Thursday, November 1, 2007

റിയാലിറ്റി ഷോ - മലയാളിയുടെ പുതിയ രോമാഞ്ചം

ടി വി യില്‍ ഒരു പരിപാടിയും അങ്ങിനെ സ്ഥിരമായി കാണുന്ന ശീലം എനിക്കില്ല( ന്യൂസ് ഒഴികെ). അവിടെ എത്തുന്ന നേരത്തു് ഇഷ്ടപ്പെട്ടതെന്തെങ്കിലും ഉണ്ടെങ്കില്‍ കാണും, നല്ല സിനിമകളുണ്ടെങ്കിലും, കാണും, അത്ര തന്നെ.

ഇന്നലെ, അതുപോലൊരു സമയത്ത്‌, പരസ്യത്തിന്റെ ഇടവേളയില്‍, ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്ന-
പ്പോഴാണ് അതു കണ്ടതു്. ഒരു ചാനലില്‍ ആകെ ശോകമൂകമായ ഒരു അന്തരീക്ഷം. അവതാരിക കരയുന്നൂ, participants കരയുന്നൂ, judges കരയുന്നൂ, കാണികള്‍ കരയുന്നൂ, എന്തിനു പറയുന്നു, വിഷാദം ഉറഞ്ഞുകൂടിയിരിക്കുന്നു എന്നൊക്കെ പറയാറില്ലേ (ഇല്ലേ പറയാറില്ലേ?) അതു പോലെ. അതിനു ചേര്‍ന്ന ഒരു back ground music ഉം.

സംഭവം ഇതാണ് - star singer നെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോ ആണ്. SMS വോട്ടിന്റെ അടിസ്ഥാനത്തില്‍, അന്നു് ഒരു പാട്ടുകാരന്‍ ഔട്ട് ആയിരിക്കയാണ്. ഒരു 20-22 വയസ്സു കാണും. അയാള്‍ തേങ്ങി തേങ്ങി കരയുകയാണ്. ബാക്കിയുള്ള പാട്ടുകാര്‍ എല്ലാരും കൂടി കെട്ടിപ്പിടിച്ചു് നിയന്ത്രണം വിട്ടു് കരയുന്നു. അവതാരികക്കു് ഒന്നും പറയാന്‍ കഴിയുന്നില്ല, തൊണ്ട ഇടറിയിട്ടു്. അതു കഴിഞ്ഞ്‌ പുറത്തേക്കു വരുന്നു, എല്ലാരും കൂടി വീണ്ടും കൂട്ടക്കരച്ചില്‍. എത്രയോ പേര്‍ കണ്ടു കൊണ്ടിരിക്കുകയാണിതു്. (സത്യം പറയാല്ലോ, ആര്‍ക്കും സങ്കടം
വന്നുപോവും, ആ രംഗം കണ്ടാല്‍).

കേരളത്തിന്റെ പുതിയ മുഖമാണിതു്. ചാനലുകള്‍ മത്സരമാണ്. കണ്ണീര്‍ സീരിയലുകളെല്ലാം റിയാലിറ്റി ഷോകള്‍ക്കു് വഴിമാറിയിരിക്കയാണ്. സൂപ്പര്‍ ഡാന്‍സര്‍, സൂപ്പര്‍ സിങ്ങര്‍, സൂപ്പര്‍ ആക്റ്റര്‍, എല്ലാമുണ്ട്‌. വീട്ടമ്മമാര്‍ വിഷമിക്കേണ്ട, അവര്‍ക്കുമുണ്ട്‌, വനിതാരത്നവും, കുക്കറി ഷോ യുമെല്ലാം. ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും, തുറന്നു കാണിക്കാനും ഒരു അവസരം ഉണ്ടാകുന്നതു നല്ലതു തന്നെ. പക്ഷേ ലേശം അതിരു
കടക്കുന്നില്ലേ(ആരാണ് അതിരു നിശ്ചയിക്കുന്നതു് എന്നു് അല്ലേ) എന്നൊരു തോന്നല്‍. കുട്ടികളുടെ ജീവതല‍ക്ഷ്യം തന്നെ ഇതായി മാറുന്നുവോ?

