Saturday, November 21, 2009

അന്നും ഇന്നും....

ഇരിങ്ങാലക്കുടക്കടുത്തൊരു പള്ളി. അവിടെ ഒരു മാമോദിസ. അതിനു് പോയതാണ്‌‍ ഞാന്‍. പതിവുപോലെ ഭക്ഷണത്തിന്റെ സമയത്തേ എത്തിയുള്ളൂ. അതൊരു സ്ഥിരം ശീലമാണ്‌.മാറ്റാന്‍ നോക്കിയിട്ടിതുവരെ കഴിയാത്തതു് :). വൈകിയതുകൊണ്ട് തിരക്കൊഴിഞ്ഞു അവരോട് സംസാരിക്കാന്‍ പറ്റി.

ഒരുപാട് സന്തോഷത്തിലാണ്‌‍, ആ അമ്മ.(കുഞ്ഞിന്റെ അമ്മയുടെ അമ്മ).  ആറു വര്‍ഷം മുന്‍പ് ‍ അനുഭവിച്ച സങ്കടത്തിന്റെ കഥ പറഞ്ഞു.‍.  സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ളവര്‍. ഭാര്യയും ഭര്‍ത്താവും നല്ല ജോലിക്കാര്‍. രണ്ടു കുട്ടികള്‍.

‍ ‍ നന്നായി പഠിക്കുന്ന മൂത്ത മകള്‍. പത്താം ക്ലാസ്സില്‍ 93%ല്‍ കൂടുതല്‍ മാര്‍ക്. പ്ലസ് ടു കഴിഞ്ഞു  entrance coaching നു പോയിരുന്ന സ്ഥിരം ബസ്സിലെ കിളിയുമായിട്ട് അടുപ്പമായി.  വീട്ടില്‍ നിന്നും ഒളിച്ചു പോയി റജിസ്റ്റര്‍ വിവാഹം കഴിച്ചു.ഒന്നിച്ചു താമസവുമായി. അതും കൃസ്ത്യന്‍ മതത്തിലല്ലാത്ത‍ ഒരാള്‍. ഇതുപോരേ ഒരു വിപ്ലവത്തിനു്. ബന്ധുക്കളെല്ലാവരും പറഞ്ഞു, നമ്മളെയൊക്കെ ഉപേക്ഷിച്ചുപോയതല്ലേ, കുടുംബത്തിനു നാണക്കേട് വരുത്തിവച്ചതല്ലേ അവള്‍ പോട്ടെ എന്നു്. ഭര്‍ത്താവു പോലും ആ കൂട്ടത്തിലായിരുന്നു..ആ അമ്മക്കു പക്ഷേ അവളങ്ങനെ പോട്ടേ എന്നു വക്കാന്‍ കഴിഞ്ഞില്ല.

ജാതിയോ മതമോ പോകട്ടെ, പതിനെട്ടു വയസ്സുള്ള, വെറും പ്ലസ് ടു മാത്രമുള്ള ഒരു ജോലി കിട്ടാന്‍ സാധ്യതയുള്ള പഠിപ്പുപോലുമില്ലാത്ത മകള്‍, അവനും അതേ അവസ്ഥ. ഒരു നല്ല ജോലി കിട്ടാനുള്ള വിദ്യാഭ്യാസം പോലുമില്ല. രണ്ടു വീട്ടുകാരുടേയും പള്ളിയുടേയും എല്ലാം ശത്രുത. .അവരെങ്ങനെ ജീവിക്കും. ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു സ്ഥിതി. സമ്പന്നതയില്‍ ജീവിച്ച  അവള്‍ക്കു ആലോചിക്കാന്‍ പോലും പറ്റാത്ത ഒരു സ്ഥിതിയായിരുന്നു ആ പയ്യന്റെ വീട്ടില്‍.. ഈ നിലയില്‍ ആ അമ്മ എന്തു ചെയ്യും!

