Thursday, April 16, 2009

ഞാനും ഒരു താരമായി….

ഇന്നു ‍‍ പോയിരുന്നു ഞാന്‍, എന്റെ  പഴയ സ്കൂളില്‍ – ‍ ജനത അപ്പര്‍ പ്രൈമറി സ്ക്കൂള്‍, പന്തല്ലൂര്‍. ഏഴാം ക്ലാസ്സ് വരെ പഠിച്ച സ്കൂള്‍. ഒത്തുകൂടിയതോ, കൂട്ടായ്മയോ ഒന്നുമല്ല. വോട്ട് ചെയ്യാന്‍ പോയതാ.

വഴിയൊക്കെ ഒരുപാട് മാറിയിരിക്കുന്നു. വലിയ വലിയ വീടുകള്‍. പഴയ ഓടിട്ട വീടുകള്‍ കാണാനേ ഇല്ല. സ്ക്കൂളിനു വലിയ മാറ്റമൊന്നുമില്ല. ക്ലാസ്സുകളൊക്കെ അതേപോലെ.

ഓര്‍മ്മകള്‍ തിക്കിതിരക്കി വരുണൂട്ടോ.രാധ ടീച്ചര്‍, സുഭദ്ര ടീച്ചര്‍,  ലോനപ്പന്‍ മാഷ്, ഫ്രാന്‍സിസ് മാഷ്, ക്ലാസ്സില്‍ ഫസ്റ്റ് ആവുന്നവര്‍ക്കു ഒരു പേന സമ്മാനം ഉണ്ടെന്നു പറഞ്ഞു ഫസ്റ്റ് ആയപ്പോള്‍, അതു ബി ക്ലാസ്സുകാര്‍‍ കൊണ്ടുപോയെന്നു പറഞ്ഞു പറ്റിച്ച വിലാസിനി ടീച്ചര്‍.

സംസ്കൃതം പീരീഡാവുമ്പോള്‍ പുസ്തകമെടുത്തു വേറെ ക്ലാസ്സില്‍ പോണം.   മാഷ് ചിരിച്ചുകൊണ്ട് എന്നു ക്ലാസ്സില്‍ വന്നോ, അന്നു അടി ഉറപ്പാ..നീളമുള്ള ചൂരലിന്റെ തുമ്പത്തു പിടിച്ചുള്ള ആ  അടി, ഇപ്പഴും വേദനിക്കുന്നു.

ടീച്ചറിന്റേയും മാഷിന്റേയുമൊക്കെ മക്കള്‍ക്കു ഇത്തിരി ഗമ കൂടുതലാണല്ലോ. അവരുടെ കൂട്ടുകാരാവുന്നതും കൂടെ നടക്കുന്നതും പോലും ഇത്തിരി അന്തസ്സാണ് . എന്റെ അഛനും ഒരു അദ്ധ്യാപകനായിരുന്നു (സ്കൂളിലല്ലെങ്കിലും). അഛനെ ടീച്ചര്‍മാര്‍ക്കും മാഷമ്മാര്‍ക്കും ഒക്കെ അറിയാവുന്നതുകൊണ്ട്‌,  എന്നോടിത്തിരി വാത്സല്യമുണ്ടായിരുന്നു അവര്‍ക്കു്. 

ഉച്ചക്കു കൊണ്ടുപോയിരുന്ന ചോറ് പാല്‍ക്കാരന്‍ അച്ചുതന്‍ നായരുടെ വീട്ടിലിരുന്നാണ്‍ കഴിക്കുക. അതുകൊണ്ട് മോരിനും സംഭാരത്തിനും ക്ഷാമമില്ല.

----------------------------------------------------------

ഓര്‍മ്മകള്‍ ഇത്രയും മതി ഇല്ലേ? മടുത്തോ? ബാക്കിയുള്ളതൊക്കെ അവിടെ നിക്കട്ടെ. ഇനിയാണ് കാര്യം. അത്ര പഴയതല്ലാത്ത ഒരു ഓര്‍മ്മ – താരമായ കഥ.‍

ഇതേ സ്ക്കൂളിലായിരുന്നു കഴിഞ്ഞ വോട്ടും – 2004 മേയ് മാസത്തില്‍. ലോകസഭയിലേക്കു്. ലോനപ്പന്‍ നമ്പാടനും, പത്മജ വേണുഗോപാലും മത്സരിക്കുന്നു മുകുന്ദപുരം മണ്ഡലത്തില്‍.

