Thursday, November 5, 2009

കണക്കെഴുത്തും, അമ്മിണിക്കുട്ടിയും

രണ്ടു ദിവസത്തെ കണക്കുണ്ട് എഴുതാന്‍. അല്ലെങ്കില്‍ ചോദ്യം വരുമല്ലോ.  ഇന്നലെ ആയിരം രൂപ വച്ചിട്ടിത്രവേഗം  കഴിഞ്ഞോ? കൃത്യായിട്ടെഴുതി വച്ചാല്‍ മണി മണിയായിട്ടു പറയാല്ലോ. കണക്കു നോട്ടോന്നൂല്യ, എന്നാലുമുണ്ട് ഇടക്കൊരു ചോദ്യം. എല്ലാത്തിലും തന്റെ കണ്ണു ചെല്ലുന്നു എന്നു് പാവം അമ്മിണിക്കുട്ടിയെ ബോദ്ധ്യപ്പെടുത്താനാവും.  ചിലപ്പോള്‍ അവള്‍ മന:പൂര്‍വ്വം പറയാതിരിക്കും.  ദേഷ്യപ്പെടാനും കുറ്റപ്പെടുത്താനുമൊക്കെ  നിന്നു കൊടുക്കും.അതൊക്കെ അവരുടെ ഒരവകാശമല്ലേ.  പാവം എന്നോടല്ലാതെ മറ്റാരോടാ ഈ ഞാനെന്ന ഭാവം കാണിക്കുക. ഓഫീസില്‍ പറ്റുമോ, അവരു പോയി പണി നോക്കാന്‍ പറയില്ലേ?

തെറ്റ് (ഇനിയിപ്പോ തെറ്റല്ലെങ്കിലും) സമ്മതിച്ചു കൊടുത്ത് , പറയാനുള്ളതൊക്കെ മിണ്ടാതെ കേട്ടുനിന്നാല്‍  സന്തോഷാവും (അമ്മിണിക്കുട്ടി ഉള്ളില്‍ ചിരിക്കും) അതിന്റെ ഒരു പങ്കു്(സന്തോഷത്തിന്റെയേയ്) നമുക്കു തന്നെയാ തിരിച്ചുകിട്ടുക. അമ്മിണിക്കുട്ടീടെ അനുഭവത്തീന്നു പറയ്യാണേ. ഇനി വല്ലപ്പോഴും ഇത്തിരി ദേഷ്യപ്പെടേ ചീത്തപറയ്യേ ചെയ്താലെന്താ, അമ്മിണിക്കുട്ടിക്കൊരു സങ്കടോമില്ല എത്ര ബുദ്ധിമുട്ടിയിട്ടാ പോയി ജോലി ചെയ്തു തന്റേം മക്കളുടേം കാര്യമൊക്കെ നോക്കുന്നതു്, ഒന്നിനുമൊരു കുറവില്ലാതെ.താനിവിടെ വീട്ടില്‍ തന്റെ ഇഷ്ടത്തിനും സൌകര്യത്തിനുമല്ലേ എല്ലാം ചെയ്യുന്നതു്. ഇപ്പോ പലരും പറയുന്നപോലെ ഒപ്പത്തിനൊപ്പമോ (വേറെ എന്തോ ഒരു പേരുണ്ടല്ലോ, ആ എന്തോ ആവട്ടെ) അതില്‍ കൂടുതലോ  ഒന്നും വേണ്ടാ തനിക്കു്.  ഇതൊക്കെ വായിച്ചിട്ടിനി ആര്‍ക്കെങ്കിലും അമ്മിണിക്കുട്ടിയോട് ദേഷ്യം വരുമോ ആവോ? എന്നാലും സാരല്യ. 

അതൊക്കെ പോട്ടെ. കാടും മലയും കേറി കേറി എവിടേക്കാ ഈ പോണേ? പറയാന്‍ വന്ന കാര്യം മറന്നു. രാവിലത്തെ ഒരു കാര്യം പറയാനാ വന്നതു്.

