Thursday, April 23, 2009

ഒരു പാവം ഭര്‍ത്താവിന്റെ വിലാപം

ഇതു് എന്റെ അമ്മിണിക്കുട്ടി. എന്താ പറ്റിയേ അവള്‍ക്കു്! ഒരു പരിഭവോം പരാതിയുമില്ലാതെ ചോറും കറീം വച്ചു വീട്ടുകാര്യോം നോക്കി കഴിഞ്ഞിരുന്നവളാണെന്റെ അമ്മിണിക്കുട്ടി.

നിങ്ങള്‍‍ ഈ ബൂലോഗവാസികളെല്ലാം കൂടിയെന്റെ മന:സമാധാനം നശിപ്പിച്ചു.  തൃപ്തിയായില്ലേ ഇപ്പോ എല്ലാര്‍ക്കും?

കുറച്ചുദിവസമായിട്ടിങ്ങനെയാണ്‍.  Internet connection നെ വേണ്ടി വാശിപിടിച്ചപ്പഴും,  അതിവിടെ ചെന്നെത്തുമെന്നു  കരുതിയില്ല. ബൂലോഗമാത്രേ.  എന്താണീ ബൂലോഗമെന്നു ചോദിച്ച എന്നോട് പുഛത്തിലുള്ള,   അതുപോലും നിങ്ങള്‍ക്കറിഞ്ഞൂടെ മനുഷ്യാ, എന്ന മട്ടിലുള്ള ആ നോട്ടമുണ്ടല്ലോ, ഇപ്പഴുമുണ്ടെന്റെ കണ്ണിനു മുന്‍പില്‍. ഞാനങ്ങു ചൂളി ഇല്ലാതായിപ്പോയി. പത്രത്തിലും മാസികയിലുമൊക്കെ ഇപ്പൊ അതല്ലേ ബ്ലോഗും ബൂലോഗവും.

ചിലപ്പോള്‍ വായിച്ചു ഒറ്റക്കിരുന്നു ചിരിക്കുന്നതു കാണാം. അതും പോട്ടെ. കുഴപ്പമില്ല. ഇപ്പോ പുതിയ ഒരു ഡിമാന്‍ഡ്. അവള്‍ക്കും കഥയും കവിതയുമൊക്കെ എഴുതണമത്രെ. ചിരിക്കാതെ എന്തു ചെയ്യാന്‍! ഒരു ദിവസം നോക്കുമ്പോള്‍ മുറ്റത്തൊരു ചാരുകസേരയില്‍ പേനയും കടലാസുമായിട്ടവള്‍. ഭാവനക്കു വരാ‍ന്‍ എളുപ്പത്തിനാത്രേ. വല്യ വല്യ എഴുത്തുകാരൊക്കെ അങ്ങിനെയാത്രേ. ഭാവനയൊന്നും വരാത്തതുകൊണ്ടാവും, സ്വന്തം കഥ തന്നെ എഴുതാന്‍ പോകുന്നു എന്നൊരു ഭീഷണിയും കേട്ടു, ഇടക്കു്. അതൊരു കൊലച്ചതിയാവില്ലേന്നു ചോദിച്ച എന്നോട്, കൊലച്ചതിയെങ്കില്‍ കൊലച്ചതി, എഴുതാതിരിക്കുന്ന പ്രശ്നമില്ലെന്നു്. കഴിവുള്ളവര്‍ക്ക് അങ്ങ് ഉയര്‍ന്നുയര്‍ന്നു പോകാമത്രേ! ബുക്കറ് പ്രൈസ് വരെ.

ഞാനെവിടെപ്പോയിട്ടാ ഇപ്പൊ ഒരു കഥ സംഘടിപ്പിച്ചു കൊടുക്കണേ? വെറും കഥ പോരാ, ചിരിക്കാനൊരുപാട് വേണം. എന്നാലേ കമെന്റുണ്ടാവൂന്ന്‌.  പിന്നെ കുറേ ഫോട്ടോ വേണം കാമറ എങ്ങിനെ പിടിക്കണമെന്നറിയാത്ത നീ ഫോട്ടോ എടുക്കാനോ എന്നു് തലയില്‍ കൈവച്ച എന്നോട്,  അതാണോ വല്യ കാര്യം, പച്ചക്കറികള്‍ നിരത്തിവച്ചിട്ടൊരു പടം, അതു നുറുക്കുന്നതിന്റെ, തിളക്കുന്നതിന്റെ, പിന്നെ അടുപ്പ് കത്തുന്നതിന്റെയുമൊക്കെ (അതിനൊരടിക്കുറിപ്പും പറഞ്ഞു “കത്തുന്ന ജീവിതം” ) മതിയത്രേ.