പതിവുപരിപാടികളെല്ലാം കഴിഞ്ഞു. പേരു വായിച്ചു, മറ്റൊരാള്‍ കയ്യില്‍ മഷി പുരട്ടി. വോട്ടു ചെയ്യാനുള്ള സ്ഥലത്തെത്തി. വോട്ടുചെയ്തപ്പോള്‍ ആര്‍ക്കുവേണ്ടിയാണോ ഞാന്‍ ചെയ്തതു്, മറ്റേ സ്ഥാനാര്‍ഥിയുടെ നേരെയുള്ള ലൈറ്റ് കത്തുന്നു. അതിന്റെ സാങ്കേതിക വശങ്ങളൊന്നും എനിക്ക് അറിയില്ല .എന്നാലും അങ്ങിനെ വരുമോ എന്നു തോന്നി.  ഞാന്‍ ഈ സംശയം പറഞ്ഞു അവരോട്. പോരേ പൂരം. ഏറ്റുപിടിക്കാന്‍ ഒരു നൂറ് ആള്‍.അവര്‍ക്കും ഇങ്ങിനെ ഉണ്ടായിരുന്നുവത്രേ. ആരും പറഞ്ഞിരുന്നില്ലെന്നുമാത്രം.

ആകെ പ്രശ്നമായില്ലേ. വോട്ട് നിര്‍ത്തിവച്ചു. അപ്പോഴേക്കും സ്ഥാനാര്‍ഥി നമ്പാടന്‍ മാഷു് വന്നു. പുതിയ മെഷീന്‍ കൊണ്ടുവന്നിട്ടൊക്കെയാ പിന്നെ ഇലക്ഷന്‍ തുടര്‍ന്നതു്. ഞാന്‍ ഇതിന്റെ ഇടയില്‍ സൂത്രത്തില്‍ തടി തപ്പി. ഇനി അവരു തമ്മിലായിക്കോളുമല്ലോ. പിറ്റേന്നു പത്രത്തില്‍ വാര്‍ത്ത വന്നു. ഒരു മണിക്കൂര്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു എന്നൊക്കെ.. ഞാന്‍ പരാതിപ്പെട്ടിട്ടാണെന്നൊക്കെ വളരെ വിശദമായി പറഞ്ഞ്‌. ഭാഗ്യത്തിനു പടം ഉണ്ടായിരുന്നില്ല.

ചുരുക്കത്തില്‍ ഞാനും ഒരു താരമായി എന്നര്‍ഥം. പെണ്ണുങ്ങള്‍(പെണ്ണുങ്ങള്‍ മാത്രമല്ല) എന്നെ കാണുമ്പോള്‍ പറഞ്ഞു, ദേ  അന്നത്തെ പ്രശ്നക്കാരി..  നമ്പാടന്‍ മാഷ് ജയിച്ചു. ഇവിടെ അടുത്ത് എന്തോ ഒരു പരിപാടിക്കു വന്നപ്പോള്‍ എന്നെ വിളിച്ചു കുശലം ചോദിച്ചു. (മാഷ്ക്കാണ്‍ ഞാന്‍ വോട്ടു ചെയ്തതെന്നു മാഷു വിചാരിച്ചുകാണും‌) ഇത്രയൊക്കെ പോരേ ഈ കൊച്ചു നെല്ലായില്‍ ഒരു താരമാവാന്‍! (അന്നു റിയാലിറ്റി ഷോകള്‍ തുടങ്ങിയിട്ടില്ല).

ഇന്നും എനിക്കറിയില്ല, അന്നു ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും ശരിയുണ്ടായിരുന്നോ എന്നു്. എനിക്കു തോന്നിയ ഒരു സംശയം ഞാന്‍ ചോദിച്ചെന്നു മാത്രം.  അതിത്ര വലിയ ഒരു കോലാഹലമായി മാറുമെന്ന്‌ കരുതിയില്ല.

എഴുത്തുകാരി.

41 comments:

Typist | എഴുത്തുകാരി said...

