൊരു പേര. 20 വര്‍ഷത്തില്‍ കൂടുതലായി നല്ല ചുവന്ന പേരക്ക തരുന്നു. കിളികള്‍ക്കും വവ്വാലിനും അയലത്തെ മരംകേറിപിള്ളേര്‍ക്കും തന്നെ കൂടുതല്‍ കൊടുക്കുന്നത്. നമുക്കു വേണ്ടി ഒരഞ്ചാറെണ്ണം കൈ എത്തുന്ന ദൂരത്തില്‍ നിറുത്തിത്തരും. അത്രയും മതി അല്ലേ? എന്റെ പേരക്ക് ദീര്‍ഘായുസ്സ് നല്‍കേണമെ കൃഷ്ണാ...

വീകെ said...

പ്രകൃതി നിയമം ആ പേരമരത്തിനും ബാധകമല്ലെ ചേച്ചി...
ഇത്ര നാളും എല്ലാം അതു തന്നില്ലെ....?
ഇനിയും തരണമെന്നു വാശി പിടിക്കുന്നതു ശരിയാണൊ..
അതിന്റെ നിയോഗം കഴിഞ്ഞിരിക്കുന്നു...

ഇങ്ങനെ സങ്കടപ്പെട്ടിരിക്കാതെ വേഗം ചെന്ന് മൂപ്പിലാത്തീടെ തന്നെ ഒരു തനി നിറം അവിടെത്തന്നെ കാണുമല്ലൊ...?
അതൊന്നു പറിച്ചു നട്ട് ഇത്തിരി വെള്ളം ഓഴിച്ചെ...!! ചെല്ല്.... ചെ...ല്ല്

ടി. കെ. ഉണ്ണി said...

ശ്രീമതി. എഴുത്തുകാരി ചേച്ചിക്ക്‌...

ഈ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു...
കഴിഞ്ഞ വർഷക്കാലത്ത്‌ മുറ്റത്തുണ്ടായിരുന്ന യൗവനയുക്തയായ പേരമരം വേരോടെ പിഴുതെറിയപ്പെട്ടു..കാറ്റും പേമാരിയും ചെയ്ത ചതി..നിറയെ ശാഖകളും ഇലകളേക്കാളധികം കായ്കളും നിറഞ്ഞുനിൽക്കുമായിരുന്ന, വർഷം മുഴുവനും ഒരുപോലെ പഴങ്ങൾ തന്നിരുന്ന അതിന്റെ താഴ്‌ന്നുകിടന്നിരുന്ന ചില്ലകൾപോലും മുറിച്ചുനീക്കാതെ സംരക്ഷിച്ചുവന്ന വൃക്ഷത്തെ ഒരു വിറകുവെട്ടുകാരനെ വിളിച്ചു വെട്ടിമുറിച്ച്‌ മാറ്റി മുറ്റം വൃത്തിയാക്കേണ്ടിവന്ന അവസ്ഥ എനിക്കുണ്ടായി..പഴുത്തവ കൂടാതെ രണ്ടുചാക്ക്‌ നിറയെ പിഞ്ചുപേരക്കകളാണ്‌ മുറ്റത്തുനിന്ന് തൂത്തെടുത്ത്‌ പറമ്പിലേക്ക്‌ മാറ്റിയിട്ടത്‌..മരമോ, വിറക്‌ കഷ്ണങ്ങളായിത്തീരുകയും ചെയ്തു...
ഇവളുടെ ജൂനിയർമാരായ അഞ്ചാറുമരങ്ങൾ കൂടിയുണ്ട്‌ മുറ്റത്ത്‌..അവരെ കൂടുതൽ സ്നേഹത്തോടെ സംരക്ഷിക്കുകയാണിപ്പോൾ...
ആശംസകളോടെ...

കണ്ണനുണ്ണി said...

പോയതൊരു പേര മരം ആണെങ്കിലും വായിച്ചപ്പോ വിഷമം വരണുണ്ട്

വിനുവേട്ടന്‍ said...