വളരെ കുറച്ചു കാലം മുമ്പു വരെ ഒരു വിഭാഗം അഛനമ്മമാരുടെ (പ്രത്യേകിച്ചു് അമ്മമാരുടെ) ലക്ഷ്യം മക്കളെ കലാതിലകവും കലാപ്രതിഭയും ഒക്കെ ആക്കലായിരുന്നു.(യുവജനോത്സവങ്ങളില്‍, രക്ഷിതാക്കള്‍ തമ്മിലുള്ള യുദ്ധം നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ). ഇന്നതെല്ലാം പഴയ കഥ. ആ സ്ഥാനം ഇന്നു റിയാലിറ്റി ഷോകള്‍‍ ഏറ്റെടുത്തിരിക്കുന്നു. കൈ നിറയെ സമ്മാനങ്ങള്‍, ബെന്‍സ് കാര്‍, സിറ്റിയില്‍ 40 ലക്ഷത്തിന്റെ ഫ്ലാറ്റ്, ഇതിനെല്ലാം പുറമേ, സിനിമയിലേക്കുള്ള ഓഫറുകളും.

ഒരു സ്റ്റേജ് കഴിഞ്ഞാല്‍ , participants എല്ലാം തന്നെ celebrities ആയി മാറുന്നു. അവരുടെ നാടു്, വീട്‌, അയല്‍ക്കാര്‍, പഠിപ്പിച്ച അധ്യാപകര്‍, തുടങ്ങി, നാട്ടുകാര്‍ വരെയുള്ളവരുമായി അഭിമുഖം, ആകെ ഒരു ഉത്സവലഹരി. ആനന്ദലബ്ധിക്കിനിയെന്തു വേണം!!

പാട്ടു മത്സരമായാല്‍ പോലും അതിലും വേണം ഡാന്‍സ്. പല ഡാന്‍സുകളും കാണുമ്പോള്‍, കുട്ടികളേക്കൊണ്ട്‌ ഇത്രയൊക്കെ കാണിക്കണോ എന്നു തോന്നാറുണ്ട്‌. അമ്മമാര്‍ എങ്ങിനെ ഇതു അനുവദിക്കുന്നു എന്നും. ഏകദേശം മുഴുവനും തമിഴു് പാട്ടുകളാണു്. സാക്ഷാല്‍ ഡപ്പാംകുത്തു്. ശരീരമാകെ ഇളക്കിമറിച്ചു് ഉറഞ്ഞുതുള്ളുകയാണു്.

judges-- വളരെ പ്രശസ്തരായവര്‍ മുതല്‍ കണ്ടിട്ടോ കേട്ടിട്ടോ വരെ ഇല്ലാത്തവരും ഉണ്ട്‌. ചിലര്‍ കുട്ടികളോടു് അവരുടെ 'പെര്‍ഫോമന്‍സ്'നെ പറ്റി പറയുമ്പോള്‍ സങ്കടം തോന്നും, എന്തിനിതിനു നിന്നു കൊടുക്കുന്നു എന്നു്

എന്തായാലും കേരളത്തിന്റെ മാറുന്ന മുഖമാണിതു്.

എന്റെ കുഴപ്പം കൊണ്ടാണോ കൂട്ടുകാരേ, കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാതെ എനിക്കിങ്ങനെയൊക്കെ തോന്നുന്നതു്?. നിങ്ങള്‍ തന്നെ പറയൂ.

(പേടിയാവുന്നു, എല്ലാരും കൂടിയെന്നെ കല്ലെറിയല്ലേ!)



എഴുത്തുകാരി.

27 comments:

Typist | എഴുത്തുകാരി said...

കേരളത്തിന്റെ പുതിയ ആവേശം.

Sands | കരിങ്കല്ല് said...

I really liked the post. Very well written. Can't wait to reach home and comment in malayalam - with my detailed opinion. (no malayalam typing facility at office)

- Sandeep.