സ്കൂള്‍ ഓര്‍മ്മകള്‍ കഴിഞ്ഞിട്ടില്ല.ഇനിയും ഒരുപാടുണ്ട്. ഇപ്പോ ഇത്രയും മതി. അതല്ലേ നല്ലതു്?

siva // ശിവ said...

ഓര്‍മകള്‍ എന്നു മധുരതരം ആയിരിക്കും, പ്രത്യേകിച്ചും ബാല്യകാലം....

അടുത്ത ഇലക്ഷന്‍ വരട്ടെ, ഞാനും ഒരു താരം ആകും...

KK said...

ഇപ്പ്രാവിശ്യവും അങ്ങനെയൊരു സംഭവമുണ്ടായെന്നു പത്രത്തില്‍ കണ്ടു.എന്തായാലും നല്ല പോസ്റ്റ്...എനിക്കു ഇലക്ഷനു ഇതുവരെ വോട്ട് ചെയ്യാന്‍ പറ്റിയിട്ടില്ല..നാട്ടിലുണ്ടാകാറില്ല എന്നതു തന്നെ കാരണം..
പിന്നെ സ്കൂളില്‍ B ക്ലാസ് ആയിരുന്നൊ?.ഞാന്‍ B ആയിരുന്നു.എന്റെ സ്കൂളിലും A യും B യും മാത്രെ ഉള്ളൂ...കീരിയും പാമ്പും പോലെ.ചിരിയുണര്‍ത്തുന്ന കുറെ നല്ല ഓര്‍മ്മകള്‍.

അനില്‍@ബ്ലോഗ് // anil said...

അതൊക്കെ മെശീന്റെ ഒരോ ഹിക്ക്മത്ത്കള് അല്ലെ .
:)

ശ്രീ said...

മെഷിന്റെ കുഴപ്പം ആണെങ്കില്‍ ഇതു പോലെ മറ്റു സ്ഥലങ്ങളിലും സംഭവിച്ചിരിയ്ക്കാനിടയില്ലേ ചേച്ചീ?

സ്കൂള്‍ ഓര്‍മ്മകള്‍ കുറച്ചു കൂടെ ആകാമായിരുന്നു. :)

സുല്‍ |Sul said...

കുത്തിത്തിരുപ്പേ നിന്റെ പേരോ എഴുത്തുകാരി...

ആ പത്മജയുടെ പടം മടക്കിയില്ലെ. ഇത്താണ് പറയുന്നത് പെണ്ണുങ്ങള്‍ തന്നെയാണ് പെണ്ണിന് പാര എന്ന്. :)

-സുല്‍

Anonymous said...

നമ്മള്‍ ഒരുമിച്ചല്ലേ അന്നു നടന്നു പോയതു്?

എനിക്കു് വോട്ടുണ്ടായിരുന്നില്ലേ?
എനിക്കൊരു ഓര്‍മ്മയും ഇല്ലല്ലോ...
:(

ഞാന്‍.

പകല്‍കിനാവന്‍ | daYdreaMer said...

അപ്പൊ മാഷ്നു ആല്ലേ വോട്ടു ചെയ്തത്,,, ??
:)

K.V Manikantan said...

///സ്ക്കൂളിനു വലിയ മാറ്റമൊന്നുമില്ല. ക്ലാസ്സുകളൊക്കെ അതേപോലെ.///
-ഇതു ശരിയല്ല. അന്ന് ഇരുന്ന ബഞ്ചും ഡെസ്ക്കും. ആ ഡെസ്ക്ക് ഇന്ന് നമ്മുക്ക് ബെഞ്ചായി ഉപയോഗിക്കാം. അതു ചെറുതായതാണോ നമ്മള്‍ വലുഅതായതാണോ?

Typist | എഴുത്തുകാരി said...

അനോണിമോനേ ദിനേശാ, ഇതിനുള്ളിലും ഒരു കുത്തിത്തിരുപ്പോ!വേണ്ടാ, വേണ്ടാ.

ധനേഷ് said...

Typewriter ആണെന്നുകരുതി അതിന്റെ ഏതെങ്കിലും സുന (Knob) പിടിച്ച് തിരിച്ചോ?

നല്ല എഴുത്ത്‍..
:)
ഓര്‍മ്മകള്‍ ഇത്തിരികൂടി ആവാം എന്ന ശ്രീയുടെ അഭിപ്രായതോട് യോജിക്കുന്നു

Sherlock said...