ഒറ്റക്കു പൊരുതാന്‍ തന്നെ തിരുമാനിച്ചു. എല്ലാ ഭാഗത്തുനിന്നുള്ള എതിര്‍പ്പുകളേയും നേരിട്ടുകൊണ്ട്, സ്വന്തം ഭര്‍ത്താവിന്റെ പോലും പിന്തുണയില്ലാതെ. കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി    രണ്ടുപേരേയും   ബാംഗ്ലൂരില്‍‍ അയച്ചു പഠിപ്പിച്ചു. മകളെ നഴ്സിങ്ങിനും ‍പയ്യനെ ഹോട്ടല്‍ മാനേജ്മെന്റിനും.അക്കാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ അവര്‍ പറയുന്നതു കേട്ടാല്‍ സങ്കടം തോന്നും. ഇവര്‍ കുട്ടിയെ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കും. അവന്റെ വീട്ടുകാര്‍ തിരിച്ചുകൊണ്ടുവരും, അങ്ങനെ ‍ കണക്കില്ലാതെ.  രണ്ടുപേരും നന്നായി പഠിച്ചു, അവള്‍  B.Sc. നഴ്സ് ആയി. അവന്‍  ഹോട്ടല്‍ മാനേജ്മെന്റ് പാസ്സായി.(ഇപ്പോള്‍ എറണാകുളത്തെ  വലിയ ഒരു ഹോട്ടലിലെ മാനേജര്‍).  ലണ്ടനിലേക്കു പോകാനൊരുങ്ങുന്നു.    അവരുടെ കുട്ടിയുടെ മാമോദിസക്കാണ്‌‍ ഞാന്‍ പോയത്‌. കല്യാണം ശരിക്കു കഴിക്കാന്‍ പറ്റിയില്ലല്ലോ, അതുകൊണ്ടാണ്‌‍ മാമോദിസ കേമമായിട്ടു കഴിച്ചതു്. എല്ലാവര്‍ക്കും മരുമകനെ ഒന്നു പരിചയപ്പെടുത്താനും. .

ആ പയ്യനും ഇവരുടെ മതത്തില്‍ ചേര്‍ന്നു എന്നാണ്‌‍ മനസ്സിലായതു് (സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല). ഒരുപക്ഷേ അവനു തോന്നിയിരിക്കാം വെറും കിളിയായിരുന്ന തന്നെ പഠിപ്പിച്ചു  സമൂഹം     അംഗീകരിക്കുന്ന തരത്തില്‍  ആക്കിയതു് ഇവരല്ലേ എന്നു്. അതെന്തോ ആവട്ടേ,     അതിലേക്കു് ഞാന്‍ കടക്കുന്നില്ല.

ആ അമ്മയുടെ ഭാഗത്തുനിന്നുകൊണ്ടാണ്‌‍ ഞാന്‍  പറയുന്നതു്. അവര്‍  ഇതുപോലെ സന്തോഷിക്കുന്നതില്‍ തെറ്റുണ്ടോ, സന്തോഷിക്കുകയല്ലാ, സമാധാനിക്കുകയാണ്‌   എന്നതല്ലേ    ശരി. അവര്‍‍ ഒരു കാര്യം കൂടി പറഞ്ഞു. ഞാനെന്റെ മരുമകനോട് പറഞ്ഞിട്ടുണ്ട്. നിന്റെ അഛന്റേയും അമ്മയുടേയും കാര്യം കഴിഞ്ഞിട്ടേ നിനക്ക് ഞങ്ങളൊക്കെ ഉണ്ടാവാന്‍ പാടുള്ളൂ എന്നു്.

തിരിച്ചുപോന്നപ്പോള്‍  ഞാനൊരുപാട് ആലോചിച്ചു.ആ അമ്മയുടെ ഭാഗത്തുനിന്നു്. അന്നത്തെ മനസ്സിലെ ഇരുട്ടും ഇന്നത്തെ അവരുടെ  സമാധാനവും. എനിക്കവരെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുന്നു.

