Friday, January 9, 2009

പാര്‍വ്വണേന്ദു മുഖീ പാര്‍വ്വതീ.......

ഞാനിന്നു ഇത്തിരി തിരക്കിലാട്ടോ. എന്നാലും വേഗം വന്ന കാര്യം പറഞ്ഞിട്ടു പോകാം.

നാളെ ധനുമാസത്തിലെ തിരുവാതിരയല്ലേ?പരമേശ്വരന്റെ ജന്മനാള്‍. ഇന്നു രാത്രിയല്ലേ ഉറക്കമൊഴിക്കുന്നതും പാതിരാപ്പൂ ചൂടലുമൊക്കെ)(ഇഷ്ടപ്പെടുന്ന പുരുഷനെ ഭര്‍ത്താവായി കിട്ടാനും, ‍ കിട്ടിയ ഭര്‍ത്താവിനു് ദീര്‍ഘായുസ്സ് ലഭിക്കാനും വേണ്ടി സ്ത്രീകള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട‍ ഒരു സംഭവം)

‍എന്തൊക്കെ ചെയ്യാന്‍ കിടക്കുന്നു. ദശപുഷ്പം സംഘടിപ്പിക്കണം. വിചാരിച്ചപോലെ അത്ര ബുദ്ധിമുട്ടേണ്ടിവന്നില്ല. രണ്ടു മൂന്നു പറമ്പുകള്‍ കേറിയിറങ്ങിയപ്പോള്‍ ഒരുവിധമൊക്കെ കിട്ടിയിട്ടുണ്ട്‌.

എട്ടങ്ങാടിക്കുള്ള (8 കൂട്ടം – ചേന, ചേമ്പ്, കാവിത്തു്, ചെറുകിഴങ്ങ്, കൂര്‍ക്ക, നേന്ത്രക്കായ, പയര്‍, എള്ള്) ശര്‍ക്കരയും മൂക്കാത്ത നാളികേരവും ചെറുപഴവും റെഡിയാക്കി വക്കണം. preparation തിരുമേനിമാര്‍ ഏറ്റിട്ടുണ്ട്. (നല്ല ടേസ്റ്റാട്ടോ).

സന്ധ്യക്കു നേദിക്കാന്‍ കൂവ കുറുക്കണം (കൂവ, ശര്‍ക്കര, ഇളനീര്, ചെറുപഴം)

പാതിരാപ്പൂ ചൂടാനുള്ള കൊടുവേലി പൂ കൊണ്ടുവരണം (അതിത്തിരി ബുദ്ധിമുട്ടാവുമെന്നു തോന്നുന്നു).

ഇനി മൂന്നും കൂട്ടാനുള്ളതു് (വെറ്റില, അടക്ക, ചുണ്ണാമ്പ്) റെഡിയാക്കി വക്കണം. കുറച്ചധികം വേണം. പത്തു മുപ്പതു പേരെന്തായാലും കാണും.

സന്ധ്യക്കു നേദിക്കലു കഴിഞ്ഞാല്‍ നേദിച്ച കൂവയും എട്ടങ്ങാടിയും കഴിക്കാം. കുറച്ചുനേരം കളിക്കും.(തിരുവാതിര‍ക്കളി).ഒരു curtain raiser.

അപ്പോഴേക്കും, ഉപ്പുമാവും,പളയങ്കോടന്‍ പഴവും കട്ടന്‍ ‍കാപ്പിയും റെഡി. (അരിഭക്ഷണമില്ല)).പെണ്ണുങ്ങളുടെ നെടുമംഗല്യത്തിനു വേണ്ടിയാണല്ലോ തിരുവാതിര നോല്‍ക്കുന്നതു്, എന്നു വച്ചാല്‍ അവരുടെ ദീര്‍ഘായുസ്സിനു വേണ്ടി അതുകൊണ്ട്‌ ഈ നാട്ടിലെ പുരുഷന്മാര്‍ സന്തോഷപൂര്‍വ്വം സ്പോണ്‍സര്‍ ചെയ്യുന്നതാട്ടോ ഈ ഭക്ഷണം) പിന്നെ താളീം ഒടിക്കാം അങ്കോം കാണാം എന്നു പറഞ്ഞപോലെ ചുളുവിലൊരു കളിയും കാണാലോ – നമുക്കറിയാത്തതാ ഇവരെയൊക്കെ).