"മാഷ്ക്കാണ്‍ ഞാന്‍ വോട്ടു ചെയ്തതെന്നു മാഷു വിചാരിച്ചുകാണും‌"

അപ്പോ അല്ലാലേ? :)

Typist | എഴുത്തുകാരി said...

ശിവാ, ഇനി എത്ര കാലം കഴിയണം ഇനി ഒരു ഇലക്ഷന്‍ വരാന്‍.

ഏകാന്തപഥികന്‍, അടുത്ത പ്രാവശ്യം ഇലക്ഷന്റെ സമയം നോക്കി വന്നോളൂ നാട്ടില്‍. A യും B യും മാത്രമേയുള്ളൂ. ചെറിയൊരു സ്കൂള്‍ ആയിരുന്നു.

അനില്‍, അതെ അതെ.

ശ്രീ, ഒരു‍ സംശയം ചോദിച്ചതേയുള്ളൂ ഞാന്‍. പിന്നെ എന്റെ കൈവിട്ടുപോയി. സ്കൂള്‍ ഓര്‍മ്മകള്‍ ഇനിയുമായാല്‍ ബോറടിച്ചാലോ എന്നു കരുതിയിട്ടാ.

അനോണീ, നന്ദി.

പകല്‍കിനാവന്‍, ഇനിയിപ്പോ പറയാം, മാഷല്ലേ ജയിച്ചതു്, അപ്പോ ഞാന്‍ മാഷ്ക്കു തന്നെയാ ചെയ്തേ.

സങ്കുചിതന്‍, അതിപ്പോ ആരോടാ ഒന്നു ചോദിക്ക്വാ.

ധനേഷ്, ആദ്യമല്ലേ ഈ വഴി, സ്വാഗതം. ഓര്‍മ്മകള്‍ ഇനി അടുത്ത പ്രാവശ്യമാവട്ടേട്ടൊ.

sherlock, അതേന്നേ, മാഷ്ക്ക് തന്നെ.

കാപ്പിലാനേ, സന്തോഷം.

എന്തിനാ സുല്ലേ, ഞാനൊരു പാവമല്ലേ?

Anil cheleri kumaran said...

“ടീച്ചറിന്റേയും മാഷിന്റേയുമൊക്കെ മക്കള്‍ക്കു ഇത്തിരി ഗമ കൂടുതലാണല്ലോ. അവരുടെ കൂട്ടുകാരാവുന്നതും കൂടെ നടക്കുന്നതും പോലും ഇത്തിരി അന്തസ്സാണ് .” അതു എല്ലാവിടെയും‌ ഒരു പോലാണല്ലേ.. ഹ ഹ..

Anonymous said...

ഇത് വായിച്ചപ്പോള്‍ ദാസ്സെട്ടെന്റെ ഒരു മനോഹര ഗാനം ഓര്‍മയില്‍ ഓടിയെത്തി
" കൈഎത്തും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം

ആടി കാറ്റയ്യോ പായും പ്രായം
അമ്മക്കിളിയുടെ ചിറികില്‍ ഒതുങ്ങും പ്രായം
അരയ്യാല്‍ ഇല്ലയായി നാമം ചൊല്ലും പ്രായം
അന്ന് കണ്ടെതെല്ലാം ഇന്നുമുണ്ട് കണ്ണില്‍
അന്ന് കേട്ടതെല്ലാം ഇന്നുമുണ്ട് കാതില്‍ ".
പോസ്റ്റും ഈ ഗാനം പോലെ ഒരുപാടു ഓര്‍മ്മകള്‍ പകര്‍ന്നു തന്നു

Jayasree Lakshmy Kumar said...

കൊള്ളാം. അങ്ങിനെ ഒരു അപ്രതീക്ഷിത താരവും ഉദിച്ചു അല്ലേ? ചുമ്മാ അങ്ങു തിളങ്ങട്ടെന്നേ.
കൂടുതൽ ബാല്ല്യകാല ഓർമ്മകളുമായി വരൂ. അനോണി ക്വാട്ടിയ പോലെ ‘മഴവെള്ളം പോലെ’ ഉള്ള ആ കുട്ടിക്കാലത്തിലേക്കു പോകാൻ തയ്യാർ :)

ചാണക്യന്‍ said...