കണക്കെഴുതുന്ന ഡയറിയും പേനയും കണക്കെഴുത്തുകഴിഞ്ഞു വായിക്കാന്‍ പുസ്തകവും പത്രവുമൊക്കെയായിട്ടു പൂമുഖത്തു വന്നിരുന്നപ്പോ കാടുകയറിപ്പോയ ചിന്തകളാ ഈ പറഞ്ഞതൊക്കെ.  150 രൂപയുടെ കുറവ്. തിരിച്ചും മറിച്ചും, മറിച്ചും, തിരിച്ചും, നോക്കിയിട്ടും, നോ രക്ഷ.

ആരാ ഗേറ്റ് കടന്നുവരുന്നതു്. പതിവുപോലെ കുടുംബശ്രീ പ്രോഡക്റ്റ്, സേല്‍സ് ഗേള്‍. ചെറുപ്പക്കാരികളാ പതിവ്, ഇന്നിത്തിരി പ്രായമുള്ള സ്ത്രീ ആണല്ലോ അതും തനിച്ചു്. അച്ചാര്‍-കറിപൌഡര്‍ ആണോ, അതോ, നൈറ്റിയോ? (പച്ചവെള്ളത്തില്‍, അല്ല ചൂടുവെള്ളത്തില്‍  വീണ പൂച്ചയാ താനിക്കാര്യത്തില്‍. കഴിഞ്ഞ തവണ വാങ്ങിയ  നൈറ്റി ഒന്നു നനച്ചപ്പോള്‍  മദാമ്മമാരിടുന്ന  കുട്ടിയുടുപ്പായി രൂപാന്തരം പ്രാപിച്ചു!). ഇന്നതൊന്ന്വല്ല,   ഈച്ചയും കൊതുകും വരില്ല, ചെടിക‍ള്‍ക്കു തളിച്ചാല്‍  പ്രാണിശല്യം ഉണ്ടാവില്ല.. അതും  വേണ്ട, ഇനി അതു തളിച്ചിട്ടുവേണം പൂമ്പാറ്റകള്‍ കൂടി വരാതാവാന്‍. അവരു കൂടിയല്ലേ  ഈ ഭൂമിയുടെ അവകാശികള്‍. എന്നാരോ പറഞ്ഞിട്ടില്ലേ, ഉവ്വ്.

ഇതൊന്നും വേണ്ടെന്നു പറഞ്ഞാല്‍ ഇത്തിരി ദേഷ്യത്തോടെയാണെങ്കിലും  അവരു പോകാറാ പതിവു്. ഇന്നു  പോയില്ല, പകരം ആ ബാഗ് മാറ്റിവച്ചിട്ട് പടിയില്‍ ഇരുന്നു. വെറ്റിലപ്പൊതി എടുത്തൊന്നു മുറുക്കി. എന്നിട്ടു പറയ്യാ  കൈ നോക്കി ഫലം പറയാമെന്നു്. അമ്മിണിക്കുട്ടിക്ക് വല്യ മോഹമുണ്ടായിരുന്നു കാര്യങ്ങളറിയാന്‍. നോക്കാന്‍. പക്ഷേ  അതു മതി  അഛനും മക്കള്‍ക്കും പിന്നെ കളിയാക്കാന്‍. എന്നാല്‍ അവരോട് പറയേണ്ടെന്നുവച്ചാലോ, അതമ്മിണിക്കുട്ടിക്കൊട്ടു പറ്റൂല്ല്യ.

ടീച്ചറാണല്ലേന്നൊരു ചോദ്യം. (ഉവ്വ്, ടീച്ചര്‍ പോയിട്ട് ടീച്ചറുടെ  ഭാര്യയാവാന്‍  പോലും ‍ പറ്റിയില്ല.) അപ്പോ ടീച്ചറുടെ ഒരു ലുക്ക് ഒക്കെയുണ്ടല്ലേ!