അല്ലാ, കുറ്റം പറയാന്‍ പറ്റില്ല, മുണ്ടും നേരിയതും ചുറ്റി, ദശപുഷ്പം ചൂടി, മൂന്നും കൂട്ടി മുറുക്കി ചുവപ്പിച്ചു് പെണ്ണുങ്ങള്‍ തിരുവാതിര കളിക്കുന്നതു കാണുന്നതൊരു സുഖല്ലേ?

ഇനിയാണ്‍ ശരിയായ തിരുവാതിരക്കളി. ഭക്ഷണമൊക്കെ കഴിച്ചു്, മൂന്നും കൂട്ടി മുറുക്കി, പ്രായഭേദമൊന്നുമില്ല ഒരുമിച്ചാണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ വേറെ വേറെ സെറ്റായിട്ടു്. ചില സമയത്തു്, തമാശക്കൊരു മത്സരം വരെയെത്തും. അമ്മമാരൊക്കെ പാട്ടുപാടി നിര്‍ത്താതെ കളിക്കും. ഇപ്പഴത്തെ കുട്ടികള്‍ മാറിനില്‍ക്കണം. ഒരാള്‍ പാട്ടു നിര്‍‍ത്തുമ്പോള്‍ അടുത്ത ആള്‍ തുടങ്ങും. സംഭവം നല്ല രസാട്ടോ. പന്ത്രണ്ടു മണിയാവുമ്പോള്‍ പാതിരാപ്പൂചൂടല്‍. ആലിന്‍ ചുവട്ടില്‍ ഒളിച്ചുവച്ചിട്ടുണ്ടാവും, എല്ലാരും കൂടി പാട്ടൊക്കെ പാ‍ടി പോയി അതെടുത്തു കൊണ്ടുവരും.

വീണ്ടും 4 മണി വരെ കളിയും പാട്ടും പരദൂഷണവും എല്ലാമായി കഴിച്ചുകൂട്ടും. അതുകഴിഞ്ഞു പുഴയില്‍ കുളിച്ചു് നേരെ വൈലൂരപ്പനെക്കാണാന്‍.

എന്നെ സംബന്ധിച്ചു ഇതൊക്കെ ഒരു ഒത്തുകൂടലിന്റെ ഭാഗം മാത്രം. പിന്നെ വയസ്സായ അമ്മമാര്‍ അവരുടെ പഴയ കാലത്തെ ഓര്‍മ്മ പുതുക്കുന്നതും കുറച്ചുനേരം ഒത്തൊരുമിച്ചു കളിച്ചു രസിക്കുന്നതും നമുക്കു് ഇതിനൊക്കെ ഒരവസരം കിട്ടുന്നുണ്ടല്ലൊ എന്ന അവരുടെ സന്തോഷം കാണുമ്പോഴുള്ള ഒരു സന്തോഷവും. കുട്ടികള്‍ക്കും ഒരു മത്സര ഐറ്റം മാത്രമല്ല ഇതു്, പണ്ടൊക്കെ ഇങ്ങനെയായിരുന്നു എന്നു മനസ്സിലായാല്‍ അതും നല്ലതു്.

പുണ്യവും ദീര്‍ഘായുസ്സുമൊക്കെ കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടേ, നല്ല കാര്യമല്ലേ?(ഇതൊക്കെ രഹസ്യമാണേ ഇവിടാരോടും പറയല്ലേ).