എഴുത്തുകാരി.

49 comments:

Typist | എഴുത്തുകാരി said...

ആ അമ്മയുടെ സമാധാനം/സന്തോഷം എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നു.

കുഞ്ഞന്‍ said...

ചേച്ചി...

അതാണ് മാതൃത്വം. ഇവിടെ മാതൃത്വത്തിനുമപ്പുറം കാര്യങ്ങളെ ബുദ്ധിപൂർവ്വം സമീപിക്കാൻ ആ അമ്മക്ക് സാധിച്ചു.

ഇവിടെ പോസ്റ്റുമായി ഇത്തിർ ബന്ധമുള്ള കാര്യം പറയട്ടെ. എന്തുകൊണ്ട് ആ കുട്ടി സ്വയമറിവുണ്ടാകുന്നതിനു മുമ്പ് എടുത്തുചാടി..? ഒരു പക്ഷെ വീട്ടിലെ അന്തരീക്ഷമാകാം ഒരുപക്ഷെയല്ല അതുതന്നെയായിരിക്കും കാരണം. ആ അച്ഛനുമമ്മയും ആ കുട്ടിയെ ശ്രദ്ധിക്കാനൊ സ്നേഹിക്കാനൊ മെനക്കെട്ടിരുന്നില്ലന്നുവേണം കരുതാൻ. ഇക്കാലത്ത് കുട്ടികളെ പഠിക്കാൻ വിട്ടാൽ മാ‍താപിതാക്കളുടെ ഒരു കണ്ണ് അവരുടെ മേൽ എപ്പോഴും വേണം. അവർ സ്ക്കൂളിലേക്കാണൊ കോളേജിലേക്കാണൊ പോകുന്നത് ആരാണ് അവരുടെ കൂട്ടുകാർ, കുട്ടികൾ കൂട്ടുകാരുടുകൂടെയൊ അല്ലെങ്കിൽ അവരുടെ മെയിൽ ചെക്ക് ചെയ്യാനെന്നും മറ്റുംപറഞ്ഞ് നെറ്റ് കഫെകളിൽ കയറിയിറങ്ങുന്നുണ്ടൊയെന്നൊക്കെ നിരീക്ഷിക്കുന്നത് നല്ലതായിരിക്കും. പിന്നെ എന്റെ മക്കൾ അത്തരക്കാ(രി)രനല്ല എന്നുള്ള വിശ്വാസമാണ് 99% മാതാപിതാക്കൾക്കും രക്ഷകർത്താവിനും..!

സംഭവിച്ചത് സംഭവിച്ചു എന്നാൽ പിന്നീട് ബുദ്ധിപൂർവ്വം സമീപനം ചെയ്ത ആ അമ്മ എന്തുകൊണ്ടും മാതൃകയാണ്.

നല്ലൊരുപോസ്റ്റ് ചേച്ചി.

കാസിം തങ്ങള്‍ said...

എന്തായാലും ആ അമ്മയുടെ ബുദ്ധിപൂര്‍വ്വമായ ഇടപെടല്‍ കൊണ്ട് നഷ്ടപെട്ട സമാധാന്നം അവര്‍ക്ക് തിരിച്ച് കിട്ടിയല്ലോ.

നന്ദന said...

അമ്മ മനസ്സ് എടുത്തുകാണിക്കുന്ന പോസ്റ്റ്‌ ....
(ഓഫ്: follow കൊടുത്താല്‍ നന്നായിരുന്നു ..പോസ്റ്റ്‌ തത്സമയം കാണാം )
നന്‍മകള്‍ നേരുന്നു
നന്ദന

OAB/ഒഎബി said...