ഉള്ളി തീയല്‍, മെഴുക്കുപുരട്ടി, മൊളോഷ്യം, ഇതിന്റെയൊക്കെ പടം പിടിക്കലാണിപ്പഴത്തെ പണി.ഫോട്ടോ എടുക്കാന്‍ വേണ്ടിയെങ്കിലും എന്തെങ്കിലുമൊക്കെ വച്ചുണ്ടാക്കുമല്ലോ എന്നു വിചാരിച്ചാല്‍ തെറ്റി, പലതും അങ്ങേ വീട്ടിലെ രാധ ചേച്ചി ഉണ്ടാക്കുന്നതാ.

ആരാണോ ഈ ബൂലോഗം കണ്ടുപിടിച്ചതു്, അവരുടെ തലയില്‍ ഇടിത്തീ വീഴും. എന്റെ കളരി പരമ്പര ദൈവങ്ങളേ,  ഞാനിനി എന്തു ചെയ്യും, ഒരു കഥക്കുവേണ്ടി ഞാനെവിടെ പോകും?

എഴുത്തുകാരി.

55 comments:

Typist | എഴുത്തുകാരി said...

ഒരു പരീക്ഷണം.
എല്ലാരും കൂടി എന്നെ തല്ലാന്‍ വരല്ലേ.

പ്രയാണ്‍ said...

:)..:D.. കൊള്ളാംട്ടൊ ഈ പരീക്ഷണം...സത്യമായും ഇതൊരു വല്ലാത്ത ലോകമായി മാറിയിരിക്കുന്നു.പാവം ഭര്‍ത്താക്കന്മാരും ഭാര്യമാരും....

ജിജ സുബ്രഹ്മണ്യൻ said...

എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാ എഴുത്തുകാരീ.എന്നോട് നെറ്റിന്റെ മുന്നിൽ ഇരുന്നു പോയേക്കരുത് എന്നു പറഞ്ഞിട്ടുണ്ട്.അതോണ്ട് പുള്ളി ഉള്ളപ്പോൾ ഞാൻ കമ്പ്യൂട്ടർ ഓൺ ആക്കാറേ ഇല്ല
എന്തായാലും സംഭവം രസകരമായീട്ടോ !

Anonymous said...

എനിക്കു വയ്യ!

ഇത്തിരി ആര്‍ഭാടമാകുന്നു ഇല്ലേ?

എന്തായാലും ട്രൌസര്‍ പാകക്കുറവൊന്നും കാര്യമായിട്ടില്ല... :)

ഞാന്‍.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ദേ ഞങ്ങള്‍ ഭര്‍ത്താക്കന്മാരെ ഇങ്ങനെ കൊട്ടണോ? ഇപ്രാവശ്യത്തേക്ക് ക്ഷിമിച്ചിരിക്കുന്നു. കേട്ടോ?

Anil cheleri kumaran said...

'''എടുക്കാന്‍ വേണ്ടിയെങ്കിലും എന്തെങ്കിലുമൊക്കെ വച്ചുണ്ടാക്കുമല്ലോ എന്നു വിചാരിച്ചാല്‍ തെറ്റി, പലതും അങ്ങേ വീട്ടിലെ രാധ ചേച്ചി ഉണ്ടാക്കുന്നതാ.''

ആത്മപ്രശംസ!!

കുഞ്ഞന്‍ said...

ഇനി കുട്ടികള്‍ കൂടി എന്തുപറയുന്നുവെന്നറിയട്ടെ എന്നിട്ട് തീരുമാനിയ്ക്കാം ബൂലോഗം വേണൊ വേണ്ടായെന്ന്. ഈ ഭര്‍ത്താവ് പാവമാകുന്നതെങ്ങിനെ? പാവമായിരുന്നെങ്കില്‍ ഒരക്ഷരം മുറുമുറുക്കാതെ,ശല്യപ്പെടുത്താതെ അടുക്കളപ്പണിയും കുട്ടികളെ നോക്കീം കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്തേനെ ചേച്ചി...

Rare Rose said...

എഴുത്തുകാരി ചേച്ചീ..,വിലാപം രസായി എഴുതീ ട്ടോ..ഇങ്ങനെ പോയാല്‍ അമ്മിണിക്കുട്ടീടെ കൂടെ അദ്ദേഹത്തിനോടും ബ്ലോഗാന്‍ പറയേണ്ടി വരുംന്നാ തോന്നണെ...:)

ശ്രീ said...