കൂട്ടുകാരേ, എല്ലാം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. എല്ലാരേയും ഞാന്‍ ക്ഷണിക്കുന്നു. നെല്ലായി മഹാമുനിമംഗലം ക്ഷേത്രത്തില്‍ ഇന്നു സന്ധ്യക്കു്. വന്നോളൂ.

ഒരു കൊച്ചു കാര്യം കൂടി. ഞാന്‍ പോലുമറിയാതെ എന്റെ ബ്ലോഗിന്റെ രണ്ടാം പിറന്നാള്‍ കടന്നുപോയി (Jan 7th നു്)‍



എഴുത്തുകാരി.

46 comments:

Typist | എഴുത്തുകാരി said...

ഞാന്‍ പോലും അറിയാതെ എന്റെ ബ്ലോഗിന്റെ രണ്ടാം പിറന്നാള്‍ കടന്നുപോയി.

ശ്രീ said...

രണ്ടാം വാര്‍ഷികാശംസകള്‍...

Rare Rose said...

രണ്ടാം പിറന്നാള്‍ ആശംസകള്‍ ട്ടോ...
തിരുവാതിരയൊക്കെ ഇങ്ങനെ കൃത്യമായി അതേ ചടങ്ങുകളുകളോടെ കാണാനിട വന്നിട്ടില്ല..അതോണ്ടു ഇതൊക്കെ വായിക്കാന്‍ തന്നെ ഒരു സുഖം....:)

ജിജ സുബ്രഹ്മണ്യൻ said...

ഇപ്പോളും ഈ ആഘോഷം ഒക്കെ ഉണ്ടെന്നു കേട്ടിട്ട് സന്തോഷം വരണുണ്ട് !

കുറ്റം പറയാന്‍ പറ്റില്ല, മുണ്ടും നേരിയതും ചുറ്റി, ദശപുഷ്പം ചൂടി, മൂന്നും കൂട്ടി മുറുക്കി ചുവപ്പിച്ചു് പെണ്ണുങ്ങള്‍ തിരുവാതിര കളിക്കുന്നതു കാണുന്നതൊരു സുഖല്ലേ?
എത്ര സത്യമാല്ലേ..ഒരു പെണ്ണായ ഞാൻ പോലും ചിലപ്പോൾ വായിൽനോക്കി ഇരിക്കും.പിന്നെ ആണുങ്ങളുടെ കാര്യം പറയണോ ??

രണ്ടാം പിറന്നാളിനു എല്ലാ ആശംസകളും നേരുന്നു

ജ്വാല said...

“ആതിര വരവായി..പൊന്നാതിര വരവായി..”
രണ്ടാം പിറന്നാള്‍ ആശംസകള്‍

ഹരീഷ് തൊടുപുഴ said...

വിവാഹത്തിനു മുന്‍പ് തിരുവാതിര കൂടാന്‍ അമ്പലത്തില്‍ പോയി ഉറക്കമിളക്കുമായിരുന്നു.
മുഖ്യമായും പോയിരുന്നത്, അടുത്ത വര്‍ഷത്തേക്ക് പൂത്തിരുവതിര കൂടാന്‍ വേണ്ടി പറ്റിയ പെമ്പിള്ളേര്‍ വല്ലതും ഉണ്ടോ എന്നു നോക്കാനായിരുന്നു. അതൊക്കെ ഒരു കാലം!!!
ഇന്നു തിരുവാതിരയാണ്; അമ്പലത്തില്‍ ഇപ്പോള്‍ തുടങ്ങിക്കാണും. പക്ഷേ എന്റെ മോളുട്ടി സമ്മതിക്കേണ്ടെ. ഇപ്പോള്‍ ഉറങ്ങീട്ടുണ്ട്. പക്ഷേ എഴുന്നേറ്റാല്‍ ‘അച്ഛന്‍ എന്തിയേ’ എന്നു തിരക്കും. അതിനാല്‍ പോകാന്‍ പറ്റില്ല..