ആ അമ്മ നന്നായി ചിന്തിച്ച് അതിന്റെ കര്‍ത്ത്യവ്യം നിര്‍വഹിച്ചു. എല്ലാവരും ഹാപ്പി.
പക്ഷേ കാശില്ലാത്ത ഒരു കൂട്ടരായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന ഒരു ചോദ്യം അവശേഷിക്കുന്നു.
എല്ലാവരും നേഴ്സും ഹോട്ടലും കൊണ്ടല്ലല്ലൊ ജീവിക്കുന്നത്. ക്ലീനര്‍മാരും സകുടുംബം ജീവിക്കുന്നു.
ആരെങ്കിലും ഇഷ്ടപ്പെടുകയൊ ചാടിച്ചോണ്ട് പോവെ ചെയ്തോട്ടെ...
പെണ്‍കുട്ടികള്‍ ചാടപ്പെടുന്നതിന്റെ മുമ്പ് നന്നായി ചിന്തിക്കുക.പ്രേമക്കല്ല്യാണം 70% തകര്‍ന്ന് പോയതാണ് എന്റെ കാഴ്ചയില്‍ കണ്ടിട്ടുള്ളത്.
നല്ല ഉപദേശം കൊടുത്ത ആ അമ്മയോട് നമുക്കും നന്ദി പറയാം.

ആത്മ/പിയ said...

ഈ അമ്മയെ എനിക്കും ഇഷ്ടമായി.
പരിചയപ്പെടുത്തിയതിനു നന്ദി!

ഹരീഷ് തൊടുപുഴ said...

കുഞ്ഞേട്ടന്റെ കമന്റു കടമെടുക്കുന്നു..

കണ്ണനുണ്ണി said...

ചേച്ചി, ഈ പോസ്റ്റിനു എന്റെ ജീവിതത്തില്‍ നിന്ന് എടുത്തു ഒരു കമന്റ്‌ ഞാന്‍ ഇടും .. ഇന്നല്ല...

പ്രയാണ്‍ said...

നന്നായി ഇങ്ങിനെയൊരു പോസ്റ്റ് എഴുത്തുകാരി..........കരഞ്ഞിരുന്ന കൊണ്ട് ഒരു പ്രയോജനവുമില്ല.....മറിച്ച് ആ അവസ്ഥയെ എങ്ങിനെ തരണം ചെയ്യാമെന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്. ആ അമ്മക്ക് അഭിനന്ദനം.

Anil cheleri kumaran said...

ഞാനെന്റെ മരുമകനോട് പറഞ്ഞിട്ടുണ്ട്. നിന്റെ അഛന്റേയും അമ്മയുടേയും കാര്യം കഴിഞ്ഞിട്ടേ നിനക്ക് ഞങ്ങളൊക്കെ ഉണ്ടാവാന്‍ പാടുള്ളൂ എന്നു്.

അതു എനിക്കിഷ്ടമായി.. നന്ദി.

നൌഷാദ് ചാവക്കാട് said...

ആ അമ്മയുടെ ശക്തമായ ഇടപെടല്‍ കൊണ്ട് അവരുടെ മകളുടെ ഭാവി സുരക്ഷിതമായി എന്നു വേണമെങ്കില്‍ പറയാം അവരെ അഭിനന്ദിച്ചേ പറ്റൂ ഇത് മറ്റുള്ള അച്ചനമ്മമാര്‍ക്ക് ഒരു പാഠമാകട്ടെ നല്ല പോസ്റ്റ് ചേച്ചീ

vinus said...

ആ അമ്മയെ സമ്മതിക്കണം വളരെ അപൂര്‍വ്വമായ ഒരമ്മ!ഭാഗ്യം ചെയ്ത മകള്‍ അല്ലാതെന്താ

Muralee Mukundan , ബിലാത്തിപട്ടണം said...

തൊട്ടിലിലിപ്പോഴുമാടുന്ന യുവമിഥുനങ്ങളും ,
താരാട്ടുപാടുന്നയൊരമ്മതൊട്ടിലുമായാട്ടലും !

അസ്സലായ്യൊരുകഥ,അതും അനേകം വഴികളിൽ കൂടി ചിന്തിക്കാവുന്നത്.......?