മടിച്ചു നിന്നപ്പോള്‍‍ അവര്‍ പറഞ്ഞു, എന്തിനാ കൈ കാണണേ, മുഖം കണ്ടാലറിയാല്ലോ  മനസ്സിലൊരുപാട് കാര്യങ്ങളുണ്ട് പറയാന്‍, നാലാളറിയണംന്നു മോഹോണ്ട്,  സംശയിക്കണ്ടാ,ഉത്സാഹിച്ചോളൂ, നടക്കുംന്നു്. എഴുതേം വായിക്കേമൊക്കെ ചെയ്യണ ആളല്ലേ എന്നു്. പോരേ പൂരം, എന്നാലും ഇങ്ങനേണ്ടോ, എങ്ങനെയാ ഇവര്‍ക്കു മനസ്സിലാവണേ മനസ്സിലുള്ളതു്. എത്രയെത്ര കാര്യങ്ങളാ പറയാനുള്ളതു്. എല്ലാരുമെഴുതണ പോലെ എഴുതാനൊന്നും അറിയില്യ, ആരെങ്കിലും കളിയാക്യാലോന്നൊരു പേടിയും.അതു കൊണ്ടല്ലേ മടിച്ചു നിക്കണേ.

എന്നാലും സാരല്യാ, ഇനി ഇങ്ങനെയായാ പറ്റില്ല, ഒന്നുകൂടി ഉഷാറാവണം.വിഷുവിനും സംക്രാന്തിക്കും മാത്രായാല്‍ പോരാ. അതെ, ബ്ലോഗിന്റെ കാര്യം തന്നെയാ പറയണെ.

.............................

പാവം അമ്മിണിക്കുട്ടി.  അല്ലേ?

എഴുത്തുകാരി.

53 comments:

Typist | എഴുത്തുകാരി said...

ഇനി വിഷുവിനും സംക്രാന്തിക്കും മാത്രമായാല്‍ പോരാ, അമ്മിണിക്കുട്ടി തീരുമാനിച്ചിട്ടു തന്നെയാ....

ശ്രീ said...

പിന്നല്ലാതെ. പറയാനുള്ള കാര്യങ്ങളെല്ലാം അങ്ങ് എഴുതുക...

അത്രന്നെ!
:)

തൃശൂര്‍കാരന്‍ ..... said...

ടീച്ചറെ ..ആരാ ഈ അമ്മിണിക്കുട്ടി...വെറും കഥാപാത്രമാണോ? അതോ ആത്മകഥയോ? എന്തായാലും നന്നായി..ഇനി ഓണത്തിനും വിശുനും മാത്രമാക്കണ്ട...മനസ്സില്‍ വരുന്ന സൃഷ്ടികളെല്ലാം ഇങ്ങുപോരട്ടെ,...

അനില്‍@ബ്ലോഗ് // anil said...

അതെ അതെ !
ഒന്നൂടങ്ങട്ട് ഉഷാറായിക്കെ.
:)

പിരിക്കുട്ടി said...

hi typist
valare busy aanu et\thra postaanu vaayikkanullathu

ellam arichu perukkanaayittu pinne varave
.....

വശംവദൻ said...

“കഴിഞ്ഞ തവണ വാങ്ങിയ നൈറ്റി ഒന്നു നനച്ചപ്പോള്‍ മദാമ്മമാരിടുന്ന കുട്ടിയുടുപ്പായി രൂപാന്തരം പ്രാപിച്ചു“

:)

പ്രേം I prem said...

എത്ര ഏക്കര്‍ ഭൂമിയുണ്ട്, അവിടുള്ള നാളികേരത്തിന്‍റെയും, കുരുമുളകിന്‍റെയും കണക്കെടുക്കാനായിരിക്കും ഡയറിയും പേനയും എടുത്തതെന്നു കരുതി.
അല്ലാ.. 150 രൂപയുടെ കുറവ് ഉണ്ടാകുമല്ലോ ? അതെടുത്തല്ലേ ഇന്നലെ നീതി ഷോപ്പില്‍ പലവ്യഞ്ജനങ്ങള്‍ വാങ്ങാന്‍ പോയത് ഇത്രപെട്ടെന്നു മറന്നുപോയോ ...