പുതുമയുള്ള ഓര്‍മ്മ....

പൊറാടത്ത് said...

രസകരമായ ഓർമ്മക്കുറിപ്പ്.. സ്കൂൾ കാലത്തിന്റെ അനുഭവങ്ങൾ എത്ര ഓർത്താലും അധികമാവില്ല.

സുല്ലേ.. അങ്ങനെ പറയാൻ വരട്ടെ.. ടൈപിസ്റ്റ് ആർക്കിട്ടാ കുത്തിയതെന്ന് റിസൽട് വന്നപ്പോ മനസ്സിലായില്ലേ.. :)

ഹരീഷ് തൊടുപുഴ said...

പിന്നെ ചേച്ചി ആര്‍ക്കാണാവോ വോട്ട് ചെയ്തത്??

നമ്പാടന്‍ മാഷിനല്ല!!

പത്മജക്കായിരുന്നോ?

ഏതായാലും ആ വോട്ട് എതിര്‍പാട്ടിക്കു പോയില്ലേ...



ഓടോ: എനിക്ക് മെയില്‍ ഐ.ഡി. കിട്ടിയില്ല കെട്ടോ..

the man to walk with said...

kollatto..vottorma

Anonymous said...

നന്നായി ചേച്ചീ,ഇഷ്ടപ്പെട്ടു....

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരീ....എന്തിനാ ആ ലൈറ്റ്‌ തെളിയുന്നത്‌ നോക്കാന്‍ പോയത്‌?അന്ന് പത്മജ ലോകസഭയില്‍ എത്തിയിരുന്നെങ്കില്‍ ഈ വയസ്സുകാലത്ത്‌ കരുണാകരനും ഇപ്പോള്‍ മുരളീധരനും തെണ്ടിത്തിരിഞ്ഞു നടക്കേണ്ടി വരില്ലായിരുന്നു എന്ന് തോന്നുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അങ്ങനെയാണ് താരങ്ങള്‍ ഉണ്ടാകുന്നത്?

ബഷീർ said...

സ്കൂൾ ഓർമ്മകൾ ഒട്ടും ബോറടിപ്പിക്കുകയില്ല.

ഓ.ടോ. ഇമ്മടെ നാട്ടുകാര്യാണല്ലേ..സന്തോഷം

smitha adharsh said...

കൊച്ചു കള്ളി...!
ചുമ്മാ കേറി താരമാവാന്‍..ആ മെഷീന്‍ കേറി കുത്തി തുറന്നു കേടാക്കി വച്ചിട്ട്...!!
ഓരോന്ന് ഒപ്പിച്ചു വയ്ക്കും...
എന്നിട്ട്...ഞാന്‍ ചെയ്തത് ഇത്രയ്ക്ക് വലിയ കാര്യമാണോ ന്ന്...!!
ഹ്മം...ഹ്മം...നടക്കട്ടെ..നടക്കട്ടെ...(ചുമ്മാ)
സ്കൂള്‍ ഓര്‍മ്മകള്‍ കുറച്ചു കൂടി വേണമായിരുന്നു,മതിയായില്ല വായിച്ചിട്ട്..

Appu Adyakshari said...

കുറച്ചുകൂടി സ്കൂള്‍ ഓര്‍മ്മകള്‍ പ്രതീക്ഷിച്ചു.. :-(

ബിന്ദു കെ പി said...

ഹ..ഹ..കിടക്കട്ടേന്ന്...വല്യ വല്യ താരങ്ങൾക്കിടയിൽ ഒരു കുഞ്ഞിത്താരവും..

വാഴക്കോടന്‍ ‍// vazhakodan said...

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....
മനസ്സുകൊണ്ട് ആ സരസ്വതീ ക്ഷേത്ര നടയില്‍ ഒത്തിരി നേരം പോയി ഇരുന്നു.
മനസ്സില്‍ ഓര്‍ക്കുമ്പോഴൊക്കെ ആഹ്ലാദം തരുന്ന ഒരേയൊരു ജീവിത ഘട്ടം ആ സ്കൂള്‍ ജീവിതം തന്നെ!
ഇന്യും വരാം.....

http://vazhakodan.blogspot.com

with love

vazhakodan

Unknown said...