പിന്നെ ഇതൊന്നുമല്ലാട്ടോ; തിരുവാതിര രാത്രിയേ പറ്റി കുറേയേറെ മധുരിക്കും ഓര്‍മകള്‍ ഉണ്ട്..
ഒരു പോസ്റ്റായി പറഞ്ഞു തരാം..

രണ്ടാം പിറന്നാളാശംസകളും നേരുന്നു...

കാപ്പിലാന്‍ said...

Happy Birthday :)

Ranjith chemmad / ചെമ്മാടൻ said...

"തിരുവാതിര വരവായി....."
നനുത്ത ഓര്‍‌മ്മടുത്തലുകള്‍ക്ക് നന്ദി.....
ബ്ലോഗിന്റെ പിറന്നാള് ആശംസകള്‍....‍

പൊറാടത്ത് said...

അപ്പോ തിരുവാതിര അടിപൊളിയായി അല്ലേ..

രണ്ടാം പിറന്നാളാശംസകൾ..

മേഘമല്‍ഹാര്‍(സുധീര്‍) said...

ഇവിടെ ആദ്യമായിട്ടാണ്‌.
പ്രവാസിയല്ലാത്ത ബ്ലോഗ്ഗര്‍മാര്‍ ഞാന്‍ മാത്രമല്ല എന്നറിഞ്ഞു സന്തോഷിക്കുന്നു.
തിരുവാതിരകഴിഞ്ഞുപോയല്ലോ കഷ്ടം.
എന്റെ ബ്ലോഗിലേക്കും സ്വാഗതം. ഞാനും 2 വര്‍ഷമായി.
പോസ്റ്റ്‌ നന്നായി

sreeNu Lah said...

ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

ഹെന്റമ്മോ... ഇതൊക്കെ ഇപ്പോഴും ചെയ്യുമോ... അടിപൊളി... പിന്നെ പിറന്നാള്‍ ആശംസകളും

Calvin H said...

ദശപുഷ്പം എല്ലാം കിട്ടി എന്നറിഞ്ഞപ്പോള്‍ തന്നെ
അല്‍ഭുതം...
ആശംസകള്‍ :)

ഭൂമിപുത്രി said...

ഭാര്യ ദീർഘായുസ്സായിരിയ്ക്കാനായി ഭർത്താവ് എന്തെങ്കിലുമൊക്കെ ചെയ്യാനായിട്ട് തിരുവാതിരപോലെയൊന്ന് പണ്ടുള്ളവർ സൃഷ്ട്ടിയ്ക്കാത്തതെന്തുകൊണ്ടാകും???

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Congrats...

പൊട്ട സ്ലേറ്റ്‌ said...

വീടിനു മുന്നിലെ അമ്പലത്തില്‍ തിരുവാതിരക്കളി ഉണ്ടായിരുന്നു എന്നമ്മ പറഞ്ഞു. ചടങ്ങിനെ കുറിച്ചു എഴുതിയത് നന്നായി. ചടങ്ങുകളെ ഒത്തുകൂടലുകളായി കനുന്നിടതാണ് സമൂഹത്തിന്റെ, കുടുംബങ്ങളുടെ വിജയം.

രണ്ടാം പിറന്നാള്‍ ആശംസകള്‍.

കിഷോർ‍:Kishor said...

കിടിലന്‍ തിരുവാതിര! നഷ്ടപ്പെട്ടൂപോയതിനെ നമുക്കു തിരിച്ചു പിടിക്കാം.

siva // ശിവ said...

ഞാന്‍ ആദ്യമായി തിരുവാതിരയെക്കുറിച്ചു കേള്‍ക്കുന്നത് ബൂലോകത്തു നിന്നും കുറെ നാളുകള്‍ക്ക് മുമ്പ് ഒരു പോസ്റ്റ് വായിച്ചപ്പോഴാണ്....പിന്നെ അത് കൌതുകം ആയി....പിന്നെ പൂത്തിരുവാതിരയെക്കുറിച്ചും അറിയാന്‍ കഴിഞ്ഞു.....നന്ദി ഈ പോസ്റ്റിന്.....