Typist | എഴുത്തുകാരി said...

കുഞ്ഞന്‍, പറഞ്ഞതു വളരെ ശരിയാണ്. ഒരുപാട് വീടുകളില്‍ സംഭവിക്കുന്നതു തന്നെയാണിതു്.അഛനുമമ്മയും കുട്ടികളും തമ്മിലുള്ള communication പോലും ഇല്ലാതാവുന്നു. ഈ വീട്ടിലും സ്ഥിതി അങ്ങനെയായിരുന്നിരിക്കാം, ചിലപ്പോള്‍. നന്ദി കുഞ്ഞന്‍, വിശദമായ ഈ അഭിപ്രായത്തിനു്.

കാസിം തങ്ങള്‍,
nandana,

ഒ എ ബി, സംശയമേയില്ല, ആ അമ്മയുടെ കയ്യില്‍ കാശുള്ളതുകൊണ്ട് മാത്രമാണ് അവര്‍ക്കതു ചെയ്യാന്‍ സാധിച്ചതു്. അധികം പേര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത കാര്യം തന്നെയാണ് രണ്ടുപേരെ ബാംഗ്ലൂരിലയച്ച് പഠിപ്പിക്കുക എന്നതു്.

ആത്മ,
ഹരീഷ്,

കണ്ണനുണ്ണി, കാത്തിരിക്കുന്നു ആ കമെന്റിനായി.

പ്രയാണ്‍,
കുമാരന്‍,
നൌഷാദ്,
vinus,
ബിലാത്തിപ്പട്ടണം,
നന്ദി, എല്ലാവര്‍ക്കും.

lekshmi. lachu said...

kollaam...aashmsakal

poor-me/പാവം-ഞാന്‍ said...

നിന്റെ അഛന്റേയും അമ്മയുടേയും കാര്യം കഴിഞ്ഞിട്ടേ നിനക്ക് ഞങ്ങളൊക്കെ ഉണ്ടാവാന്‍ പാടുള്ളൂ എന്നു്.
നമിക്കുന്നു ഈ വരികള്‍ക്ക്

ഭായി said...

“അമ്മയുടെ കാല്പാദത്തിനടിയിലാണ് യതാര്‍ഥ സ്വര്‍ഗ്ഗം! അമ്മയാണ് യഥാര്‍ത്ത ദൈവം”

എത്ര അര്‍ത്തവത്താണീ വാക്കുകള്‍!

സ്വന്തം അമ്മമാരെ ശരണാലയത്തിലും മറ്റും കൊണ്ടാക്കിയിട്ട് അച്ചിയോടൊപ്പം സുഖിച്ച് വാഴുന്നവന്മാരേ നീയൊക്കെ സൂക്ഷിച്ചോ! ആ സുഖം വെറും നൈമിഷികമാണ് കാരണം, നരകത്തില്‍ ബാല്‍ക്കണിയില്‍ തന്നെ നിന്റെയൊക്കെ സീറ്റ് നീ തന്നെ ബുക്ക്ചെയ്തിരിക്കുകയാണ്! ദൈവത്തെയാണ് നീ നോവിച്ചത്! സ്വര്‍ഗ്ഗമാണ് നീ നിന്നില്‍ നിന്നും അകലേക്ക് മാറ്റിയത്!

അമ്മേ നീയാകുന്നു കണ്‍കണ്ട ദൈവം!

jayanEvoor said...

ആ അമ്മയുടെ സമാധാനം/സന്തോഷം എനിക്കും മനസ്സിലാക്കാന്‍ കഴിയുന്നു.

നല്ല കുറിപ്പ്!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കുറിപ്പ് ചിന്തോദ്ദീപകം.
ആശംസകള്‍.....

ജ്വാല said...