ശ്രീ said...

ഈ റിയാലിറ്റി ഷോകള്‍‌ വെറും “ഷോ” മാത്രമാണെന്ന് പ്രേക്ഷകര്‍‌ മനസ്സിലാക്കുന്നതോടെ അതിന്റെ ആവേശവും നിലയ്ക്കും.

നല്ല പോസ്റ്റ്.
:)

കുറുമാന്‍ said...

“ഠോ‍“ തേങ്ങ നല്ല മുന്തിയതൊരെണ്ണം അടിക്കാന്‍ കയ്യില്‍ വച്ച്,പോസ്റ്റിനെ ചുറ്റി വന്നപ്പോഴേക്കും സന്ദീപ് ഉടച്ചു...........എഴുത്തുകാരി..നന്നായി.....ഇന്ന് ആന്റണി ഡെയ്ന്റ്റെ കയ്യിലെ ലിങ്കിലും ഇതേ വിഷയത്തീലൊരു പോസ്റ്റ് വായിച്ചു....

മനുഷ്യനെ വിഡ്ഢിയാക്കുന്ന കോമാളിത്തരം......അല്പം സെന്‍സുള്ളവര്‍ കഴിഞ്ഞ എപ്പിസോഡ് അല്പം കൂടി ഡീസന്റാക്കുമായിരുന്നു.

അങ്കിള്‍ said...

ഈ ഷൊയില്‍ പങ്കെടുക്കുവാനും പങ്കെടുമ്പോഴും ഉള്ള ചിലവുകള്‍ സ്വയം വഹിക്കുകയാണോ അതോ ചാനലുകാര്‍ വഹിക്കുമോ. അച്ഛനമ്മമാര്‍ക്ക്‌ ഇത്‌ മറ്റൊരു യുവജനോത്സവമായി മാറുമോ.

[ nardnahc hsemus ] said...

കേരളത്തിന്റെ മുഖം മാറട്ടെ.അങനെ മാറ്റാതെ പിടിച്ചിരിയ്ക്കുന്ന ഏതു മുഖമാണിന്നു തൊട്ടുകാണിയ്ക്കാന്‍? മുംബൈയിലേക്കാളും വിലകൂടുതലാണ് എറണാകുളത്ത് ഒരു ഫ്ലാറ്റുവാങാന്‍! അവിടെ മുഖം മാറി. പണ്ടു വല്ലപ്പോഴും ഉണ്ടായിരുന്ന ഹര്‍ത്താല്‍ ഇപ്പോള്‍ മാസാമാസം.. അവിടെയും മാറി മുഖം.. പഴയ പോലാണോ നമ്മുടെ നാടുകാര്‍? പറമ്പില്‍ പണിയെടുക്കാന്‍ പണ്ടത്തെപ്പോലെ ആളെ കിട്ടുന്നുണ്ടോ? മാറിയില്ലേ അവിടേം? മൊബൈല്‍ തൂക്കിനടക്കാത്ത മുണ്ടുമാത്രമുടുക്കുന്ന എത്ര പേരുണ്ട് നാട്ടില്‍.. മാറിയില്ലേ മുഖം? ഒരു രണ്ട്ദിവസത്ത്തേയ്ക്ക് കേബിള്‍ ടി വി ഉണ്ടാകില്ലെന്നു സങ്കല്പിക്കാന്‍ കഴിയോ നമ്മുടെ നാട്ടുകാര്‍ക്കിപ്പം? അവിടേം മാറി...പഴയപോലാണോ, എം ബി എ ക്കാരുടെ എണ്ണം.. പുതിയ കച്ചവടതന്ത്രങള്‍.. മത്സരങള്‍..