മാളൂട്ടി കുറച്ചുകാലായി ബോറടിച്ചിരിക്കയാണെന്ന്, ഒരു പക്ഷിക്കൂടും തൂക്കി വന്നതാകും ടീച്ചറുടെ കാര്യങ്ങളെന്തെങ്കിലും എഴുതുന്നുണ്ടോ എന്ന് തിരക്കാനാകും തൂലികക്ക് വീണ്ടും തകര്‍ക്കാനുള്ള അവസരമായല്ലോ ... പാവത്തിന് ഒരവസരവും കൂടി കൊടുത്തൂടെ....

തെക്കേതിലെ പറമ്പിലെ നാളികേരം ഇടാന്‍ അപ്പുവേട്ടന്‍ ഇന്നാണേ വരുന്നത് കണക്ക് കുറിച്ചു വെക്കേണേ ....

oab/ഒഎബി said...

മുഖലക്ഷണക്കാരിയെ കാരണഭൂതരാക്കി എഴുതാൻ പുറപ്പെടെണ്ട. വല്ലതും പറയാനൊണ്ടെങ്കി നേരെയങ്ങ് പറയാ.... അതെന്നെ!

Anil cheleri kumaran said...

എഴുത്തിന്റെ ശൈലി മാറി വരുന്നുണ്ടല്ലോ അടുത്ത കാലത്തായി. ഏതായാലും നന്നായിട്ടുണ്ട്.

ബിന്ദു കെ പി said...

അതെയെതെ, ഇങ്ങനെയായാൽ പറ്റില്ല...ഒന്നു കൂടി ഉഷാറാവൂ....വേഗം..!(മറ്റുള്ളവരോടു പറയാൻ എന്തെളുപ്പം)
:)

Bindhu Unny said...

അതെ, അതുതന്നെയാ ഞാനും പറയുന്നത്. :)
(തിരിച്ചെന്നോട് ഇതുതന്നെ പറഞ്ഞേക്കല്ലേ)
:)

Seema Menon said...

enna pinne vegavatte tto!!

Typist | എഴുത്തുകാരി said...

ശ്രീ,:)

തൃശ്ശൂര്‍ക്കാരന്‍, എന്താ സംശയം ഇതമ്മിണിക്കുട്ടിയുടെ കഥയല്ലേ?

അനില്‍,ഉം, നോക്കട്ടെ.

പിരിക്കുട്ടി, തിരക്കിനിടയിലും വന്നല്ലോ, സന്തോഷം.

വശംവദന്‍ :)

ബൃഹസ്പതി, അല്ല, പറഞ്ഞപോലെ അതിനി മാളൂട്ടി വേഷം മാറിയതാവുമോ? ആയികൂടായ്കയില്ല. ബ്ലോഗ് വരെ മാറിയ കക്ഷിയല്ലേ.

ഒഎബി, അതു ഞാന്‍ ഏറ്റു.

കുമാരന്‍, താങ്ക് യൂ.

ബിന്ദു & ബിന്ദു, എന്നാല്‍ നമുക്കെല്ലാര്‍ക്കും കൂടിയങ്ങ് ഉഷാറായിക്കളയാം.എന്താ?

seema menon, ഇവിടെ വന്നതില്‍ സന്തോഷം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
This comment has been removed by the author.
സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അമ്മിണിക്കുട്ടീ,

കഥയെഴുത്തിന്റെ ഇടയിൽ കണക്കെഴുതാൻ മറക്കല്ലേ...മറന്നാൽ അമ്മിണിക്കുട്ടി “എഴുത്തുകാരി” ആവും

അപ്പോൾ കണക്കു പറഞ്ഞേ...”ഒന്നും ഒന്നും എത്രയാ?”

“രണ്ട് “എന്നു പറയുമ്പോൾ അമ്മിണിക്കുട്ടി കണക്കെഴുത്തുകാരി ആവുന്നു..“ഇമ്മിണി ബല്യ ഒന്ന് “ എന്നു പറയുമ്പോൾ അമ്മിണിക്കുട്ടി “എഴുത്തുകാരി” ആവുന്നു..അല്ലേ?

എഴുതിക്കൊണ്ടേയിരിക്കുക...!

സാബിബാവ said...

ഈ അമ്മിണിക്കുട്ടി ആരാ ആത്മകഥയാണോ?
നന്നായിട്ടുണ്ട്.