ആ അമ്മയുടെ ശരിയായ തീരുമാനം മകളുടെ ജീവിതം സുരക്ഷിതമാക്കി.അന്ന് ഉപേക്ഷിച്ചിരുന്നെകില്‍ ജീവിതം മുഴുവന്‍ സമാധാനം ഇല്ലാതാകുമായിരുന്നു.അമ്മ മനസ്സിന്റെ മഹത്വം കാണിക്കുന്ന പോസ്റ്റിനു ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

കാര്യങ്ങളെ പ്രായോഗിക ബുദ്ധിയോടെ കാണാന്‍ തയ്യാറായ ആ അമ്മയെ അഭിനന്ദിക്കുന്നു.

the man to walk with said...

ഏറ്റവും ഉചിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ആ അമ്മയ്ക്ക് പ്രണാമം .അനുഭവം പങ്കിട്ട എഴുത്തുകാരിയ്ക്ക് നന്ദി .ആശംസകള്‍

ബിനോയ്//HariNav said...

നല്ല പോസ്റ്റ്. with a clear message. നന്ദി :)

പ്രേം I prem said...

നിമിത്തം എന്നൊരു സംഗതി ഉണ്ടല്ലോ... ഞാന്‍ അതില്‍ വിശ്വസിക്കുന്നു. കാരണം അവന്റെ ഉയര്‍ച്ചയ്ക്ക് കാരണമായി ആ നല്ല സ്ത്രീ അവിടെ എത്തി. അതിനു കാരണം കിളിപ്രേമവും ... അങ്ങിനെ ഒന്ന് അരങ്ങേറിയില്ലാ എങ്കില്‍ എന്തായിരിക്കും ... നിമിത്തം ...

പ്രേം I prem said...

ആദ്യം പറയേണ്ടത് വിട്ടുപോയി ... ടോ .. താന്‍ വീണ്ടും പേരുമാറ്റിയോ എന്ന് ചോദിക്കല്ലേ ..... നല്ല പോസ്റ് ചേച്ചി ... ചേച്ചി അവിടെപോയതും ഒരു നിമിത്തം തന്നെ അല്ലെ ...

വാഴക്കോടന്‍ ‍// vazhakodan said...

അമ്മ മനസ്സ് എടുത്തുകാണിക്കുന്ന പോസ്റ്റ്‌!
ആ അമ്മക്ക് അഭിനന്ദനം.

ബിന്ദു കെ പി said...

അമ്മ മനസ്സ്...തങ്ക മനസ്സ്....
ഈ അമ്മ നമ്മുടെയൊക്കെ മനസ്സുകളെ അതിയായി സന്തോഷിപ്പിക്കുന്നു....

Typist | എഴുത്തുകാരി said...

lekshmi,
poor me,
ഭായി,
jayanevoor,
വെള്ളായണി വിജയന്‍,
ജ്വാല,
അനില്‍
the man to walk with,
Binoy,

വായിച്ചു് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

പ്രേം, ഇല്ല ഞാനതു ചോദിക്കുന്നില്ല.പ്രേം നല്ല പേരല്ലേ. പിന്നെ ഇടക്കൊക്കെ ഒരു change ആവാം.

ഇനി പറയുന്നതു തമാശയാണേ- പിന്നെ ബ്ലോഗിന്റെ പേരും എനിക്കോര്‍മ്മയുള്ളതല്ലേ!
പിണങ്ങല്ലേട്ടോ.പിണങ്ങിയില്ലല്ലോ?

വാഴക്കോടന്‍, സന്തോഷം.
ബിന്ദു, നന്ദി.

നിധീഷ് said...

nice one...

raadha said...

സാധാരണ പ്രേമവും ഒളിച്ചോട്ടവും കല്യാണവും ഒക്കെ കേട്ടിട്ടുണ്ട്... പക്ഷെ ഇങ്ങനെ ഒരു തുടര്‍ കഥ ആദ്യമായിട്ട് കേള്‍ക്കുന്നു...നല്ല മനസ്സുള്ള ഒരു നല്ല അമ്മ..

Rare Rose said...