പിന്നെ പങ്കെടുക്കുന്നവര്‍ക്ക് ഒരു പുതിയ തരം എക്സ്പോഷര്‍.. അതിലെന്ന്താ തെറ്റ്? കുറെ നാള്‍ ചുമ്മാ ടിവിയില്‍ അടിച്ചുപൊളിച്ചില്ലേ... ആദ്യഷോ യില്‍ പങ്കെടുത്തപോലാണോ കരഞോണ്ട് പോകുമ്പോഴൂള്ള മുഖം? ഗള്‍ഫുകാര്‍ മാത്രമല്ല,സന്നിധാനന്ദനെപ്പോലുള്ള സാധാരണക്കാര്‍ വരെ ‘സാമ്പത്തികം‘ മാനേജ് ചെയ്യുന്നു... അതും മാറി...പുള്ളാരെ പണ്ടുപഠിപ്പിച്ഛ വാദ്യാര്‍മാരും ഒക്കെ ചുമ്മാ ഇങനെ തലകാണിച്ചുപോകുന്നു.. എല്ലാര്‍ക്കും ആകെ ഒരു സുഖം .. ചാനലിനു പണം, പങ്കെടുക്കുന്നവര്‍ക്കു പണം, പരസ്യക്കമ്പനിയ്ക്ക് പണം, മൊബൈല്‍ കമ്പനിയ്ക്ക് പണം... അങനെ എല്ലാം ചേര്‍ന്ന കൊഴകൊഴാന്നൊരു റിയാലിറ്റി ഷോ.. എല്ലാം മാറട്ടേന്നേ...

(ഇനി മുതല്‍ ചേച്ചി ഈ പരിപാടി സ്ഥിരമായി കാണണം, കരയണം.. മാറട്ടെ മുഖം...:)

(ചേചി, ഇവിടെ ഇങനെ എഴുതി പ്രതികരിച്ചതിനോട് അതിന്റെ നല്ല വശത്തോട് ചേര്‍ന്നുനില്‍ക്കുന്നു.കുറച്ചുനാളുകള്‍ കഴിയുമ്പോള്‍ ഇതു മാറി മറ്റൊന്നു വരും...അത്ര തന്നെ... ബെര്‍ളിയുടെ പുതിയ പോസ്റ്റും ഇതു തന്നാ വിഷയം...)

ഉപാസന || Upasana said...

ഈ തരം ഷോകളില്‍ നടക്കുന്ന കാര്യണ്‍ഗള്‍ വളരെ മോശമാണ്
ഒരു തരം മാനസികപീഢനം തന്നെ
നല്ല ലേഖനം
:)
ഉപാസന

Murali K Menon said...

ടിവിയിലെ റിയാലിറ്റി ഷോകള്‍ പലതും കാണുമ്പോള്‍ മറ്റൊരു തരത്തില്‍ പരസ്യമായ് നടത്തുന്ന റാഗിംങ്ങ് ആയി തോന്നാറുണ്ട്. പ്രകടനപരതയാണു ശരാശരി മലയാളിയുടെ മുഖമുദ്ര.. ആരും കണ്ടില്ലെങ്കില്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്ന മാന്യതയും... ഇതില്‍ ഞാനും പെടുന്ന എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നില്ല.

എന്തുചെയ്യാം.... കലിയുഗത്തില്‍ പ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യമുണ്ടെന്നാണല്ലോ വെപ്പ്, ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ‍ാ....

സഹയാത്രികന്‍ said...

നല്ല ലേഖനം... ശ്രീ‍ പറഞ്ഞപോലെ “ഈ റിയാലിറ്റി ഷോകള്‍‌ വെറും “ഷോ” മാത്രമാണെന്ന് പ്രേക്ഷകര്‍‌ മനസ്സിലാക്കുന്നതോടെ അതിന്റെ ആവേശവും നിലയ്ക്കും.“
:)

ദിലീപ് വിശ്വനാഥ് said...

ഇതാണ് മാറുന്ന കേരളത്തിന്റെ മുഖം. എന്തുചെയ്യാനാ, ചാനലുകാര്‍ക്ക് വൈകിട്ട് ആളുകളെ കരയിപ്പിക്കണം എന്ന് നേര്‍ച്ച ഉണ്ട്. ഒന്നുകില്‍ സീരിയല്‍ അല്ലെങ്കില്‍ ഇങ്ങനത്തെ ഷോ. നമ്മള്‍ പ്രബുദ്ധരായ മലയാളികള്‍ അല്ലെ? ഇതൊക്കെ ക്ഷമിക്കണ്ടേ? വേണ്ടേ? പക്ഷെ നമ്മുടെ അടുത്ത തലമുറ ക്ഷമിക്കുമോ എന്ന് കണ്ടറിയണം.