Appu Adyakshari said...

ഈ അനുഷ്ഠാനങ്ങളൊക്കെ ഇന്നും നിലനിന്നു പോരുന്നു എന്നു കേള്‍ക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നു. അവിടെ വരുവാന്‍ സാധിക്കുന്നില്ലല്ലോ. കുറച്ചു ഫോട്ടോകള്‍ ഇട്ടിരുന്നെങ്കില്‍ കാണാമായിരുന്നു എന്നാഗ്രഹമുണ്ട്.

ബ്ലോഗിലെ രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍!!

അനില്‍@ബ്ലോഗ് // anil said...

Typist | എഴുത്തുകാരി ,
പിറന്നാളാഘോഷങ്ങള്‍ക്കൊന്നും വലിയ പ്രസക്തിയില്ല. മരണം കാത്തിരിക്കുന്നവര്‍ക്കാണ് ജനനവാര്‍ഷികങ്ങള്‍ പ്രസക്തമാകുന്നത്. എഴുത്തോലക്ക് മരണമില്ലാത്തതിനാല്‍ വാര്‍ഷികത്തിലെന്തിരിക്കുന്നു?

എന്നാലു ഒരാശംസ പിടിച്ചോ.

ഹരീഷ് തൊടുപുഴ പറഞ്ഞത് സത്യമാണേ ....

ഒരു ഓഫ്ഫ്:
ഭൂമിപുത്രിയുടെ ഒരു കാര്യം !!
അക്കാലത്ത് ഭര്‍ത്താക്കന്മാര്‍ വളരെ റിസ്കി ആയ ജോലികളിലും മറ്റും ഏര്‍പ്പെട്ടല്ലെ കുടൂംബം നോക്കിയിരുന്നത്. അപ്പൊള്‍ അവരുടെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥിക്കണ്ടെ? താരതമ്യേന റിസ്ക് കുറവുള്ള ഭാര്യമാര്‍ കുടിയില്‍ കുത്തിയിരുന്ന് ചോറും കറിയും വെച്ചിരുന്നതിനാള്‍ ആയുസ്സു കൂടുതലായിരുന്നിരിക്കാം. പിന്നെ നാല്‍പ്പതും അമ്പതും പ്രായമുള്ള കിളവന്മാര്‍ 17 വയസ്സുള്ള തരുണികളേയും കെട്ടിയിരുന്നു.

ചുമ്മാ.
ഓഫ്ഫിനു ക്ഷമ.

Anil cheleri kumaran said...

രണ്ടാം പിറന്നാള്‍ ആശംസകള്‍

BS Madai said...

രണ്ടു ദിവസം വൈകിയെങ്കിലും, രണ്ടാം പിറന്നാളാശംസകള്‍...
അപ്പൊ തിരുവാതിരയൊക്കെ നന്നായി ആഘോഷിച്ചു -ഏത് പേരിട്ടു വിളിച്ചാലും ഒത്തുകൂടലുകള്‍ ഒരു സുഖം തന്നെയാണ്.

Anonymous said...

Chechiyude post innu vayichu. Saniyum Njayarum thirakkannanu. Ellam othukkunna thirakku, kuttikalude thirakku pinne thirakkilatha divasam(bakkiyullavarkku) enna thirakku. Ellam kazhinju innu vayichu chechiyude post. Chechiye samadhichu. Thiruvathireye kurichu ithra vissadhamayi mun talamurakkar pollum paranju tharilla. Post gambhiramayi.
Manassil ningallude thiruvathira aagosham kandu anandhikkunnu. Nandhi
pervelipeduthatta oru veetamma.

മുസാഫിര്‍ said...

അപ്പോ തിരുവാതിരയൊക്കെ ആഘോഷിച്ചു അല്ലെ ?
ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകു,മല്ലെ സഖീ ?..
എന്ന വരികള്‍ വെറുതെ ഓര്‍ത്തു പോയി,ഇതു വായിച്ചപ്പോള്‍.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

രണ്ടാം വാര്‍ഷികത്തിന് ആസംസകള്‍.