അല്ല, പേരമരം ഉണങ്ങിത്തുടങ്ങിയത്‌ കൊണ്ട്‌ ചോദിച്ചതാ... കണ്ണനുണ്ണിയ്ക്ക്‌ കൃഷി തുടങ്ങാന്‍ ഒരു സെന്റ്‌ സ്ഥലം മരത്തിനോട്‌ ചേര്‍ന്നെങ്ങാനും കൊടുത്തിരുന്നോ? പരിസരം വെട്ടിത്തെളിച്ച കൂട്ടത്തില്‍ മരത്തിന്റെ കടയ്ക്കല്‍ വെട്ട്‌ കിട്ടിയിട്ടുണ്ടോ എന്ന് ഒന്ന് നോക്ക്യേ...

കണ്ണാ... ലേലു അല്ലു.. ലേലു അല്ലൂ...

കണ്ണനുണ്ണി said...

ചേച്ചിയേ...സത്യായിട്ടും....ഞാന്‍ ഒന്നും ചെയ്തില്യാട്ടോ പേര മരത്തെ... അല്ലേലും പണ്ടത്തെ സോയാബീന്‍ ക്കൊണ്ട് നിര്‍ത്തിയതാ കൃഷി ഒക്കെ
ഞാന്‍ കൈ കൊണ്ട് പോലും തോട്ടില്യാ....
വിനുവേട്ടാ..ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍

Typist | എഴുത്തുകാരി said...

ആര്‍ദ്രാ ആസാദ്, നന്ദി.

സിനുമുസ്തു, ശരിയാണ് പറഞ്ഞതു്, എന്നാലും ഒരു കുഞ്ഞു സങ്കടം.

ഗീത, ഞാ‍നും പ്രാര്‍ത്ഥിക്കാം എന്റെ കൃഷ്ണനോട് ഗീതയുടെ പേരമരത്തിനു് ദീര്‍ഘായുസ്സ് തരാന്‍. ഞാന്‍ വരുന്നുണ്ട്‍ അങ്ങോട്ടൊരു ദിവസം. എനിക്കു കൈ നിറയെ പേരക്ക തരണട്ടോ.

വി കെ, വി കെ പറഞ്ഞാ പിന്നെ കേക്കാതെ പറ്റ്വോ? നിര്‍ത്തി സങ്കടമൊക്കെ. പുതിയതിനെ വളര്‍ത്തിയെടുക്കട്ടെ.

T K Unni, അയ്യോ, അതു കഷ്ടമായിപ്പോയല്ലോ. പ്രകൃതി ഒന്നു നിശ്ചയിച്ചുകഴിഞ്ഞാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. ജൂനിയര്‍ പേരമരങ്ങള്‍ വേഗം വളര്‍ന്നു വലുതായി ചാക്കു നിറയെ പേരക്കായകള്‍ തരട്ടെ.

കണ്ണനുണ്ണീ, അല്ല, വിനുവേട്ടനെ പറഞ്ഞിട്ടു കാര്യമില്ല. അമ്മാതിരി കാര്യമല്ലേ അന്നു ചെയ്തുവച്ചതു്. ചെയ്തതും പോരാ, ഉറക്കെ വിളിച്ചു പറഞ്ഞില്ലേ! അതിങ്ങനെ ഒരു പാരയാവുമെന്ന്‌ സ്വപ്നത്തില്‍ പോലും കരുതീല്ല അല്ലേ?പക്ഷേ‍ ഇപ്പോ കണ്ണനുണ്ണി ആള് ഭയങ്കര ഡീസന്റായില്ലേ.

വിനുവേട്ടന്‍, കണ്ണനുണ്ണി കേക്കണ്ട, അല്ലാ,ആശാന്‍ ഈ വഴിക്കെങ്ങാനും വന്നിരുന്നോ ആവോ?

raadha said...

എല്ലാം ഇത്രക്കെ ഉള്ളു. എത്ര നമ്മള്‍ ആഗ്രഹിച്ചാലും യാത്ര പറഞ്ഞു പോവേണ്ടവര്‍ പോയ്ക്കൊണ്ടേ ഇരിക്കും. കാത്തിരിക്കാനും സങ്കടപ്പെടാനും നമ്മള്‍ ബാക്കിയാവും. വീണ്ടും ഒന്നും ശാശ്വതം അല്ല എന്ന് ഈ പോസ്റ്റ്‌ ഓര്‍മിപ്പിക്കുന്നു. നന്ദി.

Unknown said...

സഹജീവികളെ മാത്രമല്ല. ചെടികളെയും, പുഷ്പങ്ങളെയും ഒരുപാട് സ്നേഹിക്കുന്നു. ആ മനസ്സിനു‌ വളരെ നന്ദി

പട്ടേപ്പാടം റാംജി said...