Cartoonist said...

ഞാനും കണ്ടിരുന്നു...

എന്താ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ കഥ !
ഈ മത്സരങ്ങള്‍കൊണ്ട് ഒരു ചുക്കും തെളിയിയ്ക്കാന്‍ പറ്റില്ല. മത്സരോം സര്‍ഗാത്മകതേം ആടും ആടലോടകോം പോല്യാണ്.

എന്റെ വീടും ഇപ്പോള്‍ ഈ മ്യൂസിക് റിയാലിറ്റി ഷോകള്‍ക്കുവേണ്ടി തയ്യാറെടുക്കുന്ന കാര്‍ന്നോഴ്സ് & കുട്ട്യോള്‍സിന്റെ ബഹളാ, എപ്പഴും.
..................
സഹയാത്രികാ, കയ്യുണ്ടോ, എങ്കീ ഒന്നു കൊടുക്കുക ! അസ്സലായിട്ടുണ്ട് ബാന്നര്‍ !

ഏ.ആര്‍. നജീം said...

എഴുത്തുകാരി കണ്ട ഈ പരിപാടി ഒക്‌ടോബര്‍ 31 ന് ആയിരുന്നു. സത്യത്തില്‍ ആ പരിപാടി ഒക്‌ടോബര്‍ 20 ന് ഷൂട്ട് ചെയ്തതായിരുന്നു. അതിനു ശേഷവും പുറത്തു പോയവരുടെ പാട്ടും ഉണ്ടായിരുന്നു പതിവുപോലെ SMS ആവശ്യപ്പെടുകയും ചെയ്തു പാവങ്ങള്‍ പലരും അതറിയാതെ SMS അയക്കുകയും ചെയ്തു. ഓരോ SMS നും 4 രൂപ മുതല്‍ 7 രൂപവരെ ചാര്‍ജു ചെയ്യുകയും മൊബൈല്‍ കമ്പനിക്ക് 1 രുപയും പരിപാടിക്ക് ബാക്കിയും ആണ് കിട്ടുന്നത്.
പിന്നെ ഈ എലുമിനേഷന്‍ റൗണ്ട് ഷൂട്ട് ചെയ്യുമ്പോള്‍ കാണികള്‍ക്ക് പ്രവേശനം ഇല്ല. പരിപാടിയില്‍ മുന്‍പുള്ള ഭാഗം കാണികളെ ആണ് കാണിക്കുന്നത്.
പുറത്താകുന്നവര്‍ മറ്റ് പ്രസ്ഥാവനകള്‍ പറയാന്‍ പാടില്ലെന്ന് ആദ്യമേ അവര്‍ നിയമപ്രകാരം എഴുതി വാങ്ങിയിട്ടുണ്ട്.
ഈ തട്ടിപ്പൊന്നും അറിയാതെ നമ്മള്‍ പാവങ്ങള്‍ പരിപാടി കാണുന്നു ..കരയുന്നു..
കണ്ണീര്‍ സീരിയലില്‍ നിന്നും ഈ റിയാലിറ്റി ഷോകള്‍ കുറേപ്പേരെയെങ്കിലും രക്ഷപ്പെടുത്തും എന്നാണ് ഞാന്‍ തോന്നിയതെങ്കിലും ഇപ്പോള്‍ അതിലും വലിയ ആപത്തിലേക്കാ റിയാലിറ്റി ഷോകളുടെ പോക്ക്..

ശ്രീഹരി::Sreehari said...