അജയ്‌ ശ്രീശാന്ത്‌.. said...

എഴുത്തുകാരിയുടെ ബ്ലോഗിന്‌
രണ്ടാം പിറന്നാള്‍ ആശംസകള്‍..

പിന്നെ കാന്താരിക്കുട്ടീ....
തിരുവാതിരക്കളി കാണുന്നത്‌
ഒരു രസമുള്ള കാര്യമാണ്‌....
കാന്താരിക്കുട്ടി ചിലപ്പോള്‍
വായ്‌ നോക്കിനില്‍ക്കുമായിരിക്കും..
എന്നാല്‍ ആണുങ്ങള്‍
അങ്ങിനെ ചെയ്യുമെന്നൊന്നും
അങ്ങിനെ തറപ്പിച്ച്‌ പറഞ്ഞേക്കരുത്‌...

എന്താച്ചാല്‍..
ഈ വായ്‌ നോക്കാനൊന്നും
സമയം കിട്ടില്ലെന്നേ....
അല്ലാതെ തന്നെ ധാരാളം
കാണാനുണ്ടല്ലോ..>>>>> :)

Typist | എഴുത്തുകാരി said...

ചാണക്യന്‍,
ശ്രീ,
Rare Rose,
കാന്താരിക്കുട്ടി,
ജ്വാലാമുഖീ,
ഹരീഷ് - മധുരിക്കും ഓര്‍മ്മകള്‍ മറക്കാതെ പറയണംട്ടോ.
കാപ്പിലാന്‍,
രണ്‍ജിത്,
പൊറാടത്തു്,
മേഘമല്‍ഹാര്‍,
sreeNuGuy,
എല്ലാര്‍ക്കും ഒരുപാട് നന്ദി.

Typist | എഴുത്തുകാരി said...

പകല്‍കിനാവന്‍, പിന്നല്ലാതെ, എല്ലാം ഇപ്പോഴും ഉണ്ട്‌.

ശ്രീഹരി - ദശപുഷ്പം എല്ലാം കിട്ടി. ഒന്നു രണ്ടെണ്ണം കിട്ടാന്‍ ഇത്തിരി അന്വേഷിച്ചു നടക്കേണ്ടിവന്നൂന്നു മാത്രം.

ഭൂമിപുത്രിയുടെ ചോദ്യത്തിനുള്ള ഉത്തരം നമ്മുടെ അനില്‍ തന്നിട്ടുണ്ട്‌. അതു തന്നെയാവുമായിരിക്കും.

പ്രിയാ,നന്ദി.
പൊട്ടസ്ലേറ്റ്,
കിഷോര്‍,
രണ്ടുപേരും ആദ്യമായിട്ടാ ഇവിടെ അല്ലേ? നന്ദി.‍
ശിവാ, നന്ദി.

അപ്പൂ - ഫോട്ടോകള്‍(ദശപുഷ്പത്തിന്റെയൊക്കെ) ഇടണമെന്നുണ്ടായിരുന്നു. പക്ഷേ എന്റെ കാമറ പണിമുടക്കിലാണ്. ഇനി ഒരെണ്ണം സംഘടിപ്പിക്കണം.

അനില്‍, എന്നാല്‍ വാര്‍ഷികം വേണ്ട അല്ലേ? എന്നാലും ആശംസകള്‍ക്കു നന്ദി, സന്തോഷം.

കുമാരന്‍, സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

madai,നന്ദി.
അനോണീ,നന്ദി.

മുസാഫിര്‍ - തിരുവാതിരയൊക്കെ ഗംഭീരായി.

രാമചന്ദ്രന്‍,
അജയ് (ഈ വഴി ആദ്യമായിട്ടാ അല്ലേ),
എല്ലാര്‍ക്കും നന്ദി.

വികടശിരോമണി said...