പച്ചയായ സ്നേഹം എന്നൊക്കെ പറയുന്നത് ഇതിനെയാണെന്ന് തോന്നുന്നു. മനുഷ്യജിവിയുടെ നഷ്ടം പോലെ തന്നെ പ്രകൃതിയുടെ ചലനങ്ങളും മനസ്സിലേക്കാവാഹിക്കുക....
ഇഷ്ടപ്പെട്ടു,വളരെ.

ഗോപീകൃഷ്ണ൯.വി.ജി said...

ഇത് വായിക്കുമ്പൊള്‍ വിഷമം തോന്നുന്നു.

മുരളി I Murali Mudra said...

എന്റെ ചേച്ചീ..വിഷമിപ്പിച്ചു..
എന്റെ മനസ്സിലും ഉണ്ട് ഒരു പേരമരം..ഇലകള്‍ കൊഴിഞ്ഞ്,ചില്ലകള്‍ താഴ്ത്തി അത് ഇപ്പോഴും അവിടുണ്ട്..പണ്ട് ഒരുപാട് തവണ ഞാന്‍ കയറി മറിഞ്ഞിട്ടുള്ള കൊമ്പുകളുമായി...
:(

Gopakumar V S (ഗോപന്‍ ) said...

"സംഭവിച്ചതെല്ലാം നല്ലതിന്,
സംഭവിക്കുന്നതും നല്ലതിന്,
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്..." അങ്ങനെ ചിന്തിക്കൂ....

ആശംസകൾ...

Akbar said...

നല്ല പോസ്റ്റ്‌. ആശംസകള്‍

jyo.mds said...

വിലാപത്തില്‍ ഞാനും കൂടുന്നു.

SreeDeviNair.ശ്രീരാഗം said...

വിഷമം തോന്നുന്നു..

ഒന്നിനു പകരംനില്ക്കാന്‍
ഒരിക്കലും മറ്റൊന്നിനാവില്ല!

നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രം.

സസ്നേഹം,
ശ്രീദേവിനായര്‍

Typist | എഴുത്തുകാരി said...

raadha,
പാലക്കുഴി,
pattepadamramji,
ഗോപീകൃഷ്ണന്‍,
മുരളി,
Gopakumar,
Akbar,
jyo,
SreeDeviNair,

നന്ദി,എല്ലാവര്‍ക്കും.

Kunjipenne - കുഞ്ഞിപെണ്ണ് said...

നാം നടത്തുന്ന എല്ലാപ്രവര്‍ത്തനങ്ങളും മരണത്തിലെത്തുന്നതിന്‌ വേണ്ടി മാത്രമാണ്‌. അത്‌ ഉദാത്തമാകണമെങ്കില്‍ ഒരുമരം നട്ടാല്‍ മതി സമയം കളയെണ്ടാ....

കുഞ്ഞൻ said...

ചേച്ചി..

ചേച്ചിക്കിത്രയും സങ്കടം വരുമ്പോൾ ചേച്ചിയുടെ മക്കൾക്ക് ഇതിലും കൂടുതൽ സങ്കടം വരുമല്ലൊ, കാരണം കുട്ടിത്തമുള്ളവരായിരിക്കും മരങ്ങളെ കൂടുതൽ സ്നേഹിക്കുന്നത്

Typist | എഴുത്തുകാരി said...

കുഞ്ഞിപെണ്ണ്,
കുഞ്ഞന്‍,

നന്ദി. ഒരു ചെടി നട്ടതു് അപ്പുറത്ത്‌ വളര്‍ന്നുവരുന്നുണ്ട്. ഇനി അതിനെ ഒന്നുകൂടി ശ്രദ്ധിക്കണം.‍

Areekkodan | അരീക്കോടന്‍ said...

കത്തി എടുത്ത് വെട്ടിയാല്‍ പിന്നെ അവന്‍ പൊട്ടി ചിരിക്കുമോ ? അവന്‍ അവന്റെ പാട്ടിന് പോകുന്നു...

Typist | എഴുത്തുകാരി said...

അരീക്കോടന്‍, നന്ദി.

അക്ഷരപകര്‍ച്ചകള്‍. said...

Chilathellam angineyaanu.....manushyanayalum maramayalum nammal snehikkum....athinde iniyum iniyum perukunna azhavum parappum thirichariyathe nammale vittu yathrayakum.