ഹ ഹ. പരീക്ഷണം കൊള്ളാം കേട്ടോ ചേച്ചീ

:)

കൊച്ചുമുതലാളി said...

:) നല്ല പരീക്ഷണം...

അനില്‍@ബ്ലോഗ് // anil said...

ഡയറി അടിച്ചു മാറ്റി ഇട്ടതാണല്ലെ?
:)

പൊറാടത്ത് said...

ഹ ഹ ഹ.... കൊള്ളാം. ഇതിന് ഇങ്ങനേയും ഒരു പുറമുണ്ടല്ലോ അല്ലേ... :)

siva // ശിവ said...

ഇത് ആരുടെ ഡയറിയാ...

Anonymous said...

എഴുത്തുക്കാരി

ഭാവന(അതോ സ്വന്തം വീട്ടിലെ....) നന്നായി.
ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
ടൈപ്പിങ് ലോകം മറന്നോ?

ബിന്ദു കെ പി said...

അയ്യോ..!!! എന്റെ ഭർത്താവിന്റെ ഡയറി ചോർന്ന ലക്ഷണമാണല്ലോ..അല്ലേലും ഞാനങ്ങേരോട് എപ്പോഴും പറയുന്നതാ ഡയറി അലമാരിയിൽ ഭദ്രമായി സൂക്ഷിച്ചുവയ്ക്കണം,തോന്നിടത്തൊക്കെ വലിച്ചെറിയരുതെന്ന്...ഇപ്പോഴെന്തായി..?

Unknown said...

haaaai...pareekshanam asalayitundu keto.adutha pareekshanathinte
varavinaayi kaathirikunnu.....

Areekkodan | അരീക്കോടന്‍ said...

പാവം പാവം ഭര്‍ത്താക്കന്മാരും ഭാര്യമാരും....

Anonymous said...

ഈ എഴുത്തിനു കൊടുക്കണം മാർക്ക്‌.so simple....
നന്നായി ചേച്ചി.

പകല്‍കിനാവന്‍ | daYdreaMer said...

;)ഹ ഹ

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആക്ഷേപ ഹാസ്യത്തിലേയ്ക്ക് ചുവടുമാറിച്ചവിട്ടിയോ? :)

the man to walk with said...

ithiri thamasha-kaaryangal ishtaayi

കാപ്പിലാന്‍ said...

:):)

Typist | എഴുത്തുകാരി said...

Prayan,
കാ‍ന്താരിക്കുട്ടി,
ഞാന്‍,
അപ്പോ പരീക്ഷണം വല്യ കുഴപ്പല്യ അല്ലേ?
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം,
കുമാരന്‍,
കുഞ്ഞന്‍,
Rare Rose,
ശ്രീ,
കൊച്ചുമുതലാളി,
നന്ദി, ഈ പരീക്ഷണം സഹിച്ചതിനു്.
അനില്‍,ശിവാ, അതെങ്ങനെ മനസ്സിലായി?

പൊറാടത്ത്, അതെ, ആരും കാണാത്ത അങ്ങനെ എതയോ പുറങ്ങള്‍!

Typist | എഴുത്തുകാരി said...

അനോണീ, ഭാവനക്കു വരാനൊരു മടി.നോക്കട്ടെ ഇനിയും വരുമോന്നു്. Typewriter - അതൊരു തമാശക്കു തുടങ്ങിയതല്ലേ, മലയാളം ഒപ്പിക്കാന്‍ പറ്റുന്നില്ല, എന്നിട്ടാണിനി ഇംഗ്ലീഷ്.

ബിന്ദു, ഒന്നു കൂടി തപ്പിനോക്കൂ, ഉണ്ടാവും അവിടെയെങ്ങാനും.

Gita, നന്ദി, പരീക്ഷണം ഇഷ്ടപ്പെട്ടതിനു്.

അരീക്കോടന്‍, അതെ, അതെ,

വേറിട്ട ശബ്ദം, സന്തോഷം.
പകല്‍കിനാവന്‍ - :)
കിച്ചു/ചിന്നു, മാറിചവിട്ടാനൊന്നുമറിയില്ലെന്നേ. എന്തൊക്കെയോ തോന്നി, അതെഴുതി അത്ര തന്നെ.
the man to walk with, അപ്പോ ഇതിനെ തമാശ എന്നൊക്കെ പറയാമല്ലേ?

കാപ്പിലാനേ -:):)

സൂത്രന്‍..!! said...

ഇത്രക്ക് അങ്ങ് വേണ്ടിയിരുന്നില്ല....

KK said...