പഴയ കാലത്തെ നന്മകൾ തിരിച്ചുപിടിക്കപ്പെടട്ടെ.
ഈ ഭൂമീപുത്രി ആണുങ്ങൾക്ക് പാരപണിയാനിറങ്ങിയതാണോ?

ഭൂമിപുത്രി said...

ഹഹഹ ജസ്റ്റ് എ തോട്ട്-വെറുതെ അതിവിടെ എഴുതിയെന്നു മാത്രം.
ഏതായാലും എഴുത്തുകാരീ,അനിൽ വളരെ ലളിതമാക്കി വിശദീകരിച്ചത് മാത്രമല്ല അതിന് കാരണം.വിധവകളെ അപശകുനമായി കാണുന്ന ഒരു സമൂഹം..സാമ്പത്തിക പരാധീനതകൾ..വിധവാവിവാഹം ഏറെക്കുറെ അസാദ്ധ്യമാക്കിയിരുന്ന വ്യവസ്ഥിതി..
അങ്ങിനെ പലതുമുണ്ട്,ഒരു വിഭാര്യന്റെ ജീവിതത്തെക്കാൾ വിധവയുടെ ജീവിതം നരകതുല്ല്യമാക്കുന്നതിനുള്ള കാരണങ്ങൾ.

എങ്കിലും വലീയൊരു വിരോധാഭാസം നിലനിൽക്കുന്നു. വിധവകൾ പിന്നീടുള്ള ജീവിതം തന്റേടത്തോടെ കൈകാര്യം ചെയ്ത് മുൻപോട്ട് കൊണ്ടുപോകുമ്പോൾ,വിഭാര്യന്മാർ ചരട്പൊട്ടിയ പട്ടമായി മാറുന്നതാൺ പൊതുവെ കണ്ടുവരാറുള്ളത്.
ഈ ചോദ്യമെഴുതുമ്പോൾ പ്രധാനമായും ആ കോൺട്രഡിക്ക്ഷൻ ആണ് മനസ്സിലുണ്ടായിരുന്നത്.

നിലാവ്.... said...

ക്ഷണത്തിനു നന്ദി,പ്രവാസിയായിപോയില്ലേ പങ്കെടുക്കാനൊന്നും സമയമില്ലട്ടോ.... എന്തായാലും ബ്ലോഗിന് പിറന്നാളാശംസകള്.....

ഉപാസന || Upasana said...

thiruvathira kazhinjja kaaryam kuRache mumpane arinjathe.
oru post idan undayirunnu.
athini adutha thiruvathria ykke aavaam
:-)
Upasana

Bindhu Unny said...

തിരുവാതിര വന്നത് തന്നെ ഞാനറിഞ്ഞില്ല. ഇത്ര വിപുലമായി ആഘോഷിക്കുന്നവര്‍ ഇപ്പഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. :-)

ആശംസകള്‍ :-)

Jayasree Lakshmy Kumar said...

രണ്ടാം പിറന്നാളാശംസകൾ

പിരിക്കുട്ടി said...

ayyo...
thiruvaathira kazhinjappola njaan ithu kande...
allel oru chullane kittaan ithil paranjapolokke cheuyyamaayirunnu...
except "thiruvaathira kali "

ennalum blginu many many happy returns of "that day"

ഹരിശ്രീ said...

രണ്ടാം വാര്‍ഷികാശംസകള്‍...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു!!!!

Typist | എഴുത്തുകാരി said...