രാധേച്ചി പറഞ്ഞ പോലെ ഇത്തരം ഒളിച്ചോട്ടക്കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരമ്മ മനസ്സ് ആദ്യമായാണു കാണുന്നത്..

എതിര്‍പ്പുകളെ വക വെയ്ക്കാതെ അങ്ങനെയൊരു പരിതസ്ഥിതിയിലും അവര്‍ക്കു നല്ലൊരു വഴി കാണിച്ചു കൊടുത്തയമ്മ.ആ സ്നേഹം ആ മക്കള്‍ക്ക് എപ്പോഴും ആ അമ്മയോടുണ്ടായിരിക്കട്ടെ..

ManzoorAluvila said...

നമ്മുടെ സമാധാനം നമ്മുടെ കൈകളിൽ തന്നെയാണെന്ന് ആ അമ്മ തെളിയിച്ചിരിക്കുന്നു..നന്നായിരിക്കുന്നു ആശംസകൾ

വീകെ said...

ആ അമ്മയുടെ നല്ല മനസ്സിനു മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നു...

ആരെങ്കിലും കയ്യൊ കാലൊ കാണിച്ചാൽ ഉടനെ ഒളിച്ചോടാൻ തീരുമാനമെടുക്കുന്ന നമ്മുടെ പെണ്മക്കൾക്കെല്ലാം എന്തു പറ്റി...!!?

ആശംസകൾ..

Umesh Pilicode said...

നന്നായിരിക്കുന്നു

Sunith Somasekharan said...

പ്രണയത്തിനു സ്ഥലകാലബോധം ഇല്ല ...
ഇപ്പോള്‍ വായിച്ചത് , അവരുടെ ഭാഗ്യം ...
അനുഭവങ്ങള്‍ ചിലത് വായിക്കുമ്പോള്‍
നമ്മുടെ സമൂഹത്തെ കുറിച്ച് ചിന്തിന്തിക്കാന്‍
പ്രേരിപ്പിക്കും ... അത് നമ്മളെ പ്രന്തെടുപ്പിക്കും ...

Typist | എഴുത്തുകാരി said...

നിധീഷ്,
raadha,
Rare Rose,
Manzoor Aluvila
Sabu,
വി കെ
ഉമേഷ്,
My CRACK words,

ഇവിടെ വന്നതിനു്, വായിച്ച് അഭിപ്രായം പറഞ്ഞതിന്, നന്ദി,എല്ലാവര്‍ക്കും.

Sureshkumar Punjhayil said...

Annum ennum, Ennekkum...!

Manoharam, Ashamsakal...!!!

വശംവദൻ said...

വായിക്കാൻ വൈകി.

ആ അമ്മയുടെ സമാധാനവും സന്തോഷവും ഈ വരികളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

ആശംസകൾ

ശ്രീ said...

വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന മറ്റൊരു സംഭവം പറയാം.

സ്വന്തം ഇഷ്ടത്തിന് മറ്റൊരു നാട്ടുകാരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ സ്വന്തം അച്ഛന്റെയും അമ്മയുടേയും മുഴുവന്‍ പിന്തുണയും നഷ്ടപ്പെട്ട ഒരു സുഹൃത്തുണ്ട് എനിയ്ക്ക്. 3 വര്‍ഷമായി അവന്‍ എന്തൊക്കെ ചെയ്തിട്ടും ഇത്ര കാലവും മരുമകളെ അംഗീകരിയ്ക്കാന്‍ (ഒരു കുട്ടി ജനിച്ചിട്ടും) ആ മാതാപിതാക്കള്‍ക്കായില്ല.

അവസാനം കാര്യങ്ങള്‍ ഏതാണ്ടൊക്കെ ശരിയായി വന്ന സമയത്ത് (അച്ഛന്‍ കുറച്ചൊക്കെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു തുടങ്ങിയപ്പോള്‍) അവന്റെ അമ്മ ചെറിയൊരു വിട്ടു വീഴ്ച ചെയ്യാത്തതിന്റെ പേരില്‍ ഇന്ന് അവന് അവന്റെ അച്ഛനെ നഷ്ടപ്പെടുകയും ചെയ്തു.