പീഡനമനുഭവിക്കുന്ന എല്ലാ പുരുഷന്മാര്‍ക്കും വേണ്ടി ഇതു ഡെഡിക്കേറ്റ് ചെയ്യുന്നു.. :)

smitha adharsh said...

അമ്മിണിക്കുട്ടി സിന്ദാബാദ്!
മറ്റൊരു അമ്മിണിക്കുട്ടി..

പൊട്ട സ്ലേറ്റ്‌ said...

ലളിതമായ എഴുത്ത്. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ ഒക്കെ പോന്നോട്ടെ !

Unknown said...

ആരാണോ ഈ ബൂലോഗം കണ്ടുപിടിച്ചതു്, അവരുടെ തലയില്‍ ഇടിത്തീ വീഴും.

|santhosh|സന്തോഷ്| said...

ഇതിനെയാണ് ആക്ഷേപ ഹാസ്യം എന്നു പറയുന്നത്. അസ്സലായി. കണ്‍ഗ്രാഡ്സ്..


ഇനി, ചുമ്മാ വീട്ടിലേയും തൊട്ടടുത്ത അമ്പലത്തിലേയും, പരിസരത്തേയും അളുമ്പു വര്‍ത്തമാനം പറയുന്ന ബ്ലോഗര്‍മാരെ കൂടി ഇതുപോലെ അലക്കണം. ;)

ഹരീഷ് തൊടുപുഴ said...

ഇതിനുള്ള മറുപടി ഇവിടെയുണ്ട്

മലയാളനാട് said...

എഴുത്തുക്കാരി,


നല്ല പരീക്ഷണം...

:)

ഹരിശ്രീ said...

എഴുത്തുകാരീ,

കൊള്ളാം...

:)

വാഴക്കോടന്‍ ‍// vazhakodan said...

കൊച്ചു ഗള്ളീ, ആത്മകഥാംശമുള്ള കഥയെടുത്ത് അങ്ങേലെ രാധയുടെ തലയില്‍ മെഴുക്കു പുരട്ടി ഉണ്ടാക്കി വെച്ചിട്ട്! എന്താപ്പോ കഥാ! എന്ന് ചോദിച്ചത് പോലെയാണ് എനിക്ക് തോന്നിയത്! എന്തായാലും "ആരാണോ ഈ ബൂലോഗം കണ്ടുപിടിച്ചതു്, അവരുടെ തലയില്‍ ഇടിത്തീ വീഴും" ഈ കമന്റ് ഞാന്‍ എന്റെ ഭാര്യയില്‍ നിന്നും ഇടക്കൊക്കെ (എന്നും) കേള്‍ക്കുന്നതാ!
സംഗതി കലക്കീട്ടാ!

അല്ഫോന്‍സക്കുട്ടി said...

കൊച്ചു കള്ളീ, ആത്മകഥ എഴുതാന്‍ തുടങ്ങിയല്ലേ :)

തെന്നാലിരാമന്‍‍ said...

haha...nice one.

Anonymous said...

കൊള്ളാം.

ശ്രുതസോമ said...

ഹാസ്യപ്രധാനം കഥനം ലളിതം,
നിൻ‌മനം ഭാവനയാൽ സമ്പന്നം!!!!!

P R Reghunath said...

nannakunnundu

സുല്‍ |Sul said...

എഴുത്തുകാരീടെം കടപൂട്ടാറായോ... ഗുല്‍മാലായല്ലൊ.. ഇനി എന്തു വായിക്കും.

എന്തായാലും ഈ പരീക്ഷണം കൊള്ളാം. എല്ലാരെം കൂട്ടികെട്ടി ഒന്നു കൊട്ടാലൊ :)

-സുല്‍

മയൂര said...

ഇനി നാട്ടില്‍ പോകുമ്പൊ വേണമൊരു ചാരുകസേര കൊണ്ട് വരാന്‍, ‘പേനാക്കത്തി’ കൈയിലുണ്ട് ;)

അസലായിട്ടുണ്ട് :)

Calvin H said...

എന്തിറ്റ് താങ്ങാ താങ്ങിയതെന്റെ ടീച്ചറേ :)

സമാന്തരന്‍ said...

കളരി പരംബര ദൈവങ്ങളെയെല്ലാം വിട്ടേക്കൂ..
ബ്ലോഗനാര്‍കാവിലമ്മക്കു മുന്‍പിലുള്ള ഈ ഗുരുതി തന്നെ കൂട്ടുതലാന്ന് ഇപ്പൊ ബോദ്ധ്യായില്ലേ..
ആശംസകള്‍..

Sherlock said...