ഞാന്‍ ആകെ ഒന്നോ രണ്ടോീപ്പിസോഡുകള്‍ മാത്രമേ കണ്ടിട്ടുള്ളൂ...അന്നത്തോടെ തന്നെ മതിയായി. മനുഷ്യരുടെ ഇമോഷന്‍സ് വിറ്റു കാശാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കഷ്ടം....
ഞാന്‍ ആകെ ഒന്നോ രണ്ടോീപ്പിസോഡുകള്‍ മാത്രമേ കണ്ടിട്ടുള്ളൂ...അന്നത്തോടെ തന്നെ മതിയായി. മനുഷ്യരുടെ ഇമോഷന്‍സ് വിറ്റു കാശാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കഷ്ടം....

കോമ്പറ്റീഷന്‍സ് നല്ല നിലവാരത്തോടെ തന്നെ നടത്താവുന്നതേയുള്ളൂ...
പഴയ മേരീ ആവാസ് സുനോ ഈയവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. സുനീധീ ചൗഹാന്‍ ഇന്ന് ബോളിവുഡില്‍ വളരെ പ്രശസ്തയാണ്. അതു പോലെ ഒരു താരത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇത്തരം ഷോകള്‍ക്കവുമെന്ന് ഞാന്‍ കരുതുന്നില്ല

അഭിലാഷങ്ങള്‍ said...

എഴുത്തുകാരീ,

ഞാനും കാണാറുണ്ട് ആ പരിപാടി.

മലയാളം ചാനലുകള്‍ പണ്ട് മുതലേ ‘പീക്ക് അവേസ്” കരയാന്‍ വേണ്ടി മാറ്റിവച്ചിരിക്കുകയാണല്ലോ? ‘സ്റ്റാര്‍ സിംഗര്‍’ പോലുള്ള റിയാലിറ്റി ഷോകള്‍ തുടങ്ങിയപ്പോള്‍, സംഗീതത്തെ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവര്‍ ആശ്വസിച്ചിരുന്നു. ഇതിപ്പോള്‍ ഇങ്ങനെയായി. !

ആ കുട്ടികള്‍ അവരുടെ കുറേക്കാലത്തെ സൌഹൃദം വിട്ട് പിരിയുന്നവേളയില്‍ കരഞ്ഞ് പോകുന്നത് ..ഹും..ഓകെ! ബട്ട്, അവതാരികപോലും ഒരു വാക്ക് സംസാരിക്കാനാവാതെ വിങ്ങിപ്പൊട്ടുന്നത് കണ്ടാണ് ഞാന്‍ ഞെട്ടിയത്. അവതാരികയ്ക്കൊക്കെ അല്പം ‘സ്ടോങ്ങ് മൈന്റ്’ ഉണ്ടാകേണ്ടേ? :-) അതോ, ഇതൊക്കെ ശ്രീ പറഞ്ഞത് പോലെ വെറും ‘ഷോ’ ആണോ?

നജീം മുകളില്‍ പറഞ്ഞ ‘തരികിട‘ വായിച്ച് അന്തം വിട്ടു! അത് ശരിക്കും തട്ടിപ്പ് പരിപാടി തന്നെ.

എന്തായാലും, ഇത്തരം സംഗീതപരിപാടികളിലൂടെ നാം അറിയാത്ത ഒരുപാട് റിയല്‍ ടലന്റ്സിന്റെ ലോകത്തിന് മുന്നിലെത്തിക്കാന്‍ ചാനലുകള്‍ക്കാകുന്നുണ്ട് എന്ന ഒരേ ഒരു പ്ലസ് പോയിന്റിന് മുന്നില്‍ ഞാന്‍ തല്‍ക്കാലം മറ്റെല്ലാ നെഗറ്റീവ് പോയിന്റ്സും മറക്കാന്‍‌ ശ്രമിക്കുന്നു. :-)

-അഭിലാഷ്

Typist | എഴുത്തുകാരി said...

സന്ദീപ്, ശ്രീ, നന്ദി.

കുറുമാനേ, എന്തായാലും അടിക്കാന്‍ വച്ച തേങ്ങ അവിടിരുന്നോട്ടെ. സൌകര്യം പോലെ ഞാന്‍ വാങ്ങിച്ചോളാം.