കണ്ണനുണ്ണി said...

അമ്മിണി കുട്ടി കഥ എഴുതി കൊണ്ടേ ഇരിക്കണം..
നിര്‍ത്തിയാല്‍ അടി..ഗ്ര്ര്ര്‍...
ഹഹ

the man to walk with said...

appo pinne ezhuhikondeyirikkooo..
best wishes

ഹരീഷ് തൊടുപുഴ said...

അങ്ങനെ മടിച്ചു നിൽക്കുവൊന്നും വേണ്ടാ ചേച്ചീ..
സ്ട്രോങ്ങായി ഇങ്ങു പോരട്ടേന്നേ.. എഴുത്തേ !!

ഇപ്പോത്തന്നെ കണ്ടില്ലേ എന്റെ കാര്യം.., എഴുതിയെഴുതി സ്വന്തം ഇമേജ് കളഞ്ഞുകുളിച്ചില്ലേ ഞാൻ.. :)

ചേച്ചിപ്പെണ്ണ്‍ said...

അമ്മിണിക്കുട്ടി ഒറിജിനല്‍ ആണോ ?
അതോ ഭാവനയോ ?
നന്നായി ..
പിന്നെ
മന്ധോധരി ഫുള്‍ വേര്‍ഷന്‍ ഇട്ടിട്ടുണ്ട് ട്ടോ

ചാണക്യന്‍ said...

അമ്മിണിക്കുട്ടിയുടെ കണക്കെഴുത്തിനെ കുറിച്ചുള്ള എഴുത്തുകാരി ചേച്ചിയുടെ എഴുത്ത് ഇഷ്ടായി..........

അരുണ്‍ കരിമുട്ടം said...

ഓണത്തിനും വിഷുവിനും മതിയെന്നെ, പക്ഷേ എന്നും ഓണവും വിഷുവും ആകാന്‍ പ്രാര്‍ത്ഥിക്കുക:)

വീ കെ. said...

എഴുത്തിനെന്ത് ഓണവും വിഷുവും സംക്രാന്തിയും
മുട്ടുമ്പൊ മുട്ടുമ്പൊ ഇങ്ങു പോന്നോട്ടെ..

ആ 150 രൂപ ഇതുവരെ കണ്ടെത്തിട്ടില്ലാട്ടൊ.. മറക്കണ്ടാ..!!

raadha said...

അല്ലെങ്കിലും പറയാനുള്ള കാര്യം പറയാന്‍ മടിച്ചു നില്‍ക്കുന്നത് എന്തിനാ... ഒന്നുമില്ലെങ്കിലും സ്വന്തം ബ്ലോഗില്‍ അല്ലെ? ചോയ്ക്കാനും പറയാനും ആരെങ്കിലും വന്നാല്‍ പോ പുല്ലേ ന്നു പറയണം, അമ്മിണിക്കുട്ടിയോടു ധൈര്യമായിട്ട് ബ്ലോഗാന്‍ പറയൂ...
സസ്നേഹം,

vinus said...

ഞാന്‍ ഒന്ന് രണ്ടു തവണ ആയി ഈ വഴിക്ക് പക്ഷെ കമന്റാന്‍ ഉള്ള സാഹചര്യം ഇല്ലാര്നു .ഭാഷയിലും ഉള്ളടക്കത്തിലും ഈ ടൈറ്റില്‍ പോലെ തന്നെ ആകെ ഒരു ഹോംലി ടച്ച്‌ .
തെറ്റല്ലെങ്ങിലും തെറ്റാണു എന്ന് സമ്മതിച്ച് സന്തോഷം കണ്ടെത്തുക എന്ന് പറയുന്നത് മനോഹരമായ ഒരു സങ്കല്പം തന്നെ ആണ് പക്ഷെ നടക്കുന്ന കാര്യാണോ

എറക്കാടൻ / Erakkadan said...

വടി എടുക്കണൊ ..ഉഷാറായേ.....

ManzoorAluvila said...

എല്ലാവർക്കും ചേർത്തുള്ള ഒരു ഉണർത്തലായ്‌ തോന്നി...ഉം..