വികടശിരോമണീ - നന്ദി.
ഭൂമിപുത്രി - ശരിയാണ്, വിധവകളുടെ കാര്യം അന്നു് അങ്ങിനെയൊക്കെ തന്നെ ആയിരുന്നു. എന്നാല്‍ ഇന്നു് വലിയൊരു പരിധി വരെ അതിനൊക്കെ മാറ്റമുണ്ടായിരിക്കുന്നു. സ്ത്രീകള്‍ കുറേക്കൂടി വിദ്യാഭ്യാസം നേടി, ഒരുപാട്പേര്‍ക്കു സ്വന്തമായി വരുമാനമുണ്ട്, അടുക്കളയില്‍ അല്ലെങ്കില്‍ അണിയറയില്‍ മാത്രം ഒതുങ്ങി കഴിയേണ്ടവരാണ് എന്ന തോന്നലിനും കുറേയൊക്കെ മാറ്റം വന്നു എന്നതൊക്കെ തന്നെയാവാം കാരണങ്ങള്‍.
വിശദമായ അഭിപ്രായത്തിനു നന്ദി.

നിലാവു്,
ഉപാസനാ,
ബിന്ദു,
ലക്ഷ്മി,
പിരിക്കുട്ടി, നന്ദി.
പിരിക്കുട്ടീ, ചുള്ളനെ കിട്ടാന്‍ പ്രാര്‍ഥിച്ചോളൂ, അതിനു് തിരുവാതിരയൊന്നും വേണമെന്നില്ല.തപ്പാന്‍ ഞാനും കൂടണോ?
ഹരിശ്രീ,
മുഹമ്മദ് സഗീര്‍,
എല്ലാര്‍ക്കും നന്ദി.

നിലാവ്.... said...

തിരക്കൊക്കെ തീർന്നോ.... പുതിയ പോസ്റ്റ് ഇടാൻ സമയമായിട്ടോ....

നിലാവ്.... said...

ഒരു പണിയും ഇല്ലല്ലേ..... full time blogging....thanx 4 ur comments

ഗൗരി നന്ദന said...

ദേശിങ്ങനാട്ടില്‍ തിരുവാതിര ഇല്ലാ...

കൊച്ചിയിലെതിയപ്പോഴാണ് തിരുവാതിര ഇപ്പോഴും ആഘോഷിക്കുന്നു എന്നറിഞ്ഞത്.

മുന്‍പ് വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും ഇപ്പോള്‍ കണ്ടറിഞ്ഞതും ആയ ഈ തിരുവാതിരയെ എനിക്ക് വളരെ ഇഷ്ടായീ...

Unknown said...

നാട്ടിലിപ്പോള്‍ ഉത്സവകാലമാണ്.

Anonymous said...

പണ്ട് തമ്പ്രാക്കന്മാരെ സുഖിപ്പിക്കാനായ് നായര്‍ സ്ത്രീകല്‍ മെനഞ്ഞ കലാരൂപമാണ് തിരുവാതിരക്കളി.
കുമ്പിട്ട് താളമടിക്കുമ്പോള്‍ താമരപോലെ വിരിയുന്ന ചന്തിയുടെ സൌകുമാര്യത ശ്ശി ഭേഷാണേയ്...

അറിയാതെ പോയ രണ്ടാം വാര്‍ഷികത്തിന് അഭിവാദ്യങ്ങള്‍..

സുമയ്യ said...

തിരുവാതിരക്കളിയ്ക്ക് പശ്ചാത്തലമുണ്ടെങ്കിലും മനസ്സിലെന്നും ഉത്സവപ്രതീതിയാണ് ഉണ്ടാവാറ് എനിയ്ക്ക്.

വിഷ്ണു ഹരിദാസ്‌ said...

ഹ, ഇനി നമുക്കു തിരുവാതിര കാണാന്‍ ചിലപ്പോ മ്യൂസിയം വരെ പോകേണ്ടി വരും... അല്ലെ...

ജഗ്ഗുദാദ said...

ധനുമാസത്തിലെ തിരുവാതിര .. അതൊരു അനിര്‍വചനീയമായ സൌന്ദര്യം തന്നെയാണ്.. എന്തായാലും ഇതു അറിഞ്ഞു വന്നപ്പോളേക്കും താമസിച്ചു പോയി.. വരുന്നുണ്ട് ഒരിക്കല്‍ നെല്ലാര്‍ മഹാമുനിമംഗലം ക്ഷേത്രത്തിലേക്ക്..