അങ്കിളേ, ചിലവൊക്കെ പങ്കെടുക്കുന്നവര്‍ തന്നെയാവും, ചാനലുകാര്‍ വഹിക്കുമോ, തോന്നുന്നില്ല.

അനിയാ, സുമേഷേ, ചേച്ചിയോടൂ് ആദ്യായിട്ട്‌ ഒരു കാ‍ര്യം പറഞ്ഞതല്ലേ, മുടങ്ങാതെ കണ്ട്‌ കരഞ്ഞോളാം. പ്രതികരിച്ചതിനു് നന്ദി.

എന്റെ ഉപാസന, സഹയാത്രികന്‍, നന്ദി.

മുരളി മാഷേ, ഞാനും കൂടുന്നു പ്രാര്‍ഥിക്കാന്‍,
മണ്ഡലക്കാലമല്ലേ വരുന്നതു്, ' സ്വാമിയേ ശരണമയ്യപ്പാ' തന്നെ ആയ്ക്കോട്ടെ.

വാല്‍മീകി പറഞ്ഞാല്‍ പിന്നെ അപ്പീലില്ല, ക്ഷമിച്ചിരിക്കുന്നു.

കാര്‍ട്ടൂണിസ്റ്റ്, വീട്ടുകാര്‍ പങ്കെടുക്കുന്നതു് എന്നാണെന്നൊന്നറിയിച്ചോളൂട്ടോ, കാണാല്ലോ.

നജീമിക്കാ, നന്ദിയുണ്ട്‌ ഇത്രയും വിവരങ്ങള്‍ പറഞ്ഞുതന്നതിനു്.

ശ്രീഹരി, നന്ദി, ഇവിടെ വന്നതിനു്.

ശരിയാ, അഭിലാഷേ, ചില കുട്ടികള്‍ എന്തു മനോഹരമായിട്ടാ പാടുന്നതു്!

ഏറനാടന്‍ said...

റിയാലിറ്റി ഷോകള്‍ എല്ലാം പ്രേക്ഷകരെ കണ്ണില്‍ പൊടിയിട്ട്‌ കണ്ണീര്‍ വറ്റിച്ച്‌ പണം കൊയ്യുന്നു.. എന്തെല്ലാം പിന്നാമ്പുറ നാടകങ്ങളാണെന്നോ അരങ്ങേറുന്നത്‌! ബലിയാടാകുവാന്‍ ഒത്തിരി യുവപ്രതിഭകളും..

ഉപാസന || Upasana said...

എഴുത്തുകാരി : താഴെ കൊടുത്തിരിക്കുന്നതും എന്റെ ഒരു ബ്ലോഗ് ആണ്‌ട്ടോ. ശ്ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നത് കൊണ്ട് ലിങ്ക് തരുന്നു
http://enteupasana.blogspot.com
:)
ഉപാസന

Typist | എഴുത്തുകാരി said...

ദാ, ഇപ്പോ കണ്ടു.(ശരിയാ, ശ്രദ്ധിച്ചിരുന്നില്ല).
ഇനി വിടില്ല. നന്ദി, ഉപാസന.

Typist | എഴുത്തുകാരി said...

ഏറനാടന്‍ജീ, നന്ദി.
ഞാന്‍ യോജിക്കുന്നു. പിന്നാമ്പുറ കഥകളൊന്നും ആരും അറിയുന്നില്ല, നജീമിക്ക പറഞ്ഞതു നോക്കൂ. ഒരു പരിധിവരെ രക്ഷിതാക്കളേയാണ്
പറയേണ്ടതു്.

കുട്ടിച്ചാത്തന്‍ said...

ലാസ്റ്റ് തവണ പുറത്തായവരുടെ പേരുകള്‍ മുന്‍പേ മെയിലില്‍ കിട്ടിയിരുന്നു നജീമിക്ക പറഞ്ഞതിനു താഴെ ഒപ്പ്.

പൈങ്ങോടന്‍ said...