പാവപ്പെട്ടവൻ said...

ചില വിശ്വാസപ്രമാണങ്ങളുടെ ഊട്ടി ഉറപ്പിക്കലാണ് ഈ കണക്കു ബോധിപ്പിക്കല്‍ സഭവം കലക്കി എന്ന് പറയണ്ടതില്ലല്ലോ

വരവൂരാൻ said...

എല്ലാത്തിനും ഒരു കണക്കുവേണം...നല്ല പോസ്റ്റ്‌ .. ആശംസകൾ

Rare Rose said...

അമ്മിണിക്കുട്ടിയുടെ ആത്മഗതം വായിക്കാന്‍ നല്ല രസമാണു.ഇതു പോലെ നേരുള്ള,നിഷ്കളങ്കമായ ഒരുപാട് വിശേഷങ്ങള്‍ അമ്മിണിക്കുട്ടിയുടെ കൈയ്യില്‍ സ്റ്റോക്കുള്ള സ്ഥിതിക്കു എന്തിനു വിഷുവും സംക്രാന്തിയും വരുന്നതു കാത്തിരിക്കണം.:)

പ്രയാണ്‍ said...

ന്നാലുംന്റെ അമ്മിണിക്കുട്ട്യേ......ഈ അമ്മിണീക്കുട്ടീട്യൊരു കാര്യം......എഴുത്തുകാര്യേതാ അമ്മിണിക്കുട്ട്യേതാന്ന് തിരിച്ചറിയാമ്പറ്റാണ്ടായി..........:)

Typist | എഴുത്തുകാരി said...

സുനില്‍,

sabibava,

കണ്ണനുണ്ണീ,

the man to walk with,

ഹരീഷ്, ഏയ് പോയിട്ടൊന്നൂല്യാട്ടോ.

ചേച്ചിപ്പെണ്ണ്,പോയി നോക്കാം.

ചാണക്യന്‍,

എല്ലാവര്‍ക്കും നന്ദി.

Typist | എഴുത്തുകാരി said...

അരുണ്‍,
വി കെ,
raadha,
vinus,
എറക്കാടന്‍,
ManzoorAluvila,
പാവപ്പെട്ടവന്‍,
വരവൂരാന്‍,
Rare Rose,
പ്രയാണ്‍,

എല്ലാവര്‍ക്കും ഒരുപാട് നന്ദി, സന്തോഷവും.

കുഞ്ഞായി | kunjai said...

എഴുത്തിലെ ലാളിത്യം വായനക്ക് നല്ല സുഖം തരുന്നു...

വികടശിരോമണി said...

നല്ല തീരുമാനാ.വേഗം ഉഷാറാവൂ.ഉഷാറാവ്വ്ണില്ലെങ്കിൽ ജീവൻ ടോൺ കഴിക്കൂ.:)

Mahesh Cheruthana/മഹി said...

എഴുത്തുകാരി ,
ഈ ശൈലി നന്നായിരിക്കുന്നു! അമ്മിണിക്കുട്ടിയുടെ ആത്മഗതം പോലെ എഴുത്തോല നിറക്കുക!

Sabu Kottotty said...

അപ്പൊ ഇനി എന്തെങ്കിലുമൊക്കെ തുടരെ പ്രതീക്ഷിയ്ക്കാം.....
പോരട്ടെ പോരട്ടെ...

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇനി പാവം അമ്മിണിക്കുട്ടിയായിരിയ്ക്കേണ്ട കാര്യമേയില്ല..

താരകൻ said...

ഹ..ഹ കൊള്ളാം നന്നായിരിക്കുന്നു..

Midhin Mohan said...

പാവം അമ്മിണിക്കുട്ടി....
ഇനിയെങ്കിലും കണക്കു തെറ്റാതെ നോക്കണേ...

നന്നായിരിക്കുന്നു ചേച്ചി.....

Prasanth Iranikulam said...