ഒരുപാടു ഓര്‍മ്മകള്‍ പകര്‍ന്നു തന്നു
nostalgic.

സൂത്രന്‍..!! said...

ടൈപിസ്റ്റാണ് താരം................

കൊള്ളാട്ടൊ !!

yousufpa said...

ഈ ആഴ്ചയിലെ താരം എഴുത്തുകാരി...

P R Reghunath said...

enkilum maashakku vottaamaayirunnu.

Anonymous said...

ഞാന്‍ ആണ് ആ ബൂത്തില്‍ ഇലക്ഷന്‍ dutiyil ഉണ്ടായിരുന്നു
ചേച്ചിയോട് ഭയങ്കര ദേഷ്യവും വന്നു പക്ഷെ നിര്‍ഭാഗ്യവാന്മാരായ ഞങ്ങള്‍ എന്ത് പറഞ്ഞാലും ഏശില്ല കാട്ടായം പിന്നെ അതും ഒരു അനുഭവമായി എടുത്തു.
ഇവിടെനിന്നു കോണ്‍ഗ്രസിനെ എതിര്‍ത്ത് ജയിച്ചു ഡല്‍ഹിയില്‍ പോയി കോണ്‍ഗ്രസിന്‌ ജയ് വിളിച്ച മാഷേ ഓര്‍ത്തു ദുഃഖിക്കുന്നു
അന്ന് വോട്ട് ചെയ്തത് കോണ്‍ഗ്രസിന്‌ വേണ്ടിയല്ലെങ്കിലും ആണെങ്കിലും ഗുണം അവര്‍ക്ക് കിട്ടി
ജയ് ജനാധിപത്യം
ജയ് ഇലക്ഷന്‍ സംവിധാനം
ജയ് പൌരബോധമുള്ള ചേച്ചിയെ പോല്ലുള്ളവര്‍.

Typist | എഴുത്തുകാരി said...

കുമാരന്‍,
അനോണീ,
ലക്ഷ്മി,
ചാണക്യന്‍,
പൊറാടത്തു്,
ഹരീഷ്,
the man to walk with,
വേറിട്ട ശബ്ദം,
അരീക്കോടന്‍,
രാമചന്ദ്രന്‍,
ബഷീര്‍,
സ്മിതാ,
അപ്പു,
ബിന്ദു,
വാഴക്കോടന്‍,
തെച്ചിക്കോടന്‍,
സൂത്രന്‍,
യൂസുഫ്പാ,
രഘുനാഥ്‍,
അനോണീ,
ഇവിടെ വന്നു വായിച്ചു അഭിപ്രായം അറിയിച്ചതിനു സന്തോഷം.

Unknown said...

"njaanum oru thaaramaayi "
thikachum paramaartham keto...
ezhuthinte vaanil thilakkamulla thaaram..valare valare ishtam
thonnunnu rachanakalodu...

ഹരിശ്രീ said...

നല്ല ഓര്‍മ്മകള്‍ !!!

ഏറനാടന്‍ said...

ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍
മേയുന്ന തിരുമുറ്റത്തെത്തുവാന്‍
മോഹം..

വളരെ ഹൃദ്യമായി താരമായ എഴുത്തുകാരീടെ അനുഭവ ഓര്‍മ്മക്കുറിപ്പ്. അപ്പോള്‍ അങ്ങനേം ഒരു സംഭവം ഉണ്ടായിരുന്നുവല്ലേ?

nandakumar said...

ആഹാ!!! അപ്പോ അന്നത്തെ ഇലക്ഷനെ അട്ടിമറിച്ചത് എഴുത്തുകാരിയായിരുന്നല്ലേ??!!!
:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഓർമ്മചെപ്പിൽ ഇനിയും ഇമ്മിണി ,ഇതുപൊലെയുള്ള നുറുങുവട്ടങ്ങൾ കാണുമല്ലോ?

അനിലൻ said...

താരമേ താരമേ നിന്നുടെ നാട്ടിലും... :)

Typist | എഴുത്തുകാരി said...

ഗീത,
ഹരിശ്രീ,
ഏറനാടന്‍,
നന്ദന്‍സ്,
bilathipattanam,
അനിലന്‍,
നന്ദി, എല്ലാവര്‍ക്കും.