നമ്മുടെ മലയാളം ചാനലുകളില്ല് വരുന്ന റിയാലിറ്റി ഷോകളൊന്നും കണ്ടില്ല..ഇവിടെ മലയാളന്‍ ചാനല്‍ നഹീ....പക്ഷേ ഹിന്ദി ചാനലുകളിലെ ഷോകള്‍ കണ്ടാല്‍ തന്നെ അറിയാം..കരച്ചിലും പിഴിച്ചിലും...ലേഖനം ഇഷ്ടപ്പെട്ടു

ഹരിശ്രീ said...

റിയാലിറ്റി ഷോ യെ പ്റ്റിയുള്ള ഈ പോസ്റ്റ്
കൊള്ളാം...

ഞാന്‍ അതിനോട് പൂര്‍ണമായി യോജിക്കുന്നില്ല എങ്കിലും എഴുത്തുകാരിപറഞ്ഞതിലും കാര്യമുണ്ട്...

ഭൂമിപുത്രി said...

ഇന്നുഞാനിട്ടപോസ്റ്റും ഈഷോകളെപറ്റിത്തന്നെയായിരുന്നു
എഴുത്തുകാരി-മറ്റൊരു വശമാണെന്നു മാ‍ത്രം.കാണണെ..
എഴുത്തുകാരിയുടെ ഈ വികാരം പങ്കിടുന്നവരായി ധാരാളം പേരുണ്ടാകം.സത്യമാണു കണ്ടിരുന്നാല്‍ നമുക്കു തന്നെ ചിലപ്പോള്‍ കരച്ചില്‍ വന്നുപോകും :)
ഈ നല്ല നിരീക്ഷണങ്ങള്‍ക്കു അഭിനന്ദനങ്ങള്‍!

Typist | എഴുത്തുകാരി said...

കുട്ടിചാത്തന്‍, ഹരിശ്രീ, നന്ദി.

പൈങ്ങോടന്‍, കാണാന്‍ കഴിയുന്നില്ലെന്നു കരുതി ഒട്ടും സങ്കടപ്പെടണ്ട. അത്രക്കേയുള്ളൂ അതിന്റെ നിലവാരം. ഇവിടെ വന്നതില്‍ നന്ദി.

ഭൂമിപുത്രീ, നമ്മള്‍ രണ്ടു പേരും പറഞ്ഞതു് രണ്ട് ‍
വശങ്ങളാണെന്നുമാത്രം. കമെന്റ് അവിടെ കൊടുത്തിട്ടുണ്ട്‌. നന്ദി.

Anonymous said...

sathyam ee reyality showile karachil pandathe karachil serialinu pakaramanennu tonum.
kanda karyam parayamallo oru gramam
avide tv oncheytal chuttuvattathe tv illathorellam varum. oru divasam elimination round nadakkukayan pettennoru kaniye kananilla. kallanmarulla kalamalle ale nokkiyappolundu bathroomil poyi engi engi karayunnu contestant outayatine.

Binu Paravur said...

എഴുത്തുകാരിയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. ഇത്തരം super super reality show കളില്‍ അസ്സഹനീയമായി തോന്നാറുള്ള മറ്റൊരു കാര്യമാണ് ജഡ്ജസ്സിന്റെ comments. സംഗതികളെ കുറിച്ച് മിമിക്രി ക്കാര്‍ പറയുന്നത് വളരെ രസാവഹമായി തോന്നി. 3 ജഡ്ജസ്സില്‍ ഒരാള്‍ മലയാളം നന്നായി അറിയാത്ത ആളായിരിക്കണം എന്ന നിബന്ധന വല്ലതും ഉണ്ടോ എന്നാണെന്റെ സംശയം. ഈ reality എന്നു പറയുന്നതു തന്നെ ഒരു കളവല്ലേ? വെറും നാടകീയ രംഗങ്ങളല്ലേ ഇത്തരം ഷൊ കളില്‍ കാണിക്കുന്നതെന്ന്എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...

Typist | എഴുത്തുകാരി said...

അനോണീ നന്ദി.
ബിനൂ, ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.