അമ്മിണികുട്ടീ...അസ്സലായിട്ടുണ്ട്.കഥയിലും നോവലിലും ഒന്നും വെല്യ താല്പ്പര്യമില്ലാത്ത എന്നേയും ഒരു വായനക്കാരനാക്കിയേ അട്ങ്ങൂ അല്ലേ :-)

Thabarak Rahman Saahini said...

നന്നായിരിക്കുന്നു, ഭാവുകങ്ങള്‍.
വായിക്കാന്‍ സുഖമുള്ള ഭാഷ,
അമ്മിണിയുടെ പുതിയ ചിന്തകളുമായി
വീണ്ടും വരുക.
സ്നേഹപൂര്‍വ്വം
താബു
http://thabarakrahman.blogspot.com/

വിനുവേട്ടന്‍ said...

ഇവിടെ ഓണത്തിനും സംക്രാന്തിക്കും തന്നെ എന്തെങ്കിലും ഒപ്പിക്കാനുള്ള പാട്‌ നമുക്കല്ലേ അറിയൂ അല്ലേ...

http://stormwarn.blogspot.com/

ദിയ കണ്ണന്‍ said...

nalla theerumanam ammini kutty!!!! :)

ഭായി said...

തിയതി ഇന്ന് പത്തായി..കണക്ക് നോക്കണമോ..?

അതെ, ബ്ലോഗിന്റെ കാര്യം തന്നെയാ പറയണെ.

Manoraj said...

alpam kooti nannakkamayirunnu

Typist | എഴുത്തുകാരി said...

കുഞ്ഞായി,സന്തോഷം

വികടശിരോമണി,ജീവന്‍ടോണ്‍ ഇപ്പഴുമുണ്ടല്ലോ അല്ലേ ‍,

മഹി,സന്തോഷം.

കൊട്ടോട്ടിക്കരന്‍, അത്ര വലിയ പ്രതീക്ഷയൊക്കെ വേണോ?

ജോയ് പാലക്കല്‍, വേണ്ടാല്ലേ.

താരകന്‍, നന്ദി,

Midhin Mohan, ആദ്യമായല്ലേ ഇവിടെ, സ്വാഗതം.

പ്രശാന്ത് :)

thabarakrahman, നന്ദി താബു.

Typist | എഴുത്തുകാരി said...

വിനുവേട്ടന്‍, സത്യം, അതെങ്ങിനെ മനസ്സിലായി?

Diya, നന്ദി.

ഭായി, നോക്കണം.

Manoraj, ഇതുവഴി വന്നതിനു് നന്ദി.നന്നാക്കണമെന്നാഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല മാഷേ. കഴിയണ്ടേ?വീണ്ടും വരുമല്ലോ.

ഹന്‍ല്ലലത്ത് Hanllalath said...

ആദ്യം തന്നെ അമ്മിണിക്കുട്ടി സ്വന്തം പേരായിട്ടാണെന്നു തോന്നി,
എനിക്ക് തെറ്റിയില്ലല്ലൊ അല്ലെ..

അല്ലേലും എനിക്കെങ്ങനെയാ തെറ്റുന്നെ :):)

പാവത്താൻ said...

ഒന്നും കണക്കാക്കേണ്ട ചേച്ചീ...എല്ലാം കഥയാകട്ടെ...

Typist | എഴുത്തുകാരി said...

Hanllalath, ഏയ് അതമ്മിണിക്കുട്ടി, ഞാന്‍ എഴുത്തുകാരിയല്ലേ :)

പാവത്താന്‍, നന്ദി, സന്തോഷം.

Muralee Mukundan , ബിലാത്തിപട്ടണം said...

അല്ലാ...
എഴുത്തുകാരി കൂട് വിട്ട് കൂട് മാറി,
ഒരു കഥാകാരിയുടെ കുപ്പായം അണിഞ്ഞ് വന്നിരിക്കുകയാണല്ലൊ..
നല്ലചേലുണ്ട്..ഇതും അണിഞ്ഞ് പുറത്തിറങ്ങിവിലസാം..കേട്ടൊ

Typist | എഴുത്തുകാരി said...

ബിലാത്തിപ്പട്ടണം, ഓരോരോ സൂത്രപ്പണികള്, അല്ലാണ്ടെന്താ?