ഹ ഹ... ആത്മകഥാശമുണ്ടോ?

ഉഗാണ്ട രണ്ടാമന്‍ said...

ആത്മകഥ...!!!

ജ്വാല said...

വീണ്ടും ചില വീട്ടു ചിത്രങ്ങള്‍...രസകരം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒന്ന് ബ്ലോഗാന്‍ ഞങ്ങള്‍ ഭര്‍ത്താക്കന്മാര്‍ പാട് പെടുന്നതോ? വീട്ടില്‍ നെറ്റിന് മുല്ലിലിരുന്നാലപ്പോ തുടങ്ങും, നിങ്ങള്‍ക്കിത് മാത്രമെ വിചാരമുള്ളു എന്ന് പറഞ്ഞ്.. അതിനാല്‍ അത്യാവശ്യം മെയില്‍ നോക്കാന്‍ പോലും ഞാനിപ്പൊള്‍ വീട്ടില്‍ നെറ്റ് തുറക്കാറില്ല.
ഓഫീസില്‍ ഭയങ്കര പണിയാണെന്നും പറഞ്ഞ് അവിടിരുന്നാണ് ബ്ലോഗിംഗ്...

അങ്കിള്‍ said...

ഇന്നു വിലാപങ്ങളുടെ ദിവസമാണല്ലോ. കാലത്തെ മെയില്‍ തുറന്നപ്പോള്‍ ദാ കിടക്കണു ഒരു പുതുപ്പെണ്ണീന്റെ വിലാപം (software failed). ഇവിടെ ഭര്‍ത്താവിന്റെ വിലാപം. ഇന്നത്തെ ദിവസം ശരിയല്ലാ.

അങ്കിള്‍ said...

ഇന്നു വിലാപങ്ങളുടെ ദിവസമാണല്ലോ. കാലത്തെ മെയില്‍ തുറന്നപ്പോള്‍ ദാ കിടക്കണു ഒരു പുതുപ്പെണ്ണീന്റെ വിലാപം (software failed). ഇവിടെ ഭര്‍ത്താവിന്റെ വിലാപം. ഇന്നത്തെ ദിവസം ശരിയല്ലാ.

കാസിം തങ്ങള്‍ said...

ചോറും കറിയുമൊക്കെ ഓണ്‍ ലൈനായി എത്തിച്ച് കൊടുക്കാന്‍ നോക്ക്. അപ്പോള്‍ പിന്നെ സുഖമായി ബ്ലോഗാമല്ലോ.

എഴുത്ത് രസകരമായി. ആശംസകള്‍

Typist | എഴുത്തുകാരി said...

സൂത്രന്‍,ഏകാന്തപഥികന്‍,
സ്മിതാ,പൊട്ട സ്ലേറ്റു്,
ഞാനും എന്റെ ലോകവും,
സന്തോഷ്,ഹരീഷ്,
മലയാള‍നാട്,ഹരിശ്രീ,
വാഴക്കോടന്‍,
അല്‍ഫോന്‍സക്കുട്ടി, തെന്നാലിരാമന്‍,
തുമ്പന്‍,ശ്രുതസോമ,
രഘുനാഥ്,സുല്‍,
മയൂര, Calwin,
സമാന്തരന്‍, sherlock,
ഉഗാണ്ട രണ്ടാമന്‍, ജ്വാല,
രാമചന്ദ്രന്‍, അങ്കിള്‍,
കാസിം തങ്ങള്‍,
എല്ലാവര്‍ക്കും നന്ദി.

KK said...

എന്തുപറ്റി എഴുത്തുകാരി, കുറെ ദിവസം കണ്ടില്ലല്ലോ..??

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവരിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണപ്പെണ്ണിവള്യെൻ ഭാര്യ
പ്രണയത്താൽ ബൂലൊഗത്തെ മാലചാർത്തി
വരണം നടത്തിയനാൾ മുതൽ...!!!

Sabu Kottotty said...

ചുരുക്കം പറഞ്ഞാല്‍ ബൂലോകത്ത് എന്തൊക്കെയോ നടക്കാന്‍ പോകുന്നു !!

Aisibi said...

പച്ചക്കറികള്‍ നിരത്തിവച്ചിട്ടൊരു പടം, അതു നുറുക്കുന്നതിന്റെ, തിളക്കുന്നതിന്റെ, പിന്നെ അടുപ്പ് കത്തുന്നതിന്റെയുമൊക്കെ (അതിനൊരടിക്കുറിപ്പും പറഞ്ഞു “കത്തുന്ന ജീവിതം” ) മതിയത്രേ.


:) ഹ ഹ ഹ