എല്ലാം കഴിഞ്ഞതോടെ ഇപ്പോള്‍ അമ്മ മരുമകളേയും കുഞ്ഞിനേയും സ്വീകരിയ്ക്കാന്‍ നിര്‍ബന്ധിതയാകുകയും ചെയ്തു. ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ അവര്‍ക്കൊക്കെ തോന്നുന്നുണ്ടാകും.

അതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇവിടെ പറഞ്ഞ അമ്മയുടെ മഹത്വം ശരിയ്ക്ക് മനസ്സിലാക്കാനാകുന്നത്.

ഗീത said...

എനിക്കും അതു നന്നായി മനസ്സിലാകുന്നുണ്ട് എഴുത്തുകാരീ. തീര്‍ച്ചയായും ആ അമ്മ ഭാഗ്യവതി തന്നെയാണ്.
ഈശ്വരന്റെ ലീലകള്‍ ഇങ്ങനെയാണ്. കുറേ നാള്‍ തീ തീറ്റൂം. പിന്നെ വാരിക്കോരി കൊടുത്ത് അനുഗ്രഹിക്കും.

സന്തോഷ്‌ പല്ലശ്ശന said...

അമ്മ ചെയ്തത്‌ തികച്ചും നല്ലൊരു കാര്യമാണ്‌ പക്ഷെ ഇതൊക്കെ എല്ലാ അമ്മമാര്‍ക്കും ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. പൈസയും കുടുംബത്തിലെ സ്വാതന്ത്ര്യവുമൊക്കെ ഘടകമായി വരും അപ്പൊ പ്രശ്നം സങ്കീര്‍ണ്ണമാകും. അങ്ങിനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇവിടെ അങ്ങിനെ ഒന്നില്ലാതിരുന്നത്‌ ആശ്വാസമായി.

തറവാടി said...

+ve post :)

siva // ശിവ said...

ഈ അനുഭവം ഞങ്ങളുമായ് പങ്കുവച്ചതിന് നന്ദി ചേച്ചി. നല്ല പോസ്റ്റ്...

Typist | എഴുത്തുകാരി said...

സുരേഷ് കുമാര്‍,

വശംവദന്‍,

ശ്രീ, ശരിയാണ്. അന്നു് ആ അമ്മ കുറച്ചു വിട്ടുവീഴ്ച ചെയ്തിരുന്നെങ്കില്‍, അല്ലെങ്കില്‍ വാശി പിടിക്കാതിരുന്നെങ്കില്‍ അവരുടേയും മകളുടേയും ജീവിതം തന്നെ ചിലപ്പോള്‍ മറ്റൊരു തരത്തിലാവുമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം.

നന്ദി ശ്രീ ഇതിവിടെ പങ്കുവച്ചതിനു്.

ഗീത, നന്ദി.

സന്തോഷ്, വളരെ ശരിയാണ് പറഞ്ഞതു്. അവരുടെ കയ്യില്‍ പണമില്ലായിരുന്നെങ്കില്‍ (ബാങ്കു ജോലിക്കാരിയാണ്) ഇതൊന്നും ആലോചിക്കാന്‍ പോലും പറ്റില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് അവര്‍ക്ക് ആ തന്റേടം ഉണ്ടായതും.

തറവാടി, നന്ദി, സന്തോഷം.

ശിവാ, നന്ദി.

ഉപാസന || Upasana said...

രണ്ടുപേരും നന്നായിവരട്ടെ
:-)

Bindhu Unny said...

ആ അമ്മയുടെ തീരുമാനം അഭിനന്ദനാര്‍‌ഹം തന്നെ. :)

Typist | എഴുത്തുകാരി said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

ഉപാസന,

ബിന്ദു,

നന്ദി, സന്തോഷം.